ഇനി ടാറ്റയുടെ സമയം; ഐപിഒയ്ക്കായി മൂന്നാമതൊരു കമ്പനി കൂടി

ടാറ്റ ഗ്രൂപ്പിന് (Tata Group) കീഴിലുള്ള ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോര്‍ ബിഗ്ബാസ്‌കറ്റ് (bigbasket) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും. 2025ഓടെ ബിഗ്ബാസ്‌കറ്റിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) നടന്നേക്കും എന്നാണ് സൂചന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ പരേഖ് ആണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ പാന്‍ ഇന്ത്യ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് ബിഗ്ബാസ്‌കറ്റ്. 24-36 മാസത്തിനുള്ളില്‍ ഐപിഒ നടത്തിയേക്കുമെന്നും അതിന് മുമ്പ് കൂടുതല്‍ ഫണ്ട് സമാഹരണം നടത്തുമെന്നും വിപുല്‍ പരേഖ് പറഞ്ഞു. 200 മില്യണ്‍ ഡോളറാണ് ഈ ആഴ്ച ബിഗ്ബാസ്‌കറ്റ് സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. 2021ല്‍ ആണ് ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിഗ്ബാസ്‌കറ്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ സ്വന്തമാക്കിയത്.

ടാറ്റ പ്ലേ (Tata Play), ടാറ്റ ടെക്‌നോളജീസ് (Tata Technologies) എന്നിവയ്ക്ക് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഐപിഒയ്ക്ക് ഒരുങ്ങുന്ന മൂന്നാമത്തെ കമ്പനികൂടിയാണ് ബിഗ്ബാസ്‌കറ്റ്. രഹസ്യ ഫയലിംഗ് രീതിയില്‍ ഐപിഒയ്ക്കുള്ള രേഖകള്‍ സെബിയില്‍ ടാറ്റ പ്ലേ സമര്‍പ്പിച്ചിരുന്നു. 3000-3200 കോടി രൂപയാണ് ഐപിഒയിലൂടെ ടാറ്റ പ്ലേ ലക്ഷ്യമിടുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസിന്റെ ഐപിഒയുടെ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലുണ്ടാവും. 2004ല്‍ ടിസിഎസ് ലിസ്റ്റ് ചെയ്തതിന് ശേഷം ഇതുവരെ ഒരു ടാറ്റ കമ്പനിയും വിപണിയിലെത്തിയിട്ടില്ല.

Related Articles
Next Story
Videos
Share it