ഓഹരി വിപണിയില്‍ ഇന്ത്യ- കൊറിയ മത്സരം, ടാറ്റ ക്യാപിറ്റലും എല്‍ ജി ഇലക്ട്രോണിക്‌സും തീപാറിക്കുമോ? നിക്ഷേപകര്‍ക്ക് ഏതാണ് നേട്ടം?

ഇരു കമ്പനികളും ചേര്‍ന്ന് ഓഹരി വിപണിയില്‍ നിന്ന് 25,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്
logo of LG Electronics and tata capital
logo of LG Electronics and tata capital
Published on

ഐ.പി.ഒ വിപണിയെ സംബന്ധിച്ച് ഒക്ടോബര്‍ ഒരു ബ്ലോക്ബസ്റ്റര്‍ മാസമായിരിക്കും. ഈ വര്‍ഷത്തെ രണ്ട് വമ്പന്‍ ഐ.പി.കള്‍ക്കാണ് ഒക്ടോബര്‍ ആദ്യം സാക്ഷ്യം വഹിക്കുക. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ടാറ്റ ക്യാപിറ്റല്‍, കൊറിയന്‍ കമ്പനിയായ എല്‍ജിയുടെ ഇന്ത്യന്‍ വിഭാഗമായ എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ എന്നിവ ചേര്‍ന്ന് പ്രാരംഭ ഓഹരി വിപണിയില്‍ നിന്ന് സമാഹരിക്കുക 25,000 കോടി രൂപയാണ്.

ഇത്തരം വമ്പന്‍ ഇഷ്യുകള്‍ വിപണിയിലെത്തുമ്പോള്‍ നിക്ഷേപകരുടെ പ്രധാന ചോദ്യം ഏതില്‍ നിക്ഷേപിക്കണം എന്നതാണ്. ഫിനാന്‍ഷ്യല്‍ പവര്‍ ഹൗസായ ടാറ്റ ക്യാപിറ്റലിലോ കണ്‍സ്യൂമര്‍ ഇലക്ട്രിക് ഭീമനായ എല്‍.ജി ഇലക്ട്രോണിക്സോ? രണ്ട് ഐ.പി.ഒകളും വിശദമായി നമുക്ക് നോക്കാം.

ഇന്ത്യ VS കൊറിയ

ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒയാണ് ആദ്യം നടക്കുക. ഒക്ടോബര്‍ ആറിന് തുടങ്ങി എട്ട് വരെ നീണ്ടു നില്‍ക്കുന്ന ഐ.പി.ഒ വഴി ഏകദേശം 15,512 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 2025ലെ ഏറ്റവും വലിയ ഐ.പി.ഒ മാത്രമല്ല ഇത്. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും വലുതും എന്‍.ബി.എഫ്.സി മേഖലയിലെ ഏറ്റവും വലിയ ലിസ്റ്റിംഗും ആയിരിക്കും ഇത്. മൊത്തം 21 കോടി പുതു ഓഹരികളുടെ വില്‍പ്പനയും 26.6 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ടാറ്റ ക്യാപിറ്റല്‍ നടത്തുന്നത്. ഓഹരിയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാന്‍ഡാണ് ഏറ്റവും ആകര്‍ഷകം. 310 രൂപ മുതല്‍ 326 രൂപവരെ. അനൗദ്യോഗിക വിപണിയില്‍ 735 രൂപയ്ക്കാണ് ഓഹരി വ്യാപാരം നടത്തിയിരുന്നത്. അതുമായി നോക്കുമ്പോള്‍ പകുതിയിലും താഴെയാണ് വില.

ഒക്ടോബര്‍ ഏഴിനാണ് എല്‍.ജി ഇലക്ട്രോണിക്സ് ഐ.പി.ഒ. ഒക്ടോബര്‍ ഒമ്പതിന് അവസാനിക്കും. നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ മാത്രമാണ് ഐ.പി.ഒയില്‍ ഉണ്ടാകുക. മൊത്തം 10.18 കോടി ഓഹരികളിറക്കി 11,607.01 കോടി രൂപയാണ് സമാഹരിക്കാനൊരുങ്ങുന്നത്. പുതു ഓഹരികളില്ലാത്തതു കൊണ്ട് തന്നെ ഓഹരിയുടമകളിലേക്കാകും ഈ തുക എത്തുക. ഓഹരിക്ക് 1,080-1,140 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒ വഴി ലഭിക്കുന്ന തുക കമ്പനിയുടെ മൂലധന അടിത്തറ ശക്തമാക്കാനും വായ്പാ ലഭ്യത ഉറപ്പു വരുത്താനുമാണ് വിനിയോഗിക്കുക. അതേസമയം, എല്‍.ജി ഇലക്ട്രോണിക്സ് പ്രമോട്ടര്‍ ഓഹരി മാത്രമാണ് വിറ്റഴിക്കുന്നതെന്നതിനാല്‍ കമ്പനിക്ക് ഈ പണം മൂലധനമാക്കി മാറ്റാന്‍ ആകില്ല.

വളര്‍ച്ചാ സാധ്യത

ടാറ്റ ക്യാപിറ്റല്‍ രാജ്യത്തെ ഏറ്റവും ഡൈവേഴ്സിഫൈഡ് ആയ ആദ്യ മൂന്ന് എന്‍.ബി.എഫ്.സികളില്‍ ഒന്നാണ്. വായ്പകള്‍, നിക്ഷേപ ഉത്പന്നങ്ങള്‍, മറ്റ് സാമ്പത്തിക സേവനങ്ങള്‍ എന്നിവയൊക്കെ നല്‍കുന്നു. കമ്പനിയുടെ പലിശ വരുമാനം 2023 സാമ്പത്തിക വര്‍ഷത്തെ 11,910 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 25,719 രൂപയായി. ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം 2,946 കോടി രൂപയില്‍ നിന്ന് 3,655 കോടി രൂപയുമായി.

എല്‍.ജി ഇലക്ട്രോണിക്സ് ഇന്ത്യ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സസ് കമ്പനിയാണ്. കമ്പനിയുടെ വരുമാനത്തിന്റെ 78 ശതമാനവും ഹോം അപ്ലയന്‍സസ്, എയര്‍ സൊല്യൂഷന്‍സ് എന്നിവയില്‍ നിന്നും ബാക്കി എന്റര്‍ടെയിന്‍മെന്റ് ഉത്പന്നങ്ങളില്‍ നിന്നുമാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 2,203 കോടി രൂപയാണ്.

വിപണിയിലെ എതിരാളികള്‍

ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, എല്‍ ആന്‍ഡ് ഫിനാന്‍സ്, ചോളമണ്ഡലം ഫിനാന്‍സ് എന്നിവയോടാകും ടാറ്റ ക്യാപിറ്റല്‍ ഓഹരി വിപണിയില്‍ മത്സരിക്കുക.

അതേസമയം, എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ മത്സരിക്കേണ്ടി വരിക സാംസംഗ്, വേള്‍പൂള്‍, പാനസോണിക് തുടങ്ങിയവയോടുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com