തുടക്കം പാളി! നിരാശയായി ടാറ്റ ക്യാപിറ്റലിന്റെ ഓഹരി വിപണി എന്‍ട്രി, നിക്ഷേപകര്‍ എന്തു ചെയ്യണം?

ലിസ്റ്റിംഗിനു ശേഷം ഓഹരി വില 332 രൂപ വരെ ഉയര്‍ന്നു. 327 രൂപയാണ് താഴ്ന്ന വില
തുടക്കം പാളി! നിരാശയായി ടാറ്റ ക്യാപിറ്റലിന്റെ ഓഹരി വിപണി എന്‍ട്രി, നിക്ഷേപകര്‍ എന്തു ചെയ്യണം?
Published on

നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒ ലിസ്റ്റിംഗില്‍ നിരാശപ്പെടുത്തി. ഇഷ്യു വില 326 രൂപയായിരുന്ന ഓഹരി ഇന്ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്തത് വെറും 1.20 ശതമാനം മാത്രം ഉയര്‍ന്ന് 330 രൂപയില്‍. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 332 രൂപ വരെ ഉയര്‍ന്നു. 327 രൂപയാണ് താഴ്ന്ന വില.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ഹ്യുണ്ടായിയുടെ ഐ.പി.ഒയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു ഇത്. ലിസ്റ്റിംഗിനു ശേഷം ടാറ്റ ക്യാപിറ്റലിന്റെ വിപണി മൂല്യം 1,39,783.54 കോടി രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഗ്രേ മാര്‍ക്കറ്റ് പ്രതീക്ഷകള്‍ വച്ച് നോക്കുമ്പോള്‍ ലിസ്റ്റിംഗ് മികച്ചതാണ്.

ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെ നടന്ന ഐ.പി.ഒയ്ക്ക് 1.95 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ലഭ്യമിച്ചത്. മൊത്തം 15,512 കോടി രൂപ ഐ.പി.ഒ വഴി സമാഹരിക്കുകയും ചെയ്തു.

ടാറ്റ ഗ്രൂപ്പിന്റെ കരുത്തുറ്റ പിന്‍ബലമായിരുന്നു ടാറ്റ ക്യാപിറ്റല്‍ ഓഹരികളെ ആകര്‍ഷകമാക്കിയത്. ടാറ്റസണ്‍സിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ടാറ്റ ക്യാപിറ്റല്‍. 25 ലധികം വായ്പാ ഉത്പന്നങ്ങള്‍ കമ്പനിക്കുണ്ട്. ഗ്രേ മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ത്തിയായിരുന്നു ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒ വില നിശ്ചയിച്ചത്.

ഇതിനു മുമ്പ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഐ.പി.ഒയുമായി എത്തിയത് ടാറ്റ ടെക്‌നോളജീസ് ആയിരുന്നു. മികച്ച ലിസ്റ്റിംഗ് നേട്ടമാണ് നിക്ഷേപകര്‍ക്ക് അന്ന് ലഭിച്ചത്. പക്ഷെ ഇതുവരെയുള്ള കാലയളവില്‍ ഓഹരി 21 ശതമാനം നഷ്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്.

നിക്ഷേപകര്‍ എന്തു ചെയ്യണം?

ടാറ്റ ക്യാപിറ്റല്‍ ഓഹരി അലോട്ട്‌മെന്റ് ലഭിച്ചവര്‍ എന്തു ചെയ്യണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജെ.എം ഫിനാന്‍ഷ്യല്‍ ഓഹരിക്ക് ആഡ് (Add) റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളും ടാറ്റ ഗ്രൂപ്പിന്റെ പിന്‍ബലവുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

അതേസമയം,ഐ.പി.ഒയുടെ ഉയര്‍ന്ന വിലപരിധി അടിസ്ഥാനമാക്കിയുള്ള FY27 P/B അനുപാതം 2.7 മടങ്ങ് എന്ന നിലവിലെ മൂല്യനിര്‍ണ്‌യം, അടുത്തകാലത്ത് ഓഹരിക്ക് പരിമിതമായ വളര്‍ച്ചാ സാധ്യത മാത്രമേ നല്‍കുന്നുള്ളൂവെന്നും ബ്രോക്കറേജ് പറയുന്നു.

ഭാവിയിലേക്ക് നോക്കുമ്പോള്‍, ലിസ്റ്റിംഗ് നിരക്കിനടുത്ത് ഭാഗിക ലാഭമെടുപ്പ് നടത്താനും ദീര്‍ഘകാല നിക്ഷേപത്തിനായി കുറച്ച് ഓഹരികള്‍ കൈവശം വയ്ക്കാനുമാണ് ചില ബ്രോക്കറേജുകള്‍ പറയുന്നത്. നഷ്ടസാധ്യത കുറയ്ക്കാനായിഏകദേശം 300 രൂപയില്‍ സ്റ്റോപ്പ്-ലോസ് നിശ്ചയിക്കാമെന്നും നിര്‍ദേശിക്കുന്നു.

ഹ്രസ്വകാല ലാഭം ലക്ഷ്യമിടുന്ന നിക്ഷേപകരെ നിരാശപ്പെടുത്തുമെങ്കിലും ടാറ്റയുടെ ഭാവി നോക്കുമ്പോള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലിസ്റ്റിംഗ് ഫലം വിപണിയിലെ സാഹചര്യങ്ങളെയും പ്രതീക്ഷകളെയും മാത്രമാണ് പ്രതിഫലിപ്പിക്കുന്നതെന്നും കമ്പനിയുടെ യഥാര്‍ത്ഥ വളര്‍ച്ചാ കഥയെയല്ലെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.

ബ്രോക്കറേജുകള്‍ ചൂണ്ടിക്കാട്ടുന്നത്‌

ടാറ്റാ ക്യാപിറ്റല്‍ അതിന്റെ വലുപ്പത്തെയും സ്ഥിരമായ വരുമാനത്തെയും അടിസ്ഥാനമാക്കിയുള്ള സ്ഥാപനമാണ്. വേഗത്തില്‍ ലാഭം നേടാനുള്ള ഒരു ഐപിഒയല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ആവേശം കൊണ്ട് ആദ്യ ദിവസത്തില്‍ കുതിച്ചുയരുന്ന തരത്തിലുള്ള ഉപഭോക്തൃ ബ്രാന്‍ഡ്‌ അല്ല എന്നതും ചൂണ്ടിക്കാട്ടുന്നു.

കമ്പനിയുടെ അടിസ്ഥാനങ്ങള്‍ ദുര്‍ബലമല്ല. മികച്ച ആസ്തി ഗുണനിലവാര സൂചകങ്ങളാണ് കമ്പനിയുടേത്. നഗര-അര്‍ദ്ധനഗര മേഖലകളിലാകെ വ്യാപിക്കുന്ന വലിയ ശാഖാ ശൃംഖലകളുമുണ്ട്. ഇതെല്ലാം അനുകൂലഘടകങ്ങളായി വിലയിരുത്തുന്നു.

മറ്റൊരു കാര്യം ലിസ്റ്റിംഗ് ദിവസം വിപണി മൊത്തത്തില്‍ അസ്ഥിരമായിരുന്നു. ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വവും ലാഭമെടുപ്പും ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച സമയത്താണ് ടാറ്റ ക്യാപിറ്റലിന്റെ ലിസ്റ്റിംഗ്.

ദീര്‍ഘകാല നിക്ഷേപകര്‍ കമ്പനിയുടെ ബിസിനസ് മാതൃകയും പ്രധാന സൂചകങ്ങളായ വായ്പാ വളര്‍ച്ച, റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി, ഫണ്ട് ചെലവ്, ആസ്തി ഗുണനിലവാര പ്രവണതകള്‍ എന്നിവ ശ്രദ്ധിക്കണം. കൂടാതെ, ത്രൈമാസ ഫലങ്ങളും കമ്പനി മാനേജ്‌മെന്റിന്റെ വളര്‍ച്ചാ തന്ത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ശ്രദ്ധിച്ച് നിരീക്ഷിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com