കുതിപ്പ് തുടര്‍ന്ന് ഈ ടാറ്റ കമ്പനി, ഒരു മാസത്തിനിടെ ഓഹരി വില ഉയര്‍ന്നത് 2350 രൂപ
ഓഹരി വിപണിയില്‍ കുതിപ്പ് തുടര്‍ന്ന് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ എല്‍ക്സി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ എട്ട് ശതമാനത്തോളം ഉയര്‍ന്നപ്പോള്‍ ഓഹരി വില 646 രൂപ വര്‍ധനവോടെ 8915 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഓഹരി വിലയില്‍ 2350 രൂപയുടെ വര്‍ധനവാണ് ടാറ്റ എല്‍ക്‌സി നേടിയത്. 35 ശതമാനത്തിന്റെ വളര്‍ച്ച. ആറ് മാസത്തിനിടെ 51 ശതമാനത്തിന്റെ വളര്‍ച്ച (3025 രൂപയുടെ വര്‍ധന) നേടിയ ടാറ്റ എല്‍ക്‌സി ഒരു വര്‍ഷത്തിനിടെ 212 ശതമാനം ഉയര്‍ന്ന് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചു.
ലോകത്തിലെ പ്രമുഖ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി പ്രൊവൈഡറാണ് ടാറ്റ എല്‍ക്സി. വിവിധ മേഖലയിലുള്ള കമ്പനികള്‍ക്ക് ഡിസൈന്‍ തിങ്കിംഗിലൂടെ അവയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും റീ ഇമാജിന്‍ ചെയ്യുന്നതിനൊപ്പം ഐഒടി, ക്ലൗഡ്, മൊബിലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ ആപ്ലിക്കേഷന്‍സ് ലഭ്യമാക്കുകയും ചെയ്യുന്നു ടാറ്റ എല്‍ക്സി. മറ്റ് ഡിസൈന്‍ കമ്പനികളില്‍ നിന്ന് വേറിട്ട് ഡിജിറ്റലിനും സോഫ്റ്റ് വെയറിനും നല്‍കുന്ന ഊന്നല്‍ ടാറ്റ എല്‍ക്സിയുടെ വരുമാന വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.
അതിനിടെ MSCI യുടെ അടിസ്ഥാന സൂചികയില്‍ ടാറ്റ എല്‍ക്സിയെ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. MSCI സൂചികയിലെ രണ്ട് കമ്പനികളെ മാറ്റി അഞ്ച് കമ്പനികളെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് എഡല്‍വൈസ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഡല്‍വൈസിന്റെ നിഗമന പ്രകാരം സൂചികയില്‍ ഇപ്പോഴുള്ള ഇന്ദ്രപ്രസ്ഥ ഗ്യാസ്, എംആര്‍എഫ് ഇന്ത്യ എന്നിവയെ മാറ്റി ടാറ്റ എല്‍ക്സി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, വോള്‍ട്ടാസ്, വരുണ്‍ ബിവ്റേജസ്, ആസ്ട്രാല്‍ എന്നിവ വന്നേക്കും.