Begin typing your search above and press return to search.
ഈ ടാറ്റ ഗ്രൂപ്പ് കമ്പനി മെയ് മാസത്തിന് ശേഷം വളര്‍ന്നത് 168 ശതമാനം; നിക്ഷേപകര്‍ക്ക് നേട്ടമാകുമെന്ന് വിദഗ്ധര്‍
116 ബില്യണ്‍ ഡോളര്‍ ടാറ്റ കമ്പനിയുടെ കീഴില്‍ വരുന്ന നെല്‍കോയുടെ ഓഹരികള്‍ മെയ് മാസത്തിന് ശേഷം വളര്‍ന്നത് 168 ശതമാനം. മെയ് മുതല്‍ ഈ സ്റ്റോക്ക് പോര്‍ട്ട് ഫോളിയോയില്‍ സൂക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് കമ്പനി സമ്മാനിച്ചത്. 'വെരി സ്‌മോള്‍ അപ്പെര്‍ച്ചര്‍ ടെര്‍മിനല്‍ കണക്റ്റിവിറ്റി സൊല്യൂഷന്‍സ്' പ്രദാനം ചെയ്യുന്ന കമ്പനിയാണ് നെല്‍കോ.
29 ശതമാനം നേട്ടമുണ്ടാക്കിയ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികയെ മറികടന്ന് മെയ് മുതല്‍ ഓഹരി 168 ശതമാനമാണ് ഉയര്‍ച്ച പ്രകടമാക്കിയത്. ഏതാണ്ട് ഒരു വര്‍ഷത്തെ ഏകീകരണത്തിന് ശേഷമാണ് ഇപ്പോഴത്തെ റാലി നടന്നത്.
സെപ്റ്റംബര്‍ 15 ന് ഓഹരികള്‍ ബിഎസ്ഇയില്‍ 538.75 രൂപയില്‍ ക്ലോസ് ചെയ്തു. 534 രൂപയ്ക്കാണ് ഇന്ന് ഓഹരിയുടെ ട്രേഡിംഗ് തുടരുന്നത്. സ്‌റ്റോക്ക് സമീപ ഭാവിയില്‍ 630 രൂപ വരെ എത്താന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നിലവിലെ കയറ്റമനുസരിച്ച് നിക്ഷേപകര്‍ക്ക് വലിയൊരു വിലയിലേക്ക് സ്റ്റോക്ക് കുതിക്കും മുമ്പ് നിക്ഷേപിക്കാനുള്ള അവസരം കണ്ടെത്താവുന്നതാണ്.
ടാറ്റനെറ്റ് സര്‍വീസസില്‍ നിന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ലൈസന്‍സും വിസാറ്റ് ലൈസന്‍സും കൈമാറുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ അനുമതി ലഭിച്ചതായി ജൂണ്‍ 9 ന് കമ്പനി അറിയിച്ചിരുന്നു. അതിന് ശേഷമാണ് കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള നെല്‍കോ നെറ്റ്‌വര്‍ക്ക് പ്രോഡക്റ്റ്‌സിന്റെയും ശുക്രന്‍ തെളിഞ്ഞത്.
നിലവില്‍ നെല്‍ക്കോയ്ക്ക് വിസാറ്റ് ലൈസന്‍സ്, ഐഎസ്പി ലൈസന്‍സ്, ഡിഒടി നല്‍കുന്ന ഇന്‍ഫ്‌ലൈറ്റ്, മാരിടൈം കമ്മ്യൂണിക്കേഷന്‍ ലൈസന്‍സ് എന്നിവയുണ്ട്. കൂടാതെ ലോ എര്‍ത്ത് ഓര്‍ബിറ്റ് (LEO) അഥവാ താഴ്ന്ന ഭ്രമണ പഥത്തിലെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന കാനഡയിലെ ആഗോള സാറ്റലൈറ്റ് കമ്പനിയായ ടെലിസാറ്റുമായി നെല്‍കോ സഹകരണ കരാര്‍ ഒപ്പിട്ടുകയും ചെയ്തു.
ജൂണില്‍ അവസാനിച്ച പാദത്തില്‍ 4.38 കോടി രൂപയുടെ ഏകീകൃത ലാഭമാണ് നെല്‍കോ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒരു വര്‍ഷം മുമ്പ് 1.84 കോടിയില്‍ നിന്ന് ഇരട്ടിയാണെങ്കിലും 2021 മാര്‍ച്ച് പാദത്തിലെ 4.48 കോടിയില്‍ നിന്നും താഴെയാണ്.
ഒരു വര്‍ഷം മുമ്പ് 48.52 കോടി രൂപയായിരുന്ന ഏകീകൃത വരുമാനം ജൂണ്‍ പാദത്തില്‍ 55.1 കോടി രൂപയായി ഉയര്‍ന്നു. എന്നിരുന്നാലും, മുന്‍ പാദത്തില്‍ വരുമാനം 64.83 കോടിയില്‍ നിന്ന് കുറഞ്ഞു. കമ്പനിയുടെ ഭാവി വളര്‍ച്ചയും കുതിപ്പ് തുടരുന്ന മേഖലയിലെ സാധ്യതകളും പരിഗണിച്ചാല്‍ വരും വര്‍ഷം ദീര്‍ഘ കാല നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Next Story
Videos