പൊറിഞ്ചു വെളിയത്ത് പറയുന്നു: നേട്ട സാധ്യതയേറെയുള്ള ടാറ്റ ഗ്രൂപ്പ് കമ്പനി

ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റത്തിന്റെ പാതയില്‍ തന്നെയാണെന്നും പക്ഷേ ഇപ്പോള്‍ നിക്ഷേപകര്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും രാജ്യത്തെ പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജന്‍സ് സാരഥിയുമായ പൊറിഞ്ചു വെളിയത്ത്.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇടിനൗവിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണിയെ കുറിച്ചുള്ള നിരീക്ഷണവും നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിക്കാനിടയുള്ള കമ്പനികളും മേഖലകളും പൊറിഞ്ചു വെളിയത്ത് വെളിപ്പെടുത്തിയത്.

''ഇന്ത്യന്‍ ഓഹരികള്‍ ഇനിയും ഏറെ മുന്നേറും. പക്ഷേ, വലിയ തിരുത്തലുകള്‍ അംഗീകരിക്കാന്‍ നിക്ഷേപകര്‍ തയ്യാറായിരിക്കണം,'' പൊറിഞ്ചു മുന്നറിയിപ്പ് നല്‍കുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ വാല്യു ഇന്‍വെസ്റ്റിംഗ് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ രണ്ട് വര്‍ഷങ്ങളാണ് ഇപ്പോള്‍ കടന്നുപോയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിക്ഷേപ ഗുരുക്കള്‍ തന്നെ തെറ്റുപറ്റിയിട്ടുണ്ട്. പക്ഷേ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകണം. ''സമ്പദ് വ്യവസ്ഥയിലെ ചില കാര്യങ്ങളില്‍, ജിഎസ്ടി, റെറ പോലുള്ള പരിഷ്‌കാരങ്ങളില്‍ ഏറെ വിശ്വാസം അര്‍പ്പിച്ചു. പക്ഷേ അതിന്റെ ഗുണഫലങ്ങളെല്ലാം ഇപ്പോഴാണ് ലഭിക്കുന്നത്. ഞാന്‍ കുറച്ച് നേരത്തെ അതില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോയതാണ് തെറ്റുപറ്റാന്‍ കാരണം. ഇന്നും വാല്യു ഇന്‍വെസ്റ്റിംഗിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ തന്നെയാണ് അടിയുറച്ചുനില്‍ക്കുന്നത്. പക്ഷേ നിക്ഷേപതന്ത്രത്തില്‍ ചെറിയൊരു മാറ്റം വരുത്തി,'' പൊറിഞ്ചു വെളിയത്ത് പറയുന്നു.
നല്‍കിയത് മികച്ച നേട്ടം
2021 സാമ്പത്തിക വര്‍ഷത്തില്‍ 153 ശതമാനം നേട്ടമാണ് പൊറിഞ്ചു വെളിയത്തിന്റെ ഇക്വിറ്റി ഇന്റലിജന്‍സ് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ് നല്‍കിയത്.

അതിശക്തമായ ബിസിനസുകള്‍ അല്ലെങ്കില്‍ ഇതിനകം പ്രകടന മികവ് വെളിപ്പെടുത്തിയ ബിസിനസുകള്‍ പ്രീമിയത്തില്‍ വാങ്ങുകയെന്നതാണ് ഇപ്പോഴത്തെ തീം. എന്നാല്‍ വിശാല വിപണിയില്‍ ഏറെ സാധ്യതയുണ്ടെന്ന് പൊറിഞ്ചു പറയുന്നത്. ഇക്കോണമിയുടെ ഫോര്‍മലൈസേഷനിലും കംപ്ലയന്‍സസിലും നിക്ഷേപകര്‍ക്ക് ശ്രദ്ധ പതിപ്പിക്കാം. ഡിജിറ്റല്‍ രൂപാന്തരീകരണമാണ് അദ്ദേഹം പറയുന്ന മറ്റൊരു തീം.
ഈ ടാറ്റ കമ്പനിയിലെ നിക്ഷേപം കൊള്ളാം
ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ തന്റെ വിശ്വാസം അഭിമുഖത്തില്‍ വീണ്ടും പൊറിഞ്ചു വെളിയത്ത് ആവര്‍ത്തിച്ചു. ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരിന്റെ നേതൃത്വത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങളാണ് ഗ്രൂപ്പില്‍ നടക്കുന്നത്. ഡിജിറ്റൈസേഷന്‍ തീം പരിഗണിക്കുമ്പോള്‍ ടാറ്റ കമ്യൂണിക്കേഷന്‍ നിക്ഷേപ യോഗ്യമായ ഓഹരിയാണെന്ന് പൊറിഞ്ചു ചൂണ്ടിക്കാട്ടി.
പൊതുമേഖലാ കമ്പനികള്‍ നിക്ഷേപയോഗ്യം
പൊതുമേഖലാ കമ്പനികളില്‍ ബുള്ളിഷ് മനോഭാവം പ്രകടിപ്പിച്ച പൊറിഞ്ചു വെളിയത്ത്, സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് വിധേയമാകുന്ന കമ്പനികള്‍, ഈ ഘട്ടം കഴിയുമ്പോള്‍ പുനര്‍ വിലയിരുത്തലിന് വിധേയമാക്കപ്പെടാനിയുണ്ടെന്നും ചൂണ്ടിക്കാട്ടി. ''കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്മാര്‍ട്ടായ ആളുകള്‍ പൊതുമേഖലയെ മാറ്റിനിര്‍ത്തുകയാണ്. പക്ഷേ എനിക്കിപ്പോള്‍ തോന്നുന്നത് വീണ്ടും ഒരു റീ റേറ്റിംഗ് പബ്ലിക് സെക്ടര്‍ കമ്പനികള്‍ക്കിടയില്‍ നടക്കും. പ്രത്യേകിച്ച് അടുത്ത് തന്നെ നടക്കാനിടയുള്ള ബിപിസിഎല്‍ വില്‍പ്പനയുടെ പശ്ചാത്തലത്തില്‍,'' പൊറിഞ്ചു വിശദീകരിക്കുന്നു.

പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിനെ സംബന്ധിച്ച് ചില വിഭാഗം സംശയം പുലര്‍ത്തുന്നുണ്ടെങ്കിലും പക്ഷേ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് പൊറിഞ്ചു അനുമാനിക്കുന്നു. ബിപിസിഎല്‍ വില്‍പ്പന രണ്ടുമൂന്ന് മാസത്തിനുള്ളില്‍ നടക്കാനിടയുണ്ടെന്ന സൂചനയാണ് പൊറിഞ്ചു ഇടിനൗ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നത്. എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയും നടക്കും.

''ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നുവെന്നതിന്റെ പേരില്‍ എണ്ണ സംസ്‌കരണ, വിതരണ കമ്പനികളെ വില കുറച്ച് ചിലര്‍ കാണുന്നുണ്ട്. അടുത്ത 10- 20 വര്‍ഷത്തോളം എണ്ണ സംസ്‌കരണ വിതരണ കമ്പനികള്‍ക്ക് വലിയ തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നില്ല. പൊതുമേഖലാ കമ്പനികളുടെ കൈവശമുള്ള ആസ്തിയും ലാന്‍ഡ് ബാങ്കുമെല്ലാം നിക്ഷേപകര്‍ ശ്രദ്ധിക്കുക തന്നെ വേണം,'' പൊറിഞ്ചു പറയുന്നു.


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it