

കോവിഡിന് ശേഷം ഇന്ത്യൻ വിപണിയിലുണ്ടായ വമ്പൻ മുന്നേറ്റത്തിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച പ്രമുഖ ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ നിന്നും വിദേശ നിക്ഷേപകർ (FPIs) വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പ്രൊമോട്ടറായ ടാറ്റ സൺസിന്റെ നേതൃസ്ഥാനത്തേക്ക് രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ എത്തിയതിനെ തുടർന്നുള്ള ഡയറക്ടർ ബോർഡ് ഭിന്നതകളും കോർപ്പറേറ്റ് ഗവേണൻസ് സംബന്ധിച്ച ആശങ്കകളും ടാറ്റ സൺസിന്റെ ലിസ്റ്റിംഗുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും ഒക്കെ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണമായി പൊതുവിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ മറുഭാഗത്ത്, വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനിടയിലും ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ പൂർണ വിശ്വാസമർപ്പിച്ച് ഓഹരി പങ്കാളിത്തം വർധിപ്പിക്കുകയാണ് റീട്ടെയിൽ നിക്ഷേപകർ.
'പ്രൈം ഡാറ്റാബേസ്' ഏറ്റവുമൊടുവിലായി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലിസ്റ്റ് ചെയ്തിട്ടുള്ള 20 മുൻനിര ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ 12 എണ്ണത്തിലും വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2024 സെപ്റ്റംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പ്രമുഖ ടാറ്റ കമ്പനികളുടെ വിദേശ നിക്ഷേപത്തിൽ നേരിട്ട വ്യതിയാനം താഴെ ചേർക്കുന്നു:
ട്രെന്റ് ലിമിറ്റഡ്: വിദേശ നിക്ഷേപ വിഹിതം 26.6 ശതമാനത്തിൽ നിന്ന് 15.6 ശതമാനമായി കുത്തനെ ഇടിഞ്ഞു.
ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ്: എഫ്.പി.ഐ ഓഹരി വിഹിതം 24.4 ശതമാനത്തിൽ നിന്നും 20.8 ശതമാനത്തിലേക്ക് താഴ്ന്നു.
ടി.സി.എസ്: വിദേശ നിക്ഷേപരുടെ പങ്കാളിത്തം 12.7 ശതമാനത്തിൽ നിന്നും 9.7 ശതമാനമായി കുറഞ്ഞു.
ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്: വിദേശ പങ്കാളിത്തം 20.5 ശതമാനത്തിൽ നിന്ന് 17.3 ശതമാനമായി താഴ്ന്നു.
ഇന്ത്യൻ ഹോട്ടൽസ്: എഫ്.പി.ഐ നിക്ഷേപ വിഹിതം 27.4 ശതമാനത്തിൽ നിന്നും 23.2 ശതമാനമായി കുറഞ്ഞു.
വിദേശ നിക്ഷേപകരുടെ ഈ പിന്മാറ്റം ടാറ്റ കമ്പനികളുടെ വിപണി മൂല്യത്തിലും (Market Cap) വൻ ചോർച്ചയുണ്ടാക്കി. മേൽസൂചിപ്പിച്ച കാലയളവിൽ തേജസ് നെറ്റ്‌വർക്സിന്റെ വിപണി മൂല്യത്തിൽ 70 ശതമാനത്തോളവും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ടാറ്റ ടെലിസർവീസസ് മഹാരാഷ്ട്ര, ട്രെന്റ്, ടാറ്റ ടെക്നോളജീസ്, ടാറ്റ എൽക്സി എന്നീ കമ്പനികളുടെ വിപണി മൂല്യം 50 ശതമാനത്തോളവും നഷ്ടമായി.
ടാറ്റ ഗ്രൂപ്പിന് പുറമെ ആഭ്യന്തര വിപണിയിലെ സുപ്രധാന ഓഹരി സൂചികയായ നിഫ്റ്റി-50യുടെ ഭാഗമായ മറ്റ് മുൻനിര കമ്പനികളിലും വിദേശ നിക്ഷേപകരുടെ പങ്കാളിത്തത്തിൽ ഇടിവ് പ്രകടമാണ്. 2024 സെപ്റ്റംബറിനും 2026 മാർച്ചിനും ഇടയിൽ റിലയൻസ് ഇൻഡസ്ട്രീസിലെ വിദേശ നിക്ഷേപകരുടെ വിഹിതം 20.8 ശതമാനത്തിൽ നിന്ന് 18.3 ശതമാനമായി കുറഞ്ഞപ്പോൾ, വിപണി മൂല്യത്തിൽ 8.8 ശതമാനം ഇടിവുണ്ടായി. ചെയർമാന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ ഭരണപരമായ ആശങ്കകൾ ഉയർന്ന എച്ച്.ഡി.എഫ്.സി ബാങ്കിലെ എഫ്.പി.ഐ പങ്കാളിത്തം 41.5 ശതമാനത്തിൽ നിന്ന് 38.1 ശതമാനമായി കുറയുകയും വിപണി മൂല്യം 15 ശതമാനം ഇടിയുകയും ചെയ്തു. അതേസമയം ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയർടെൽ എന്നീ കമ്പനികളിലെ വിദേശ നിക്ഷേപം സ്ഥിരതയാർന്ന നിലയിൽ തുടരുകയാണ്.
വിദേശ നിക്ഷേപകരുടെ നിലപാടിന് വിപരീതമായാണ് റീട്ടെയിൽ നിക്ഷേപകർ പ്രതികരിച്ചത്. വിദേശ ഫണ്ടുകൾ വൻതോതിൽ വിറ്റൊഴിഞ്ഞ തേജസ് നെറ്റ്‌വർക്സ്, ടാറ്റ ടെക്നോളജീസ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ടി.ആർ.എഫ്, നെൽകോ തുടങ്ങിയ ടാറ്റ് ഗ്രൂപ്പ് ഓഹരികളിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ഇതേകാലയളവിനിടെ ഗണ്യമായി വർധിച്ചു.
പെൻഷൻ ഫണ്ടുകൾ പോലെയുള്ള ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപകർ, ലിസ്റ്റഡ് കമ്പനികളുടെ നേതൃത്വപരമായ ആസൂത്രണങ്ങളും ഭരണപരമായ സുതാര്യതയും (Governance) കൃത്യമായി വിലയിരുത്താറുണ്ട്. എന്നാൽ വിപണിയിലെ നീക്കങ്ങളിൽ നിന്നും നേട്ടം കൊയ്യാൻ ശ്രമിക്കുന്ന മൊമന്റം ഫണ്ടുകൾ ഇത്തരം മാനദണ്ഡങ്ങൾക്ക് വലിയ പ്രാധാന്യം നൽകാറില്ലെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്. അതേസമയം ടാറ്റ സൺസിന്റെ ബോർഡ് തലത്തിൽ ഭരണപരമായ ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇടക്കാല — ദീർഘകാല അടിസ്ഥാനത്തിൽ ടാറ്റയുടെ കീഴിലുള്ള കമ്പനികളുടെ സാമ്പത്തിക അടിത്തറ ശക്തമായി തുടരുമെന്നാണ് അനലിസ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine