ടാറ്റ മോട്ടോഴ്‌സിന്റെ ഈ അനുബന്ധ കമ്പനിയും ഓഹരി വിപണിയിലേക്കോ?

ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ കമ്പനിയായ ടാറ്റ ടെക്നോളജീസും ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2004-ല്‍ ടെക് ഭീമനായ ടിസിഎസിന് ശേഷം ഇത് ആദ്യമായാണ് ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി ലിസ്റ്റിംഗിന് തയ്യാറെടുക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെയും വ്യോമയാന മേഖലയിലെയും ഡിമാന്‍ഡിന്റെ പശ്ചാത്തലത്തിലാണ് ടാറ്റ മോട്ടോഴ്‌സിന് ഭൂരിഭാഗം ഓഹരികളുള്ള ടാറ്റ ടെക്നോളജീസ് ഐപിഒ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗോള പ്രോഡക്ട് എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ സേവന കമ്പനിയാണ് ടാറ്റ ടെക്നോളജീസ്.

2017 ജനുവരിയില്‍ ചുമതലയേറ്റ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ കീഴിലുള്ള ആദ്യ പ്രാഥമിക ഓഹരി വില്‍പ്പനയും ഇതായിരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐപിഒയ്ക്കാനുള്ള നടപടികള്‍ ടാറ്റ മോ്‌ട്ടോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. 2022ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റ ടെക്നോളജീസില്‍ ടാറ്റ മോട്ടോഴ്സിന് 74 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയാണുള്ളത്. നേരത്തെ, ഈ കമ്പനിയിലെ 43 ശതമാനം പങ്കാളിത്തം സ്വകാര്യ ഇക്വിറ്റി പ്രമുഖരായ വാര്‍ബര്‍ഗ് പിന്‍കസിന് 360 മില്യണ്‍ ഡോളറിന് വില്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും ടാറ്റ മോട്ടോഴ്‌സ് ഇത് നിര്‍ത്തിവെച്ചു. ഈ ഇടപാട് തുകയെ അടിസ്ഥാനമാക്കുമ്പോള്‍ ടാറ്റ ടെക്‌നോളജീസിലെ 100 ശതമാനം ഓഹരിയുടെ മൂല്യം 2018 ഫെബ്രുവരിയില്‍ 837 മില്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ വര്‍ഷം, സിഇഒ വാറന്‍ ഹാരിസിന്റെ നേതൃത്വത്തിലുള്ള ടാറ്റ ടെക്നോളജീസിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായി വരുമാനം കുത്തനെ ഉയര്‍ന്നിരുന്നു.

Related Articles
Next Story
Videos
Share it