

ടാറ്റാ മോട്ടോഴ്‌സിന്റെ (Tata Motors) വാണിജ്യ വാഹന വിഭാഗമായ ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (TMCV) ഓഹരികൾ വിപണിയിൽ 26 ശതമാനം മുതൽ 28 ശതമാനം വരെ പ്രീമിയത്തോടെയാണ് ലിസ്റ്റ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ട്രക്ക്, ബസ് നിർമ്മാതാക്കളാണ് TMCV.
ടാറ്റാ മോട്ടോഴ്‌സിൻ്റെ ഡീമെർജറിന് (Demerger) ശേഷം ലിസ്റ്റ് ചെയ്ത TMCV ഓഹരി, അതിൻ്റെ പ്രതീക്ഷിത വിലയായ (implied value) 260.75 രൂപയേക്കാൾ 28.5 ശതമാനം വർദ്ധിച്ച് എന്‍.എസ്.ഇ യിൽ 335 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ബി.എസ്.ഇ യിൽ ഇത് 26.6 ശതമാനം വർദ്ധനവോടെ 330.25 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. എന്നാല്‍ രാവിലെ 11:30 ഓടെ ഓഹരി ചുവപ്പിലേക്ക് വീണു. ബിഎസ്‌ഇയിൽ ടാറ്റ മോട്ടോഴ്‌സ് സിവി ഓഹരികൾ ഒരു ശതമാനം നഷ്ടത്തില്‍ 327 രൂപയിലെത്തി. എൻഎസ്‌ഇയിൽ ഓഹരികൾ 1.91 ശതമാനം കുറഞ്ഞ് 328.60 രൂപയിലെത്തി.
ഡീമെർജർ പ്രയോജനം: ഡീമെർജറിലൂടെ വേഗത്തിൽ വളരുന്ന പാസഞ്ചർ വെഹിക്കിൾ, ഇലക്ട്രിക് വെഹിക്കിൾ ബിസിനസുകളിൽ നിന്നും കൂടുതൽ സ്ഥിരതയുള്ള പണമുണ്ടാക്കുന്ന വാണിജ്യ വാഹന ബിസിനസ് വേർതിരിക്കപ്പെട്ടു. ഇത് ഓരോന്നിൻ്റെയും സാധ്യതകൾക്കനുസരിച്ച് പ്രത്യേകം മൂല്യനിർണയം ചെയ്യാൻ നിക്ഷേപകരെ സഹായിക്കും.
വാണിജ്യ വാഹനങ്ങളുടെ ഉണർവ്: ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളുടെ (Commercial Vehicle) ഡിമാൻഡിലുണ്ടാകുന്ന ഉണർവും അടിസ്ഥാന സൗകര്യ വികസനത്തിലെ വളർച്ചയും ടാറ്റാ മോട്ടേഴ്സിന്റെ വാണിജ്യ വാഹന വിഭാഗത്തിന്റെ (TMCV) വളർച്ചയ്ക്ക് അനുകൂലമാകുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ആഗോള സാധ്യത: യൂറോപ്പിലെ ഇവെക്കോ (Iveco) ഗ്രൂപ്പിന്റെ വാണിജ്യ വാഹന യൂണിറ്റ് ഏറ്റെടുക്കാനുള്ള ടാറ്റാ മോട്ടോഴ്‌സിൻ്റെ നീക്കം TMCV-ക്ക് ആഗോളതലത്തിൽ വലിയ സാധ്യതകൾ തുറന്നു നൽകുമെന്നും ഇത് ഒരു ദീർഘകാല തന്ത്രപരമായ ഉത്തേജകമായി വർത്തിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഹ്രസ്വകാലത്തേക്ക് വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ജിഡിപി വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും കാരണം ദീർഘകാല നിക്ഷേപകർക്ക് ഓഹരി മികച്ച നേട്ടം നൽകാൻ സാധ്യതയുണ്ട്.
Tata Motors CV shares: Fall after surge in listing; What attracts long-term investors?
Read DhanamOnline in English
Subscribe to Dhanam Magazine