Begin typing your search above and press return to search.
നടപ്പുസാമ്പത്തിക വര്‍ഷം 12,000 കോടി രൂപയുടെ നിക്ഷേപം, വന്‍ പദ്ധതിയുമായി ടാറ്റ സ്റ്റീല്‍
ഇന്ത്യയിലും യൂറോപ്പിലുമായാണ് നിക്ഷേപം
നടപ്പുസാമ്പത്തിക വര്‍ഷം 12,000 കോടി രൂപയുടെ വന്‍ നിക്ഷേപ പദ്ധതികളുമായി പ്രമുഖ സ്റ്റീല്‍ നിര്‍മാതാക്കളായ ടാറ്റ സ്റ്റീല്‍ (Tata Steel). ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലും യൂറോപ്പിലുമായി 12,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി വി നരേന്ദ്രനാണ് വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 8,500 കോടി രൂപയും യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 3,500 കോടി രൂപയുമാണ് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതെന്ന് ടാറ്റ സ്റ്റീലിന്റെ മാനേജിംഗ് ഡയറക്ടര്‍ (എംഡി) കൂടിയായ നരേന്ദ്രന്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍, കലിംഗനഗര്‍ പദ്ധതി വിപുലീകരണത്തിലും ഖനന പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒഡീഷയിലെ കലിംഗനഗറിലുള്ള പ്ലാന്റിന്റെ ശേഷി 3 മെട്രിക് ടണ്ണില്‍ നിന്ന് 8 മില്ല്യണ്‍ ടണ്ണായി വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
അതിനിടെ, ടാറ്റ സ്റ്റീല്‍ (Tata Steel) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്സ് ലിമിറ്റഡ് (ടിഎസ്എല്‍പി) വഴി ഒഡീഷ ആസ്ഥാനമായുള്ള എന്‍ഐഎന്‍എല്ലിനെ 12,000 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കി. പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ ആണ് എന്‍ഐഎന്‍എല്ലിന്റെ ഉല്‍പ്പാദനശേഷി.
രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സ്റ്റീല്‍ ഉല്‍പ്പാദക കമ്പനികളില്‍ ഒന്നാണ് ടാറ്റ സ്റ്റീല്‍. ഇന്ത്യയില്‍ ഏകദേശം 20 ദശലക്ഷം ടണ്‍ സ്റ്റീലാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ കണക്കനുസരിച്ച്, 2021 ല്‍ ഇന്ത്യയുടെ ഉല്‍പ്പാദനം 118 ദശലക്ഷം ടണ്‍ (എംടി) ആയിരുന്നു.
Next Story
Videos