ടാറ്റാ ടെക് ഐ.പി.ഒയില്‍ ഓഹരി വാങ്ങണോ? ജിയോജിത്തിന്റെ അഭിപ്രായം ഇങ്ങനെ

നീണ്ട കാത്തിരിപ്പിനൊടുവില്‍ ടാറ്റാ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) ഇന്ന് തുടക്കമായി. ടാറ്റാ ഗ്രൂപ്പില്‍ നിന്ന് രണ്ട് ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഐ.പി.ഒയാണിത്. നവംബര് 24 വരെയാണ് ഐ.പി.ഒ. ഡിസംബർ 5 ആയിരിക്കും ലിസ്റ്റിംഗ് തീയതി.

ടാറ്റാ മോട്ടോഴ്‌സിന് 64.8 ശതമാനവും പൊതുനിക്ഷേപകര്‍ (public investors) അടക്കം മറ്റുള്ളവര്‍ക്ക് 35.2 ശതമാനവും ഓഹരി പങ്കാളിത്തവുമുള്ള കമ്പനിയാണ് ടാറ്റാ ടെക്. പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയില്‍ (OFS) മാത്രമാണ് ഐ.പി.ഒയിലുള്ളത്.
ആകെ 6.08 കോടി ഓഹരികള്‍ വിറ്റഴിച്ച് മൊത്തം 3,043 കോടി രൂപ ഐ.പി.ഒയിലൂടെ സമാഹരിക്കുകയാണ് ലക്ഷ്യം. ഐ.പി.ഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 791 കോടി രൂപ ടാറ്റാ ടെക് സമാഹരിച്ച് കഴിഞ്ഞു. ഗോള്‍ഡ്മാന്‍ സാച്‌സ്, എസ്.ബി.ഐ മ്യൂച്വല്‍ഫണ്ട് തുടങ്ങി 67 ആങ്കര്‍ നിക്ഷേപകരില്‍ നിന്നായിരുന്നു ഇത്.

ടാറ്റാ ടെക്കിന്റെ കരുത്ത്

ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ബ്രാന്‍ഡ്, ടാറ്റാ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനം എന്നത് മാത്രമല്ല ടാറ്റാ ടെക്കിന്റെ കരുത്ത്. ആഗോള കമ്പനികള്‍ക്ക് പ്രോഡക്ട് ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ സൊല്യൂഷന്‍സ് എന്നിവ നല്‍കുന്ന കമ്പനിയുടെ പ്രധാന സേവനങ്ങള്‍ വാഹന കോണ്‍സെപ്റ്റ് ഡിസൈനിംഗ്, രൂപകല്‍പന, ബോഡി ആന്‍ഡ് ഷാസി എന്‍ജിനിയറിംഗ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയാണ്. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലായുള്ള 19 ആഗോള ഡെലിവറി സെന്ററുകളിലായി 11,000 ജീവനക്കാരുമുണ്ട്.

മാതൃകമ്പനിയായ ടാറ്റാ മോട്ടോഴ്‌സ്, ജെ.എല്‍.ആര്‍., എയര്‍ബസ്, മക്‌ലാരന്‍, ഹോണ്ട, കൂപ്പര്‍ സ്റ്റാന്‍ഡേര്‍ഡ്, ഫോര്‍ഡ് എന്നിവരാണ് പ്രധാന ഉപഭോക്താക്കള്‍.

4,414 കോടി രൂപയായിരുന്നു 2022-23ല്‍ വിറ്റുവരവ്. 36 ശതമാനമാണ് 2021-23 കാലയളവിൽ സംയോജിത വാര്‍ഷിക വളര്‍ച്ച (CAGR). നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 820.9 കോടി രൂപയും ലാഭം 624 കോടി രൂപയുമാണ്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ ഏറെ മികച്ചതാണിത്.

സബ്‌സ്‌ക്രൈബ് റേറ്റിംഗുമായി ജിയോജിത്
ടാറ്റാ ടെക് ഓഹരികള്‍ക്ക് മധ്യ, ദീര്‍ഘകാല അടിസ്ഥാനത്തില്‍ (medium to long-term basis) സബ്‌സ്‌ക്രൈബ് (Subscribe) റേറ്റിംഗാണ് പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നല്‍കുന്നത്.
ടാറ്റാ ടെക് ഓഹരികള്‍ക്ക് വളര്‍ച്ചാ സാധ്യത ജിയോജിത് കല്‍പ്പിക്കുന്നു. അപ്പര്‍-പ്രൈസ് ബ്രാന്‍ഡായ ഓഹരി ഒന്നിന് 500 രൂപ കണക്കാക്കിയാല്‍, ടാറ്റാ ടെക്കിന്റെ പ്രൈസ് ടു ഏണിംഗ്‌സ് അനുപാതം (P/E) നടപ്പുവര്‍ഷത്തെ ആദ്യപകുതിയില്‍ 28.8 മടങ്ങാണ്. ഇത് വിപണിയിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മെച്ചപ്പെട്ടതുമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) പരിഗണിച്ചാല്‍ പി.ഇ അനുപാതം ടാറ്റാ ടെക്കിന് 32.5 മടങ്ങും കെ.പി.ഐ.ടി ടെക്കിന് 105.6 മടങ്ങുമാണ്. അതായത്, കെ.പി.ഐ.ടി ടെക്കിനെ അപേക്ഷിച്ച് ഏറെ ആകര്‍ഷകമാണ് ടാറ്റാ ടെക്കിന്റെ ഓഹരി വില. കെ.പി.ഐ.ടി ടെക്കിനേക്കാള്‍ മികച്ച വില്‍പന കുറിക്കുന്ന കമ്പനിയുമാണ് ടാറ്റാ ടെക്. ടാറ്റാ ടെക്കിന്റെ എബിറ്റ്ഡ അനുപാതവും (EBITDA%) കെ.പി.ഐ.ടി ടെക്കിനോട് അടുത്തുനില്‍ക്കുന്നതാണ്.

നിക്ഷേപിക്കാം മിനിമം ₹15,000

ഓഹരിക്ക് 475-500 രൂപ വിലനിലവാരത്തിലാണ് (പ്രൈസ് ബാന്‍ഡ്) ടാറ്റാ ടെക് ഐ.പി.ഒ. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 30 ഓഹരികള്‍ക്ക് അപേക്ഷിക്കാം. അതായത്, നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 15,000 രൂപയാണ്. പരമാവധി നിക്ഷേപിക്കാനാവുക 1.95 ലക്ഷം രൂപ.

ഓഹരി ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. ഐ.പി.ഒയില്‍ 35 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ളതാണ്. 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും (Non-Institutional Investors) 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുമായി (QIB) മാറ്റിവച്ചിരിക്കുന്നു.

304.3 കോടി രൂപയുടെ ഓഹരികള്‍ മാതൃകമ്പനിയായി ടാറ്റ മോട്ടോഴ്സിന്റെ നിലവിലെ ഓഹരി നിക്ഷേപകര്‍ക്കും 101.4 കോടി രൂപയുടെ ഓഹരികള്‍ ജീവനക്കാര്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്.

വെല്ലുവിളികള്‍
വരുമാനത്തിന്റെ മുഖ്യപങ്കും (69%) വരുന്നത് ഓട്ടോമോട്ടീവ് മേഖലയില്‍ നിന്നാണ്. 46 ശതമാനം വരുമാനവും ലഭിക്കുന്നതാകട്ടെ ടാറ്റാ മോട്ടോഴ്‌സും ജെ.എല്‍.ആറും അടക്കമുള്ള സ്വന്തം ഗ്രൂപ്പ് കമ്പനികളില്‍ നിന്ന്.
65 ശതമാനം വരുമാനവും വിദേശ കറന്‍സികളിലുമാണ്. വിനിമയ നിരക്കിലെ വ്യതിയാനം അതുകൊണ്ട് വരുമാനത്തെ ബാധിച്ചേക്കാം. എതിര്‍ കമ്പനികളില്‍ നിന്ന് കടുത്ത മത്സരവും ടാറ്റാ ടെക് നേരിടുന്നുണ്ട്.

ഓഹരി ചൂടപ്പംപോലെ വിറ്റുപോയി!

ഐ.പി.ഒ ആരംഭിച്ച് ആദ്യ 40 മിനിട്ടിനകം തന്നെ ടാറ്റാ ടെക് ഓഹരികള്‍ മുഴുവനായി വിറ്റുതീര്‍ന്നു. മൊത്തം ഓഹരികള്‍ക്ക് 1.21 മടങ്ങ് ആവശ്യക്കാരാണുണ്ടായത്.

ക്യു.ഐ.ബിയില്‍ നിന്ന് രണ്ട് മടങ്ങും സ്ഥാപനേതര നിക്ഷേപകരില്‍ നിന്ന് 1.25 മടങ്ങും അപേക്ഷകള്‍ ലഭിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി ഉടമകള്‍ക്ക് സംവരണം ചെയ്ത ഓഹരികള്‍ക്കായി 1.26 മടങ്ങ് അപേക്ഷകളുണ്ടായി. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ച ഓഹരികളില്‍ 86 ശതമാനവും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.

Disclaimer: DhanamOnline does not endorse or assume responsibility for the accuracy, reliability, or recommendation provided in this IPO subscription note by the broker.

Related Articles
Next Story
Videos
Share it