ഐ.പി.ഒ ആവേശം തുടരുമോ? ടാറ്റാ ടെക് അടക്കം 3 കമ്പനികളുടെ ലിസ്റ്റിംഗ് നാളെ

കഴിഞ്ഞയാഴ്ച പ്രാരംഭ ഓഹരി വില്‍പ്പനയുമായി എത്തിയ കമ്പനികള്‍ക്കെല്ലാം മികച്ച സ്വീകരണമാണ് ഓഹരി വിപണിയില്‍ ലഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ടാറ്റ ടെക്‌നോളജീസ് ഐ.പി.ഒ പ്രതീക്ഷകളെയും മറികടക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് ഐ.പി.പി.ഒകളും കൂടി 2.5 ലക്ഷം കോടി രൂപയുടെ അപേക്ഷകള്‍ നേടിയപ്പോള്‍ അതില്‍ 1.56 ലക്ഷം കോടിയും ലഭിച്ചത് ടാറ്റ ടെക്‌നോളജീസിനാണ്. ഈ ആവേശക്കുതിപ്പ് ലിസ്റ്റിംഗിലുമുണ്ടാകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

ഐ.ആര്‍.ഇ.ഡി.എ, ഫെഡ്ഫിന, ടാറ്റ ടെക്‌നോളജീസ്, ഫ്‌ളെയര്‍ റൈറ്റിംഗ്‌സ്, ഗാന്ധാര്‍ ഓയില്‍ റിഫൈനറി എന്നീ അഞ്ച് കമ്പനികളുടെ ഐ.പി.ഒകളാണ് കഴിഞ്ഞയാഴ്ച നടന്നത്. ഇതില്‍ ഐ.ആആര്‍.ഡി.എ ഇന്ന് ലിസ്റ്റ് ചെയ്തു.
ഫെഡ്ഫിന ഒഴികെയുള്ള
വയുടെ ലിസ്റ്റിംഗ് നാളെയാണ്. ഡിസംബർ 5നാണ് ഫെഡ്‌ഫിന ലിസ്റ്റ് ചെയ്യുക.
56 ശതമാനം ഉയര്‍ന്ന് ഐ.ആര്‍.ഇ.ഡി.എ
ഐ.പി.ഒ വിലയേക്കാള്‍ 56 ശതമാനം ഉയര്‍ന്ന വിലയിലാണ് പൊതുമേഖലാ സ്ഥാപനമായ റിന്യൂവബ്ള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സിയുടെ (ഐ.ആര്‍.ഇ.ഡി.എ) ലിസ്റ്റിംഗ്. ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം കണക്കിലെടുത്ത് 35 ശതമാനം നേട്ടത്തോടെ ലിസ്റ്റ് ചെയ്യുമെന്നായിരുന്നു അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍. എന്നാല്‍ അതിനേക്കാള്‍ 21 ശതമാനം അധികം നേട്ടം ഓഹരിക്ക് കാഴ്ചവയ്ക്കാനായി. 32 രൂപ ഓഫര്‍ വിലയുണ്ടായിരുന്ന ഓഹരി 50 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 55.45 രൂപ വരെ ഉയരുകയും ചെയ്തു.
ടാറ്റ ടെക്‌നോളജീസ്
2023ല്‍ നടന്ന ഐ.പി.ഒകളില്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനത്താണ് ടാറ്റ ടെക്‌നോളജീസ്. 73.58 ലക്ഷം അപേക്ഷകരാണ് ഐ.പി.ഒയ്ക്കുണ്ടായത്. എല്‍.ഐ.സിസിക്ക് ലഭിച്ച 73.38 ലക്ഷം അപേക്ഷകളുടെ റെക്കോഡാണ് ടാറ്റ ടെക് മറികടന്നത്.
നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 80 ശതമാനം പ്രീമിയത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് 500 രൂപ ഇഷ്യു പ്രൈസുണ്ടായിരുന്ന ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് വില്‍പ്പന 910 രൂപയ്ക്കാണ്. അടുത്തിടെ നടന്ന ഐ.പി.ഒകളില്‍ ഏറ്റവും ഉയര്‍ന്ന് ഗ്രേ മാര്‍ക്കറ്റ് പ്രീമിയമാണിത്.
നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ലിസ്റ്റിംഗ് ദിനത്തില്‍ 10 ശതമാനം നേട്ടത്തിലേക്കെത്തിയേക്കാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
20 വര്‍ഷത്തിനു ശേഷമാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനി ഓഹരി വിപണിയിലേക്ക് എത്തുന്നത്. ഐ.പി.ഒ വഴി 3,042.51 കോടി രൂപയാണ് ടാറ്റ ടെക്‌നോളജീസ് സമാഹരിച്ചത്.
ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
വളരെ പ്രതീക്ഷയോടെ എത്തിയ ഫെഡറല്‍ ബാങ്കിന്റെ കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഫെഡ്ഫിന) ഐ.പി.ഒയ്ക്ക് മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര ആവേശകരമായ പ്രതികരണമായിരുന്നില്ല. ഇഷ്യുവിന് 2.2 മടങ്ങ് അധിക അപേക്ഷ ലഭിച്ചു. 5.6 കോടി ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ 12.3 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. റീറ്റെയ്ല്‍ നിക്ഷേപകര്‍ 1.82 മടങ്ങും നിക്ഷേപ ഇതര സ്ഥാപനങ്ങള്‍ 1.45 മടങ്ങും യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ 3.51 മടങ്ങും അധികമായി
സബ്‌സ്‌ക്രൈബ്‌
ചെയ്തു.
നിക്ഷേപകരില്‍ നിന്ന് തണുപ്പന്‍ പ്രതികരണം ലഭിച്ചതോടെ ഗ്രേ മാര്‍ക്കറ്റില്‍ ഫെഡ്ഫിന ഓഹരികള്‍ക്ക് കാര്യമായ ആവശ്യക്കാരുണ്ടായില്ല. നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ ഇഷ്യുവിലയേക്കാള്‍ 5-10 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇഷ്യു വിലയിലോ അതില്‍ താഴെയോ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. .
ഫ്‌ളെയര്‍ റൈറ്റിംഗ്‌സ് ഇന്‍ഡസ്ട്രീസ്
പേന നിര്‍മാതാക്കളായ ഫ്‌ളെയര്‍ റൈറ്റിംഗ്‌സിന്റെ ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ 27 ശതമാനം ഉയര്‍ന്ന് 84 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 385-400 രൂപയായിരിക്കും ലിസ്റ്റിംഗ് വിലയെന്നാണ് കണക്കാക്കുന്നത്. ഇഷ്യുവില 304 രൂപയായിരുന്നു.
ഫ്‌ളെയര്‍ റൈറ്റിംഗ്‌സിന്റെ ഐ.പി.ഒ 46.68 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 67.28 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. 1.44 കോടി ഓഹരികൾ പുറത്തിറക്കിയ ഇഷ്യുവില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ 13.01 മടങ്ങും സ്ഥാപന ഇതര നിക്ഷേപകര്‍ 33.37 മടങ്ങും, യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ 115.6 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു.
ഗാന്ധാര്‍ ഓയില്‍ റിഫൈനറി
വൈറ്റ് ഓയില്‍ നിര്‍മാതാക്കളായ ഗാന്ധാര്‍ ഓയില്‍ ഓഹരികള്‍ ഗ്രേ മാര്‍ക്കറ്റില്‍ 40 ശതമാനം പ്രീമിയത്തിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. 169 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ഏകദേശം 235 രൂപയ്ക്കാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്.
ഓഹരി ഐ.പി.ഒ വിപണിയില്‍ 64.07 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. 2.12 കോടി ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ ലഭിച്ചത് 136.1 കോടി ഓഹരികള്‍ക്കുള്ള അപേക്ഷകളാണ്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ അവര്‍ക്ക് നീക്കിവച്ച ഓഹരികളുടെ 129 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ 28.95 മടങ്ങും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ 62.2 മടങ്ങും അപേക്ഷിച്ചു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it