ഐ.പി.ഒ കൊട്ടിക്കലാശം: പ്രതീക്ഷയ്ക്കും മേലെ ടാറ്റ ടെക്, അധികാവേശമില്ലാതെ ഫെഡ്ഫിന

പ്രതീക്ഷകളെയും മറികടന്ന് ആവേശ്വോജ്വലമായ പ്രതികരണം നേടി ടാറ്റ ടെക്‌നോളജീസ് ഐ.പി.ഒ. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ അപേക്ഷകളാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ടാറ്റ ടെക്ക് നേടിയത്. 3,000 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തിച്ചപ്പോഴാണ് നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തികൊണ്ടുള്ള ഈ അഭൂതപൂര്‍വമായ സ്വീകരണം നേടിയത് 4.5 കോടി ഓഹരികളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത്. ലഭിച്ചതാകട്ടെ 312.61 കോടി ഓഹരികള്‍ക്കുള്ള അപേക്ഷകളും. 69.43 മടങ്ങാണ് സബ്‌സ്‌ക്രിപ്ഷന്‍.

ഗ്രേ മാര്‍ക്കറ്റില്‍ ഐ.പി.ഒ വിലയേക്കാള്‍ 80 ശതമാനത്തിലധികം ഉയര്‍ന്ന വിലയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. അടുത്തിടെ നടന്ന ഐ.പി.ഒകളില്‍ ഏറ്റവും ഉയര്‍ന്ന
ഗ്രേ
മാര്‍ക്കറ്റ് പ്രീമിയമാണിത്.
ഐ.പി.ഒയുടെ ആദ്യ ദിനം ആദ്യ മണിക്കൂറില്‍ തന്നെ ടാറ്റ ടെക് ഓഹരികള്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. ഐ.പി.ഒ അവസാനിക്കുമ്പോള്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഓഹരികള്‍ 203.41 മടങ്ങും സ്ഥാപന ഇതര നിക്ഷേപകര്‍ക്കായുള്ളത് 62.11 മടങ്ങും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ളത് 16.49 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
ഇത്രയുമധികം പേര്‍ അപേക്ഷിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാകും ഓഹരി അനുവദിക്കുക. നവംബര്‍ 30നാണ് അലോട്ട്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 5ന് ഓഹരി ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
നിരാശപ്പെടുത്താതെ ഫെഡ്ഫിന
ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഫെഡ്ഫിന) ഐ.പി.ഒ അവസാന ദിനത്തില്‍ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 1,092 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയ്ക്ക് 2.20 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു.
റീറ്റെയ്ല്‍ നിക്ഷേപകര്‍ 1.82 മടങ്ങും യോഗ്യരായ നിക്ഷേപസ്ഥാപങ്ങള്‍ 3.51 മടങ്ങും സ്ഥാപന ഇതര നിക്ഷേപകര്‍ 1.45 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. എന്നാല്‍ ടാറ്റ ടെക് ഉള്‍പ്പെടെയുള്ളവയ്ക്ക് ലഭിച്ച സ്വീകരണം ഐ.പി.ഒ വിപണിയില്‍ ഫെഡ്ഫിനയ്ക്ക് നേടാന്‍ സാധിച്ചില്ല.
ഫെഡ്ഫിന ഓഹരികള്‍ ഡിസംബര്‍ അഞ്ചിനാണ് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യുന്നത്. നവംബര്‍ 30ന് ഓഹരികള്‍ അലോട്ട് ചെയ്യും.

ഈ ആഴ്ച നടന്ന ഐ.പി.ഒകള്‍ക്കെല്ലാം തന്നെ മികച്ച വിജയം നേടാനായിട്ടുണ്ട്. ഐ.ആര്‍.ഇ.ഡിഎ ഐ.പി.ഒ 39 മടങ്ങും ഗാന്ധാര്‍ ഓയില്‍ 64.7 മടങ്ങും ഫ്‌ളെയര്‍ റൈറ്റിംഗ് 46 മടങ്ങും സബ്‌സ്‌ക്രിപ്ഷനാണ് നേടിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it