വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടിയുടെ ഇടിവ്, ടാറ്റയുടെ ഈ മള്‍ട്ടി ബാഗര്‍ ഓഹരിക്ക് ഇതെന്തു പറ്റി?

ഈ വര്‍ഷം ഇതു വരെ ഓഹരിയുടെ ഇടിവ്‌ 43 ശതമാനമാണ്
വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടിയുടെ ഇടിവ്, ടാറ്റയുടെ ഈ മള്‍ട്ടി ബാഗര്‍ ഓഹരിക്ക് ഇതെന്തു പറ്റി?
Published on

ഒരു സമയത്ത്‌ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ പ്രിയ ഓഹരികളിലൊന്നായിരുന്നു ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള റീറ്റൈയ്ല്‍ ഭീമനായ ട്രെന്റ് (Trent). ബജറ്റ് ഫാഷന്‍ ശൃംഖലയായ സൂഡിയോ (Zudio), പ്രീമിയം ബ്രാന്‍ഡായ വെസ്റ്റ്‌സൈഡ് (Westside) എന്നിവയുടെ ഉടമസ്ഥരായ ട്രെന്റ് ഓഹരി ഇപ്പോള്‍ നിഫ്റ്റി 50 സൂചികയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഹരി എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ, കമ്പനിയുടെ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതു വരെ ഓഹരിയുടെ ഇടിവ്‌ 43 ശതമാനമാണ്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.45 ലക്ഷമായി താഴ്ന്നു.

ചില്ലറ-സ്ഥാപന നിക്ഷേപകരുടെ പ്രിയ ഓഹരിക്ക് സംഭവിച്ച ഈ തിരിച്ചടി ഞെട്ടിക്കുന്നതാണ്. ടാറ്റ ഗ്രൂപ്പില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മൂന്ന് ഓഹരികളില്‍ ഒന്നാണിത്. ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ യൂണിറ്റ് 22 ശതമാനവും ഐടി ഭീമനായ ടിസിഎസ് 21% ശതമാനവും ഇടിവാണ് ഈ വര്‍ഷം രേഖപ്പെടുത്തുന്നത്.

എന്താണ് ഓഹരിക്ക് സംഭവിച്ചത്?

ഓഹരിയുടെ ഈ തകര്‍ച്ചയ്ക്ക് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്:

സ്റ്റോറുകള്‍ തമ്മില്‍ത്തന്നെ മത്സരം (Store Cannibalisation): ലാഭകരമായ മോഡലായ സൂഡിയോ സ്റ്റോറുകള്‍ അതിവേഗം തുറന്നതാണ് ഒരു പ്രധാന തിരിച്ചടിക്ക് കാരണം. ഒരേ നഗരത്തിലും ഒരേ പിന്‍കോഡിലും പുതിയ സ്റ്റോറുകള്‍ വന്നതോടെ, നിലവിലുള്ള സ്റ്റോറുകളുടെ വില്‍പ്പന കുറഞ്ഞു. ഇത് കമ്പനിയുടെ മൊത്തം വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. 2024 മാര്‍ച്ചിനു ശേഷം സൂഡിയോ 285 പുതിയ സ്റ്റോറുകള്‍ ആണ് തുറന്നത് ഇതോടെ മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം 539-ല്‍ നിന്ന് 824 ആയി വര്‍ധിച്ചു.

ഉപഭോഗത്തിലെ മാന്ദ്യം (Consumption Slowdown): രാജ്യത്തെ സാമ്പത്തിക മാന്ദ്യം കാരണം ഉപഭോക്താക്കള്‍ ചെലവ് ചുരുക്കിയത് റീറ്റൈയ്ല്‍ വില്‍പ്പനയെ കാര്യമായി ബാധിച്ചു. നഗരങ്ങളിലെ ഡിമാന്‍ഡ് കുറഞ്ഞതും ട്രെന്റിന് വിനയായി.

പുതിയ ബ്രാന്‍ഡുകളുടെ ഭീഷണി: വാല്യു ഫാഷന്‍ റീറ്റെയ്ല്‍ രംഗത്തേക്ക് പുതിയ ബ്രാന്‍ഡുകള്‍ കടന്നുവന്നത് സൂഡിയോയുടെ ആധിപത്യത്തിന് ഭീഷണിയുയര്‍ത്തി. റിലയന്‍സിന്റെ യൂസ്റ്റ (Yousta), Style Union, OWND, Intune തുടങ്ങിയ പുതിയ എതിരാളികള്‍ സംയുക്തമായി 358 സ്റ്റോറുകള്‍ തുറന്നിട്ടുണ്ട്. ഇത് സൂഡിയോ ശൃംഖലയുടെ 27 ശതമാനത്തെയും ബാധിക്കുന്നുണ്ട്.

നിക്ഷേപകര്‍ ആശങ്കയില്‍

ട്രെന്റ് ഓഹരിയുടെ ഇടിവ് ചെറുകിട നിക്ഷേപകരിലും സ്ഥാപന നിക്ഷേപകരിലും ഒരുപോലെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, വിപണിയിലെ പ്രമുഖര്‍ ഈ ഇടിവിനെ ഒരു താത്കാലിക പ്രതിഭാസമായിട്ടാണ് കാണുന്നത്. ഓഹരിയുടെ ഇപ്പോഴത്തെ വില ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വാങ്ങാന്‍ പറ്റിയ ' sensible' ആയ നിലയിലാണെന്നും, 2026 ഓടെ ഉപഭോഗം തിരിച്ചുപിടിക്കുന്നതോടെ കമ്പനി ശക്തമായി തിരിച്ചുവരുമെന്നും ചില പ്രമുഖ ഫണ്ട് മാനേജര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ്‌ ഓഹരിക്ക് ന്യൂട്രല്‍ റേറ്റിംഗ് നിലനിര്‍ത്തുന്നു. 12 മാസക്കാലയളവില്‍ ഓഹരിയുടെ ലക്ഷ്യ വില കണക്കാക്കുന്നത് 4,920 രൂപയാണ്. ബെര്‍ണ്‍സ്റ്റീന്‍ 'Outperform' റേറ്റിംഗ് ആണ് നല്‍കുന്നത്. ലക്ഷ്യ വില 5,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ആക്‌സിസ് സെക്യൂരിറ്റീസ് ട്രെന്റ് ഓഹരിയുടെ ലക്ഷ്യ വില 6,160 രൂപയില്‍ നിന്ന് 5,100 രൂപയായി കുറച്ചു.

ട്രെന്റ് ഓഹരിയ്ക്ക് 'വില്‍ക്കുക' (sell) എന്ന റേറ്റിംഗ് ആണ് സിറ്റി നല്‍കിയിരിക്കുന്നത്. ലക്ഷ്യ വില 4,350 രൂപയാക്കുകയും ചെയ്തു. ഉപഭോഗ പ്രവണത ദുര്‍ബലമായി തുടരുന്നതും മത്സരം വര്‍ധിക്കുന്നതും വളര്‍ച്ചാ നിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

മറ്റൊരു ബ്രോക്കറേജ് ആയി ജെഫ്രീസ് ഓഹരി ഹോള്‍ഡ് (Hold) ചെയ്യാനാണ് ശുപാര്‍ശ ചെയ്യുന്നത്.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com