എന്റർപ്രൈസ് എ.ഐ വിപ്ലവത്തിലേക്ക് ടി.സി.എസ്; ആന്ത്രോപിക്കുമായി ആഗോള പ്രീമിയർ സഖ്യം; ഓഹരി മുന്നേറുമോ?

കമ്പനിയുടെ സമസ്ത മേഖലകളിലുമുള്ള ബിസിനസ്സ് പ്രവർത്തനങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ വ്യവസ്ഥാപിതമായും ആഴത്തിലും സമന്വയിപ്പിക്കുന്ന 'എന്റർപ്രൈസ് എ.ഐ അഡോപ്ഷൻ അറ്റ് സ്കെയിൽ' എന്ന പരിവർത്തന പാതയിലാണ് ടി.സി.എസ്
TCS Anthropic strategic partnership
Canva
Published on

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), പ്രമുഖ യു.എസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ​ഗവേഷണ കമ്പനിയായ ആന്ത്രോപിക്കുമായി (Anthropic) ആഗോള തലത്തിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ലോകശ്രദ്ധയാകർഷിച്ച എ.ഐ മോഡലായ 'ക്ലോഡ്' വിപണിയിൽ അവതരിപ്പിച്ച ആന്ത്രോപിക്, തങ്ങളുമായി പങ്കാളിത്തമുള്ളവരുടെ കൂട്ടത്തിലെ ഏറ്റവും ഉയർന്ന ശ്രേണിയിലേക്കാണ് (Global Premier Partner) ടി.സി.എസിനേയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആന്ത്രോപിക് പുറത്തിറക്കുന്ന പുതിയ ക്ലോഡ് മോഡലുകളിൽ, എതിരാളികളേക്കാൾ മുന്നേ തന്നെ ഉപയോഗിക്കാനുള്ള അനുവാദം (Exclusive Access) ടി.സി.എസിന് ലഭിക്കുന്നതാണ്.

പ്രത്യേക ബിസിനസ് യൂണിറ്റ് രൂപീകരിക്കും

ആന്ത്രോപിക്കുമായി സഹകരണത്തോടെ ടി.സി.എസിന്റെ എഞ്ചിനീയറിംഗ്, ഫിനാൻസ്, ലീഗൽ, മാർക്കറ്റിംഗ്, സെയിൽസ് വിഭാഗങ്ങളിലായുള്ള ഏകദേശം 50,000-ത്തോളം ജീവനക്കാരിലേക്ക് ക്ലോഡ് എ.ഐ സംവിധാനം വിന്യസിക്കും. കൂടാതെ, ആന്ത്രോപിക് എ.ഐ മോഡലുകൾക്കായി ഒരു പ്രത്യേക ബിസിനസ് യൂണിറ്റ് രൂപീകരിക്കുകയും ചെയ്യും. ക്ലോഡ് ശ്രേണിയിലുള്ള എ.ഐ മോഡലുകൾ വളരെ ആഴത്തിൽ ഉപയോ​ഗിക്കുന്നതിലുള്ള വൈദ​ഗ്ധ്യം കരസ്ഥമാക്കുന്നതിനായും സാങ്കേതികവിദ്യയുടെ പ്രയോ​ഗതലത്തിലേക്ക് വരുമ്പോൾ വ്യവസായ മേഖലയിൽ നിന്നും ഉയരാവുന്ന പ്രശ്നങ്ങൾ ഇരുകമ്പനികളും സംയുക്തമായി പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രത്യേക ബിസനസ് യൂണിറ്റ് സ്ഥാപിക്കുന്നത്.

ചുരുക്കത്തിൽ കമ്പനിയുടെ സമസ്ത മേഖലകളിലുമുള്ള ബിസിനസ്സ് പ്രവർത്തനങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ വ്യവസ്ഥാപിതമായും ആഴത്തിലും സമന്വയിപ്പിക്കുന്ന 'എന്റർപ്രൈസ് എ.ഐ അഡോപ്ഷൻ അറ്റ് സ്കെയിൽ' (Enterprise AI adoption at scale) എന്ന പരിവർത്തന പാതയിലാണ് ടി.സി.എസ് എന്ന് സാരം.

പ്രതീക്ഷിക്കുന്ന ബിസിനസ് മേഖലകൾ

ഉയർന്ന സുരക്ഷയും നിയന്ത്രണ ചട്ടക്കൂടുകളും ആവശ്യമായ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത്‌കെയർ, ലൈഫ് സയൻസസ്, ഏവിയേഷൻ, ടെലികോം, മെഡിക്കൽ ടെക്നോളജി (മെഡ്ടെക്) തുടങ്ങിയ സെക്ടറുകളിലാണ് ആന്ത്രോപികും ടി.സി.എസും സംയുക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ചെറുകിട വ്യവസായ സംരംഭങ്ങൾക്കും ക്ലൗഡ് അധിഷ്ഠിത സാങ്കേതിക സേവനങ്ങൾ നൽകുന്ന ടി.സി.എസിന്റെ തന്ത്രപ്രധാനമയ ബിസിനസ് യൂണിറ്റുകളിലൊന്നായ ടി.സി.എസ് അയോൺ (TCS iON) മുഖേന, ഇന്ത്യയിൽ ക്ലോഡ് എ.ഐ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നടപ്പിലാക്കാനും പദ്ധതിയുണ്ട്.

‌കൂടാതെ, യു.കെയിലുള്ള ടി.സി.എസിന്റെ ലൈഫ് ആൻഡ് പെൻഷൻ ബിസിനസ് വിഭാഗമായ ഡിലിജന്റ (Diligenta)യുടെ, സോഫ്റ്റ്‌‍വെയർ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ബി.എഫ്.എസ്.ഐ, എഞ്ചിനീയറിംഗ് ടീമുകൾ എന്നിവ ക്ലോഡ് എ.ഐ സേവനങ്ങൾ ഉപയോഗിക്കും. നിലവിൽ ആന്ത്രോപിക്കിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

ഓഹരി വിപണിയിലെ പ്രതികരണം

ആന്ത്രോപിക് കമ്പനിയുമായുള്ള സുപ്രധാന പങ്കാളിത്തം സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടും ടി.സി.എസ് ഓഹരിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. എന്നിരുന്നാലും തുടക്കത്തിൽ നേരിട്ട തക‌ർച്ചയിൽ നിന്നും ഒരുപരിധി വരെ കരകയറാൻ സാധിച്ചിട്ടുണ്ട്. നിലവിൽ ടി.സി.എസ് ഓഹരികൾ 0.7% താഴ്ന്ന 2,138 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. 2026-ൽ മാത്രം 30 ശതമാനത്തിലധികം ഇടിവ് നേരിട്ട ടി.സി.എസ് ഓഹരി, 2008-ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. ആന്ത്രോപിക്കുമായുള്ള പുതിയ പങ്കാളിത്തം ദീർഘകാലാടിസ്ഥാനത്തിൽ തന്ത്രപ്രധാനമാണെങ്കിലും, ഇതു ടി.സി.എസിന്റെ വരുമാനത്തിലേക്ക് എപ്പോൾ പ്രതിഫലിക്കും എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ബിഎസ്ഇയുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ധനം ബിസിനസ് സമ്മിറ്റിലേക്ക്; വെല്‍ത്ത് ക്രിയേഷന്‍ തന്ത്രങ്ങളുമായി ഫയര്‍സൈഡ് ചാറ്റ്
Gold ornament and bar
Vizhinjam International Seaport
artificial intelligence
logo
DhanamOnline
dhanamonline.com