ടി.സി.എസിന്റെ റിസൾട്ടിന് പിന്നാലെ ഐടി ഓഹരികളിൽ വൻ കുതിപ്പ്; എഐ ഭീഷണി കെട്ടടങ്ങിയോ? ഇനിയെന്ത്?

ടി.സി.എസിന്റെ പ്രതീക്ഷക്കുമപ്പുറമുള്ള ഒന്നാം പാദഫലവും ശക്തമായ ഓർഡർ ബുക്കും നിഫ്റ്റി ഐടി സൂചികയെ 3.5% ഉയർത്തി
TCS Share Result Impacts On IT Stocks
പ്രതീകാത്മക ചിത്രം (Image Source: Canva)
Published on

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (BSE: 532540, NSE: TCS), വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഒന്നാം പാദ പ്രവർത്തനഫലം (2026-27 സാമ്പത്തിക വർഷം) പുറത്തുവിട്ടതോടെ ആഭ്യന്തര ഐടി ഓഹരികളിൽ ശക്തമായ മുന്നേറ്റം. വെള്ളിയാഴ്ച (ജൂലൈ 10) വ്യാപാരത്തിന്റെ തുടക്കത്തിൽ ഇൻഫോസിസ്, എച്ച്.സി.എൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ വൻകിട ഐടി കമ്പനികളുടെ ഓഹരികളിൽ 4 ശതമാനം വരെ മുന്നേറ്റം രേഖപ്പെടുത്തി.

മികച്ച പ്രവർത്തന ഫലം കാഴ്ചവെച്ച ടി.സി.എസ് ഓഹരികൾ, ഒരുഘട്ടത്തിൽ 3.5 ശതമാനത്തിലധികം ഉയർന്ന് 2,118 രൂപ നിലവാരത്തിലേക്ക് വരെ മുന്നേറിയിരുന്നു. മിഡ്-ക്യാപ് ഐടി ഓഹരികളായ കോഫോർജ്, പെർസി​സ്റ്റന്റ് സിസ്റ്റംസ്, എൽ ആൻഡ് ടി ടെക്നോളജി എന്നിവയും മൂന്ന് ശതമാനം വരെ നേട്ടമുണ്ടാക്കി. ഇതോടെ എൻ.എസ്.ഇയിലെ ഐടി ഓഹരികളുടെ സെക്ടറൽ സൂചികയായ നിഫ്റ്റി ഐടി 3.5 ശതമാനം കുതിച്ചുയർന്ന് 28,400 നിലവാരവും മറികടന്നു.

കുതിപ്പിന് പിന്നിലെ കാരണങ്ങൾ

ടി.സി.എസ് ഇന്നലെ പ്രസിദ്ധീകരിച്ച നടപ്പ് സാമ്പത്തിക വർഷത്തെ ഏപ്രിൽ - ജൂൺ വരെയുള്ള ഒന്നാം പാദത്തിലെ പ്രവർത്തനഫലം, വിപണി പൊതുവേ പ്രതീക്ഷിച്ചതിനേക്കാളും മികച്ചതായിരുന്നു. കമ്പനിയുടെ ലാഭമാർജിൻ മെച്ചപ്പെട്ടതും പുതിയ പ്രോജക്ടുകൾക്കുള്ള കരാറുകകൾ ലഭിച്ചതിന്റെ കണക്കുകളും വിപണി വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചതിനേക്കാളും മുകളിലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ അതിവേ​ഗ വളർച്ച കാരണം ആഗോളതലത്തിൽ ഐടി സേവന മേഖലയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും ടി.സി.എസിന്റെ ശക്തമായ ഓർഡർ ബുക്കും ബിസിനസ്സ് തന്ത്രങ്ങളും ഐടി ഓഹരികളിന്മേലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.

ടി.സി.എസ് ഓഹരിക്ക് നൽകിയിരിക്കുന്ന ലക്ഷ്യവില

ഒന്നാം പാദ സാമ്പത്തിക ഫലങ്ങൾക്ക് പിന്നാലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ ടി.സി.എസ് ഓഹരികൾക്ക് അനുകൂല റേറ്റിംഗുകൾ നിർദേശിക്കുകയും സമീപഭാവിയിലേക്കുള്ള ലക്ഷ്യവില (Target Prices) നൽകുകയും ചെയ്തിട്ടുണ്ട്.

  • നുവാമ: ഏറ്റവും ഉയർന്ന ബുള്ളിഷ് റേറ്റിം​ഗ് നൽകിയിരിക്കുന്നത് നുവാമ ആണ്; ടി.സി.എസ് ഓഹരിയിൽ 46 ശതമാനം മുന്നേറ്റ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

  • മോത്തിലാൽ ഒസ്വാൾ: 15 ശതമാനം കുതിപ്പ് പ്രതീക്ഷിച്ചുകൊണ്ട് 'ബൈ' റേറ്റിംഗും ലക്ഷ്യവിലയായി 2,350 രൂപയും നിലനിർത്തി.

  • മോർ​ഗൻ ​സ്റ്റാൻലി: നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് 'ഈക്വൽ വെയിറ്റ്' റേറ്റിംഗും ലക്ഷ്യവിലയായി 2,200 രൂപയും നിർദേശിച്ചു.

  • ദോലത് ക്യാപിറ്റൽ: ടി.സി.എസ് ഓഹരിയെ 'ബൈ' റേറ്റിം​ഗിലേക്ക് ഉയർത്തുകയും ലക്ഷ്യവിലയായി 2,580 രൂപയും പ്രഖ്യാപിച്ചു.

എ.ഐ ഭീഷണി അകന്നോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരമ്പരാഗത ഐടി സേവന മേഖലയിലെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഇപ്പോൾ ഐടി ഓഹരികളിൽ കുതിപ്പ് പ്രകടമായിരിക്കുന്നത്. കൂടാതെ, ശമ്പള വർധനവ് കാരണം ടി.സി.എസിന്റെ പ്രവർത്തന ലാഭമാർജിനിൽ നേരിയ കുറവും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ബി.എഫ്.എസ്.ഐ, ടെക്നോളജി സർവീസസ് എന്നീ സെക്ടറുകളിലെ മുന്നേറ്റം ഐടി കമ്പനികൾക്ക് വരുന്ന സാമ്പത്തിക പാദങ്ങളിൽ കരുത്തു പകരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പൊതുവായ വിലയിരുത്തൽ. ഐടി ഓഹരികളുടെ വാല്യൂവേഷൻ ചരിത്രത്തിലെ തന്നെ താഴ്ന്ന നിലവാരങ്ങളിൽ നിൽക്കുകയാണെന്നതും അനുകൂല ഘടകമായി അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com