

2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച പ്രവർത്തനഫലവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) . മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ ഏകീകൃത അറ്റാദായം 12 ശതമാനം വർദ്ധിച്ച് 13,718 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തന വരുമാനം 10 ശതമാനം വളർച്ചയോടെ 70,698 കോടി രൂപയിലെത്തി. ഇത് വിപണി പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ്.
ഓഹരിയൊന്നിന് 31 രൂപ വീതം ഫൈനൽ ഡിവിഡന്റ് (ലാഭവിഹിതം) നൽകാനും കമ്പനി ബോർഡ് അനുമതി നൽകി. ഇതോടെ 2026 സാമ്പത്തിക വർഷത്തെ ആകെ ലാഭവിഹിത വിതരണം 39,571 കോടി രൂപയായി ഉയർന്നു.
നാലാം പാദത്തിൽ ഏകദേശം 12 ബില്യൺ ഡോളർ മൂല്യം വരുന്ന മൂന്ന് വലിയ കരാറുകൾ (Mega deals) സ്വന്തമാക്കാൻ സാധിച്ചത് വരുമാന വർദ്ധനവിന് പ്രധാന കാരണമായി. കമ്പനിയുടെ വാർഷിക എ.ഐ വരുമാനം 2.3 ബില്യൺ ഡോളർ പിന്നിട്ടു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും തുടർച്ചയായ മൂന്നാം പാദത്തിലും വളർച്ച നിലനിർത്താൻ സാധിച്ചതായി സിഇഒ കെ. കൃതിവാസൻ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലുണ്ടായ കുതിച്ചുചാട്ടവും ഡിജിറ്റൽ എൻജിനീയറിംഗ് സേവനങ്ങളിലെ മുന്നേറ്റവുമാണ് ഈ നേട്ടത്തിന് പിന്നിൽ. 2026 സാമ്പത്തിക വർഷത്തിൽ ആകെ 2.67 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ടിസിഎസ് നേടിയത്. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തന മാർജിൻ 25.3 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine