ഓഹരി വിഭജനത്തിനൊരുങ്ങി ടിഡി പവര്‍ സിസ്റ്റംസ്
ഓഹരി വിഭജനത്തിനൊരുങ്ങി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിഡി പവര്‍ സിസ്റ്റംസ്. 1:5 എന്ന അനുപാതത്തില്‍ ഓഹരി വിഭജനത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു. ഇതിന് പിന്നാലെ ടിഡി പവറിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 6 ശതമാനത്തിലധികം ഉയര്‍ന്ന് 611.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ രണ്ട് രൂപ മുഖവിലയില്‍ 1:5 എന്ന അനുപാതത്തില്‍ വിഭജിക്കുന്നതിനാണ് ഇന്ന് നടന്ന യോഗം അംഗീകാരം നല്‍കിയത്. ഇത് കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്. ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിക്കുകയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കുകയും ചെയ്യുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ സ്റ്റോക്ക് വിഭജന പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് ടിഡി പവര്‍ പ്രതീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഏകീകൃത അറ്റാദായം ഇരട്ടിയായി 21.49 കോടി രൂപയായി വര്‍ധിച്ചതായി ടിഡി പവര്‍ സിസ്റ്റംസ് വ്യക്തമാക്കിയിരുന്നു. മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം 165.41 കോടി രൂപയില്‍ നിന്ന് 211.06 കോടി രൂപയായും ഉയര്‍ന്നു.