ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് & ലീപ് ഇന്ത്യ ഐ.പി.ഒകൾ ആരംഭിച്ചു; നിക്ഷേപകർ എന്ത് ചെയ്യണം?

ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് ഇടക്കാല–ദീർഘകാല നിക്ഷേപത്തിന് അനുയോജ്യം ലീപ് ഇന്ത്യയിൽ അതീവ ജാഗ്രത ആവശ്യമാണെന്നും അനലി​സ്റ്റ് വിലയിരുത്തുന്നു
Technocraft Ventures And LEAP India IPOs Expert Analysis
പ്രതീകാത്മക ചിത്രംImage Source: Canva/technocraftventures.com/leapindia.net
Published on

ഓ​ഗഗസ്റ്റ് 7-11 തീയതികളിൽ ഇന്ത്യൻ പ്രാഥമിക വിപണിയിലേക്ക് (Primary Market) തികച്ചും വ്യത്യസ്തരായ രണ്ട് കമ്പനികളുടെ പ്രാരംഭ പൊതു ഓഹരി വിൽപ്പനയാണ് (IPO) അരങ്ങേറുന്നത്. കുറഞ്ഞ കടബാധ്യതയും ദീർഘകാസ വളർച്ചാ സാധ്യതയുമുള്ള പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ ഇൻഫ്രാസ്ട്രക്ചർ നിർമ്മാതാക്കളായ 'ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ്' കടന്നെത്തുമ്പോൾ, 50 ശതമാനത്തിലധികം എബിറ്റ (EBITDA) മാർജിനുമായി സപ്ലൈ ചെയിൻ ഭീമന്മാരായ 'ലീപ് ഇന്ത്യ'യും കളത്തിലിറങ്ങിയിരിക്കുന്നു.

ഹ്രസ്വകാല ലാഭത്തിനപ്പുറമുള്ള സാധ്യതകളാണ് ലീപ് ഇന്ത്യ തേടുന്നത്. സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് ആയ പി സനൽ (SEBI Reg No: INH000022880) ഈ രണ്ട് ഐ.പി.ഒകളിലും നിക്ഷേപകർ എന്ത് നിലപാട് സ്വീകരിക്കണെന്ന് വ്യക്തമാക്കുന്നു.

ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് ഐ.പി.ഒ അനാലിസിസ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ (EPC) നടപ്പിലാക്കുന്ന നോയിഡ ആസ്ഥാനമായ ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ (Technocraft Ventures Ltd) ഐ.പി.ഒ ഇന്ന് മുതൽ സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ചു. ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണമാണ് ഐ.പി.ഒയ്ക്ക് ലഭിക്കുന്നത്. അതേസമയം കമ്പനിയുടെ ബിസിനസ്, സാമ്പത്തിക പ്രകടനം, ഐ.പി.ഒ വിവരങ്ങൾ, അനലി​സ്റ്റ് റേറ്റിം​ഗ് എന്നിവ വിശദമായി താഴെ ചേർക്കുന്നു.

കമ്പനിയുടെ ബിസിനസ്

1998-ൽ പ്രവർത്തനം ആരംഭിച്ച ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഡൽഹി-എൻ.സി.ആർ എന്നീ മേഖലകളിൽ സർക്കാർ ഏജൻസികൾക്കായാണ് പ്രധാനമായും പദ്ധതികൾ പൂർത്തിയാക്കുന്നത്.

  • പ്രധാന മേഖലകൾ: കുടിവെള്ള വിതരണം, മലിനജല സംസ്‌കരണം (STP), റോഡുകൾ, നഗരവികസനം, വൈദ്യുതി വിതരണം, ട്രെഞ്ച്‌‍ലെസ് മൈക്രോ ടണലിംഗ് എന്നിവ.

  • സർക്കാർ പദ്ധതികൾ: നമാമി ഗംഗേ, ജൽ ജീവൻ മിഷൻ, അമൃത് (AMRUT), പി.എം.ജി.എസ്.വൈ (PMGSY) തുടങ്ങിയ ദേശീയ പദ്ധതികളുടെ ഭാഗമായി കമ്പനി പ്രവർത്തിക്കുന്നു.

  • എ.ഡി.ബി (ADB) ധനസഹായത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കിയ പരിചയസമ്പത്തും 170 പൂർണസമയ ജീവനക്കാരിൽ 78 പേർ എൻജിനീയർമാരാണെന്നതും കമ്പനിയുടെ പ്രധാന കരുത്താണ്.

Technocraft Ventures IPO Analysis And Ratings
പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ അനലി​സ്റ്റ് പി സനൽImage Source: Canva/technocraftventures.com

ഐ.പി.ഒ ഒറ്റനോട്ടത്തിൽ

  • ആകെ ഇഷ്യൂ തുക: 251.88 കോടി രൂപ (₹201.51 കോടിയുടെ പുതിയ ഓഹരികളും ₹50.37 കോടിയുടെ ഒ.എഫ്.എസും (OFS)).

  • പ്രൈസ് ബാൻഡ്: ഓഹരിയൊന്നിന് 200 മുതൽ 212 രൂപ വരെ.

  • ലോട്ട് സൈസ്: കുറഞ്ഞത് 70 ഓഹരികൾ (ചെറുകിട നിക്ഷേപകർക്ക് കുറഞ്ഞ നിക്ഷേപ തുക 14,840 രൂപ).

  • തീയതികൾ: ഓഗസ്റ്റ് 11-ന് ഐ.പി.ഒ അവസാനിക്കും. ഓഗസ്റ്റ് 14-നാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്.

  • പ്രൊമോട്ടർ വിഹിതം: നിലവിൽ 100% വിഹിതമുള്ള പ്രൊമോട്ടർമാരുടെ പങ്ക് ലിസ്റ്റിംഗിന് ശേഷം 70 ശതമാനമായി മാറും.

  • വിപണി മൂല്യം (Market Cap): 839.65 കോടി രൂപ.

സാമ്പത്തിക പ്രകടനം

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ മികച്ച വരുമാനവും ലാഭ വളർച്ചയുമാണ് ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് രേഖപ്പെടുത്തിയിട്ടുള്ളത്.

  • വരുമാനം: 2024 സാമ്പത്തിക വർഷത്തിലെ 227.30 കോടി രൂപയിൽ നിന്ന് 2026-ൽ 347 കോടി രൂപയായി ഉയർന്നു (52.6% വർധനവ്).

  • അറ്റാദായം (PAT): 19.05 കോടി രൂപയിൽ നിന്ന് 43.32 കോടി രൂപയായി വർധിച്ചു. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 54 ശതമാനത്തിന്റെ വാർഷിക വളർച്ച കൈവരിച്ചു.

  • ലാഭ മാർജിൻ (EBITDA): 15.4 ശതമാനത്തിൽ നിന്ന് 20.92 ശതമാനമായി മെച്ചപ്പെട്ടു.

  • കടബാധ്യത: അറ്റ മൂല്യമായ (Net worth) 163.38 കോടി രൂപയ്ക്ക് എതിരെ 89.76 കോടി രൂപയാണ് കമ്പനിയുടെ ആകെ കടം (കടം ഓഹരി അനുപാതം: 0.55). ആർ.ഒ.ഇ (ROE) 26.51 ശതമാനവും ആർ.ഒ.സി.ഇ (ROCE) 27.72 ശതമാനം വീതവുമാണ്.

അനലിസ്റ്റ് റേറ്റിം​ഗ്: ഇടക്കാല-ദീർഘകാല നിക്ഷേപം

ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് ഐ.പി.ഒയെ ഒരു 'ഇടക്കാല—ദീർഘകാല നിക്ഷേപ അവസരമായി' (Subscribe for Medium to Long Term) ആയാണ് റിസർച്ച് അനലി​സ്റ്റ് പി. സനൽ വിലയിരുത്തുന്നത്. കഴി‍ഞ്ഞ സാമ്പത്തിക വർഷം (FY-26) കൈവരിച്ച 53.6% അറ്റാദായ വളർച്ചയും 20.92% എബിറ്റാ (EBITDA) മാർജിനും 26.5% ആർ.ഒ.ഇ-യും കമ്പനിയുടെ സാമ്പത്തിക ഭദ്രത ഉറപ്പുനൽകുന്നു.

ഓഹരിയുടെ ഇഷ്യൂ വില അടിസ്ഥാനമാക്കി ഐ.പി.ഒയ്ക്ക് ശേഷമുള്ള പി.ഇ അനുപാതം 19.38 മടങ്ങിലാണുള്ളത്. ഇ.പി.സി ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ മറ്റു കമ്പനികളെ അപേക്ഷിച്ച് നിക്ഷേപകർക്ക് സുരക്ഷിതമായ വാല്യുവേഷൻ മാർജിൻ (Margin of Safety) ഇതു നൽകുന്നുണ്ട്. അതേസമയം സർക്കാർ ഫണ്ടുകളിലെ കാലതാമസം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തന കേന്ദ്രീകരണം എന്നിവയാണ് പ്രധാന വെല്ലുവിളികൾ.

​ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) സൂചകങ്ങൾ 5% — 8% പരിധിയിൽ രേഖപ്പെടുത്തുന്നതിനാൽ മിതമായ ലിസ്റ്റിംഗ് നേട്ടങ്ങളെ ഇപ്പോൾ കാണിക്കുന്നുള്ളൂ എങ്കിലും സർക്കാരിന്റെ ഇൻഫ്രാസ്ട്രക്ചർ, വാട്ടർ മാനേജ്മെന്റ് രം​ഗത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കുന്ന ബിസിനസ്സ് ആയതിനാൽ ഇടക്കാല-ദീർഘകാലയളവിൽ പോർട്ട്ഫോളിയോ പരി​ഗണിക്കുന്നവർക്ക് ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് ഐ.പി.ഒ.യിൽ അപേക്ഷിക്കാവുന്നതാണെന്നും റിസർച്ച് അനലി​സ്റ്റ് പി സനൽ പറഞ്ഞു.

ലീപ് ഇന്ത്യ ഐ.പി.ഒ അനാലിസിസ്

ആ​ഗോള നിക്ഷേപക സ്ഥാപനമായ കെ.കെ.ആർ (KKR) ​ഗ്രൂപ്പിന്റെ പിന്തുണയുള്ള മുൻനിര സപ്ലൈ ചെയിൻ അസറ്റ് പൂളിംഗ് കമ്പനിയായ ലീപ് ഇന്ത്യ ലിമിറ്റഡിന്റെ (LEAP India Ltd) ഐ.പി.ഒയും ഇന്ന് സബ്സ്ക്രിപ്ഷൻ ആരംഭിച്ചിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ പതിഞ്ഞ താളത്തിലാണ് സബ്സ്ക്രിപ്ഷൻ പുരോ​ഗമിക്കുന്നത്. അതേസമയം കമ്പനിയുടെ ബിസിനസ്, സാമ്പത്തിക പ്രകടനം, ഐ.പി.ഒ വിവരങ്ങൾ, അനലി​സ്റ്റ് റേറ്റിം​ഗ് എന്നിവ വിശദമായി ചുവടെ ചേർക്കുന്നു.

കമ്പനിയുടെ ബിസിനസ്

2013-ൽ പ്രവർത്തനം ആരംഭിച്ച ലീപ് ഇന്ത്യ, വ്യാവസായിക പാക്കറ്റുകൾ (Pallets), ഫോർക്ക്‌‍ലിഫ്റ്റുകൾ, റിട്ടേണബിൾ കണ്ടെയിനറുകൾ, മെറ്റീരിയൽ ഹാൻഡ്‌‍ലിംഗ് ഉപകരണങ്ങൾ എന്നിവ വാടകയ്ക്ക് നൽകുകയും ഏകീകൃത ലോജിസ്റ്റിക്സ് സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്.

  • വൻകിട ഉപഭോക്താക്കൾ: എഫ്.എം.സി.ജി, ഇ-കോമേഴ്സ്, ഓട്ടോമൊബൈൽ മേഖലകളിലെ പ്രമുഖരായ ഹിന്ദുസ്ഥാൻ കൊക്കകോള ബെവറേജസ്, മാരികോ, ഡൈകിൻ, പാനസോണിക് ലൈഫ് സൊല്യൂഷൻസ് തുടങ്ങി ആയിരത്തിലധികം വൻകിട കമ്പനികളാണ് ലീപ് ഇന്ത്യയുടെ ഉപഭോക്താക്കൾ.

  • കെ.കെ.ആർ (KKR) പിന്തുണ: 2023-ൽ ആഗോള പ്രൈവറ്റ് ഇക്വിറ്റി ഭീമന്മാരായ കെ.കെ.ആർ കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കിയിരുന്നു. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം കമ്പനിക്ക് കീഴിൽ 419 സ്ഥിരം ജീവനക്കാരും 2,000-ത്തിലധികം എം.എച്ച്.ഇ ഓപ്പറേറ്റർമാരും പ്രവർത്തിക്കുണ്ട്.

LEAP India IPO Analysis And Ratings
പ്രതീകാത്മക ചിത്രംImage Source: Canva/leapindia.net

ഐ.പി.ഒ ഒറ്റനോട്ടത്തിൽ

  • ആകെ ഇഷ്യൂ തുക: 2,480 കോടി രൂപ. ഇതിൽ 2,000 കോടി രൂപ ഓഫർ ഫോർ സെയിൽ (OFS) വഴിയും 480 രൂപ കോടി പുതിയ ഓഹരികളുടെ (Fresh Issue) വിൽപ്പന വഴിയുമാണ് സമാഹരിക്കുന്നത്.

  • പ്രൈസ് ബാൻഡ്: ഓഹരിയൊന്നിന് 151 മുതൽ 159 രൂപ വരെ.

  • ലോട്ട് സൈസ്: 94 ഓഹരികൾ (ചെറുകിട നിക്ഷേപകർക്ക് കുറഞ്ഞ നിക്ഷേപ തുക 14,946 രൂപ).

  • തീയതികൾ: ഓഗസ്റ്റ് 11-ന് ഐ.പി.ഒ അവസാനിക്കും. ഓഗസ്റ്റ് 14-നാണ് ലീപ് ഇന്ത്യ ഓഹരികൾ ബി.എസ്.ഇ, എൻ.എസ്.ഇ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നത്.

  • ഫണ്ടിന്റെ വിനിയോഗം: പുതിയ ഓഹരികൾ അനുവ​ദിച്ചതിലൂടെ (Fresh Issue) ലഭിക്കുന്ന 360 കോടി രൂപ കമ്പനിയുടെ നിലവിലുള്ള കടങ്ങൾ തിരിച്ചടയ്ക്കാനായി ഉപയോഗിക്കും.

സാമ്പത്തിക പ്രകടനം

2026 സാമ്പത്തിക വർഷത്തിൽ ലീപ് ഇന്ത്യ ശക്തമായ വരുമാന വളർച്ച കൈവരിച്ചു.

  • വരുമാനം: 54% വർധിച്ച് 747.36 കോടി രൂപയായി.

  • അറ്റാദായം (PAT): 66% വർധിച്ച് 62.34 കോടി രൂപയായി.

  • എബിറ്റ (EBITDA Margin): ലോജിസ്റ്റിക്സ് മേഖലയിൽ അസാധാരണമായുള്ള 50.69% നിലവാരത്തിലുള്ള എബിറ്റ മാർജിൻ നേടാൻ കമ്പനിക്കായി.

  • കടബാധ്യത: 2026 സാമ്പത്തിക വർഷാവസാനം കമ്പനിയുടെ ആകെ കടം 1,017.73 കോടി രൂപയാണ് (കടം-ഓഹരി അനുപാതം: 1.01). ഐ.പി.ഒ പണം ഉപയോഗിച്ച് കടം തിരിച്ചടയ്ക്കുന്നത് കമ്പനിക്ക് ആശ്വാസമാകും. ആർ.ഒ.സി.ഇ (ROCE) 19.06 ശതമാനവുമാണ്.

  • ഐ.പി.ഒയ്ക്ക് ശേഷം ലീപ് ഇന്ത്യയുടെ വിപണി മൂല്യം (Market Cap) 7,004.53 കോടി രൂപയാണ്.

അനലിസ്റ്റ് റേറ്റിം​ഗ്: ജാ​ഗ്രതയോടെ സമീപിക്കണം

ലീപ്പ് ഇന്ത്യ ഐ.പി.ഒയെ ഒരു 'അതീവ ജാഗ്രതയോടെ സമീപിക്കേണ്ട ഉയർന്ന വാല്യുവേഷൻ ഐപിഒ' (Avoid / Avoid for Listing Gains) ആയാണ് വിലയിരുത്തുന്നതെന്ന് റിസർച്ച് അനലി​സ്റ്റ് പി. സനൽ പറഞ്ഞു. ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് സ്ഥാപനം കെ.കെ.ആറിന്റെ നിക്ഷേപ പിന്തുണയും 50.69% എബിറ്റാ മാർജിനും ലോജിസ്റ്റിക്സ് അസറ്റ് പൂളിംഗ് രംഗത്തെ സാധ്യതകളും പോസിറ്റീവാണ്. എന്നാൽ 2,480 കോടി രൂപയിൽ 2,000 കോടി രൂപയും പ്രൊമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും സാമ്പത്തിക പിൻവാങ്ങലിനായുള്ള ഓഫർ ഫോർ സെയിൽ (OFS) ആണ് എന്നത് പ്രധാന തിരിച്ചടിയാണ്.

ഇതിനുപുറമെ, ഓഹരിയുടെ ഇഷ്യൂ വില അടിസ്ഥാനമാക്കിയാൽ ഐ.പി.ഒയ്ക്ക് ശേഷമുള്ള പി.ഇ അനുപാതം 112 മടങ്ങ് എന്ന വളരെ ഉയർന്ന നിലവാരത്തിലാണ് രേഖപ്പെടുത്തുന്നത്. വിശാല വിപണി അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ഇത്രയും ഉയർന്ന വാല്യുവേഷനിൽ ലിസ്റ്റിംഗ് ഗെയിൻ ലഭിക്കാനുള്ള സാധ്യത പരിമിതമാണ്. ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവരും സാധാരണ റീട്ടെയിൽ നിക്ഷേപകരും ലീപ് ഇന്ത്യ ഐ.പി.ഒ തത്കാലം ഒഴിവാക്കുന്നതാകും (Skip) ഉചിതം. ലിസ്റ്റിംഗിന് ശേഷം വാല്യുവേഷൻ കുറയുകയാണെങ്കിൽ മാത്രം ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണെന്നും റിസർച്ച് അനലി​സ്റ്റ് പി സനൽ പറഞ്ഞു.

(Disclaimer: പി. സനൽ, സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് (SEBI Reg No: INH000022880) ആണ്. ഈ ലേഖനത്തിൽ ഐ.പി.ഒയെ/ഓഹരിയെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും വിശകലനങ്ങളും പൂർണമായും പഠനാവശ്യാ‍ർത്ഥം പങ്കുവെച്ചതാണ്. ഇത് നിർദ്ദിഷ്ട ഐപിഒ/ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നേരിട്ടുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുമായി ആലോചിക്കുകയോ ചെയ്യേണ്ടതാണ്. ലേഖകനോ റിസർച്ച് അനലിസ്റ്റിനോ അവരുടെ ബന്ധുക്കൾക്കോ ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ്, ലീപ് ഇന്ത്യ എന്നീ ഐ.പി.ഒകളിൽ പ്രത്യേകിച്ചുള്ള സാമ്പത്തിക താത്പര്യങ്ങളോ വ്യക്തിഗതമായി അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com