ഹിറ്റായി ടേഗ, ഈ വര്‍ഷം ഏറ്റവും സബ്സ്‌ക്രൈബ് ചെയ്യപ്പെട്ട മൂന്നാമത്തെ ഐപിഒ

ഡിസംബര്‍ മൂന്നിന് അവസാനിച്ച ടേഗ ഇന്‍ഡസ്ട്രീസ് ഐപിഒ ഏറ്റവും കൂടുതല്‍ തവണ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടവയുടെ പട്ടികയില്‍ ഇടം നേടി. 219 തവണയാണ് ടേഗയുടെ ഓഹരികള്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത്. സ്റ്റാര്‍ഹെല്‍ത്ത് ഐപിഒ ആവശ്യത്തിന് സബ്‌സ്‌ക്രൈബേഴ്‌സ് എത്താതെ സമാഹരണ തുക കുറയ്ക്കുമ്പോഴാണ് ടേഗയുടെ ഈ മിന്നും വിജയം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ സബ്സ്‌ക്രൈബ് ചെയ്യപ്പെടുന്ന ആറാമത്തേതും ഈ വര്‍ഷത്തെ മൂന്നാമത്തെയും ഐപിഒ ആണ് ടേഗയുടേത്. ഈ വര്‍ഷം ലേറ്റന്റ് വ്യൂസിന്റെ ഐപിഒ 339 തവണയും പരാസ് ഡിഫന്‍സിന്റേത് 304 തവണയും സബ്സ്‌ക്രൈബ് ചെയ്യപ്പട്ടിരുന്നു.
2.09 ബില്യണ്‍ ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. ആകെ 9.6 മില്യണ്‍ ഓഹരികളായിരുന്നു ഐപിഒയ്ക്ക് ഉണ്ടായിരുന്നത്. ബിഡ്ഡുകളുടെ ആകെ മൂല്യം ഏകദേശം 95,000 കോടി രൂപയാണ്. റീട്ടെയില്‍ വിഭാഗം 29 തവണയും യോഗ്യരായ നിക്ഷേപകരുടെ വിഭാഗം 666 തവണയും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വസ്റ്റേഴ്‌സ് വിഭാഗം 216 തവണയുമാണ് സബ്സ്‌ക്രിപ്ഷന്‍ നേടിയത്. പൂര്‍ണമായും ഓഫര്‍ ഓഫ് സെയിലിലൂടെ നടത്തിയ ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 443-453 രൂപയായിരുന്നു. ഓഹരികള്‍ ഡിസംബര്‍ 13ന് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പോളിമര്‍ അധിഷ്ഠിത മില്‍ ലൈനേഴ്സ് (polymer-based mill liners) നിര്‍മാതാക്കളാണ് ടേഗ. 2020-21 സാമ്പത്തിക വര്‍ഷം 856.68 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷം ഇത് 695.54 കോടിയായിരുന്നു. അറ്റലാഭം 65.50 കോടിയില്‍ നിന്ന് 136.41 കോടിയായി ആണ് ഉയര്‍ന്നത്.


Related Articles
Next Story
Videos
Share it