Begin typing your search above and press return to search.
ടെസ്‌ല ഇടപാടുകള്‍ ഡോഷ് കോയിനില്‍ നടത്തുമെന്ന് ഇലോണ്‍ മസ്‌ക്
ലോകത്തെ എറ്റവും മൂല്യമേറിയ കാര്‍ കമ്പനിയായ ടെസ്‌ല (tesla) ഇടപാടുകള്‍ക്കായി ഡോഷ് കോയിന്‍ (dogecoin) സ്വീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ഡോഷ് കോയിന്‍ ഉപയോഗിച്ച് വാങ്ങാവുന്ന ഏതാനും ഉല്‍പ്പന്നങ്ങള്‍ ടെസ്‌ല അവതരിപ്പിക്കും. അതെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം എന്നായിരിന്നു മസ്‌കിൻ്റെ ട്വീറ്റ്.
ട്വീറ്റിന് പിന്നാലെ മീം അടിസ്ഥാനമായി ക്രിപ്‌റ്റോ കറന്‍സി ഡോഷ്‌കോയിൻ്റെ വില 20 ശതമാനത്തോളം ഉയര്‍ന്നു. ഇന്നലെ 16 രൂപയോളം ഉയര്‍ന്ന ഡോഷ്‌കോയിന് നിലവില്‍ 14.76 രൂപയാണ് വില (9.30am). 2021 ജനുവരിയില്‍ 75 പൈസ മാത്രം ഉണ്ടായിരുന്ന ഡോഷ് കോയിൻ്റെ വില മെയ് മാസം 50 രൂപയോളം ഉയര്‍ന്നിരുന്നു. ടെസ്‌ല, ഡോഷ് കോയിന്‍ സ്വീകരിക്കണോ എന്ന കാര്യം ചോദിച്ചുകൊണ്ട് മസ്‌ക് ട്വിറ്റര്‍ പോള്‍ നടത്തിയതും മെയ് മാസത്തിൽ ആണ്. നേരത്തെ 'ജനങ്ങളുടെ ക്രിപ്‌റ്റോ' എന്ന് മസ്‌ക്, ഡോഷ് കോയിനെ വിശേഷിപ്പിച്ചിരുന്നു. ഡോഷ് കോയിൻ്റെ പ്രശസ്തിക്കും വില ഉയരലിനും പിന്നിലെ ഘടകം മസ്‌കിൻ്റെ ട്വീറ്റായിരുന്നു.
ഡോഷ് കോയിന്‍ സ്വീകരിച്ച് ടെസ്ലയുടെ ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുക എന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല. 50 മുതല്‍ 1,900 ഡോളര്‍വരെ വിലയുള്ള ഉല്‍പ്പന്നങ്ങളാവും ഡോഷ് കോയിന്‍ ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കുക എന്നാണ് വിവരം. വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള അപ്പാരെല്‍സ്, ഗിഗാ ടെക്‌സാസ് ബെല്‍റ്റ് ബക്കിള്‍, ഇലക്ട്രിക് ചാര്‍ജിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ടെസ്‌ല വിപണിയില്‍ എത്തിക്കുന്നുണ്ട്. നേരത്തെ ബിറ്റ് കോയിന്‍ ഉപയോഗിച്ച് കാറുകള്‍ വാങ്ങാന്‍ ടെസ്‌ല അവസരമൊരിക്കിയിരുന്നെങ്കിലും പിന്നീട് നടപടി പിന്‍വലിക്കുകയായിരുന്നു.
Next Story
Videos