പുതു വർഷത്തിലും ഓഹരി വിപണിയിലേക്ക് ഡോളർ ഒഴുകും.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഏറ്റവുമധികം ഈ വർഷം ആശ്രയിച്ച എമേർജിങ് മാർക്കറ്റുകളിൽ പ്രമുഖ സ്ഥാനം ഇന്ത്യക്കായിരുന്നു.

കൊറോണയുടെ ആവിർഭാവത്തോടെയും തുടർന്നുണ്ടായ ലോക്ക്ഡൌൺ നടപടികളുടെ ഭാഗമായും ഇന്ത്യൻ ഓഹരി വിപണികളും മാർച്ച് മാസത്തിൽ കനത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ലോകമെങ്ങും മഹാമാരിയുടെ ഭീതിയിലായതിനെ തുടർന്ന് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് മാർച്ചിൽ മാത്രം പിൻവലിച്ച തുക $8.3 ബില്യനായിരുന്നു.
എന്നാൽ പിന്നീടുള്ള മാസങ്ങളിൽ കണ്ടത് വിദേശ നിക്ഷേപകർ കൂടുതലായി ഇന്ത്യൻ മാർക്കറ്റുകളിൽ ആകൃഷ്ടരാകുന്ന കാഴ്ചയായിരുന്നു.
ഈ വർഷം ഡിസംബർ 17 വരെ എത്തിയ വിദേശ നിക്ഷേപം $21.1 ബില്യൺ ആയിരുന്നു.
അമേരിക്കയിലെ തിരഞ്ഞെടുപ്പിലെ പ്രതിസന്ധി നീങ്ങിയതും കോറോണക്ക് ഉള്ള വാക്സിൻറെ കാര്യത്തിൽ ഉള്ള ഉത്കണ്ഠകൾ ഒരു പരിധി വരെ നീങ്ങിയതും നിക്ഷേപകരെ ഇന്ത്യ പോലുള്ള എമേർജിങ് മാർക്കറ്റുകളിലേക്ക് ആകർഷിക്കാൻ കാരണമായി.
പുതുവർഷത്തിലും വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിൽ വർദ്ധനവിന് സാധ്യത കാണുന്നുവെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
കോട്ടക്ക് സെക്യൂരിറ്റീസിന്റെ അഭിപ്രായ പ്രകാരം 15 ബില്യൺ ഡോളറിനും 20 ബില്യൺ ഡോളറിനുമിടയിലുള്ള നിക്ഷേപം 2021 വർഷത്തിൽ ഇന്ത്യയിലെത്താനുള്ള സാദ്ധ്യതകൾ ഉണ്ട്.
ഓഹരി വിപണി 2021 ആദ്യ പാദത്തിൽ നിലവിലെ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുമെന്നാണ് പല വിദഗ്ധരും പ്രതീക്ഷിക്കുന്നത്.
അടുത്ത വർഷത്തിന്റെ ആദ്യ പകുതി വരെ എഫ് പി ഐ-കൾ ഇന്ത്യൻ ഓഹരി വിപണികളിലുള്ള തങ്ങളുടെ നിക്ഷേപം തുടരാനാണ് സാധ്യത.
എച് ഡി എഫ് സി സെക്യൂരിറ്റീസിന്റെ അഭിപ്രായത്തിൽ എമേർജിങ് മാർക്കറ്റുകൾ 2021-ൽ കുറെ കൂടി നല്ല പ്രകടനം കാഴ്ചവെക്കാനാണ് സാദ്ധ്യതകൾ.
എമേർജിങ് മാർക്കറ്റുകളുടെ ഭാഗമാണ് ഇന്ത്യയെന്നത് കൊണ്ട് ഇതിൻറെ പ്രയോജനം രാജ്യത്തെ വിപണികൾക്കും ലഭിക്കും.
ഈ വർഷം ഓഹരി വിപണിയിലെ സൂചികകളെക്കാൾ കൂടുതൽ നേട്ടം ഉണ്ടാക്കിയത് മിഡ്ക്യാപ്പുകളും സ്മാൾക്യാപ്പുകളുമാണ്. നിഫ്റ്റി വർഷത്തിന്റെ ആദ്യം മുതൽ ഇത് വരെ ഏകദേശം 12.9 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മിഡ്ക്യാപ്100 21.3 ശതമാനവും നിഫ്റ്റി സ്മാൾക്യാപ്100 18.47 ശതമാനത്തിന്റേം വളർച്ചയുണ്ടാക്കി.
നിലവിലെ ചെറിയ പലിശ നിരക്ക് തുടരുന്ന സാഹചര്യത്തിൽ മിഡ്ക്യാപ്, സ്മാൾക്യാപ് സ്റ്റോക്കുകൾ 2021ലും നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൂടുതൽ ലാഭമുണ്ടാക്കാനായി നിക്ഷേപകർ മിഡ്ക്യാപ്പുകളെയും സ്മാൾക്യാപ് ഓഹരികളെയും ആശ്രയിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
2021 വർഷത്തിൽ ഓഹരി വിപണികളെ ബാധിക്കാൻ സാധ്യതയുള്ള സംഭവവികാസങ്ങളിൽ കൊറോണക്ക് ഉള്ള വാക്സിന്റെ പുരോഗതി, എണ്ണ വില, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ നയങ്ങൾ, ഡോളറിന്റെ വില നിലവാരം എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ധനകാര്യ വളർച്ചക്ക് സർക്കാർ സ്വീകരിക്കുന്ന നടപടികൾ, വർധിക്കുന്ന പണപ്പെരുപ്പം, ബഡ്ജറ്റ് നിർദേശങ്ങൾ, കോർപ്പറേറ്റ് ഏർണിങ്സ് എന്നിവ സുപ്രധാനമാകുമെന്നു നിരീക്ഷകർ കൂട്ടിച്ചേർത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it