ചാഞ്ചാട്ടത്തിനിടയിലും കുതിച്ചുപാഞ്ഞൊരു ഓഹരി, തൊട്ടത് 14 വര്‍ഷത്തെ ഉയര്‍ന്ന നില

ഓഹരി വിപണി താഴ്ചകളിലേക്ക് പതിക്കുമ്പോഴും നിക്ഷേപകര്‍ക്ക് മിന്നും നേട്ടവുമായി എല്‍കോണ്‍ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (Elecon Engineering Company). ഇന്ന് സൂചികകള്‍ ഒരു ശതമാനം ഇടിവിലേക്ക് വീണപ്പോഴും എല്‍കോണ്‍ എഞ്ചിനീയറിംഗിന്റെ ഓഹരി വില ഉച്ചക്ക് 2.20ന് അഞ്ച് ശതമാനത്തിലധികം ഉയര്‍ന്ന് 272 രൂപയിലെത്തി. നിലവില്‍ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വ്യാവസായിക ഉപകരണ കമ്പനിയായ എല്‍കോണിന്റെ ഓഹരി വില.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പണപ്പെരും കുത്തനെ ഉയര്‍ന്നതോടെ വീഴ്ചയിലേക്ക് വിപണി വീണെങ്കിലും ഒരു മാസത്തിനിടെ ഈ കമ്പനിയുടെ ഓഹരി വിലയില്‍ 35 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി. ആറ് മാസത്തിനിടെ 54 ശതമാനത്തിന്റെയും ഒരു വര്‍ഷത്തിനിടെ 100 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയ എല്‍കോണ്‍ എഞ്ചിനീയറിംഗ് ഓഹരി നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് സമ്മാനിച്ചത്. നേരത്തെ 2007 ല്‍ 343 രൂപ വരെ എല്‍കോണിന്റെ ഓഹരി വിലയെത്തിയിരുന്നെങ്കിലും പിന്നീട് വീഴ്ചകളിലേക്ക് പതിക്കുകയായിരുന്നു. ഇതിന് ശേഷം 2021 ലാണ് ഈ ഓഹരി 100 രൂപയ്ക്ക് മുകളില്‍ സ്ഥിരമായി തുടര്‍ന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ സെന്‍സെക്‌സ് സൂചിക 11 ശതമാനം ഇടിഞ്ഞപ്പോള്‍ എല്‍കോണ്‍ 83 ശതമാനം മുന്നേറ്റമാണുണ്ടാക്കിയത്. ഓഹരി വില 2022 ഫെബ്രുവരി 24ലെ 131.70 രൂപയില്‍ നിന്ന് 109 ശതമാനം ഉയര്‍ന്നു.
എല്‍കോണ്‍ എഞ്ചിനീയറിംഗ് രണ്ട് വിഭാഗങ്ങളിലായാണ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്, ട്രാന്‍സ്മിഷന്‍ ഉപകരണങ്ങളും മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളും. ഗിയര്‍ബോക്‌സുകള്‍, കപ്ലിങ്ങുകള്‍, എലിവേറ്റര്‍ ട്രാക്ഷന്‍ മെഷീനുകള്‍ തുടങ്ങിയവ ട്രാന്‍സ്മിഷന്‍ ഉപകരണങ്ങളുടെ വിഭാഗത്തിലും അസംസ്‌കൃത വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍, സ്റ്റാക്കറുകള്‍, റീക്ലെയിമറുകള്‍, ബാഗിംഗ് അല്ലെങ്കില്‍ വെയിംഗ് മെഷീനുകള്‍, വാഗണ്‍ അല്ലെങ്കില്‍ ട്രക്ക് ലോഡറുകള്‍, ക്രഷറുകള്‍, വാഗണ്‍ ടിപ്ലറുകള്‍, ഫീഡറുകള്‍, തുറമുഖ ഉപകരണങ്ങള്‍ തുടങ്ങിയവ മെറ്റീരിയല്‍ ഹാന്‍ഡ്ലിംഗ് ഉപകരണങ്ങളുടെ വിഭാഗത്തിലുമായാണ് നിര്‍മിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it