പൊറിഞ്ചു വെളിയത്തിന് വന്‍ ലാഭം സമ്മാനിച്ച സ്‌മോള്‍ ക്യാപ് കമ്പനി, 5 വര്‍ഷത്തെ നേട്ടം 625%; പ്രമോട്ടര്‍മാര്‍ 18.3% ഓഹരികള്‍ വിറ്റഴിച്ചു, ₹100 കോടിയുടെ ഇടപാട്‌

അഞ്ച് വര്‍ഷം കൊണ്ട് ഓഹരിയുടെ നേട്ടം 625 ശതമാനം, 73 രൂപയ്ക്ക് പൊറിഞ്ചു വെളിയത്ത് സ്വന്തമാക്കിയ ഓഹരിയുടെ ഇപ്പോഴത്തെ വില 503 രൂപ
Porinju Veliyath, Equity Intelligence
Image Courtesy : Porinju Veliyath/FB
Published on

പ്രമുഖ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകനും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള സ്‌മോള്‍ ക്യാപ് ഓഹരിയാണ് കേരളം ആസ്ഥാനമായുള്ള കേരള ആയുര്‍വേദ ലിമിറ്റഡ് (Kerala Ayurveda Ltd). ഇന്നലെ വിവിധ ബ്ലോക്ക് ഡീല്‍ വഴി കമ്പനിയുടെ 22 ലക്ഷം ഓഹരികള്‍, അഥവാ 18.3 ശതമാനം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടതിന് പിന്നാലെ ഓഹരി ഇന്നലെ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. കമ്പനിയുടെ പ്രമോട്ടര്‍മാരായ കട്ര ഹോള്‍ഡിംഗ്‌സാണ് ഓഹരി വില്‍പ്പന നടത്തിയത്. ഓഹരി ഒന്നിന് 427.34 രൂപ പ്രകാരം 100 കോടി രൂപയുടെ ഇടപാട് ആയിരുന്നു. ഉയര്‍ന്ന ആസ്തിയുള്ള പത്ത്‌ നിക്ഷേപകരാണ് (High netwoth individuals /HNIs) ഓഹരികള്‍ കരസ്ഥമാക്കിയത്. ഇന്ന് ഓഹരി വില നേരിയ ഇടിവിലാണ്.

മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പ്രകാരം മുഖ്യ ഓഹരി ഉടമകളായ കട്ര ഹോള്‍ഡിംഗ്‌സിന് 58.58 ശതമാനം ഓഹരികളാണ് കേരള ആയുര്‍വേദയില്‍ ഉള്ളത്. ബാക്കി ഓഹരികള്‍ പൊതു ഓഹരി ഉടമകളുടെ കൈവശമാണ്. രാജ്യത്തെ മ്യൂച്വല്‍ഫണ്ട് കമ്പനികള്‍ക്ക് ഓഹരിയില്‍ ഗണ്യമായ നിക്ഷേപമുണ്ട്.

പൊറിഞ്ചുവെളിയത്തിന് 5.18 ശതമാനം ഓഹരികളാണ് കേരള ആയുര്‍വേദയിലുള്ളത്. സഞ്ജീവ് ഷാ (2.55%), ധീരജ് ലോഹിയ (1.93%), ശശികാന്ത് ബാലചന്ദര്‍ (1.26% ) എന്നിവരും ഓഹരിയുടമകളാണ്. ഒരു ശതമാനത്തിനു മേല്‍ ഓഹരികളുള്ളവരുടെ പേരുകള്‍ മാത്രമാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് മുന്നില്‍ കമ്പനികള്‍ വെളിപ്പെടുത്തുക. രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിച്ചിട്ടുള്ള 9,000ത്തോളം ചെറുകിട ഓഹരി ഉമടകളുമുണ്ട് കമ്പനിക്ക്. മൊത്തം ഓഹരിയുടെ 14.8 ശതമാനമാണ് ചെറുകിട നിക്ഷേപകരുടെ കൈവശമുള്ളത്.

2017 മുതല്‍ പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോയില്‍

2017 ഡിസംബര്‍ പാദത്തിലാണ് പൊറിഞ്ചുവെളിയത്ത് ഈ സ്‌മോള്‍ക്യാപ് ഓഹരിയില്‍ നിക്ഷേപം നടത്തുന്നത്. ഇക്വിറ്റി ഇന്റലിജന്‍സ് വഴിയായിരുന്നു 1.33 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 72.95 രൂപ പ്രകാരം 1,40,000 ഓഹരികളാണ് ആദ്യം വാങ്ങിയത്. പിന്നീട് 2021 ഡിസംബര്‍ പാദത്തില്‍ ഓഹരി പങ്കാളിത്തം 2.37 ശതമാനമാക്കി ഉയര്‍ത്തി. അന്ന് 2,50,000 ഓഹരികളാണ് വാങ്ങിയത്. ഇടയ്ക്ക്, 2022ല്‍ 50,000 ഓഹരികള്‍ വിറ്റഴിച്ച് ഓഹരി വിഹിതം 1.89 ശതമാനമാക്കി കുറച്ചു. 2023 മുതല്‍ പിന്നെ തുടര്‍ച്ചയായി ഓഹരിയില്‍ നിക്ഷേപം നടത്തി വരികയാണ്. നിലവില്‍ 6,23,000 ഓഹരികളാണ് (5.18 ശതമാനം ഓഹരി) പൊറിഞ്ചുവെളിയത്ത് കൈവശം വച്ചിരിക്കുന്നത്. ഈ ഓഹരികളുടെ മൊത്തം മൂല്യം 30.5 കോടി രൂപ വരും.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ 625 ശതമാനം നേട്ടമാണ് ഈ ഓഹരി പൊറിഞ്ചു വെളിയത്ത് അടക്കമുള്ള നിക്ഷേപകര്‍ക്ക് നല്‍കിയത്. 2020 ജൂണ്‍ 26ന് വെറും 69.05 രൂപയായിരുന്ന ഓഹരിയാണ് ഇപ്പോള്‍ 504 രൂപയില്‍ എത്തി നില്‍ക്കുന്നത്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 60 ശതമാനവും ഒരു മാസക്കാലയളവില്‍ 25 ശതമാനവുമാണ്.

കട്ര ഹോള്‍ഡിംഗ്‌സും കേരള ആയുര്‍വേദയും

കേരള ആയുര്‍വേദയുടെ മുഖ്യ ഓഹരി ഉടമകളും മൗറീഷന്‍ കമ്പനിയുമായ കട്ര ഹോള്‍ഡിംഗ്‌സ് ലിക്വിഡേഷന്‍ നടപടികളിലൂടെ കടന്നു പോകന്നതായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വാര്‍ത്തകളുണ്ടായിരുന്നു. കേരള ആയുര്‍വേദയുടെ ചെയര്‍മാനായ രമേശ് വാങ്കലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കട്ര ഹോള്‍ഡിംഗ്‌സ്. മൗറീഷ്യസ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കട്ര ഹോള്‍ഡിംഗ്‌സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിന് പിന്നാലെ കേരള ആയുര്‍വേദയിലുള്ള ഓഹരികളുടെ കൈവശാവകാശവും നിയന്ത്രണവും ലിക്വിഡേറ്റര്‍ക്കായിരിക്കുമെന്നും ലിക്വിഡേറ്ററുടെ അനുമതിയില്ലാതെ ഈ ഓഹരികളില്‍ യാതൊരുവിധ കച്ചവടവും അനുവദിക്കില്ലെന്നും കാണിച്ച് കട്ര ഹോള്‍ഡിംഗ്‌സിന്റെ ലിക്വിഡേറ്ററില്‍ നിന്ന് കേരള ആയുര്‍വേദയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. പിന്നീട് കേസ് സെറ്റില്‍ ചെയ്തിരുന്നു. പുതിയ നിക്ഷേപത്തോടെ എച്ച്.എന്‍.ഐകളുടെ നിയന്ത്രണത്തിലേക്ക് കമ്പനി പോയേക്കാമെന്നാണ്‌ മനസിലാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com