പേടിഎം ഐപിഒ വീഴ്ച; കൂടുതല്‍ പഠനം നടത്തി വിപണിയിലേക്കിറങ്ങാന്‍ ഈ കമ്പനികള്‍

പേടിഎം തിരിച്ചടി നേരിട്ടതോടെ ഇന്ത്യന്‍ ഐപിഒ തരംഗത്തിന് അന്ത്യമായെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. നിലവില്‍ ഐപിഒയ്ക്ക് ഒരുങ്ങുന്ന ഒരു ഡസനോളം കമ്പനികള്‍ രാജ്യത്തുണ്ട്. പേടിഎം ഒരു ഉദാഹരണമായി നില്‍ക്കുന്നത് കൊണ്ടുതന്നെ സൂക്ഷിച്ച് മാത്രമെ നിക്ഷേപകര്‍ തീരുമാനം എടുക്കൂ എന്നതാണ് കമ്പനികളില്‍ നിന്നുള്ള വിവരം.

വിപണി സാഹചര്യം കണക്കിലെടുത്ത് ഐപിഒ (1900 കോടി) നീട്ടിവെക്കുകയാണെന്ന് പേയ്മെന്റ് സ്ഥാപനമായ മൊബിക്വിക്ക് അറിയിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. വിജയിക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമെ ഐപിഒയ്ക്ക് ഒരുങ്ങു എന്നാണ് മൊബിക്വിക്ക് പറഞ്ഞത്. ഗ്രേ മാര്‍ക്കറ്റില്‍ മൊബിക്വിക്ക് 40 ശതമാനം ഇടിഞ്ഞിരുന്നു.
അതേ സമയം 7249 കോടി സമാഹരിക്കുന്ന സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിന്റെ ഐപിഒ നവംബര്‍ 30ന് തുടങ്ങും. 2021ലെ ഏറ്റവും വലിയ മൂന്നാമത്തെ ഐപിഒ ആയിരിക്കും സ്റ്റാര്‍ ഹെല്‍ത്തിന്റേത് ഇത്. പേടിഎമ്മിന്റെ 18,300 കോടി, സൊമാറ്റോയുടെ 9375 കോടി ഐപിഒകളാണ് മുന്നില്‍.
ഹോട്ടല്‍ ബുക്കിംഗ് സ്റ്റാര്‍ട്ടപ്പ് ഓയോയുടെ നടത്തിപ്പുകാരായ ഓറാവല്‍ 7249 കോടിയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 870-900 രൂപയായിരിക്കും ഓഹരി വില. ഓണ്‍ലൈന്‍ ഫാര്‍മസി ഫാംഈസി 6250 കോടിയും ലോജിസ്റ്റിക് സ്ഥാപനമായ ഡല്‍ഹിവെറി 7460 കോടിയും ആണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ തയ്യാറെടുക്കുന്നത്. 800 കോടി ലക്ഷ്യമിട്ട് കേരളം ആസ്ഥാനമായ പോപ്പുലര്‍ വെഹിക്കില്‍സും ഐപിഒയ്ക്ക് ഒരുങ്ങുകയാണ്. ഓഹരി വില എല്ലാ കമ്പനികള്‍ക്കും നിര്‍ണായകമാവും.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it