Begin typing your search above and press return to search.
കുതിച്ചും കിതച്ചും ഈ 'ചന്ദ്രയാന്‍' ഓഹരികള്‍
ചന്ദ്രനെ ലക്ഷ്യമിട്ട് ഇന്ത്യയുടെ 'ചന്ദ്രയാന്‍-3' കുതിച്ചുയര്‍ന്നപ്പോള്‍ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നത് ശാസ്ത്ര, സാങ്കേതിക രംഗത്തുള്ള ഇന്ത്യയുടെ വൈദഗ്ദ്ധ്യം കൂടിയാണ്. ഓഗസ്റ്റ് 23നാണ് ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍-3 ഇറങ്ങുക.
ഇന്ത്യയുടെ ഈ അഭിമാനദൗത്യം അഭിനന്ദനങ്ങളുടെ ആകാശം തൊടുമ്പോള്‍ ഒപ്പം കുതിക്കാന്‍ ഒരുപിടി ഓഹരികളുമുണ്ട്. നിരവധി ലിസ്റ്റഡ് കമ്പനികളാണ് ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. എല്‍ ആന്‍ഡ് ടി., ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് തുടങ്ങിയവ അതിലുള്‍പ്പെടുന്നു. ഈ ഓഹരികളുടെ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ പ്രകടനം നോക്കാം.
എല്‍ ആന്‍ഡ് ടി
ചന്ദ്രയാന്‍-3ന്റെ സ്‌പേസ് ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണത്തില്‍ നിരവധി നിര്‍ണായക ഘടകങ്ങള്‍ ലഭ്യമാക്കിയത് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്ന എല്‍ ആന്‍ഡ് ടിയാണ് (L&T). നിലവില്‍ 0.06 ശതമാനം നഷ്ടത്തോടെ 2,471 രൂപയിലാണ് എല്‍ ആന്‍ഡ് ടി ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കമ്പനിയുടെ ഓഹരി 1.32 ശതമാനം നേട്ടം (Return) നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്
ചന്ദ്രയാന്‍-3 ഒരുക്കത്തിന്റെ ഭാഗമായി നാഷണല്‍ എയറോസ്‌പേസ് ലാബോറട്ടറീസിന് (എന്‍.എ.എല്‍/NAL) നിരവധി ഘടകങ്ങള്‍ ലഭ്യമാക്കിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്.എ.എല്‍/HAL). നിലവില്‍ 0.30 ശതമാനം നഷ്ടത്തോടെ 3,825 രൂപയിലാണ് ഓഹരികളുള്ളത്. ഒരാഴ്ചത്തെ നേട്ടം 1.34 ശതമാനം.
ഭാരത് ഹെവി ഇലക്ട്രോണിക്‌സ്
ബാറ്ററികളുടെ വിതരണമാണ് ചന്ദ്രയാന്‍-3 ദൗത്യത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (Bharat Heavy Electricals) നിര്‍വഹിച്ചത്. ഓഹരികള്‍ ഇപ്പോഴുള്ളത് 0.92 ശതമാനം നേട്ടവുമായി 92.95 രൂപയിലാണ്. ഒരാഴ്ചത്തെ നേട്ടം 1.97 ശതമാനം.
വാല്‍ചന്ദ് നഗര്‍ ഇന്‍ഡസ്ട്രീസ്
ഓഹരിവില നിലവിലുള്ളത് 3.15 ശതമാനം നേട്ടത്തോടെ 95.05 രൂപയില്‍. ഒരാഴ്ചത്തെ നേട്ടം 2.04 ശതമാനം. 1993ലെ പി.എസ്.എല്‍.വി-ഡി1 ദൗത്യം മുതല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ഐ.എസ്.ആര്‍.ഒയ്‌ക്കൊപ്പം സഹകരിക്കുന്ന സ്ഥാപനമാണിത് (Walchand Nagar Industries).
സെന്റം ഇലക്ട്രോണിക്‌സ്
ചാന്ദ്ര ദൗത്യത്തിന്റെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സെന്റം ഇലക്ട്രോണിക്‌സ് (Centum Electronics). കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11.66 ശതമാനം കുതിച്ച കമ്പനിയുടെ ഓഹരികള്‍ ഇന്നുള്ളത് 1.42 ശതമാനം നേട്ടത്തോടെ 1,420.60 രൂപയില്‍.
എംറ്റാര്‍ ടെക്‌നോളജീസ്
എന്‍ജിന്‍ നിര്‍മ്മാണത്തില്‍ വലിയപങ്ക് വഹിച്ച കമ്പനിയാണ് എംറ്റാര്‍ ടെക്‌നോളജീസ് (MTAR Technologies). ഇന്ന് 0.17 ശതമാനം ഉയര്‍ന്ന് 2,109.25 രൂപയിലാണ് ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. ഒരാഴ്ചയിലെ നേട്ടം 9.13 ശതമാനം.
പരസ് ഡിഫന്‍സ്
ചന്ദ്രയാന്‍ ദൗത്യത്തിന് സാങ്കേതിക പിന്തുണ നല്‍കിയ സ്ഥാപനമാണ് പരസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് (Paras Defence and Space Technogies). 0.57 ശതമാനം നേട്ടത്തോടെ 685.10 രൂപയിലാണ് ഓഹരി വില ഇപ്പോഴുള്ളത്. 8.65 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചത്തെ റിട്ടേണ്‍.
ചന്ദ്രയാന്‍-3 ദൗത്യ പുരോഗതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന മുറയ്ക്ക് ഈ കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഉണര്‍വ് പ്രതീക്ഷിക്കാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Equity investing is subject to market risk. Please do your own research or consult a financial advisor before investing.
Next Story
Videos