ഏറ്റവും ഉയര്‍ന്ന നേട്ടം സമ്മാനിച്ച സ്‌മോള്‍ കാപ് ഫണ്ടുകള്‍ ഇതാണ്

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ കുതിപ്പ് സ്‌മോള്‍ കാപ് ഫണ്ടിലെ നിക്ഷേപകര്‍ക്ക നല്‍കിയത് ബംബര്‍ നേട്ടം. 24 സ്‌മോള്‍ കാപ് ഫണ്ടുകളില്‍ 100 എണ്ണവും കഴിഞ്ഞ വര്‍ഷം സമ്മാനിച്ചത് 100 ശതമാനത്തിലേറെ നേട്ടമാണ്.

വാല്യു റിസര്‍ച്ചിന്റെ ഡാറ്റ പ്രകാരം 214 ശതമാനത്തിലേറെ നേട്ടം സമ്മാനിച്ച ക്വാന്റ് സ്‌മോള്‍ കാപ് ഫണ്ടാണ് ഈ നിരയിലെ താരം. 132 ശതമാനത്തിലേറെ നേട്ടം സമ്മാനിച്ച കോട്ടക് സ്‌മോള്‍ കാപ് ഫണ്ടാണ് ഇതിന് പിന്നിലായുള്ളത്. ഈ ഫണ്ടുകളുടെയെല്ലാം ഡയറക്റ്റ് പ്ലാനുകളാണ് ഇത്രയേറെ ഉയര്‍ന്ന നേട്ടം നല്‍കിയിരിക്കുന്നത്.

2021 മെയ് 12ന് അവസാനിച്ച ഒരു വര്‍ഷത്തില്‍ ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക 106 ശതമാനമാണ് ഉയര്‍ന്നത്. അതേ കാലയളവില്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചികയുടെ നേട്ടം 55.2 ശതമാനമാണ്. ഇക്കാലയളവില്‍ ബിഎസ്ഇ മിഡ്കാപ് സൂചിക 81.8 ശതമാനവും നേട്ടമുണ്ടാക്കി.

സ്‌മോള്‍കാപ് ഫണ്ടുകള്‍ സമ്മാനിക്കുന്ന ഉയര്‍ന്ന നേട്ടം ഇത്തരം ഫണ്ടുകളിലേക്ക് നിക്ഷേപകരെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ടുമാസമായി സ്‌മോള്‍ ഫണ്ടിലേക്കുള്ള നിക്ഷേപം ഉയരുകയാണെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി)യുടെ കണക്കുകള്‍ സൂചന നല്‍കുന്നു. സ്‌മോള്‍ കാപ് ഫണ്ടുകളിലേക്ക് മാര്‍ച്ചില്‍ 336 കോടി രൂപയും ഏപ്രിലില്‍ 184 കോടി രൂപയുമാണ് എത്തിയിരിക്കുന്നത്.

മോത്തിലാല്‍ ഓസ്വാള്‍ നിഫ്റ്റി സ്‌മോള്‍കാപ് 250 ഇന്‍ഡെക്‌സ് ഫണ്ട് 119.96 ശതമാനം നേട്ടമാണ് നല്‍കിയിരിക്കുന്നത്. നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍കാപ് ഫണ്ട് 118.88 ശതമാനവും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ സ്‌മോള്‍കാപ് ഫണ്ട് 114.97 ശതമാനം നേട്ടവും സമ്മാനിച്ചു.
നിക്ഷേപകര്‍ സൂക്ഷിക്കണം

അതിനിടെ സ്‌മോള്‍ കാപ് ഫണ്ടുകളിലെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം സ്‌മോള്‍ കാപുകള്‍ ഉയര്‍ന്ന നേട്ടം സമ്മാനിച്ചുവെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നേട്ടം 8.73 ശതമാനം മാത്രമാണ്. ഇതേ കാലയളവില്‍ മിഡ് കാപ് ഫണ്ടുകള്‍ 10.29 ശതമാനവും ലാര്‍ജ് കാപ് ഫണ്ടുകള്‍ 10.64 ശതമാനവും നേട്ടം സമ്മാനിച്ചിരുന്നു.

സ്‌മോള്‍ കാപ് ഫണ്ടുകള്‍ ഹ്രസ്വമായ കാലയളവില്‍ നല്‍കിയ ഉയര്‍ന്ന നേട്ടം കണ്ട് നിക്ഷേപം നടത്തുന്നവര്‍ പിന്നീട് നിരാശപ്പെടേണ്ടിയും വന്നേക്കും. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന നേട്ടം നല്‍കിയെന്നതിന്റെ പേരില്‍ തുടര്‍ന്നും അതേ നേട്ടം നല്‍കുമെന്ന് പ്രതീക്ഷിക്കരുതെന്ന് നിരീക്ഷകര്‍ പറയുന്നു. എന്നിരുന്നാലും വരും വര്‍ഷങ്ങളില്‍ സ്‌മോള്‍ കാപ് ഫണ്ടുകള്‍ മികച്ച നേട്ടം നല്‍കാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്്.


Related Articles
Next Story
Videos
Share it