നിക്ഷേപിക്കാന്‍ ഈ വഴി നോക്കാം

നിക്ഷേപിക്കാന്‍ സാഹചര്യങ്ങള്‍ അനുകൂലമാകാന്‍ കാത്തിരിക്കേണ്ടതില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ എടുത്താല്‍ മാത്രം മതി.

സെന്‍സെക്സ്, 2021 ഒക്ടോബറില്‍ കുറിച്ച അതിന്റെ സര്‍വകാല റെക്കോര്‍ഡ് തലത്തില്‍ നിന്ന് ഏതാണ്ട് 10,000 പോയ്ന്റോളം താഴ്ന്നുനില്‍ക്കുകയാണ് ഇപ്പോള്‍. ഇതോടെ അടിസ്ഥാനപരമായി മികച്ച കമ്പനികളുടെ ഓഹരി വിലകള്‍ പോലും 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. അതുകൊണ്ട് ഇപ്പോള്‍ ഓഹരി വിപണിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നത് ശരിയല്ല. ഉദാഹരണമായി നിങ്ങള്‍ അഞ്ചുലക്ഷം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ടുലക്ഷം ഇപ്പോള്‍ നിക്ഷേപിക്കാം. ബാക്കി ഘട്ടം ഘട്ടമായി നിക്ഷേപം നടത്താം. കൈവശമുള്ള തുക മൊത്തമായി ഇപ്പോള്‍ നിക്ഷേപിക്കരുത്.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നവര്‍ ഒറ്റ തവണ നിക്ഷേപം ഒഴിവാക്കി ഏത് ഫണ്ടിലാണോ നിക്ഷേപിക്കുന്നത്, അതേ ഫണ്ട് ഹൗസിന്റെ ലിക്വിഡ് ഫണ്ടില്‍ ആ തുക നിക്ഷേപിച്ച് തുടര്‍ന്ന് 12 മാസം കൊണ്ടോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തവണകളോ സ്വീകരിച്ച് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ വഴി ഇക്വിറ്റി ഫണ്ടിലേക്ക് ഘട്ടം ഘട്ടമായി ട്രാന്‍സ്ഫര്‍ ചെയ്യാം. ഇങ്ങനെ നിക്ഷേപിക്കുമ്പോള്‍ വിപണിയുടെ ചാഞ്ചാട്ടങ്ങളെ ഒരു പരിധിവരെ ചെറുക്കാനാകും.
എവിടെയൊക്കെ നിക്ഷേപിക്കാം?
എസ്‌ഐപിയില്‍ നിക്ഷേപം നടത്തുന്നവര്‍ ഒരു കാരണവശാലും ഇപ്പോള്‍ അത് നിര്‍ത്തരുത്. കാരണം വിപണി താഴോട്ട് പോകുന്ന സന്ദര്‍ഭങ്ങളിലാണ് കൂടുതല്‍ യൂണിറ്റ് കരസ്ഥമാക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുന്നത്.
റിസ്‌ക് കുറച്ചേ എടുക്കാന്‍ പറ്റൂ എന്നുള്ളവര്‍ക്ക് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കാം. പക്ഷേ, നല്ല റേറ്റിംഗുള്ള കടപ്പത്രങ്ങളുള്ള ഫണ്ടുകളായിരിക്കണം. ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍സ് എന്നിവ ഉള്‍പ്പെട്ട ഫണ്ടുകള്‍ ഇപ്പോള്‍ പരിഗണിക്കാവുന്നതാണ്. സാമ്പത്തികമായും വ്യവസായപരമായും മികച്ചുനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍ ഉള്‍പ്പെടുന്ന ഫണ്ടുകളായിരിക്കണം നിക്ഷേപത്തിന് തെരഞ്ഞെടുക്കേണ്ടത്.നല്‍കുന്ന റിട്ടേണ്‍ പരിഗണിച്ചാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇപ്പോള്‍ അനുയോജ്യം സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമാണ്.
ആസ്തി വൈവിധ്യം എന്ന നിലയ്ക്കും ഹെഡ്ജിംഗ് എന്ന രീതിയിലും ഇപ്പോള്‍ പരമാവധി മൊത്തം നിക്ഷേപത്തിന്റെ അഞ്ചു ശതമാനം വരെ വേണമെങ്കില്‍ സ്വര്‍ണത്തില്‍ നിക്ഷേപംആകാം. സ്വര്‍ണവില ഇപ്പോഴത്തെ തലത്തില്‍ നിന്ന് ഇനിയും താഴ്ന്നാല്‍ നിക്ഷേപം പത്തുശതമാനം വരെ വേണമെങ്കില്‍ ഉയര്‍ത്താം. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് സോവറിന്‍ ബോണ്ട് എന്നീ മാര്‍ഗങ്ങളാണ് സ്വര്‍ണത്തിലെ നിക്ഷേപത്തിന് അനുയോജ്യം.


Jeevan Kumar K C
Jeevan Kumar K C  

Related Articles

Next Story

Videos

Share it