

കുറേ ദിവസങ്ങളായുള്ള രീതി മാറ്റിയാണ് ഇന്ന് ഓഹരി വിപണി തുടങ്ങിയത്. ഉയര്‍ന്നു തുടങ്ങിയിട്ടു പിന്നെ താഴോട്ടു പോകുന്ന രീതി ഇന്ന് മാറ്റി വച്ചതു പോലെയാണ് ആദ്യ മണിക്കൂറിലെ നീക്കങ്ങള്‍.
ഉയര്‍ന്ന തുടക്കത്തില്‍ നിന്നു കുറേ താഴോട്ടു പോന്നെങ്കിലും പെട്ടെന്നു തന്നെ വിപണി തിരിച്ചു കയറി. പിന്നീട് ഉയരത്തില്‍ തുടരുകയും ചെയ്യുന്നു. ഒരു മണിക്കൂറിനു ശേഷം നിഫ്റ്റി 75 പോയിന്റിലധികവും സെന്‍സെക്‌സ് 250 പോയിന്റിലധികവും ഉയരത്തിലാണ് .
ബാങ്ക് ഓഹരികളില്‍ പ്രധാനപ്പെട്ടവ ഇന്നു തുടക്കം മുതല്‍ നേട്ടം കാണിച്ചെങ്കിലും കുറേ ബാങ്കുകള്‍ താഴോട്ടു പോയി.പൊതുമേഖലാ ബാങ്കുകള്‍ ഉയര്‍ന്നപ്പോള്‍ സ്വകാര്യമേഖല താഴോട്ടു പോയി. സ്വകാര്യവല്‍ക്കരണ പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യക്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനും പത്തു ശതമാനത്തോളം ഉയര്‍ച്ച ഉണ്ടായി. സെന്‍ട്രല്‍ ബാങ്ക് ഓഹരി ഒരു മാസം കൊണ്ട് 51 ശതമാനം നേട്ടം ഉണ്ടാക്കി. ഐഒബി ഇതേ കാലയളവില്‍ 67 ശതമാനം ഉയര്‍ന്നു.
കേരളത്തില്‍ നിന്നുള്ള നാലു ബാങ്കുകളുടെയും ഓഹരിവില ഇന്നു ഗണ്യമായി ഉയര്‍ന്നു. കേരളം ആസ്ഥാനമായി ഉള്ള നോണ്‍ ബാങ്ക് ഫിനാന്‍സ് കമ്പനികളും നേട്ടത്തിലാണ്.
പഞ്ചസാര കമ്പനികള്‍ കയറ്റം തുടരുന്നു. ഇഐഡി പാരി, ബന്നാരി അമ്മന്‍, ഡിസിഎം ശ്രീറാം എന്നിവയാണ് അല്‍പം താഴോട്ടു പോയത്.
സ്റ്റീല്‍, മെറ്റല്‍ കമ്പനികള്‍ ഇന്നു ശക്തമായി തിരിച്ചു കയറി.
ഡോളര്‍ ഇന്ന് രണ്ടു പൈസ നേട്ടത്തില്‍ 74.24 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 74.26 രൂപയിലേക്കു കയറി.
ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 75.16 ഡോളര്‍ വരെ കയറിയിട്ട് അല്‍പം താണു.
ലോക വിപണിയില്‍ സ്വര്‍ണം 1660 ഡോളറിലാണ്.കേരളത്തില്‍ പവന് 200 രൂപ കുറഞ്ഞ് 35,000 രൂപയായി. ഈ മാസത്തെ ഏറ്റവും താണ വിലയാണിത്. ജൂണ്‍ മൂന്നിലെ 36,960 രൂപയില്‍ നിന്ന് 1960 രൂപ കുറവായി.ഏപ്രില്‍ 15നു ശേഷം പവന്‍ 35,000 രൂപയിലെത്തുന്നത് ആദ്യമാണ്.
പത്തു വര്‍ഷ കടപ്പത്രവില കുറഞ്ഞു. നിക്ഷേപനേട്ടം 6.06 ശതമാനം കിട്ടത്തക്ക നിലവാരത്തിലേക്കാണു താണത്. സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം കടമെടുത്തപ്പോള്‍ ഏഴു ശതമാനത്തിലേറെ പലിശ ഓഫര്‍ ചെയ്യേണ്ടി വന്നു. കേന്ദ്ര സര്‍ക്കാരിന്റെ കടപ്പത്രത്തേക്കാള്‍ പലിശ സംസ്ഥാനങ്ങള്‍ നല്‍കേണ്ടി വരുന്നതു സാധാരണയാണ്. കേന്ദ്രത്തിന്റെ 10 വര്‍ഷ കടപ്പത്രത്തിനു കഴിഞ്ഞ ലേലത്തില്‍ ആറു ശതമാനത്തില്‍ താഴെയാണു പലിശ ഓഫര്‍ ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine