സെന്‍സെക്സ് 80,000 കടത്തിയ 10 വമ്പന്മാര്‍ ഇവരാണ്, വളര്‍ച്ചയുടെ നാള്‍വഴികള്‍ ഇങ്ങനെ

വെറും 139 വ്യാപാര ദിനങ്ങള്‍കൊണ്ടാണ് സെന്‍സെക്‌സ് 10,000 പോയിന്റ് കൂട്ടിച്ചേര്‍ത്തത്
Stock market
Image Created with Meta AI
Published on

സെന്‍സെക്‌സ് ഇന്നലെ ചരിത്രത്തിലാദ്യമായി 80,000 പോയിന്റെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്നു വ്യാപാരം പുരോഗമിക്കുന്നതും 80,000ത്തിനു മുകളില്‍ തന്നെ. വെറും 139 വ്യാപാര ദിനങ്ങള്‍കൊണ്ട് 10,000 പോയിന്റ് കൂട്ടിച്ചേര്‍ക്കാന്‍ സെന്‍സെക്‌സിന് കരുത്ത് പകര്‍ന്നത് പ്രധാനമായും 10 കമ്പനികളാണ്. ഇതില്‍ 5,466 പോയിന്റും സംഭാവന ചെയ്തിരിക്കുന്നത് അഞ്ച് കമ്പനികളാണെന്നതാണ് ശ്രദ്ധേയം.

റിലയന്‍സ് മുതല്‍ എന്‍.ടി.പി.സി വരെ

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയാണ് ഇതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 11 ന് സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് പിന്നിട്ടത് മുതല്‍ ഇതുവരെ 1,972 പോയിന്റാണ് റിലയന്‍സ് കൂട്ടിച്ചേര്‍ത്തത്. വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും മുന്നിലുള്ള കമ്പനിയായ റിലയന്‍സിന്റെ ഓഹരികള്‍ ഇത് വരെയുള്ള കാലയളവില്‍ നേടിയത് 26.3 ശതമാനം ഉയര്‍ച്ചയാണ്. നിലവിലെ ഓഹരി വിലയനുസരിച്ച് 21 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് റിലയന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ഇക്കാലയളവില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 1,049 പോയിന്റാണ് 3.57 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മഹീന്ദ്രയുടെ സംഭാവന. ഇക്കാലയളവില്‍ മഹീന്ദ്ര ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് 74.2 ശതമാനം നേട്ടമാണ്.

ഐ.സി.ഐ.സി.ഐ ബാങ്കും (963) ഭാരതി എയര്‍ടെല്ലുമാണ് (936) മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. യഥാക്രമം 963, 936 പോയിന്റുകളാണ് ഈ ഓഹരികളുടെ സംഭാവന. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (769), എച്ച്.ഡി.എഫ്.സി ബാങ്ക് (726), പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ (429), ആക്‌സിസ് ബാങ്ക്(411), ഇന്‍ഫോസിസ് (399), എന്‍.ടി.പി.സി (367) എന്നിവയാണ് മറ്റ് ഓഹരികള്‍.

കരുത്തായി പൊതുമേഖലയും

പൊതുമേഖല ഓഹരികളും സെന്‍സെക്‌സിന്റെ മുന്നേറ്റത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗണ്‍ ഡോക്ക്, എഫ്.എ.സി.ടി, ഹഡ്‌കോ, ഭാരത് ഡൈനാമിക്‌സ്, ഓയില്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ ഇക്കാലയളവില്‍ വലിയ മുന്നേറ്റം കാഴ്ചവച്ചു. കേരളത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഈ വര്‍ഷം ഇതുവരെ 285 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ നേട്ടം 115.31 ശതമാനവും.

പി.എസ്.യു ഓഹരികള്‍ക്കൊപ്പം റിയല്‍റ്റി, പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍ ഓഹരികളും സെന്‍സെക്‌സിന്റെ ഈ 10,000 പോയിന്റ് നേട്ടത്തിന് കരുത്തായിട്ടുണ്ട്.

സെന്‍സെക്‌സ് നാള്‍വഴികള്‍

1986ല്‍ ആരംഭിച്ച സെന്‍സെക്‌സ് ആദ്യമായി 10,000 പോയിന്റ് കടക്കുന്നത് 2006 ഫെബ്രുവരി ആറിനാണ്. അതായത് 20 വര്‍ഷമെടുത്തു. എന്നാല്‍ അടുത്ത 10,000 പോയിന്റ് കൂട്ടിച്ചേര്‍ത്തത് ശരവേഗത്തിലായിരുന്നു. 2007 നവംബര്‍ 5നാണ് 20,000 പോയിന്റ് നേടിയത്. പിന്നീട് 2019ല്‍, ഏതാണ്ട് 12 വര്‍ഷം കൊണ്ടാണ് 40,000 പോയിന്റ് എത്തിയത്. പക്ഷെ 40,000ത്തില്‍ നിന്ന് 80,000 ആകാന്‍ അഞ്ച് വര്‍ഷം മാത്രമാണ് വിപണിക്ക് വേണ്ടി വന്നത്.

കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 14.38 ശതമാനമാണ് സെന്‍സെക്‌സിന്റെ ഉയര്‍ച്ച. റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തവും രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകളെ കുറിച്ചുള്ള ശുഭസുചനകളുമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. ധാരാളം ചെറുകിട നിക്ഷേപകര്‍ നേരിട്ട് ഓഹരികളിലൂടെയും മ്യൂച്വല്‍ഫണ്ടുകളിലൂടെയും വിപണിയിലേക്കെത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com