

ദീപാവലിക്കു മുമ്പേ ദീപാവലി ആഘോഷിക്കാവുന്ന തരം പണനയം കണ്ടു കൊണ്ടാണ് കഴിഞ്ഞ വാരം വിപണികള്‍ ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ ഏഴുദിവസം ഉയര്‍ച്ച കാണിച്ച വിപണി ലാഭമെടുത്തു ചെറിയ തിരുത്തിനു പോകുമോ അതോ ബുള്‍ തരംഗം തുടരുമോ എന്നാണ് ഇന്നറിയേണ്ടത്.
വിപണിയെ ഉയര്‍ച്ചയിലേക്കു നയിക്കാന്‍ വിദേശ നിക്ഷേപകര്‍ ക്യൂ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വിദേശികള്‍ 5510 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. അമേരിക്കയില്‍ രണ്ടാം ഘട്ട ഉത്തേജക പദ്ധതിയുടെ ചര്‍ച്ചയില്‍ പുരോഗതി ഉണ്ട്. 2.2 ലക്ഷം കോടി ഡോളര്‍ വേണമെന്നു ഡെമോക്രാറ്റുകള്‍ വാദിക്കുമ്പോള്‍ 1.8 ലക്ഷം കോടി ഡോളര്‍ മതിയെന്നു റിപ്പബ്ലിക്കന്‍മാര്‍ പറയുന്നു. യോജിപ്പില്‍ എത്താവുന്ന അകലമേ കക്ഷികള്‍ തമ്മില്‍ ഉള്ളൂ. ഉത്തേജകം വന്നാല്‍ മൂലധന വിപണിയിലേക്കു കൂടുതല്‍ പണം എത്തും.
* * * * * * * *
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പലിശ നിരക്കു കുറയ്ക്കാതെ തന്നെ വിപണിക്ക് ആവേശം പകര്‍ന്നു. ജി ഡി പി പ്രതീക്ഷ, വിലക്കയറ്റ പ്രതീക്ഷ എന്നിവയൊക്കെ വിപണിയിലെ ബുള്ളുകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതു പോലെ വന്നു. വിലക്കയറ്റം ഉടനേ കുറയുമെന്നും വളര്‍ച്ചയ്ക്കു വേണ്ടി എന്തും ചെയ്യുമെന്നും ദാസ് പറഞ്ഞതിനെ പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്ന സൂചനയായാണു വിപണി കണക്കിലെടുത്തിരിക്കുന്നത്. വലിയ ഭവന വായ്പകള്‍ക്കു പലിശ കുറയ്ക്കാനും കടപ്പത്ര വില കൂട്ടാനും എന്‍ബിഎഫ്‌സികള്‍ക്കും കമ്പനികള്‍ക്കും വായ്പാ ലഭ്യത കൂട്ടാനുമുള്ള നടപടികളും വിപണിയെ സഹായിക്കുന്നതാണ്.
* * * * * * * *
ഈയാഴ്ച ഒട്ടേറെ പ്രധാന കാര്യങ്ങള്‍ അറിവാകും. വിപണി ഗതിയെ സാരമായി സ്വാധീനിക്കുന്നതാണ് അവ.
ഓഗസ്റ്റിലെ വ്യവസായ ഉല്‍പ്പാദന സൂചിക (ഐഐപി), ഉപഭോക്തൃ വില സൂചിക (സി പി ഐ) എന്നിവ ഇന്നു പുറത്തു വരും. വ്യവസായ മേഖലയുടെ പ്രവര്‍ത്തനം, വിലക്കയറ്റത്തിന്റെ ഗതി എന്നിവ സംബന്ധിച്ച ഏറ്റവും ആധികാരിക കണക്കുകളാണ് ഇവ.
ജൂലൈയില്‍ ഐ ഐ പി 10.4 ശതമാനം ചുരുങ്ങിയതാണ്. ഓഗസ്റ്റിലും ചുരുങ്ങും എന്നു തന്നെയാണു നിഗമനം. ഇരട്ടയക്കമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ചില്ലറ വില്ലക്കയറ്റത്തിന്റെ സെപ്റ്റംബറിലെ കണക്കാണ് ഇന്നു വരിക. ജൂലൈയില്‍ 6.73 ശതമാനവും ഓഗസ്റ്റില്‍ 6.61 ശതമാനവുമായിരുന്നു വിലക്കയറ്റം.
ബുധനാഴ്ചയാണു മൊത്തവില സൂചിക പുറത്തു വരുന്നത്. ചില്ലറ വില ഉയര്‍ന്നപ്പോഴും മൊത്തവില സൂചിക അര ശതമാനത്തില്‍ താഴെയേ ഉയര്‍ന്നുള്ളൂ. രാജ്യത്തു ഡിമാന്‍ഡ് വര്‍ധിക്കാത്തതാണു കാരണം.
അമേരിക്കയിലെ വിലക്കയറ്റം, തൊഴില്‍ വര്‍ധന, വ്യവസായ ഉല്‍പ്പാദനം, വിദേശ വ്യാപാരം എന്നിവയുടെ കണക്കുകളും ഈയാഴ്ച പുറത്തു വരും.
ഐടി മേഖലയിലെ പ്രമുഖരായ ഇന്‍ഫോസിസ് ടെക്‌നോളജീസ്, വിപ്രോ, എച്ച്‌സിഎല്‍ എന്നിവയുടെ രണ്ടാം പാദ ഫലങ്ങള്‍ ഈയാഴ്ച പുറത്തുവരും. വിപ്രോ ഓഹരി തിരിച്ചു വാങ്ങുന്നതിന്റെ വിവരങ്ങളും നാളെ അറിയാം. കഴിഞ്ഞയാഴ്ച ടി സിഎസ് മികച്ച ഭാവി സാധ്യതയാണ് അവതരിപ്പിച്ചത്. ഇന്‍ഫോസിസും മറ്റും എന്താണു പറയുക എന്ന് നിക്ഷേപകര്‍ ശ്രദ്ധിക്കും.
* * * * * * * *
മന:ശാസ്ത്രജ്ഞരും പേഴ്‌സണാലിറ്റി ട്രെയ്‌നര്‍മാരും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് പറഞ്ഞു പറഞ്ഞ് ഉത്തേജിപ്പിക്കല്‍. ജയിക്കും, ജയിക്കും എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അതു വിശ്വസിപ്പിച്ച് ആള്‍ക്കാരെ ജേതാക്കളാക്കുന്ന വിദ്യ. രാജ്യത്തെ സമ്പദ്ഘടന അതിവേഗം വളര്‍ച്ചയിലേക്കു തിരിച്ചു വരികയാണെന്നു വിശ്വസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒത്തിരി പണിപ്പെടുന്നുണ്ട്. ആ പരിശ്രമത്തിലേക്കു തന്റേതായ സംഭാവന ഗവര്‍ണര്‍ ദാസും നല്കി.
ഒന്നാം പാദത്തില്‍ 23.9 ശതമാനം ഇടിവാണ് രാജ്യത്തെ ജിഡിപി യിലുണ്ടായത്. കഴിഞ്ഞ പണനയ അവലോകനത്തില്‍ ജി ഡി പി തകര്‍ച്ചയെപ്പറ്റി ഒന്നും പറയാതിരുന്ന ദാസ് ഇപ്പോള്‍ തിരിച്ചുവരവിന്റെ വഴിത്താര കുറിച്ചിട്ടുണ്ട്. രണ്ടാം പാദത്തില്‍ 9.8 ശതമാനവും മൂന്നില്‍ 5.6 ശതമാനവും കുറയുന്ന ജി ഡി പി നാലാം പാദത്തില്‍ അരശതമാനം വളരുമെന്നാണു ദാസ് പറയുന്നത്.
ശുഭാപ്തി വിശ്വാസം പോലെ നടന്നാല്‍ ഭാഗ്യം.
ഏതായാലും 2020-21 ലെ ജിഡിപി 9.5 ശതമാനം കുറയുമെന്നാണു റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയിലേക്കുള്ള ഇന്ത്യയുടെ യാത്ര കൂടുതല്‍ കാലമെടുക്കും എന്നു ചുരുക്കം.
* * * * * * * *
കോവിഡിന്റെ പാരമ്യം കഴിഞ്ഞെന്നും കാര്യങ്ങള്‍ എല്ലാം ഭംഗിയാകുമെന്നുമുള്ള വിശ്വാസമാണു ഗവര്‍ണര്‍ ദാസ് പണനയ അവലോകനത്തില്‍ പ്രകടിപ്പിച്ചത്. ഏറ്റവും ഇരുണ്ട കാലത്തു പോലും നല്ല നാളെയെപ്പറ്റി സ്വപ്നം കാണുന്നതു വിവരക്കേടല്ലെന്നു പറയാനും അദ്ദേഹം മടിച്ചില്ല. ഈ വിശ്വാസം വിലക്കയറ്റത്തിന്റെ കാര്യത്തിലും കാണാം.
ഉപഭോക്തൃ വില സൂചിക ( സി പി ഐ) ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റം രാജ്യത്ത് ആറര ശതമാനത്തിനു മുകളിലാണ്. റിക്കാര്‍ഡ് കാര്‍ഷികോല്‍പ്പാദനം ഉണ്ടായിട്ടും ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവയ്ക്കും വില കുതിച്ചു കയറി. ലഭ്യതയുടെ പ്രശ്‌നമല്ല, ചരക്കുനീക്കത്തിലെ പ്രശ്‌നങ്ങളാണു വിലക്കയറ്റത്തിനു കാരണമെന്നാണു സര്‍ക്കാര്‍ പറയുന്നത്. അതു വിശ്വാസത്തിലെടുത്താകും ഗവര്‍ണര്‍ പറഞ്ഞു, ഇപ്പോഴത്തെ വിലക്കയറ്റം താല്‍ക്കാലികമാണ്, ഒക്ടോബര്‍ കഴിഞ്ഞാല്‍ വില കുറയുമെന്ന്.വിശ്വാസം ഗവര്‍ണറെ രക്ഷിക്കട്ടെ എന്നു പ്രത്യാശിക്കാം.
* * * * * * * *
രാജ്യത്തു വായ്പാ വളര്‍ച്ച അഞ്ചു ശതമാനത്തിന്റെ ചുറ്റുവട്ടത്താണ്. നാലു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നില. ഇതു മാറ്റിയെടുത്താലേ രാജ്യം വളര്‍ച്ചയുടെ വഴിയിലാകൂ. അതിനു പരമാവധി പരിശ്രമിച്ചിട്ടുണ്ട് ശക്തി കാന്ത ദാസ്. പ്രധാന നടപടികള്‍ ഇവയാണ്:
1.ബാങ്കുകള്‍ വ്യവസായങ്ങള്‍ക്കും ബാങ്കിതര ധനകാര്യ കമ്പനികള്‍ക്കും (എന്‍ബി എഫ് സി ) കൂടുതല്‍ വായ്പ നല്‍കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ടി എല്‍ടി ആര്‍ ഒ (ടാര്‍ഗറ്റഡ് ലോംഗ് ടേം റീപോ ഓപ്പറേഷന്‍) നടത്തും. ബാങ്കുകളുടെ കടപ്പത്രം വാങ്ങി വച്ച് മൂന്നു വര്‍ഷ കാലാവധിക്കു വായ്പ നല്‍കുന്നതാണ് പദ്ധതി. നിശ്ചിത മേഖലകളില്‍ വായ്പ നല്‍കാനാണ് ഈ പണം.
2. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്ന ഒ എം ഒ (ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍) 20,000 കോടി രൂപയുടേതാക്കും. ഇതു വരെ 10,000 കോടി രൂപയുടേതായിരുന്നു.
3. ബാങ്കുകളുടെ പക്കലുള്ള കടപ്പത്രങ്ങളുടെ വില കുറയുന്ന പക്ഷം നഷ്ടം രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കി.
4. റീറ്റെയ്ല്‍ വായ്പകളുടെ നഷ്ടസാധ്യത കാണിക്കുന്ന റിസ്‌ക് വെയിറ്റ് കുറച്ചു. പരമാവധി വ്യക്തിഗത വായ്പ ഏഴര കോടി രൂപയായി കൂട്ടി.
5. വലിയ ഭവന വായ്പകളുടെ റിസ്‌ക് വെയിറ്റ് കുറച്ചു. വലിയ ഭവന വായ്പകള്‍ക്കു നഷ്ടസാധ്യത കണക്കാക്കി ബാങ്ക് കരുതേണ്ട മൂലധനം കുറയും. വായ്പയ്ക്കു പലിശ കുറയ്ക്കാനാവും.
6. ബാങ്കുകളും എന്‍ബി എഫ് സി കളും യോജിച്ചു വായ്പ അനുവദിക്കുന്ന കോ ലെന്‍ഡിംഗ് മോഡല്‍ വ്യാപിപ്പിച്ചു. ഭവന വായ്പാ കമ്പനികളെയും സ്‌കീമില്‍ പെടുത്തി.
വായ്പ അനുവദിക്കാനുള്ള സംവിധാനങ്ങള്‍ വിപുലമാക്കി. റിസര്‍വ് ബാങ്കിനു ചെയ്യാവുന്ന അക്കാര്യം ദാസ് ചെയ്തു. പക്ഷേ വായ്പ വര്‍ധിക്കണമെങ്കില്‍ വായ്പ എടുക്കാന്‍ ആള്‍ക്കാര്‍ ( വ്യക്തികളും സംരംഭങ്ങളും) മുന്നോട്ടു വരണം. അതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്കിന്റെ അധികാരത്തിലല്ല. അതു ഗവണ്‍മെന്റാണു ചെയ്യേണ്ടത്. ഗവണ്മെന്റ് ഒന്നും ചെയ്യാന്‍ മുതിരുന്നില്ല. ധനമന്ത്രി നിര്‍മല സീതാരാമനും പ്രിന്‍സിപ്പല്‍ ഇക്കണോമിക് അഡൈ്വസര്‍ സഞ്ജീവ് സന്യാലും കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത് ഉടനെങ്ങും ഉത്തേജനം ഇല്ലെന്നാണ്.
അതായതു വായ്പകളുടെ ഒഴുക്ക് വര്‍ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് നടപടി കമഴ്ത്തിവച്ച കുടത്തിനു പുറത്തു വെള്ളമൊഴിക്കുന്നതു പോലെയായെന്നു വരും.
* * * * * * * *
ലാഭമെടുക്കല്‍ പ്രവണത ശക്തമാകുന്നില്ലെങ്കില്‍ നിഫ്റ്റിയും സെന്‍സെക്‌സും സര്‍വകാല റിക്കാര്‍ഡിലേക്ക് എത്താന്‍ ശ്രമിക്കും. 11, 914 ല്‍ നില്‍ക്കുന്ന നിഫ്റ്റി 12,080-12,090 മേഖലയില്‍ തടസം നേരിടും. അതിനപ്പുറമായാല്‍ 12, 240-12, 260 മേഖലയിലും തടസമുണ്ട്. 12,430 ആണു റിക്കാര്‍ഡ് നില. 40,509 ല്‍ നില്‍ക്കുന്ന സെന്‍സെക്‌സിനു റിക്കാര്‍ഡായ 42,273ലെത്താന്‍ രണ്ടു മൂന്നു തലങ്ങളിലെ പ്രതിരോധം മറികടക്കണം.41,100-41,300 മേഖലയിലെ തടസമാണു കൂടുതല്‍ ശക്തം.
ലാഭമെടുപ്പിന് മുതിര്‍ന്നാല്‍ 11,600 ലും 11, 268- ലുമാണു പിന്തുണ. സെന്‍സെക്‌സിന് 39,350 മേഖലയില്‍ താങ്ങു പ്രതീക്ഷിക്കാം.
വളരെ കരുതലോടെ നിക്ഷേപ തീരുമാനം എടുക്കേണ്ട സമയമാണിത്.
* * * * * * * *
മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സും യുടിഐ എ എം സി യും ഇന്നു ലിസ്റ്റ് ചെയ്യും. പ്രതിരോധ കരാറുകള്‍ ഉള്ള പൊതുമേഖലാ കമ്പനിയായ മസഗോണ്‍ നല്ല പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തേക്കും. യു ടി ഐ ക്കു പ്രതികരണം മോശമാകുമെന്നാണു സൂചന.
* * * * * * * *
അനില്‍ അഗര്‍വാളിന്റെ വേദാന്ത ലിമിറ്റഡ് ഓഹരി ലിസ്റ്റിംഗ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. 134 കോടി ഓഹരി തിരികെ നല്‍കാന്‍ ഓഫര്‍ വേണ്ടിയിരുന്നിടത്ത് ലഭിച്ചതു 125 കോടിയുടെ ഓഫര്‍ മാത്രം. കമ്പനി ഓഹരിക്ക് 87.25 രൂപയാണു പറഞ്ഞിരുന്നത്. റിവേഴ്‌സ് ബുക്ക് ബില്‍ഡിംഗ് രീതി അവലംബിച്ചപ്പോള്‍ എല്‍ഐസി ആവശ്യപ്പെട്ട 320 രൂപ പ്രകാരം ഓഹരി വാങ്ങാന്‍ കമ്പനി നിര്‍ബന്ധിതമാകുമായിരുന്നു. ശ്രമം പാളിയതിനാല്‍ അതു വേണ്ടി വന്നില്ല.
കമ്പനിയുടെ യഥാര്‍ഥ വിലയേക്കാള്‍ വളരെ താഴ്ത്തി ഓഹരികള്‍ വാങ്ങി സ്വന്തമാക്കാനും പിന്നീടു മറ്റുള്ളവര്‍ക്കു കൂടിയ വിലയ്ക്കു വിറ്റു ലാഭമെടുക്കാനുമാണ് പലരും ഡീ ലിസ്റ്റിംഗിലൂടെ ശ്രമിക്കുക. അത്തരക്കാര്‍ക്കു മുന്നറിയിപ്പാണ് വേദാന്ത സംഭവം. നല്ല വില ആവശ്യപ്പെട്ട എല്‍ഐസിയും അവസരത്തിനൊത്തുയര്‍ന്നു
* * * * * * * *
വന്‍ നഗരങ്ങളിലെ പാര്‍പ്പിട വില്‍പ്പന ഉണര്‍വ് കാണിക്കുന്നതായി റിപ്പോര്‍ട്ട്. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ വില്‍പ്പന 134 ശതമാനം കൂടിയെന്നാണ് അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സിന്റെ റിപ്പോര്‍ട്ട്. തലേ വര്‍ഷവുമായി താരതമ്യം ചെയ്യാതെയാണു റിപ്പോര്‍ട്ട്.
വിപണി ഉണര്‍വ് എത്രയായാലും റിസര്‍വ് ബാങ്കിന്റെ പണ നയം ഭവനവായ്പാ കമ്പനികള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സിനും ഉത്തേജനം പകര്‍ന്നിട്ടുണ്ട്.
* * * * * * * *
മോറട്ടോറിയം കാലത്തെ പലിശക്കാര്യത്തില്‍ ഇനി കൂടുതല്‍ ആനുകൂല്യം നല്‍കാനാവില്ലെന്നു സര്‍ക്കാരും റിസര്‍വ് ബാങ്കും വ്യക്തമാക്കി. സാമ്പത്തിക- പണനയങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്നും സര്‍ക്കാര്‍ കോടതിയോടു പറഞ്ഞു. നാളെയാണ് കേസ് പരിഗണിക്കുക.
* * * * * * * *
ചൈനീസ് കറന്‍സിയായ യുവാന്റെ വിനിമയ നിരക്ക് ഇന്ന് 0.6 ശതമാനം താണു. യുവാനെതിരേ ഷോര്‍ട്ട് വ്യാപാരം നടത്തുന്നതിനുള്ള തടസം കേന്ദ്ര ബാങ്ക് നീക്കിയതോടെയാണിത്. ചൈനീസ് കയറ്റുമതി കൂടാന്‍ ഇതു സഹായിക്കും. ഇതിന്റെ ബലത്തില്‍ ഷാങ്ഹായ് ഓഹരി സൂചിക രണ്ടു ശതമാനം കയറി.
* * * * * * * *
വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിനു 1933 ഡോളര്‍ വരെ കയറി. സ്വര്‍ണ ബുള്ളുകള്‍ വിപണിയില്‍ വീണ്ടും കരുത്തരാവുകയാണ്. വില കുറേക്കൂടി കയറാം.
* * * * * * * *
ബ്രെന്റ് ഇനം ക്രൂഡ് ഓയ്ല്‍ വീപ്പയ്ക്കു 42 ഡോളറിനു മുകളിലും ഡബ്‌ള്യു ടി ഐ ഇനം 40 ഡോളറിലുമാണ് തിങ്കളാഴ്ച രാവിലെ. വില അല്‍പ്പം കൂടി ഉയരുമെന്നു വിപണി പ്രതീക്ഷിക്കുന്നു.
* * * * * * * *
കഴിഞ്ഞയാഴ്ച തുടക്കത്തില്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചെങ്കിലും വാരാന്ത്യമായപ്പോള്‍ രൂപ പഴയ നില തിരിച്ചുപിടിച്ചു. ഈയാഴ്ച രൂപ കരുത്തു നിലനിര്‍ത്തുമെന്നു കരുതാം.
* * * * * * * *
ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ (Open Market Operation) എന്നതിന്റെ ചുരുക്കെഴുത്ത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകളുടെയും മറ്റും പക്കല്‍ നിന്നു സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നതാണ് ഈ നടപടി. അമേരിക്കല്‍ കേന്ദ്ര ബാങ്കായ ഫെഡ് വന്‍തോതില്‍ കടപ്പത്രം തിരിച്ചു വാങ്ങിയാണ് 2008-09 ലെ മാന്ദ്യത്തെ മറികടന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ കടപ്പത്രം കൂടി ഒ എം ഒ വഴി തിരിച്ചു വാങ്ങുമെന്നു റിസര്‍വ് ബാങ്ക് പുതിയ പണനയത്തില്‍ അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine