താഴ്ചയിലും പ്രതീക്ഷ; സമ്പാദ്യ പലിശ കുറയുന്നു; തൊഴിൽ നിയമ പരിഷ്കാരം നീട്ടിവയ്ക്കുന്നു; വ്യവസായ ഉൽപാദനത്തിൽ ഇടിവ്

ധനകാര്യ വർഷത്തിൻ്റെ അവസാനം വിപണി സൂചികകൾ താഴ്ന്നെങ്കിലും ഒരു ദശകത്തിനുള്ളിലെ ഏറ്റവും മികച്ച വർഷമാണു കടന്നു പോയത്. വർഷാന്ത സൂചനകൾ പ്രതീക്ഷ നൽകുന്നതുമാണ്.

വിദേശ ഫണ്ടുകൾ വിൽപനക്കാരായതാണു ബുധനാഴ്ച സെൻസെക്സിൽ 1.25 ശതമാനം ഇടിവിനു കാരണമായത്. നിഫ്റ്റി 1.04 ശതമാനം താണു. പuതികൾ 1685.91 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ 2081.52 കോടി രൂപ നിക്ഷേപിച്ചെങ്കിലും സൂചികകളെ ഉയർത്താൻ അതു പര്യാപ്തമായില്ല.

നിഫ്റ്റിക്ക് 14,635-ലും 14,580- ലും ശക്തമായ സപ്പോർട്ടാണ് സാങ്കേതിക വിശകലനക്കാർ കാണുന്നത്. 14,780-ൽ തടസം പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 14,500-നു താഴേക്കു നീങ്ങിയാൽ 14,250-ൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുമെന്നാണു നിഗമനം. മറിച്ച് ഉയർച്ചയിലായാൽ 14,950 കടക്കുന്ന പക്ഷം 15,300 ലക്ഷ്യമിടാൻ കഴിയും.

ഐടി ഓഹരികളിലെ ലാഭമെടുപ്പും എച്ച്ഡിഎഫ്സി ദ്വയങ്ങളിലെ വിൽപന സമ്മർദവുമാണ് ഇന്നലെ സൂചികകളെ വലിച്ചു താഴ്ത്തിയത്. പി നോട്ട് (പാർട്ടിസിപ്പേറ്ററി നോട്ട് ) നിക്ഷേപങ്ങളിൽ വലിയ പങ്ക് വിദേശ ഹെഡ്ജ് ഫണ്ടുകളുടേതാണെന്നും വേണ്ടത്ര മാർജിൻ പണമില്ലാത്തതിനാൽ അവയിൽ വിൽപന സമ്മർദമുണ്ട)കുമെന്നും കിംവദന്തി പരന്നതും വിപണിയെ ബാധിച്ചു.

ഇന്നലെ യൂറോപ്യൻ ഓഹരികൾ താഴ്ന്നെങ്കിലും അമേരിക്കൻ വിപണി ഉണർവ് കാണിച്ചു. പ്രസിഡൻ്റ് ബൈഡൻ്റെ നികുതി നിർദേശങ്ങൾ മിതമാണെന്ന വിലയിരുത്തലാണു വിപണിയെ തുണച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് 2.25 ലക്ഷം കോടി ഡോളറിൻ്റെ പദ്ധതി ബൈഡൻ പ്രഖ്യാപിച്ചു. ഇതിനു പണമുണ്ടാക്കാൻ കമ്പനികളുടെയും വ്യക്തികളുടെയും ആദായ നികുതിയും പേറോൾ ടാക്സും വർധിപ്പിച്ചു. ഡോണൾഡ് ട്രംപ് നൽകിയ ഇളവുകൾ പിൻവലിച്ചു എന്നു വിശാലമായി പറയാം. നികുതി നിർദേശങ്ങൾ വിപണി ആശങ്കപ്പെട്ടതു പോലെ കടുത്തതായില്ല. അതിൻ്റെ ആശ്വാസം വിപണികളിലുണ്ടായി.

ഇന്നു രാവിലെ ഏഷ്യൻ വിപണികളെല്ലാം ഒരു ശതമാനത്തോളം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ഇന്ത്യയിലും അതിൻ്റെ പ്രതിഫലനമുണ്ടാകാം.

എസ്ജിഎക്‌സ് നിഫ്റ്റി 14,814-ലാണ് ആദ്യ സെഷൻ ക്ലോസ് ചെയ്തത്. ഇന്നു വിപണി ഉയരത്തിൽ തുടങ്ങുമെന്ന പ്രതീക്ഷയാണ് ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.

ക്രൂഡ് ഓയിൽ വില താണു നിൽക്കുന്നു. ബ്രെൻ്റ് ഇനം 63.5 ഡോളറിലാണ്. ഉൽപാദനം കൂട്ടുകയില്ലെങ്കിലും ലഭ്യതയിൽ കുറവു വരികയില്ലെന്നാണു വിപണി കണക്കാക്കുന്നത്.

ഡോളർ താണു, സ്വർണം കയറി

സ്വർണവില വീണ്ടും 1700 ഡോളറിനു മുകളിലെത്തി. ഡോളർ അൽപം ദുർബലമായതാണു കാരണം. ഇന്നലെ 1678 ഡോളർ വരെ താണതാണ്. ഇന്നു രാവിലെ 1707-1709 ഡോളറിലാണു വ്യാപാരം. കേരളത്തിൽ വില ഉയരും.

അമേരിക്കൻ ഡോളർ രണ്ടു ദിവസത്തെ കയറ്റത്തിനു ശേഷം ഇന്നലെ താണു. 39 പൈസ കുറഞ്ഞ് 73.12 രൂപയായി ഡോളർ നിരക്ക്.

പണനയത്തിൻ്റെ ലക്ഷ്യം മാറ്റില്ല

റിസർവ് ബാങ്കിൻ്റെ പണനയത്തിനു ലക്ഷ്യമിടേണ്ട വിലക്കയറ്റ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. രണ്ടു ശതമാനം മുതൽ ആറു ശതമാനം വരെയായിരിക്കണം ചില്ലറ വിലക്കയറ്റം. കഴിഞ്ഞ അഞ്ചുവർഷവും ഇതായിരുന്നു ലക്ഷ്യം. പുതിയ ലക്ഷ്യം 2026 വരെയാണ്.

ലോക്ക് ഡൗണിനു ശേഷം പ്രഖ്യാപിച്ച അടിയന്തര വായ്പാ ഗാരൻ്റി സ്കീം (ഇസിഎൽജിഎസ്) ജൂൺ 30 വരെ നീട്ടി. ഹോട്ടൽ, ടൂറിസം മേഖലകൾ കൂടി സ്കീമിൽ പെടുത്തി.

ലഘുസമ്പാദ്യ പലിശ കുറച്ചു

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലും നിരക്ക് കുറച്ചിരുന്നു. ഏപ്രിൽ-ജൂൺ കാലത്തേക്കാണു പുതിയ നിരക്ക്. 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ കുറവു വരുത്തി.

പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിൻ്റെ പലിശ 7.4 -ൽ നിന്ന് 6.5 ശതമാനമാക്കി. കിസാൻ വികാസ് പത്ര 6.9-ൽ നിന്ന് 6.2 ശതമാനമാക്കി. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിലെ പലിശ 7.4 -ൽ നിന്ന് 6.5 ശതമാനമാക്കി.

സുകന്യ സമൃദ്ധി യോജനയുടേത് 7.6 - ൽ നിന്ന് 6.9 ശതമാനമാക്കി.നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ പലിശ 6.8-ൽ നിന്ന് 5.9 ശതമാനമാക്കി.

കാതൽ മേഖലയിൽ കനത്ത ഇടിവ്

വ്യവസായ വളർച്ച സംബന്ധിച്ച ആശങ്ക വളർത്തിക്കൊണ്ട് ഫെബ്രുവരിയിലെ കാതൽ മേഖലയുടെ ഉൽപാദനം കുത്തനെ താണു. എട്ടു കാതൽ മേഖലാ വ്യവസായങ്ങളുടെ ഉൽപാദനം 4.6 ശതമാനം കുറഞ്ഞു. ജനുവരിയിൽ 0.9 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്.

കാതൽ മേഖലയ്ക്കു വ്യവസായ ഉൽപാദന സൂചിക (ഐഐപി) യിൽ 40.27 ശതമാനം പങ്കുണ്ട്. നാലാം പാദത്തിലെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്നതാണ് കാതൽ മേഖലയുടെ പ്രകടനം.

കാതൽ വിഭാഗത്തിലെ എട്ടു വ്യവസായങ്ങളിലും ഉൽപാദനം താഴോട്ടു പോയി എന്നതാണു ഫെബ്രുവരിയിലെ കണക്കിൻ്റെ പ്രത്യേകത. ലോക്ക് ഡൗൺ കഴിഞ്ഞ ശേഷം എല്ലാ മാസവും വർധന കാണിച്ചിരുന്ന വൈദ്യുതി ഉൽപാദനം 0.2 ശതമാനം താണു. കൽക്കരി 4.4%, ക്രൂഡ് ഓയിൽ 3.2%, പ്രകൃതി വാതകം 1%, റിഫൈനറി ഉൽപന്നങ്ങൾ 10.9%, രാസവളം 3.7%, സ്റ്റീൽ 1.8%, സിമൻറ് 5.5% എന്നിങ്ങനെയാണു മറ്റു വ്യവസായങ്ങളിലെ തളർച്ച.

ഇതോടെ ഏപ്രിൽ-ഫെബ്രുവരിയിലെ കാതൽ മേഖലയുടെ തളർച്ച 8.3 ശതമാനമായി. ഈ സാമ്പത്തിക വർഷം കാതൽ മേഖല മൂന്നു മാസമേ വളർച്ച കാണിച്ചുള്ളു. സെപ്റ്റംബറിൽ 0.6%, ഡിസംബറിൽ 0.2%, ജനുവരിയിൽ 0.9% എന്നിങ്ങനെയാണു വളർച്ച.

ജനുവരിയിൽ വ്യവസായ ഉൽപാദനം 1.6 ശതമാനം കുറഞ്ഞിരുന്നു. ഏപ്രിൽ-ജനവരിയിലെ വ്യവസായ ഉൽപാദനം 12.2 ശതമാനമാണു കുറഞ്ഞത്.

ധനകമ്മി പ്രതീക്ഷയിലും കുറവാകും

കേന്ദ്ര സർക്കാരിൻ്റെ 2020-21 ധനകമ്മി പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കുറവാകാൻ സാധ്യത. ഫെബ്രുവരി വരെയുള്ള കണക്കും മാർച്ചിലെ വരുമാനത്തിൽ കണ്ട ഉണർവും ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു.

2020 ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ 7.96 ലക്ഷം കോടി രൂപ (ജിഡിപിയുടെ 3.5 ശതമാനം) കമ്മിയാണു പ്രതീക്ഷിച്ചത്. അന്നു കോവിഡ് ഭീഷണി ആയിരുന്നില്ല. കോവിഡ് - ലോക്ക് ഡൗൺ ആഘാതങ്ങൾ കണക്കിലെടുത്ത് ഈ ഫെബ്രുവരിയിൽ പുതുക്കിയ എസ്റ്റിമേറ്റ് അവതരിപ്പിച്ചപ്പോൾ ചെലവും കമ്മിയും വർധിപ്പിച്ചു. ചെലവ് 30.42 ലക്ഷം കോടിയിൽ നിന്ന് 34.5 ലക്ഷം കോടിയിലേക്കു കൂട്ടി. കമ്മി 18.485 ലക്ഷം കോടി രൂപ (ജിഡിപിയുടെ 9.5 ശതമാനം) ആകുമെന്നു കണക്കാക്കി.

ഏപ്രിൽ-ഫെബ്രുവരി കാലത്തെ കമ്മി 14.06 ലക്ഷം കോടിയാണെന്നു കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിൻ്റെ കണക്കിൽ കാണുന്നു. ഇതു പുതുക്കിയ എസ്റ്റിമേറ്റിലെ വാർഷിക കമ്മിയുടെ 76 ശതമാനമാണ്. ഇക്കാലത്തെ ചെലവ് 28.19 ലക്ഷം കോടി രൂപയാണ്.

മാർച്ചിൽ നികുതി വരുമാനത്തിലുള്ള പതിവ് കുതിപ്പ് ഉണ്ടായാൽ കമ്മി പുതുക്കിയ എസ്റ്റിമേറ്റിൽ നിന്ന് ഒന്നര ലക്ഷം കോടി രൂപ കുറവാകുമെന്നാണു പ്രതീക്ഷ. ധനകമ്മി 17 ലക്ഷം കോടിയിൽ അൽപം കൂടുതലാകും. ജിഡിപി യുടെ ഒൻപതു ശതമാനത്തിൽ താഴെയാകാം ആ തുക.

യഥാർഥ കമ്മിയും വരവും പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ മെച്ചമാകുന്നത് എസ്റ്റിമേറ്റ് തയാറാക്കുന്നതിലെ പോരായ്മയാണോ കാണിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്.

പുതിയ തൊഴിൽ കോഡ് ഇപ്പോൾ ഇല്ല

തൊഴിൽനിയമ പരിഷ്കാരങ്ങൾ ഉടനെ നടപ്പാക്കില്ല. ഇന്ന് അവ നടപ്പാക്കേണ്ടതായിരുന്നു. പക്ഷേ അവ നടപ്പാക്കൽ നീട്ടിവച്ചു.

നാലു കോഡുകളാണു തൊഴിൽ സംബന്ധമായ നടപ്പാക്കാൻ പാർലമെൻ്റ് പാസാക്കിയത്. ശമ്പളം, സാമൂഹ്യസുരക്ഷ, വ്യവസായ ബന്ധങ്ങൾ, തൊഴിൽ സാഹചര്യങ്ങളും ആരോഗ്യവും സുരക്ഷിതത്വവും എന്നിങ്ങനെയാണു നാലു കോഡുകൾ.

ഇതിൽ ശമ്പള കോഡ് ജീവനക്കാർക്കും കമ്പനികൾക്കും പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ പിഎഫ് വിഹിതം വർധിക്കുന്നതിനാൽ വീട്ടിലേക്കു കൊണ്ടുപോകാവുന്ന തുക കുറയും. വേതനത്തിൽ പകുതി അടിസ്ഥാന വേതനമാകണമെന്ന വ്യവസ്ഥ കമ്പനികൾക്കു ചെലവ് വർധിപ്പിക്കും. പി എഫ് വിഹിതവും കൂടും. കമ്പനികൾക്കു ശമ്പളച്ചെലവ് 10 ശതമാനം കൂട്ടുന്നതാണു ശമ്പളകോഡ് എന്നു കണക്കാക്കപ്പെടുന്നു.

നിയമിക്കലും പിരിച്ചുവിടീലും സുഗമമാക്കുകയും ജീവനക്കാരുടെ സാമൂഹ്യ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ കോഡുകൾ എന്നാണ് സർക്കാർ അവകാശവാദം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it