കോവിഡ് ആശങ്ക മുന്നിൽ; വളർച്ച പ്രവചനങ്ങളിൽ തിരുത്തൽ; വിദേശികൾ ഓഹരി വാങ്ങുന്നു

തികഞ്ഞ ആശങ്കയുടെ മധ്യത്തിലാണ് വിപണി ഇന്നു പുതിയ ആഴ്ചയ്ക്കു തുടക്കമിടുക. കോവിഡ് വ്യാപനം എല്ലാ പ്രതീക്ഷകളെയും മറികടന്നു. പ്രാദേശിക 'മൃദു' ലോക്ക് ഡൗണുകൾ, കർഫ്യു, പ്രാദേശിക നിയന്ത്രണങ്ങൾ തുടങ്ങിയവയിലൂടെ കാര്യങ്ങൾ നേരിടാനാണു രാജ്യം ശ്രമിക്കുന്നത്. വേണ്ടത്ര ചികിത്സാ സംവിധാനവും മരുന്നും ഓക്സിജനും വാക്സിനും ഇല്ലെന്നതു പ്രശ്നത്തിൻ്റെ ഗുരുതരാവസ്ഥ വർധിപ്പിക്കുന്നു.

സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രവചനങ്ങൾ തിരുത്തുകയാണു ബ്രോക്കറേജുകളും റേറ്റിംഗ് ഏജൻസികളും. 12.5 ശതമാനം മുതൽ 13.5 ശതമാനം വരെ ഇക്കൊല്ലം വളർച്ച പ്രതീക്ഷിച്ചതു 10-12 ശതമാനത്തിലേക്കു മിക്കവരും തിരുത്തി.2020-21-ലെ എട്ടു ശതമാനം ചുരുങ്ങലിനു ശേഷം ഇരട്ടയക്ക വളർച്ച ഉണ്ടായില്ലെങ്കിൽ രാജ്യം ഏറെ പിന്നോട്ടു പോകും എന്ന് എല്ലാവർക്കും അറിയാം. രോഗത്തിൻ്റെ തീവ്ര വ്യാപനം ജനങ്ങളെ ചെലവു ചെയ്യുന്നതിൽ നിന്നു തടയുമെന്നാണു ഭീതി.
വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്ത ഇന്ത്യൻ വിപണി ഇന്ന് ഉണർവോടെ തുടങ്ങാൻ കഴിഞ്ഞാലേ മേലോട്ടു പോകാൻ കരുത്തു നേടൂ. അമേരിക്കൻ, യൂറോപ്യൻ ഓഹരികൾ റിക്കാർഡ് നിലവാരത്തിലേക്കു കയറി. എന്നാൽ ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ സമ്മിശ്ര സൂചനയാണു നൽകുന്നത്. പ്രധാന സൂചികകൾ താഴോട്ടാണ്.
നിഫ്റ്റി ഇന്നു 14,700 മറികടന്നാലേ തുടർന്നു മുന്നേറാൻ കരുത്തു നേടൂ. ഇതു സാധിച്ചില്ലെങ്കിൽ വീണ്ടും 14, 250 ലേക്കു വീഴാനുള്ള സാധ്യത വലുതാണെന്നു സാങ്കേതിക വിശകലനക്കാർ മുന്നറിയിപ്പ് നൽകുന്നു.
ഇന്നു രാവിലെ എസ് ജി എക്സ് നിഫ്റ്റി കുത്തനെ താണ് 14,488 വരെ എത്തി. വെള്ളിയാഴ്ച 14,640-ൽ ഒന്നാം സെഷൻ ക്ലോസ് ചെയ്തതാണ്. ഇന്ന് താഴ്ന്ന തുടക്കമാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
ഈ വർഷവും മൺസൂൺ ശരാശരി മഴ നൽകുമെന്നു കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ദീർഘകാല ശരാശരിയുടെ 98 ശതമാനമാണു പ്രവചനം. എന്നാൽ വടക്കുകിഴക്കു വരൾച്ച സാധ്യത സൂചിപിക്കുന്നുണ്ട്. സ്വകാര്യ ഏജൻസി സ്കൈമെറ്റ് 102 ശതമാനം മഴ പ്രവചിച്ചു. ഒപ്പം വടക്കുപടിഞ്ഞാറൻ സമതലത്തിൽ (പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യു പി) വരൾച്ച സാധ്യതയും.
തുടർച്ചയായ മൂന്നാം വർഷവും നല്ല മഴ പ്രവചിച്ചെങ്കിലും ആവേശകരമായി ഒന്നുമില്ലെന്നതാണു സത്യം. കഴിഞ്ഞ വർഷം ഒൻപതു ശതമാനം അധിക മഴ ലഭിച്ചതാണ്. അതു പ്രവചനത്തേക്കാൾ വളരെ കൂടുതലായിരുന്നു.
എച്ച് ഡി എഫ് സി ബാങ്കിൻ്റെ റിസൽട്ട് മികച്ച തായെങ്കിലും പ്രതീക്ഷയോളം വന്നില്ല.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 438 കോടി രൂപയുടെ ഓഹരികൾ വാങ്ങി. എന്നാൽ അവരുടെ നിക്ഷേപ സമീപനം ഇനിയും പോസിറ്റീവ് ആയിട്ടില്ല.
ഡോളർ വിനിമയ വിപണിയിൽ ദൗർബല്യം തുടരുന്നു. വെള്ളിയാഴ്ച ഇന്ത്യൻ രൂപ നല്ല നേട്ടമുണ്ടാക്കി.എന്നാൽ ഇന്നു രൂപ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടും.
സ്വർണ വില 1782 ഡോളർ വരെ കയറിയിട്ട് ഇന്നു രാവിലെ 1778-ൽ വ്യാപാരം നടക്കുന്നു. കേരളത്തിൽ പവന് 35,320-ലേക്കു ശനിയാഴ്ച കയറിയ വില ഇന്ന് അൽപം കൂടിയേക്കും. ഡോളർ നിരക്കാണു നിർണായകമാകുക.
ക്രൂഡ് ഓയിൽ വില 67 ഡോളറിൽ നിന്ന് 66.46 ഡോളറിലേക്കു താണു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it