അവധിക്കു ശേഷം നിർണായകം കോവിഡ് വ്യാപനം; ക്രൂഡ് താഴുന്നു; വിദേശികൾ വീണ്ടും വിൽപനയിൽ

വാക്സിൻ വിതരണം വ്യാപകമാക്കും എന്നതിൻ്റെ പേരിൽ ആവേശം പൂണ്ട ഓഹരി വിപണിക്കു ചൊവ്വാഴ്ച ആ ആവേശം നിലനിർത്താനായില്ല. ജാപ്പനീസ്, യൂറോപ്യൻ, അമേരിക്കൻ വിപണികൾ നൽകിയ ദൗർബല്യ സൂചനകൾ വിപണിയെ താഴോട്ടു വലിച്ചു. സെൻസെക്സ് രാവിലെ എത്തിയ ഉയരത്തിൽ നിന്ന് 1000 പോയിൻ്റ് താഴേക്കു പതിച്ചു. പിന്നീട് 243.62 പോയിൻ്റ് നഷ്ടത്തിൽ 47,705.8 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 63.05 പോയിൻ്റ് താണ് 14,296.4 ൽ വ്യാപാരം നിർത്തി.

രാമനവമി പ്രമാണിച്ച് വിപണി ഇന്ന് അവധിയിലാണ്.

രാജ്യത്തെ കോവിഡ് വ്യാപനം പ്രതിദിനം മൂന്നു ലക്ഷം രോഗബാധ, രണ്ടായിരത്തിലേറെ മരണം എന്ന തോതിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇത് കൂടുതൽ പ്രദേശങ്ങളെ ലോക്ക് ഡൗണിലാക്കും. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിപ്പോക്കും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. നാളെ വിപണി പുനരാരംഭിക്കുമ്പോൾ ഇതെല്ലാം നിക്ഷേപക മനോഭാവത്തെ സ്വാധീനിക്കും.
ഇന്നലെ അമേരിക്കൻ സൂചികകൾ ഒരു ശതമാനത്തോളം താണു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സുംസും ഗണ്യമായി താഴെയാണ്.ചൊവ്വാഴ്ച രണ്ടു ശതമാനം ഇടിഞ്ഞ ജാപ്പനീസ് നിക്കൈ ഇന്നു തുടക്കത്തിൽ ഒന്നര ശതമാനം താഴ്ന്നു.
എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 14,203-ൽ ക്ലോസ് ചെയ്തു. ഈ വിലയിൽ വിൽപന സൂചനയാണു ടെക്നിക്കൽ ചാർട്ടുകൾ നൽകുന്നത്.
2021-ൽ ഇന്ധന ഉപയോഗം 4.1 ശതമാനം കൂടുമെന്ന് ഇൻ്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) പ്രവചിച്ചെങ്കിലും ക്രൂഡ് ഓയിൽ വില താണു. ബ്രെൻ്റ് ഇനം 67.74 ഡോളറിൽ നിന്ന് 66.25 ലേക്കു താഴ്ന്നു.
സ്വർണ വില ഔൺസിന് 1780 ഡോളറിലേക്കു വീണ്ടും കയറി.
ബിറ്റ് കോയിൻ വില 63,600 ഡോളറിൽ എത്തിയ ശേഷം താണ് 56,000 ഡോളറിനു താഴെയായി. ഇന്ത്യയിൽ ബിറ്റ് കോയിൻ വ്യാപാരത്തിലുള്ളവർ 70 ലക്ഷത്തിലേറെയാണെന്നു പറയപ്പെടുന്നു.

കേന്ദ്ര നിലപാടിനു വിമർശനം

കോവിഡ് വാക്സിൻ വിതരണവും ലോക്ക് ഡൗണും സംബന്ധിച്ച കാര്യങ്ങളിൽ ചുമതല സംസ്ഥാനങ്ങൾക്കു വിട്ടുകൊടുത്ത കേന്ദ്ര നിലപാട് പ്രശ്നങ്ങളിലേക്കു നയിക്കുമെന്ന ഭയപ്പാടുണ്ട്.
കേന്ദ്രത്തിനു നൽകിയതിലും കൂടിയ വിലയ്ക്കാകും കമ്പനികൾ സംസ്ഥാനങ്ങൾക്കു വാക്സിൻ നൽകുക. സാമ്പത്തിക ശേഷിയില്ലാത്ത സംസ്ഥാനങ്ങൾ ഇതുമൂലം വിഷമിക്കും. നിർണായക ഘട്ടത്തിൽ കേന്ദ്രം കൈമലർത്തുന്നു എന്നാണു വിമർശനം.
രാജ്യത്തെ വാക്സിൻ ഉൽപാദനശേഷി ഇപ്പോൾ ഏഴരക്കോടി ഡോസ് മാത്രമാണ്. ഇതു പത്തുകോടിയിലേക്ക് ജൂലൈയിലേ എത്തൂ. വാക്സിൻ വിതരണം പെട്ടെന്ന് ഊർജിതമാക്കാൻ പറ്റില്ല. അതിൻ്റെ പഴി സംസ്ഥാനങ്ങൾക്കു കൈമാറുകയാണു കേന്ദ്രം എന്നും ആക്ഷേപമുയരുന്നു. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിൻ്റെ ഉത്തരവാദിത്വവും സംസ്ഥാനങ്ങളെ ഏൽപ്പിച്ചു കേന്ദ്രം കൈ കഴുകുകയാണെന്നാണു പ്രതിപക്ഷ വാദം.

വളർച്ചയിൽ തളർച്ച

ലോക്ക് ഡൗൺ ഇല്ലെങ്കിലും പ്രാദേശിക നിയന്ത്രണങ്ങൾ ഇതിനകം സാമ്പത്തിക സൂചകങ്ങളെ താഴേക്കു വലിച്ചു. നൊമുറ ഇന്ത്യയുടെ ബിസിനസ് റിസംപ്ഷൻ സൂചിക 16.6 ശതമാനം ഇടിഞ്ഞു. ജിഎസ്ടി യിലെ ഇ വേ ബിൽ 30 ശതമാനത്തോളം കുറഞ്ഞു. ഗതാഗതത്തോത് കാണിക്കുന്ന ഗൂഗിൾ മൊബിലിറ്റി സൂചികയും ഇടിഞ്ഞു.
ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഇക്ര 2021-22-ലെ വളർച്ച നിരക്ക് 0.5 ശതമാനം കുറയുമെന്നു വിലയിരുത്തി. എങ്കിലും 10 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. നൊമുറയും ഈയിടെ വളർച്ച പ്രതീക്ഷ താഴ്ത്തി.

വിദേശികൾ വിറ്റു മാറുന്നു

വിദേശികൾ വിപണിയിൽ നിന്നു പണം പിൻവലിക്കുകയാണ്. ഈ മാസം ഇതു വരെ 109 കോടി ഡോളർ പിൻവലിച്ചു. ചൊവ്വാഴ്ച 1082 കോടി രൂപയുടെ ഓഹരികളാണു വിദേശികൾ വിറ്റത്. ഫെബ്രുവരി 15-ലെ നിലയിൽ നിന്നു സെൻസെക്സ് 8.1 ശതമാനം താണത് വിദേശികളുടെ പിൻവാങ്ങലിൻ്റെ ഫലമാണ്. ഡോളർ ജനുവരി ആദ്യം 73.13 രൂപയിലായിരുന്നതു ചൊവ്വാഴ്ച 74.88 രൂപയായി. രൂപയുടെ മൂല്യത്തിൽ 2.4 ശതമാനം ഇടിവ്. ഇതും വിദേശ നിക്ഷേപകരുടെ നിലപാടു മാറ്റത്തിൻ്റെ ഫലമാണ്.

പേരിൽ ഓക്സിജൻ ഉണ്ടായതു കൊണ്ട്

രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷം. ഒരു മാസം മുമ്പുവരെ ഓക്സിജൻ കയറ്റുമതി ചെയ്തിതിരുന്ന ഇന്ത്യ ഇപ്പാേൾ എവിടെ നിന്നു കിട്ടുമെന്നറിയാതെ വലയുന്നു. ഓക്സിജൻ നിർമിക്കുന്ന കമ്പനികളുടെ ഓഹരികൾക്കു ഡിമാൻഡ് കൂടുന്നത് സ്വാഭാവികം.
എന്നാൽ കമ്പനിയുടെ പേരിൽ ഓക്സിജൻ ഉള്ളതിൻ്റെ പേരിൽ വില ഇരട്ടിയിലേറെ ആയ കഥയാണ് ബോംബെ ഓക്സിജന് പറയാനുള്ളത്. ഓഹരിവില മാർച് 31-ലെ 11,025 ൽ നിന്ന് ഇന്നലെ 25,500 രൂപയായി. 131.3 ശതമാനം വർധന. പക്ഷേ, കമ്പനി ഓക്സിജൻ നിർമിക്കുന്നില്ല. കമ്പനി നഷ്ടത്തിലുമാണ്.
1960-ൽ ബോംബെ ഓക്സിജൻ കോർപറേഷൻ ആയി രൂപീകരിച്ച കമ്പനി അക്കാലത്ത് ഓക്സിജനും വ്യാവസായിക വാതകങ്ങളും നിർമിച്ചു വിറ്റിരുന്നു. പക്ഷേ 2019-ൽ കമ്പനി നിയമാവലി ഭേദഗതി ചെയ്ത് ധനകാര്യ കമ്പനിയായി. പേര് ബോംബെ ഓക്സിജൻ ഇൻവെസ്റ്റ്മെൻ്റ്സ് ലിമിറ്റഡ് എന്നു മാറ്റി. ഇതറിയാതെയാണു വിപണി ഓഹരിവില കൂട്ടിയത്.
ഹർഷദ് മേത്തയുടെ കാലത്ത് കർണാടക ബോൾ ബെയറിംഗ്സിൻ്റെ വില കുതിച്ചതുമായി ഇതിനു സാമ്യമുണ്ട്. ഹർഷദ് മേത്തയോടു കർണാടക സംസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥൻ കർണാടകയിൽ നിക്ഷേപിച്ചാൽ ഇരട്ടി വളർച്ച ഒരു വർഷം കൊണ്ട് ഉണ്ടാകുമെന്ന് പറയുന്നത് ആരോ കേട്ടു. പേരിൽ കർണാടക ഉള്ള ഏതാേ കമ്പനിയിൽ മേത്ത നിക്ഷേപിക്കാൻ പോകുന്നു എന്നാണ് അയാൾ മനസിലാക്കിയത്. അന്നു കർണാടക ബോൾ ബെയറിംഗ്സ് മാത്രമാണ് പേരിൽ കർണാടക ഉള്ളതായ ഏക ലിസ്റ്റഡ് കമ്പനി. അതിൽ ഊഹക്കച്ചവടം തുടങ്ങി. ഓഹരി വില രണ്ടു രൂപയിൽ നിന്ന് 3200 വരെ വർധിച്ചു.
കമ്പനി വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു എന്നതു വിപണി മനസിലാക്കിയത് വൈകിയാണ്.
ഓക്സിജൻ നിർമാണ കമ്പനികളായ നാഷണൽ ഓക്സിജൻ, ഭഗവതി ഓക്സിജൻ, ലിൻഡെ ഇന്ത്യ, ഗഗൻ ഗ്യാസ് തുടങ്ങിയവയുടെ വില ഈയിടെ കുതിച്ചു കയറി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it