ആവേശം തുടരാൻ ശ്രമിക്കും; കോവിഡ് ആശങ്ക നിഴൽ വീഴ്ത്തും; റേറ്റിംഗുകാർ പറയുന്നത്

വ്യാഴാഴ്ച താഴ്ന്നു തുടങ്ങിയിട്ടു വീണ്ടും താഴോട്ടു പോയ ഇന്ത്യൻ വിപണി ഉച്ചയ്ക്കു ശേഷം തിരിച്ചു കയറി. മുക്കാൽ ശതമാനം ഉയർന്നാണു സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 48,000-വും നിഫ്റ്റി 14,400 ഉം കടന്നു. ഇന്ന് ഈ നേട്ടം നിലനിർത്താൻ സാധിക്കുമോ എന്ന ചോദ്യം ഉയരുന്നു.

കോവിഡ് വ്യാപനവും പ്രസിഡൻ്റ് ജോ ബൈഡൻ്റെ നികുതി നിർദേശവും അമേരിക്കൻ ഓഹരികളെ ഇന്നലെ വലിച്ചു താഴ്ത്തി. അതിൻ്റെ തുടർച്ചയായി ഏഷ്യൻ വിപണികളും തുടക്കത്തിൽ താഴോട്ടു നീങ്ങി. ജപ്പാനിലെ നിക്കൈ തുടക്കത്തിൽ 1.1 ശതമാനം താഴെയായി.തലേന്നു രണ്ടു ശതമാനം ഉയർന്നതാണ്.
എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 14, 277-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ തുടക്കം 14,263 ലാണ്. നിഫ്റ്റിയിൽ ഡെറിവേറ്റീവ് വിപണി താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്.
ഇപ്പോഴത്തെ നിലയിൽ നിന്നു താഴോട്ടു നീങ്ങിയാൽ കൂടുതൽ തിരുത്തലിന്‌ കാരണമാകുമെന്നു സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നു.

കോവിഡ് ബാധ വീണ്ടും മൂന്നു ലക്ഷം കവിഞ്ഞു

ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് ബാധ മൂന്നു ലക്ഷത്തിനു മുകളിലായി. വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 3.15 ലക്ഷം പേർ രോഗികളായെങ്കിൽ ഇന്നു രാവിലെ സംഖ്യ 3.32 ലക്ഷമാണ്. അഞ്ചു ശതമാനം വർധന. മരണസംഖ്യ 2256-ലേക്കു കയറി. വാക്സിൻ, ഓക്സിജൻ, മരുന്ന്, ആശുപത്രി സൗകര്യം എന്നിവയിലെല്ലാം ക്ഷാമവും പ്രതിസന്ധിയും തുടരുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിയതോടെ വിദേശ മാധ്യമങ്ങൾ ഇന്ത്യയുടെ കോവിഡ് പരാജയം എടുത്തു കാണിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു തുടങ്ങി.
നഗരങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്കു രോഗവ്യാപനം കടന്നു ചെന്നെന്നും റിപ്പോർട്ടുണ്ട്. 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ എത്തിക്കാൻ 62,000 കോടി രൂപ വേണ്ടി വരും. പുതിയ കേന്ദ്രനയം അനുസരിച്ച് ഇതിൽ 44,000 കോടി സംസ്ഥാനങ്ങൾ മുടക്കണം.

ഓക്സിജനു വേണ്ടി

രാജ്യത്തു ഓക്സിജൻ ലഭ്യത കൂട്ടാൻ സ്റ്റീൽ - അലൂമിനിയം - ചെമ്പ് കമ്പനികളോടും ക്രൂഡ് ഓയിൽ റിഫൈനറികളോടും ഗവണ്മെൻ്റ് ആവശ്യപ്പെട്ടു. ജപ്പാനിൽ നിന്നും ചൈനയിൽ നിന്നും ഇറക്കുമതിക്കും ശ്രമമുണ്ട്. 50,000 ടൺ ഓക്സിജന് അന്താരാഷ്ട്ര ടെൻഡർ വിളിച്ചു. സിംഗപ്പുരിലും ഗൾഫിലും നിന്നാകും ആദ്യ ബാച്ച് എത്തുക.
കൂടുതൽ ഓക്സിജൻ സിലിണ്ടറുകളും ക്രയോജനിക് കണ്ടെയ്നറുകളും നിർമിക്കാനും നിർദേശം നൽകി. മൈനസ് 183 ഡിഗ്രി സെൽഷസിൽ ഓക്സിജൻ സൂക്ഷിക്കാവുന്ന ഇത്തരം കണ്ടെയ്നറുകൾ ചൈനയിൽ നിന്നു ലഭിച്ചേക്കും. വ്യോമസേനയുടെ ചരക്കു വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്നലെ ബംഗാളിലെ ദുർഗാപുരിൽ നിന്നു ഡൽഹിയിൽ ഓക്സിജൻ എത്തിച്ചത്.

വളർച്ചയെ ബാധിക്കും

ലോക്ക് ഡൗൺ ഇല്ലെങ്കിലും നിരവധി മേഖലകളെ തളർത്തുന്ന നിയന്ത്രണങ്ങളാണു രാജ്യത്തു നടപ്പാക്കുന്നത്. ഇതു വളർച്ചയെ എത്ര കണ്ടു ബാധിക്കുമെന്ന് ഏതാനും ആഴ്ച കഴിഞ്ഞേ വിലയിരുത്തൽ ഉണ്ടാകൂ.
കോവിഡ് വ്യാപനം വളർച്ചയെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയമാണെന്നു പണനയ കമ്മിറ്റി യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ചേർന്ന കമ്മിറ്റിയുടെ മിനിറ്റ്സിലാണ് ഇതു പറയുന്നത്. അതിനു ശേഷം സ്ഥിതി അതീവ ഗുരുതരമായി.

റേറ്റിംഗ് ഭീഷണി

ഫിച്ച് റേറ്റിംഗ്സ് ഇന്ത്യയുടെ റേറ്റിംഗ് ട്രിപ്പിൾ ബി നെഗറ്റീവ് നിലനിർത്തി. പ്രതീക്ഷ നെഗറ്റീവ് ആണെന്നും പറഞ്ഞു. കോവിഡ് പ്രത്യാഘാതം മുഴുവൻ വിലയിരുത്തിയിട്ടില്ല എന്നാണു റേറ്റിംഗ് ഏജൻസി പറഞ്ഞത്. ജിഡിപി വളർച്ച പ്രതീക്ഷ 12.8 ശതമാനവും നിലനിർത്തി. സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) വളർച്ച പ്രതീക്ഷ 11 ശതമാനം നിലനിർത്തി. കോവിഡും ലോക്ക് ഡൗണും പ്രതീക്ഷ താഴ്ത്താൻ കാരണമായേക്കാമെന്ന മുന്നറിയിപ്പും അവർ നൽകി.
പ്രസിഡൻ്റ് ബൈഡൻ 10 ലക്ഷം ഡോളറിലധികം വരുമാനമുള്ളവരുടെ മൂലധനലാഭത്തിന്മേലുള്ള നികുതി ഇരട്ടിപ്പിക്കും എന്നാണു പ്രഖ്യാപിച്ചത്. നികുതി ശരാശരി 40 ശതമാനവും ചിലർക്കു 43.4 ശതമാനവും ആകും. ഇതു വിപണി കണക്കാക്കിയതിലും വളരെ കൂടുതലാണ്. ഓഹരികളിൽ വലിയ വിൽപന സമ്മർദമുണ്ടാകുമെന്നു ബ്രോക്കറേജുകൾ കരുതുന്നു. യു എസ് സൂചികകൾ ഇന്നലെ ഒരു ശതമാനത്തോളം താണു.

ക്രൂഡ്, സ്വർണം

ക്രൂഡ് ഓയിൽ വില അൽപം ഉയർന്ന് 65.61 ഡോളറിലെത്തി. സ്വർണം 1786 ഡോളറിലാണ് ഇന്നു രാവിലെ.
ബിറ്റ് കോയിൻ വില വീണ്ടും താണ് 51,400 ഡോളറിലെത്തി.
ഡോളർ ഇന്നലെ 75 രൂപയ്ക്കു മുകളിൽ കയറിയെങ്കിലും 74.94 രൂപയിലാണു ക്ലോസ് ചെയ്തത്.

ബ്രിട്ടീഷ് കൺട്രി ക്ലബ് വാങ്ങാൻ റിലയൻസ്

ബ്രിട്ടനിലെ സ്റ്റോക്ക് പാർക്ക് എന്ന കൺട്രി ക്ലബ് 600 കോടി രൂപയ്ക്കു വാങ്ങാൻ മുകേഷ് അംബാനി ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ബക്കിങ്ങാംഷയറിലെ ഈ 300 ഏക്കർ ക്ലബ് ഊബർ ലക്ഷ്വറി ഗ്രേഡിൽ പെടുന്ന സ്പാ, ഹോട്ടൽ, ഗോൾഫ് കോഴ്സ് എന്നിവ ഉൾപ്പെടുന്നതാണ്. ആദ്യകാല ജയിംസ് ബോണ്ട് സിനിമയിലെ ഗോൾഫ് കോഴ്സ് ആണ് ഇവിടത്തേത്. 49 ബെഡ് റൂമുണ്ട്. അഞ്ച് വർഷം മുമ്പ് ഇതു വാങ്ങാൻ ഡോണൾഡ് ട്രംപ് ശ്രമിച്ചിരുന്നു.
റിലയൻസ് കഴിഞ്ഞ വർഷം ബ്രിട്ടനിലെ പ്രമുഖ കളിപ്പാട്ട റീട്ടെയിലിംഗ് കമ്പനി ഹാംലീസിനെ 620 കോടി രൂപയ്ക്കു വാങ്ങിയിരുന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it