ബുള്ളുകൾ കരുത്തോടെ; നാഴികക്കല്ല് നോക്കി സൂചികകൾ; ഫെഡ് വിപണിക്ക് ഉത്സാഹമാകും; സ്വർണവും ക്രൂഡും ഉയരുന്നു

ബുള്ളുകൾ വിപണിയിൽ കരുത്തു വർധിപ്പിച്ചു. മുഖ്യസൂചികകൾ ഇന്നു വലിയ നാഴികക്കല്ലുകൾ തിരിച്ചുപിടിക്കാനാകും ശ്രമിക്കുക.

ഇന്നലെ യൂറോപ്പ് ഉയർച്ചയിലായിരുന്നെങ്കിലും അമേരിക്കൻ സൂചികകൾ താഴോട്ടു പോയി. യു എസ് കേന്ദ്ര ബാങ്കായ ഫെഡ് കൈക്കൊണ്ട തീരുമാനങ്ങൾ വിപണി പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും ആയിരുന്നു. അതേ തുടർന്നുള്ള ലാഭമെടുക്കലാണു താഴ്ചയിലേക്കു നയിച്ചത്. പിന്നീട് അവധിവിലകൾ ഉയർന്നു.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ഉയർച്ചയോടെയാണു തുടങ്ങിയത്.
എസ് ജിഎക്സ് നിഫ്റ്റി 14,882 -ലാണ് ആദ്യ സെഷൻ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 14,985 ലേക്കു കയറി. വിപണി നല്ല ഉയർച്ചയോടെ തുടങ്ങുമെന്നാണ് ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശികൾ വാങ്ങലുകാരായി

കുറേ ദിവസങ്ങൾക്കു ശേഷം വിദേശ നിക്ഷേപകർ ഇന്നലെ വിപണിയിൽ വാങ്ങലുകാരായി. 766.02 കോടി രൂപ അവർ ഇന്നലെ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 436.2 കോടിയുടെ പുതിയ നിക്ഷേപം നടത്തി.
ഇന്ന് ഏപ്രിൽ സീരീസ് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൻ്റെ സെറ്റിൽമെൻ്റ് ദിവസമാണ്. അതിൻ്റെ ചലനം വിപണിയിൽ ഉണ്ടാകും.

ലാഭമെടുക്കൽ സമ്മർദം ഉണ്ടാകാം

നിഫ്റ്റി ഇന്നലെ 1.44 ശതമാനം കയറി 14,864.55 ൽ ക്ലോസ് ചെയ്തപ്പാേൾ സെൻസെക്സ് 1.62 ശതമാനം ഉയർന്ന് 49,733.84-ൽ അവസാനിച്ചു. നിഫ്റ്റി 14500-ഉം സെൻസെക്സ് 50,000വും ലക്ഷ്യമിട്ടാകും ഇന്നു നീങ്ങുക. ലാഭമെടുക്കലിനുള്ള സമ്മർദമാണ് ഉയർച്ചയെ ബാധിക്കാവുന്ന ഘടകം.
14,900-ൽ അതിശക്തമായ തടസങ്ങൾ ആണു സാങ്കേതിക വിശകലനക്കാർ പ്രതീക്ഷിക്കുന്നത്. അതു മറികടന്നാൽ 15,000 - 15,200 മേഖലയിലേക്കു നീങ്ങാം. മറിച്ചായാൽ 14,800-ലാണു സപ്പോർട്ട്.
മുഖ്യസൂചികകളുടെ ഒപ്പം മിഡ് ക്യാപ്പും സ്മോൾ ക്യാപ്പും ഇന്നലെ ഉയർന്നില്ല. ബാങ്ക് ഓഹരികളാണ് ഇന്നലെയും കുതിപ്പിനു മുന്നിൽ നിന്നത്. നിഫ്റ്റി ബാങ്ക് 3.04 ശതമാനം ഉയർന്നു.

സ്വർണം കുതിച്ചു; ക്രൂഡ് കയറുന്നു

ഫെഡ് തീരുമാനത്തെ തുടർന്ന് ലോക വിപണിയിൽ സ്വർണ വില ഉയർന്നു. ഇന്നലെ രാവിലെ 1763 ഡോളർ വരെ താണ സ്വർണം ഇന്നു രാവിലെ 1785-1786 മേഖലയിലേക്കു കയറി. ഇന്ത്യയിൽ ഇന്നലെ സ്വർണം, വെള്ളി നിരക്കുകൾ ഗണ്യമായി ഇടിഞ്ഞിരുന്നു. ഇന്ന് അവ തിരിച്ചുകയറുമെന്നാണു സൂചന.
പെട്രോളിയം ഉപയോഗം വർധിക്കുമെന്ന് പെടോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) വിലയിരുത്തി. ഇതും ഡോളറിൻ്റെ ദൗർബല്യവും ക്രൂഡ് ഓയിൽ വില കുതിച്ചു കയറാൻ കാരണമായി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.27 ഡോളറിലേക്കു കയറി. ഇനിയും ഉയരുമെന്നാണു സൂചന.
മേയിൽ ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസ് തീരുമാനത്തിൽ മാറ്റമില്ല. കൂടുതൽ എണ്ണ ഉൽപാദിപ്പിച്ചാലും വില കുറയില്ലെന്നാണ് ഒപെക് കരുതുന്നത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇന്ന് അവസാനിക്കുന്നതിനാൽ നാളെ മുതൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചേക്കും.

ജെറോം പവലിൻ്റെ സമവായം

റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണെങ്കിലും ഡെമോക്രാറ്റുകൾക്കും പ്രിയങ്കരനാണ് യു എസ് ഫെഡ് ചെയർമാൻ ജെറോം പവൽ. പ്രാവോ പരുന്തോ ആയി അദ്ദേഹത്തെ ചിത്രീകരിക്കാനും എളുപ്പമല്ല. വിപണിയെ നയിക്കുന്നതിനേക്കാൾ വിപണിയാൽ നയിക്കപ്പെടുന്നയാൾ എന്നു ചിലർ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് വിപണിയുടെ മോഹങ്ങൾ അദ്ദേഹം സാധിച്ചു കൊടുക്കുന്നതു കൊണ്ടാണ്. ഇന്നലെയും ഈ 68 വയസുകാരൻ വിപണിയുടെ സ്വപ്നങ്ങൾക്കു ചിറകു നൽകി.
പലിശ നിരക്ക് മാറ്റിയില്ല. അടുത്ത ഭാവിയിലൊന്നും പലിശ നിരക്ക് കൂട്ടേണ്ട കാര്യമില്ലെന്നും പവൽ വ്യക്തമാക്കി. നിലവിലുള്ള കടപ്പത്രം വാങ്ങൽ തുടരും. ഇപ്പോൾ കാണുന്ന വിലക്കയറ്റം താൽക്കാലികം മാത്രമാണെന്നു പവൽ പറഞ്ഞു. യു എസ് സാമ്പത്തിക വളർച്ച ഇക്കൊല്ലം വലിയ നേട്ടം കുറിക്കുമെന്നും ഫെഡ് വിലയിരുത്തി.

ഇന്ത്യൻ വിപണിക്ക് ഉത്സാഹം പകരും

ഇതിൻ്റെ ഫലം? ഡോളർ സൂചിക താണു. യൂറോ കയറി.
സ്വർണം താഴ്ചയിൽ നിന്ന് ഒന്നര ശതമാനം കുതിച്ചു. ക്രൂഡ് ഓയിലിൻ്റെ ഉയർച്ചയ്ക്കു കരുത്തായി.
ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നിന്നു നിക്ഷേപം പിൻവലിച്ച് അമേരിക്കയിലേക്കു മാറ്റേണ്ട സാഹചര്യമില്ല. വിദേശ നിക്ഷേപകർ വികസ്വര വിപണികളെ തകർക്കില്ല.ഇന്ത്യൻ ഓഹരി വിപണിക്ക് ഉത്സാഹം പകരുന്ന തീരുമാനമാണു ഫെഡിൻ്റേത്.
യു എസ് നിക്ഷേപകർ ഓഹരികളിൽ നിന്നു മാറുന്ന സാഹചര്യവും ഒഴിവായി. യു എസ് കടപ്പത്രങ്ങളിലെ നിക്ഷേപം ആകർഷകമാകില്ലെന്നാണു പവൽ പറഞ്ഞതിൻ്റെ ചുരുക്കം.
എന്നാൽ കടപ്പത്ര വ്യാപാരികൾ അത് അത്രകണ്ട് വിശ്വസിക്കുന്നില്ല. ഫെഡ് പ്രഖ്യാപനത്തിനു ശേഷവും 10 വർഷ യു എസ് ട്രഷറിയുടെ നിക്ഷേപനേട്ടം (yield) 1.65 ശതമാനമാണ്. വരും ദിവസങ്ങളിൽ കടപ്പത്ര വിപണിയിൽ കാര്യമായ ചലനങ്ങൾ പ്രതീക്ഷിക്കാം.

കോവിഡ് വ്യാപനം അതിവേഗം

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിിവേഗം തുടരുന്നു. ഇന്നു രാവിലെ വരുന്ന കണക്കുകൾ 3.79 ലക്ഷം പേർക്കു രോഗം ബാധിച്ചു എന്നാണ് മരണസംഖ്യ 3600 നു മുകളിലായി. ഇപ്പോൾ 30.77 ലക്ഷം പേർ രാജ്യത്തു ചികിത്സയിലുണ്ട്. ഒന്നരക്കോടി ആൾക്കാർ രോഗമുക്തരായി. മരണ സംഖ്യ 2.05 ലക്ഷം.
ആഗാേളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15 കോടി കവിഞ്ഞു. 8.83 ലക്ഷം പേർക്ക് ഇന്നലെ പുതുതായി രോഗം ബാധിച്ചു.
കമ്പ്യൂട്ടർ ചിപ്പുകളുടെ ദൗർലഭ്യം വാഹന നിർമാതാക്കളെ മാത്രമല്ല ആപ്പിൾ പോലുള്ള കമ്പ്യൂട്ടർ നിർമാതാക്കളെയും ബാധിച്ചു തുടങ്ങി. വാഹന - ഇലക്ടോണിക് നിർമാതാക്കൾക്കു തിരിച്ചടിയാകും ക്ഷാമം. വർഷാവസാനത്തോടെയേ ക്ഷാമം മാറൂ.
ഇന്ത്യയുടെ ജിഡിപി ഈ വർഷം 9.6 ശതമാനം മാത്രമേ വളരൂ എന്ന് ഐഎച്ച്എസ് മാർകിറ്റ് വിലയിരുത്തി. ഇതാദ്യമാണ് ഒരു ഏജൻസി 10 ശതമാനത്തിൽ താഴെ വളർച്ച പ്രവചിക്കുന്നത്. ഇതേ സമയം ഇന്ത്യ 11 ശതമാനം വളരുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി) വിലയിരുത്തി. മാർച്ച് അവസാനം വരെയുള്ള വിവരങ്ങൾ വച്ചാണ് പ്രവചനം. കോവിഡ് തീവ്രവ്യാപനം നിഗമനത്തിൽ മാറ്റം വരുത്തിയേക്കാമെന്നു ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദി അരാംകോയും റിലയൻസുമായുള്ള നിക്ഷേപ ചർച്ച പുനരാരംഭിച്ചു. റിലയൻസിൻ്റെ ഓയിൽ ടു കെമിക്കൽസ് ബിസിനസിൽ 20 ശതമാനം ഓഹരി നൽകാനാണ് ആലോചന. ഇപ്പോൾ പണം മുഴുവൻ നൽകാതെ അരാംകോയുടെ ഓഹരി നൽകി ഇടപാട് നടത്താനാണു സൗദികൾ ശ്രമിക്കുന്നത്. കുറേക്കാലമായി നിക്ഷേപ ചർച്ച മുടങ്ങിക്കിടന്നത് എന്തുകൊണ്ടാണെന്ന് ഇരുപക്ഷവും വിശദീകരിച്ചിട്ടില്ല.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it