ജിഎസ്ടി വരുമാനം ഉയര്‍ന്നെങ്കിലും പ്രതീക്ഷകള്‍ക്ക് വളരെ പിന്നില്‍, ഇന്ധന-വൈദ്യുതി ഉപയോഗത്തിലെ കുറവ് കാണിക്കുന്നതെന്ത്? വ്യാവസായിക ഉല്‍പാദനം വീണ്ടും കുറഞ്ഞു

ജിഎസ്ടി പിരിവ് നവംബറില്‍ 1.04 ലക്ഷം കോടി രൂപയായി. ഒക്ടോബറിലെ 1.05 ലക്ഷം കോടിയില്‍ നിന്ന് അല്‍പം കുറവ്. കഴിഞ്ഞ വര്‍ഷം നവംബറിലെ 1.03 ലക്ഷം കോടിയേക്കാള്‍ 1.4 ശതമാനം കൂടുതല്‍.
തുടര്‍ച്ചയായ രണ്ടാം മാസം ഒരു ലക്ഷം കോടിയിലേറെ നികുതി പിരിഞ്ഞത് സാമ്പത്തിക ഉണര്‍വ് തുടര്‍ന്നതായി കാണിക്കുന്നെന്ന് ധനമന്ത്രാലയം പ്രസ്താവിച്ചു. വി (V) ആകൃതിയിലുള്ള തിരിച്ചുവരവാണു രാജ്യത്ത് എന്ന ധാരണ ശരിയാകുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു.
ഒക്ടോബറിലെ വില്‍പനയുടേതാണു നവംബറിലെ നികുതി പിരിവ്. ഒക്ടോബര്‍ ഉത്സവ വ്യാപാരം മൂര്‍ധന്യത്തിലായ സമയമാണ്. നവംബര്‍ പകുതിയോടെ ഉത്സവ സീസണ്‍ കഴിഞ്ഞു.
* * * * * * * *
കഴമ്പില്ലാത്ത അവകാശവാദം
നികുതി പിരിവിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ അവകാശവാദങ്ങള്‍ക്കു വലിയ കാര്യമില്ലെന്നു കാണാം. രാജ്യത്തെ ആഭ്യന്തര വില്‍പനയില്‍ നിന്നുള്ള നികുതി അര ശതമാനമേ കൂടിയിട്ടുള്ളു. ആഭ്യന്തര വില്‍പനയില്‍ ടെലികോം അടക്കമുള്ള സേവനങ്ങളും ഉണ്ട്. വര്‍ക്ക് ഫ്രം ഹോമും വീട്ടിലിരുന്നു പഠനവും ഒക്കെ ടെലികോം -ഡാറ്റാ സര്‍വീസുകളുടെ ഉപയോഗം വളരെയേറെ കൂട്ടി. അതിനര്‍ഥം ഉല്‍പന്ന വില്‍പനയില്‍ കാര്യമായ വര്‍ധന ഇല്ലെന്നാണ്.
കാര്യമായ വര്‍ധന ഉണ്ടായത് ഇറക്കുമതിച്ചുങ്കത്തിലാണ്. അതു 4.9 ശതമാനം വര്‍ധിച്ചു. മൊത്തം നികുതിയുടെ അഞ്ചിലൊന്ന് ഇറക്കുമതിച്ചുങ്കമാണ്. ചൈനീസ് അടക്കം പല ഉല്‍പന്നങ്ങള്‍ക്കും ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചതും മറ്റും കണക്കിലെടുക്കേണ്ടതുണ്ട്.
ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡും വില്‍പനയും കാര്യമായ വര്‍ധിച്ചെന്നു പറയാന്‍ ഈ തോതിലുള്ള നികുതി പിരിവ് പോരാ. ഓഗസ്റ്റില്‍ 0.86 ലക്ഷം കോടി, സെപ്റ്റംബറില്‍ 0.95 ലക്ഷം കോടി എന്നിങ്ങനെ ജിഎസ്ടി ലഭിച്ചതാണ്.
* * * * * * * *
വീണുടഞ്ഞ ജിഎസ്ടി സ്വപ്നങ്ങള്‍
2017 ജൂലൈയില്‍ ജിഎസ്ടി തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ അനൗപചാരികമായി പറഞ്ഞത് പ്രതിമാസ പിരിവ് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലായിരിക്കുമെന്നാണ്. ആ ധനകാര്യ വര്‍ഷം മൂന്നു മാസം ഒരുലക്ഷം കോടി എത്തി. പിന്നീടുള്ള വര്‍ഷങ്ങളിലും തഥൈവ. ഇപ്പോള്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പ്രത്യാശിക്കുന്നത് ഒരു ലക്ഷം കോടി രൂപ പ്രതിമാസ ശരാശരിയാകുമെന്നാണ്. മൂന്നര വര്‍ഷം മുമ്പത്തെ ലക്ഷ്യത്തില്‍ തന്നെ രാജ്യം. അത്രയും പിന്നിലായിരിക്കുന്നു നാം.
2017-ല്‍ ഒരു ലക്ഷം കോടി രൂപ ശരാശരി കിട്ടുകയും അന്നു വിഭാവന ചെയ്ത 14 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടാവുകയും ചെയ്‌തെങ്കില്‍ ഇന്നു പ്രതിമാസ ശരാശരി ഒന്നര ലക്ഷം കോടി രൂപയ്ക്കു മുകളിലാകുമായിരുന്നു. എങ്കില്‍ തോമസ് ഐസക്ക് നിര്‍മല സീതാരാമനോട് കലഹിക്കേണ്ടി വരില്ലായിരുന്നു.
* * * * * * * *
പിഎംഐയില്‍ ചെറിയ താഴ്ച
രണ്ടാം പാദ ജിഡിപി കണക്ക് മെച്ചമാക്കിയതില്‍ ഫാക്ടറി ഉല്‍പാദന വര്‍ധന വലിയ പങ്ക് വഹിച്ചിരുന്നു. അതേപ്പറ്റി ചില ചോദ്യങ്ങളും ഉയര്‍ന്നു. സര്‍ക്കാരാകട്ടെ ഫാക്ടറി ഉല്‍പാദന വളര്‍ച്ച സ്ഥായിയാണെന്ന് അവകാശപ്പെടുകയും ചെയ്തു.
ഇപ്പോഴിതാ നവംബറിലെ ഫാക്ടറി ഉല്‍പാദന പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ്) മൂന്നു മാസത്തിനിടയിലെ ഏറ്റവും താണ നിലയിലായി. ഐഎച്ച്എസ് മാര്‍ക്കിറ്റ് തയാറാക്കിയ സൂചിക നവംബറില്‍ 56.3 മാത്രം. ഒക്ടോബറില്‍ 58.9 - ഉം സെപ്റ്റംബറില്‍ 56.8- ഉം ആയിരുന്നു സൂചിക.
സൂചിക 50-നു മുകളിലായാല്‍ വളര്‍ച്ചയാണ്. നവംബറിലും ഫാക്ടറി ഉല്‍പാദനം കൂടി. തലേമാസത്തേക്കാള്‍ അധികം ഉല്‍പാദനമുണ്ട്. എന്നാല്‍ തലേമാസത്തെ തോതില്‍ കൂടിയില്ല. വളര്‍ച്ചത്തോത് കുറഞ്ഞതില്‍ ആശങ്കയ്ക്കു കാര്യമില്ലെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് വിശദീകരിച്ചു.
* * * * * * * *
വാഹനവിപണിയിലെ ഉണര്‍വ് നവംബറിലും
വാഹന നിര്‍മാതാക്കള്‍ക്കു ദീപാവലി മാസമായ നവംബര്‍ മികച്ചതായി. ഫാക്ടറികളില്‍ നിന്നു ഡീലര്‍മാരിലേക്കുള്ള കാര്‍ വില്‍പന 12 ശതമാനം വര്‍ധിച്ചു. 2,68,050 കാറുകള്‍ ഡീലര്‍മാരിലേക്കയച്ചതായി കമ്പനികളുടെ കണക്കില്‍ പറയുന്നു.
ഇതു യഥാര്‍ഥ വില്‍പനക്കണക്കല്ല. ഡീലര്‍മാരില്‍ നിന്നു ജനങ്ങള്‍ വാങ്ങുന്നതാണു യഥാര്‍ഥ വില്‍പന ഘട്ടം.
ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിക്കു നവംബറില്‍ 2.4 ശതമാനം കുറവാണു വില്‍പന. ആകെ വിറ്റത് 1,35,775 എണ്ണം. ആള്‍ട്ടോയും എസ് പ്രസോയും ഉള്ള മിനി വിഭാഗത്തില്‍ വില്‍പന 15 ശതമാനം കുറഞ്ഞു. സ്വിഫ്റ്റും ഡിസയറും വാഗണ്‍ ആറും ഉള്ള കോംപാക്റ്റ് വിഭാഗത്തില്‍ 1.8 ശതമാനം ഇടിവുണ്ട്.
ഹ്യുണ്ടായിക്കു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന നടന്ന നവംബറാണു കടന്നു പോയത്. 48,800 കാറുകള്‍ വിറ്റു. വര്‍ധന ഒന്‍പതു ശതമാനം.
ടാറ്റാ മോട്ടോഴ്‌സിന് കാര്‍ വില്‍പന 21,600 എണ്ണം. വര്‍ധന 108 ശതമാനം.
50 ശതമാനം വര്‍ധനയോടെ 21,022 കാര്‍ വിറ്റ് കിയാ മോട്ടോഴ്‌സ് നാലാം സ്ഥാനം നിലനിര്‍ത്തി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പന 18, 212 എണ്ണം. വര്‍ധന 24 ശതമാനം. എന്നാല്‍ കമ്പനിയുടെ മുച്ചക്ര വാഹന വില്‍പന 42 ശതമാനം ഇടിഞ്ഞ് 3854 ആയി. മഹീന്ദ്രയുടെ വാണിജ്യവാഹന വില്‍പന ഒന്‍പതു ശതമാനം കൂടി 19,029 -ലെത്തി.
ഹോണ്ട 55 ശതമാനം വര്‍ധനയോടെ 9,990 കാര്‍ വിറ്റു. ടൊയോട്ട കിര്‍ലോസ്‌കര്‍ 8,508 കാര്‍ വിറ്റു. വര്‍ധന രണ്ടു ശതമാനം. എം ജി മോ ട്ടാേര്‍ 29 ശതമാനം വര്‍ധനയോടെ 4,163 കാര്‍ വിറ്റു.
* * * * * * * *
ബജാജിനു തുണ കയറ്റുമതി
കയറ്റുമതിയിലെ വലിയ കുതിപ്പിന്റെ ബലത്തില്‍ ബജാജ് ഓട്ടോ നവംബറില്‍ അഞ്ചു ശതമാനം വില്‍പന വര്‍ധന കാണിച്ചു. മൊത്തം വില്‍പന 4, 22, 240 എണ്ണം. രാജ്യത്തെ വില്‍പന നാലു ശതമാനം താഴാേട്ടു പോയി. 2.08 ലക്ഷത്തിന്റെ സ്ഥാനത്ത് 1.99 ലക്ഷം മാത്രം. കയറ്റുമതി 14 ശതമാനം കൂടി.
* * * * * * * *
ഹീറോയ്ക്കും ടിവിഎസിനും കുതിപ്പ്
ഹീറോ മോട്ടോകോര്‍പിനു നവംബര്‍ തിളക്കമേറിയതായി. വില്പന 5, 16,775-ല്‍ നിന്ന് 5,91,091-ലെത്തി. വര്‍ധന 14.3 ശതമാനം.
ഐഷര്‍ മോട്ടോഴ്‌സിന്റെ മോട്ടോര്‍ സൈക്കിള്‍ വില്‍പന 60,411 ല്‍ നിന്ന് 63,782 ആയി ഉയര്‍ന്നു. 5.6 ശതമാനം നേട്ടം.
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ നവംബറില്‍ 10.46 ശതമാനം വളര്‍ച്ച കാണിച്ചു. വില്‍പന 3.73 ലക്ഷത്തില്‍ നിന്ന് 4.12 ലക്ഷത്തിലെത്തി.
ടി വി എസ് മോട്ടോറിന് 20 ശതമാനത്തിലേറെ വില്‍പന വളര്‍ച്ച ഉണ്ടായി. 1.91 ലക്ഷത്തില്‍ നിന്ന് 2.47 ലക്ഷത്തിലേക്കാണു കയറ്റം.
* * * * * * * *
ടാറ്റായ്ക്കു നേട്ടവും കോട്ടവും
ടാറ്റാ മോട്ടോഴ്‌സിന്റെ കാര്‍ -എസ് യു വി വില്‍പന ഇരട്ടിച്ചെങ്കിലും മുഖ്യ ലാഭവിഭാഗമായ വാണിജ്യ വാഹന വില്‍പന കാര്യമായി കയറിയില്ല. തലേ നവംബറിനെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറവേ ഇത്തവണ ഉള്ളൂ എന്നതു വേണമെങ്കില്‍ ആശ്വാസഘടകമായ കാണാം. കാരണം ഈ ധനകാര്യ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ ഇടിവ് ഇരട്ടയക്ക തോതിലായിരുന്നു. 26,218 വാണിജ്യ വാഹനങ്ങളാണു നവംബറില്‍ വിറ്റത്.
* * * * * * * *
വിപണിയില്‍ പ്രതീക്ഷകള്‍ വാനോളം
കോവിഡ് വാക്‌സിന്‍ താമസിയാതെ വരുമെന്ന പ്രത്യാശ; സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുമെന്ന പ്രതീക്ഷ. ആഗോള വിപണികള്‍ വലിയ ആവേശത്തിലാണ്. ഇന്ത്യയും അങ്ങനെ തന്നെ. ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി നിക്ഷേപകരുടെ സമ്പത്ത് രണ്ടു ലക്ഷം കോടി രൂപ കണ്ട് വര്‍ധിപ്പിച്ചാണു സൂചികകള്‍ റിക്കാര്‍ഡ് കുറിച്ചത്.
ഏഷ്യക്കു പിന്നാലെ അമേരിക്കന്‍, യൂറോപ്യന്‍ ഓഹരികളും നല്ല മുന്നേറ്റം കാഴ്ചവച്ചു. ബുധന്‍ രാവിലെ ഏഷ്യന്‍ ഓഹരികളും പൊതുവേ ഉയരത്തിലാണ്. ഓസ്‌ട്രേലിയയുടെ മൂന്നാം പാദ ജിഡിപി വളര്‍ച്ച കാണിച്ചതും വിപണിയെ സന്തോഷിപ്പിക്കുന്നു.
ഇന്ത്യന്‍ വിപണി വീണ്ടും ഉയരങ്ങള്‍ തേടുമെന്നാണ് എസ്ജി എക്‌സ് നിഫ്റ്റി നല്‍കുന്ന സൂചന. 13,150-ലെ തടസം മറികടന്നാല്‍ നിഫ്റ്റിക്ക് 13,500 വരെ പോകാന്‍ ഊര്‍ജമുണ്ടെന്ന് സാങ്കേതിക വിശകലനക്കാര്‍ പറയുന്നു.
ക്രൂഡ് ഓയില്‍ ഉല്‍പാദന നിയന്ത്രണം സംബന്ധിച്ച് ഒപെകും സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ച തീരാത്തതിനാല്‍ ക്രൂഡ് വില 47 ഡോളറില്‍ ചുറ്റിക്കറങ്ങുകയാണ്.
* * * * * * * *
ഡോളര്‍ താഴോട്ട്
ഡോളര്‍ നിരക്ക് താണു. ഡോളര്‍ സൂചിക ഇന്നു രാവിലെ 91.2l ലേക്കു താണു. ഒരു യൂറോ വാങ്ങാന്‍ 1.2 ഡോളര്‍ വേണമെന്നായി. ഇന്നലെ രൂപയും നേട്ടമുണ്ടാക്കി. ഡോളര്‍ നിരക്ക് 50 പൈസ കുറഞ്ഞ് 73.68 രൂപയായി.
ഡോളര്‍ ദൗര്‍ബല്യവും സാമ്പത്തിക വളര്‍ച്ചയെപ്പറ്റിയുള്ള പ്രതീക്ഷയും സ്വര്‍ണത്തിന് ഇന്നലെ അപ്രതീക്ഷിത കയറ്റം നല്‍കി. സ്വര്‍ണം ഔണ്‍സിന് 1783 ഡോളറില്‍ നിന്ന് 1813 ഡോളറിലെത്തി.
* * * * * * * *
ബിറ്റ്‌കോയിന്‍ റിക്കാര്‍ഡ് തിരുത്തി
കഴിഞ്ഞയാഴ്ച തിരിച്ചടി നേരിട്ട ഗൂഢ കറന്‍സികള്‍ ഈയാഴ്ച റിക്കാര്‍ഡ് ഉയരങ്ങളിലെത്തി. ബിറ്റ് കോയിന്‍ വില ഇന്നലെ 19,853 ഡോളര്‍ വരെ കയറിയിട്ട് അല്‍പം താണു. ഇതു 2017 ലെ 19,783 ഡോളറിന്റെ റിക്കാര്‍ഡിനു മുകളിലാണ്. ഒരിടത്തും നിയമവിധേയമല്ലെങ്കിലും ധാരാളം പേര്‍ ബിറ്റ് കോയിനിലും മറ്റു ഗൂഢ കറന്‍സികളിലും ചൂതാട്ടം നടത്തുന്നുണ്ട്. ബിറ്റ് കോയിന്‍ ഈ വര്‍ഷം 171 ശതമാനം കുതിച്ചു.
ഡീസല്‍ ഉപയോഗം കുറഞ്ഞു; വൈദ്യുതി ഉപയോഗത്തിലെ വളര്‍ച്ചയില്‍ ഇടിവ്
സാമ്പത്തിക - വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ അല്‍പം തണുത്തെന്നു കാണിക്കുന്ന കൂടുതല്‍ സൂചനകള്‍ വരുന്നു. ഫാക്ടറി ഉല്‍പാദന സൂചിക മൂന്നു മാസത്തിനിടയിലെ ഏറ്റവും താണ നിലയിലാണ്. നവംബറിലെ ഡീസല്‍ വില്‍പന ഏഴു ശതമാനം കുറഞ്ഞു. തലേ നവംബറിലെ 67 ലക്ഷം ടണ്ണില്‍ നിന്ന് 62.3 ലക്ഷം ടണ്ണിലേക്ക് . എന്നാല്‍ ഒക്ടോബറിലെ 57 ലക്ഷം ടണ്ണിനേക്കാള്‍ കൂടുതലായി ഡീസല്‍ ഉപയോഗം. ഒക്ടോബറില്‍ ഡീസല്‍ വില്പന 7.4 ശതമാനം കൂടിയതാണ്.
പെട്രോള്‍ വില്പന 2.4 ശതമാനം മാത്രമാണു കൂടിയത്. വില്‍പ്പന 22.8 ലക്ഷം ടണ്‍. ഒക്ടോബറില്‍ 4.5 ശതമാനം വര്‍ധിച്ച് 25.4 ലക്ഷം ടണ്‍ ആയിരുന്നു.
രാജ്യത്തെ ഊര്‍ജ ഉപയോഗത്തിലെ വര്‍ധന നവംബറില്‍ 4.7 ശതമാനമായി കുറഞ്ഞു. നേരത്തേ തണുപ്പു തുടങ്ങിയതു കൊണ്ടാണ് വൈദ്യുതി ഉപയോഗം കുറഞ്ഞതെന്നാണു വിശദീകരണം. 9837 കോടി യൂണിറ്റാണു നവംബറിലെ ഉപയോഗം. സെപ്റ്റംബറില്‍ 11, 224 കോടിയും ഒക്ടോബറില്‍ 10,953 കോടിയും യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതാണ്.
* * * * * * * *
ഇന്നത്തെ വാക്ക് : ജിഎസ്ടി
ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജിഎസ്ടി). രാജ്യത്തു ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ ഉണ്ടായിരുന്ന വിവിധ നികുതികള്‍ മാറ്റി ഏര്‍പ്പെടുത്തിയ ഏക പൊതു നികുതി. എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിരക്ക് ഈടാക്കുന്നതിനാല്‍ സംസ്ഥാനാന്തര വ്യാപാരത്തിനു പ്രത്യേക പരിശോധന വേണ്ട. ചരക്കുകടത്തിനുള്ള ഇലക്ടോണിക് വേ ബില്‍ സംവിധാനത്തെ ജിഎസ്ടി കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചതിനാല്‍ നികുതി വെട്ടിപ്പ് ഒഴിവാകും. ക്രമേണ ഒരു വില്‍പന ശൃംഖലയിലെ നികുതി കംപ്യൂട്ടര്‍ തന്നെ തയാറാക്കി വ്യാപാരികള്‍ക്കു നല്‍കുന്ന നില വരും.