കര്‍ഷകസമരം നിര്‍ണായക ഘട്ടത്തില്‍, കയറ്റുമതി വളർച്ചയിൽ ഇന്ത്യ ഏറെ പിന്നില്‍, യുഎസ് - ചൈന സംഘര്‍ഷം വിപണികളെ ഉലയ്ക്കുന്നു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം ഏതു വഴിക്കു തിരിയും എന്നത് ആശങ്കാവിഷയമായിട്ടുണ്ട്. ഇന്നു നടക്കുന്ന ഭാരത ബന്ദും നാളത്തെ കര്‍ഷകസര്‍ക്കാര്‍ ചര്‍ച്ചയും നിര്‍ണായകമാണ്. നിയമം അപ്പാടേ പിന്‍വലിക്കണമെന്ന കടുത്ത നിലപാടിലാണു കര്‍ഷകര്‍. സംഭരണവില നിയമപരമാക്കുകയും കൂടുതല്‍ ഇനങ്ങള്‍ സംഭരിക്കുകയും ചെയ്യണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടാണു സര്‍ക്കാരിന്റേത്. വിട്ടുവീഴ്ച സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ പ്രതിഛായ തകര്‍ക്കുമെന്നാണ് ബിജെപി ഭയം.


* * * * * * * *


യുഎസ് - ചൈന സംഘര്‍ഷം വിപണികളെ ഉലയ്ക്കുന്നു

ഹോങ്കോംഗിലെ സ്വാതന്ത്യവാദികള്‍ക്കെതിരേ ചൈന എടുക്കുന്ന നടപടികളെ തുടര്‍ന്നു യുഎസ് ചൈന ബന്ധം വഷളായി. കൂടുതല്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും യുഎസ് ഉപരോധം പ്രഖ്യാപിച്ചു. ചില വാണിജ്യ ഉപരോധങ്ങളും ഉണ്ടാകുമെന്നാണു സൂചന.

ഇത് യൂറോപ്യന്‍ യു എസ് ഓഹരികളെ താഴോട്ടു വലിച്ചു. ഇന്നു രാവിലെ ഏഷ്യന്‍ ഓഹരികളും താണു. സ്വര്‍ണം കയറി. ക്രൂഡ് ഓയില്‍ താണു. ഇന്ത്യന്‍ ഓഹരികളും താഴ്ചയിലാകും വ്യാപാരം തുടങ്ങുക എന്നാണു സൂചന.

സ്വര്‍ണം ഔണ്‍സിന് 1830 ഡോളറില്‍ നിന്നു തിങ്കളാഴ്ച 1864 ഡോളറിലെത്തി. ഇനിയും ഉയരുമെന്നാണു സൂചന. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 49.4 ഡോളര്‍ വരെ കയറിയിട്ട് 48.58 ലേക്കു താണു.

അമേരിക്കയില്‍ ഇന്നലെ നാസ്ഡാക് സൂചിക പുതിയ റിക്കാര്‍ഡ് കുറിച്ചെങ്കിലും ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി എന്നിവ ഗണ്യമായി താണു. യൂറോപ്പിലും സൂചികകള്‍ താണു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ധാരണ വരാത്തതും യൂറോപ്പില്‍ വിഷയമാണ്.

ഇന്നു രാവിലെ പ്രമുഖ ഏഷ്യന്‍ ഓഹരി സൂചികകള്‍ താഴോട്ടാണ്. യുഎസ് ഫ്യൂച്ചേഴ്‌സും ഇടിയുകയാണ്. വിപണി അല്‍പം താഴ്‌ന്നേ തുടങ്ങൂ എന്ന സൂചനയാണ് എസ് ജി എക്‌സ് നിഫ്റ്റി നല്‍കുന്ന സൂചന.

* * * * * * * *

നിക്ഷേപകര്‍ ജാഗ്രതൈ

ബുള്‍ തരംഗം പാരമ്യത്തിലെത്തുമ്പോഴാണ് നിക്ഷേപകര്‍ക്ക് ആവേശം കൂടുന്നത്. സ്ഥിരമായി നിക്ഷേപ മേഖലയില്‍ ഇല്ലാത്തവരും അപ്പോള്‍ ഓടിക്കൂടും വെളിച്ചത്തിലേക്ക് ഈയാംപാറ്റകളെപ്പോലെ. ഈ കുതിപ്പില്‍ തങ്ങള്‍ ചേര്‍ന്നില്ലെങ്കില്‍ വലിയ നഷ്ടമാകും എന്ന തോന്നലാണ് അവരെ നയിക്കുക. വെളിച്ചം കണ്ട് തീയില്‍ ചാടുന്ന ഈയാംപാറ്റകളുടെ അനുഭവം തന്നെ അവര്‍ക്കും വരും.

അത്തരം ദുരനുഭവം തങ്ങള്‍ക്കു വരാതിരിക്കാന്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. വിപണിയെ ഉത്തേജിപ്പിക്കാന്‍ എന്തൊക്കെ വാര്‍ത്തകള്‍ ഉണ്ടായാലും നിക്ഷേപം നടത്തേണ്ടതു വേണ്ടത്ര പഠനവും ഗവേഷണവും നടത്തിയിട്ടു മാത്രമേ ആകാവൂ.


* * * * * * * *


ചൈനയിലേക്ക് ഇന്ത്യന്‍ കയറ്റുമതി കൂടി

അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ നിന്നു ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചു. ജനുവരി നവംബര്‍ 11 മാസ കാലയളവില്‍ 1900 കോടി ഡോളറിനുള്ള സാധനങ്ങള്‍ ചൈന ഇന്ത്യയില്‍ നിന്നു വാങ്ങി. തലേ വര്‍ഷത്തേക്കാള്‍ 11 ശതമാനം അധികം.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി 5900 കോടി ഡോളര്‍ ആയിരുന്നു. 13 ശതമാനം കുറവ്. ഇതോടെ ഇന്ത്യയുടെ വാണിജ്യ കമ്മി 6000 കോടി ഡോളറില്‍ നിന്ന് 4000 കോടി ഡോളറായി താണു. ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട കണക്കാണിത്.


* * * * * * * *


കയറ്റുമതിയില്‍ ഇന്ത്യ ഏറെ പിന്നിലായി

കോവിഡ് കാലത്തു കയറ്റുമതി വളര്‍ച്ചയില്‍ ഏഷ്യയിലെ പ്രമുഖ വികസ്വര രാജ്യങ്ങളില്‍ ഏറ്റവും പിന്നിലായി ഇന്ത്യ. മാര്‍ച്ച് ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി ഒരു മാസം മാത്രമേ തലേവര്‍ഷത്തേക്കാള്‍ വര്‍ധിച്ചുള്ളു. ചൈനയും വിയറ്റ്‌നാമും ആറു മാസം തലേവര്‍ഷത്തേക്കാള്‍ കൂടുതല്‍ കയറ്റുമതി നടത്തി. മലേഷ്യ നാലു മാസവും ബംഗ്ലാദേശ് മൂന്നു മാസവും തലേ വര്‍ഷത്തേക്കാള്‍ കയറ്റുമതി നടത്തി. ദക്ഷിണ കൊറിയയും ഇന്‍ഡോനേഷ്യയും ഏഴു മാസം പിന്നില്‍ പോയെങ്കിലും ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ഇടിവേ അവര്‍ക്കുണ്ടായുള്ളു.

എട്ടു മാസത്തെ കണക്ക് നോക്കുമ്പോള്‍ ഇന്ത്യയുടെ കയറ്റുമതി പ്രതിമാസം ശരാശരി 20 ശതമാനം താണു. ചൈനയ്ക്കും വിയറ്റ്‌നാമിനും പ്രതിമാസം നാലു ശതമാനം കയറ്റുമതി വളര്‍ച്ച ഉണ്ടായി. ദക്ഷിണ കൊറിയയുടെ കയറ്റുമതി പ്രതിമാസം ഒന്‍പതു ശതമാനം കുറഞ്ഞപ്പോള്‍ ഇന്‍ഡോനേഷ്യയുടേത് എഴു ശതമാനം കുറഞ്ഞു.

സെപ്റ്റംബറില്‍ ഇന്ത്യയുടെ കയറ്റുമതി ആറു ശതമാനം കൂടിയെങ്കിലും പിന്നീട് ഇടിയുകയായിരുന്നു. ഒക്ടോബറില്‍ 5.1 ശതമാനവും നവംബറില്‍ 9.1 ശതമാനവും ഇടിവുണ്ടായി.

ചൈനയുടെ നവംബറിലെ കയറ്റുമതി 21.1 ശതമാനം വര്‍ധിച്ചു. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്.

* * * * * * * *


പച്ചവെള്ളവും അവധി വ്യാപാരച്ചന്തയില്‍


വെള്ളത്തിനും അവധി വ്യാപാരം. അമേരിക്കയിലാണ് പച്ചവെള്ളത്തിന്റെ അവധി വ്യാപാരം ഈയാഴ്ച തുടങ്ങുന്നത്. ഷിക്കാഗോയിലെ സിഎം ഇ ഗ്രൂപ്പ് ആണു കോണ്‍ട്രാക്റ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്.

കലിഫോര്‍ണിയ സംസ്ഥാനത്തെ വെള്ളത്തിന്റെ വിപണി വിലയിലാണ് ഈ വ്യാപാരം. ക്രൂഡ് ഓയില്‍, സ്വര്‍ണം, ലോഹങ്ങള്‍, റബര്‍, കുരുമുളക്, ഏലം, പരുത്തി, വൈദ്യുതി തുടങ്ങി ധാരാളം ഉല്‍പന്നങ്ങളില്‍ അവധി വ്യാപാരം നടക്കുന്നുണ്ട്.

വെള്ളത്തിന്റെ അവധി വ്യാപാരത്തില്‍ സെറ്റില്‍മെന്റിന് വെള്ളം വേണ്ട. പണം മാത്രം മതി. കലിഫോര്‍ണിയയില്‍ വെള്ളത്തിന്റെ സ്‌പോട്ട് വില ആധാരമാക്കി നാസ്ഡാക് രണ്ടു വര്‍ഷം മുമ്പ് കലിഫോര്‍ണിയ വാട്ടര്‍ ഇന്‍ഡെക്‌സ് തയാറാക്കിത്തുടങ്ങിയിരുന്നു. സംസ്ഥാനത്തെ അഞ്ചു പ്രധാന വെള്ള കമ്പോളങ്ങളിലെ വിലയാണ് ഈ സൂചിക തയാറാക്കാന്‍ ഉപയോഗിക്കുന്നത്.

കര്‍ഷകരടക്കം കലിഫോര്‍ണിയയിലെ വലിയ വെള്ള ഉപയോക്താക്കള്‍ക്ക് ഭാവി വിലയുടെ ഗതി മനസിലാക്കി നഷ്ടസാധ്യത കുറയ്ക്കാന്‍ അവധി വ്യാപാരം സഹായിക്കുമെന്നാണു സിഎംഇ യും വിവിധ ബ്രോക്കറേജുകളും പറയുന്നത്.

ഉല്‍പന്ന അവധി വ്യാപാരങ്ങള്‍ക്കെല്ലാം പറയുന്ന ന്യായമാണത്. വിലയിലെ ചാഞ്ചാട്ടത്തിനിടയില്‍ നഷ്ടം കുറയ്ക്കാക്കാനുള്ള സംവിധാനമാണ് അവധി വ്യാപാരമെന്ന ഈ അവകാശവാദം അധികമാരും വിശ്വസിക്കുന്നില്ല. കാരണം ഉപയോക്താക്കളും സപ്ലയര്‍മാരും മാത്രമല്ല ഈ വ്യാപാരത്തില്‍ വരുന്നത്. ധനകാര്യ നിക്ഷേപകരാണു വ്യാപാരികളില്‍ ഏറെയും. അവര്‍ ശരിക്കും ചൂതാട്ടക്കാരുമാണ്.

ഇതിന്റെ മറുവശം യഥാര്‍ഥ ഉല്‍പാദകര്‍ക്കും ഉപയോക്താക്കള്‍ക്കും നഷ്ടം വരുത്തും. അവധി വ്യാപാരത്തില്‍ തെറ്റായ പന്തയം വയ്ക്കുന്നവര്‍ കൂടുതല്‍ വന്നാല്‍ വിലകള്‍ തെറ്റായ ദിശയില്‍ നീങ്ങും. അതു യഥാര്‍ഥ വിപണിയില്‍ കുഴപ്പമുണ്ടാക്കും.

ഇന്നത്തെ വാക്ക് : കുറഞ്ഞ താങ്ങുവില

കര്‍ഷകസമരത്തിലെ ഒരു പ്രധാന വിഷയമാണ് കുറഞ്ഞ താങ്ങുവില (എം എസ്പി മിനിമം സപ്പോര്‍ട്ട് െ്രെപസ് ). രാജ്യത്ത് 23 കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കാറുണ്ട്. ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പയറു വര്‍ഗങ്ങള്‍, നാരുകള്‍ (പരുത്തി, ചണം) എന്നിവയ്ക്കാണ് ഇതുള്ളത്. താങ്ങുവിലയില്‍ താഴെ വിപണി വില വന്നാല്‍ ഇവ സര്‍ക്കാര്‍ സംഭരിക്കും. നെല്ലും ഗോതമ്പും വില താണില്ലെങ്കിലും സര്‍ക്കാര്‍ താങ്ങുവില നല്‍കി വാങ്ങും. റേഷന്‍ സംവിധാനത്തിനു വേണ്ടിയാണത്.പുറമേ അവശ്യധാന്യങ്ങളുടെ കരുതല്‍ ശേഖരത്തിനു വേണ്ടിയും സര്‍ക്കാര്‍ സംഭരിക്കും. പഞ്ചാബ്, ഹരിയാന, .ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഇങ്ങനെ സംഭരണം നടക്കുന്നത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it