ബാങ്കുകളിലെ കാര്യം അത്ര ഭദ്രമല്ല, സിമന്റ് കമ്പനികള്‍ നിരീക്ഷണത്തില്‍, കര്‍ഷകസമരം രൂക്ഷമാകുമ്പോള്‍

വ്യാഴാഴ്ചത്തെ ഇടിവ് കണക്കാക്കാതെ വിപണി ഇന്ന് മുന്നേറിയേക്കും, പെട്രോള്‍, ഡീസല്‍ വിലകള്‍ ഗണ്യമായി കൂട്ടേണ്ടി വരും കര്‍ഷകസമരം സര്‍ക്കാരിനെ വെട്ടിലാക്കുന്നു
ബാങ്കുകളിലെ കാര്യം അത്ര ഭദ്രമല്ല, സിമന്റ് കമ്പനികള്‍ നിരീക്ഷണത്തില്‍, കര്‍ഷകസമരം രൂക്ഷമാകുമ്പോള്‍
Published on

കര്‍ഷകസമര കാര്യത്തില്‍ പരിഹാരത്തിനു വഴികാണാതെ സര്‍ക്കാര്‍ വിഷമിക്കുന്നു. വിവാദ നിയമങ്ങളുടെ അലകും പിടിയും മാറ്റുന്ന ഭേദഗതികള്‍ക്കു സര്‍ക്കാര്‍ തയാറായിട്ടും കര്‍ഷകര്‍ വഴങ്ങിയിട്ടില്ല. നിയമം അപ്പാടെ മാറ്റണമെന്നാണ് അവരാവശ്യപ്പെടുന്നത്.

ഇതിനിടെ അംബാനി, അദാനിമാര്‍ക്കെതിരായി കര്‍ഷകസമരം തിരിയുന്നുണ്ട്. റിലയന്‍സ് ജിയോയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ധാന്യ സംഭരണക്കാരും കയറ്റുമതിക്കാരുമായ അദാനി ഗ്രൂപ്പ് തങ്ങള്‍ ധാന്യവില നിയന്ത്രിക്കാറില്ലെന്നും ഫുഡ് കോര്‍പറേഷനു വേണ്ടി ധാന്യം വാങ്ങുന്നതേ ഉള്ളുവെന്ന വിശദീകരണവുമായി രംഗത്തുവന്നു. രാജ്യത്ത് ഏറ്റവുമധികം ധാന്യപ്പുരകള്‍ (സൈലോ കള്‍) ഉള്ളത് അദാനി ഗ്രൂപ്പിനാണ്.

കര്‍ഷക സമരം തിങ്കളാഴ്ച മുതല്‍ രൂക്ഷമാക്കുമെന്നാണു മുന്നറിയിപ്പ്. അതിനകം പരിഹാരം കണ്ടെത്തിയില്ലങ്കില്‍ രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടി വരും എന്നു ഗവണ്മെന്റിനറിയാം.

* * * * * * * *

വിപണി ഇന്ന് മുന്നേറിയേക്കും

വിപണികള്‍ തിരുത്തലിനു തയാറില്ല. വ്യാഴാഴ്ചത്തെ ഇടിവ് കണക്കാക്കാതെ വീണ്ടും കുതിക്കാനാണു വിപണി ഇന്ന് ശ്രമിക്കുക. കോവിഡ് വാക്‌സിന്‍ കൂടുതല്‍ രാജ്യങ്ങള്‍ അംഗീകരിക്കുന്നത് ഉയര്‍ച്ചയ്ക്കു ന്യായീകരണമാകും.

യു എസ് ഓഹരികള്‍ അല്‍പം താണെങ്കിലും ഏഷ്യ ഇന്നു രാവിലെ ഉണര്‍വിലാണ്. എസ് ജി എക്‌സ് നിഫ്റ്റിയും ഉയര്‍ച്ച കാണിക്കുന്നു. ക്രൂഡ് ഓയില്‍ വില 50 ഡോളര്‍ കടന്നതു സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ്. വളര്‍ച്ച കമ്പനികള്‍ക്കു ലാഭം കൂട്ടും. അതിനാല്‍ ഓഹരികളില്‍ ആവേശം കൂടും.

നിഫ്റ്റിക്ക് 13,550-13,600 മേഖലയില്‍ തടസം നേരിടും. 13,350-ല്‍ ശക്തമായ സപ്പോര്‍ട്ട് ഉണ്ടെന്നാണു സാങ്കേതിക വിശകലനക്കാര്‍ പറയുന്നത്.

* * * * * * * *

50 ഡോളര്‍ കടന്ന് ക്രൂഡ് വില

ഈ ശുഭപ്രതീക്ഷ ക്രൂഡ് ഓയില്‍ വിപണിയെ ഉത്സാഹഭരിതമാക്കി. ക്രൂഡ് വില മൂന്നു ശതമാനത്തിലേറെ വര്‍ധിച്ചു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 50.8 ഡോളറിലെത്തി. ഡബ്‌ള്യുടിഐ ഇനം 47.2 ഡോളറിലേക്കു കയറി.

ക്രൂഡ് സ്റ്റോക്ക് വളരെ കൂടുതലാണെന്ന് അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വെളിപ്പെടുത്തിയെങ്കിലും വില മയപ്പെട്ടില്ല. ഇപ്പാേഴത്തെ വിലക്കയറ്റം 60 ഡോളറിലേക്ക് എത്തുമെന്നാണു കരുതുന്നത്. കഴിഞ്ഞ ജനുവരിയില്‍ 60 ഡോളറിനടുത്തായിരുന്നു ക്രൂഡ് ഓയില്‍.

ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ ഗണ്യമായി കൂട്ടേണ്ടി വരും. അതു വിലക്കയറ്റം കുതിച്ചു കയറാന്‍ ഇടയാക്കും.

* * * * * * * *

ജിഡിപി പ്രതീക്ഷ ഉയര്‍ത്തി എഡിബി

ഇന്ത്യന്‍ ജിഡിപി ഈ ധനകാര്യ വര്‍ഷം എട്ടു ശതമാനം ചുരുങ്ങുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി). നേരത്തേ ഒന്‍പതു ശതമാനം താഴ്ചയാണു ബാങ്ക് കണക്കാക്കിയിരുന്നത്.

എഡിബി അടക്കമുള്ള ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ സ്വന്തം ഗവേഷണത്തേക്കാള്‍ അതതു രാജ്യത്തെ ഔദ്യാേഗിക ഏജന്‍സികളെ ആശ്രയിച്ചാണ് ഇത്തരം നിഗമനങ്ങളിലെത്തുന്നത്. റിസര്‍വ് ബാങ്കിന്റെ അവലോകനം, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ് ഒ) ജിഡിപി കണക്ക്, ധനമന്ത്രാലയത്തിന്റെ നിഗമനങ്ങള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് എഡിബി വളര്‍ച്ച കണക്കാക്കുക.

ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അമിത പ്രതീക്ഷ ഉള്‍ക്കൊള്ളുന്നവയാണ്. വേണ്ടത്ര കണക്കുകള്‍ കിട്ടാതെയാണു തങ്ങള്‍ ജിഡിപി കണക്കാക്കിയതെന്നും പിന്നീടു തിരുത്തല്‍ വരുമെന്നും എന്‍എസ്ഒ ജിഡിപി കണക്ക് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. രണ്ടാം പാദ ജിഡിപി 7.5 ശതമാനമേ ചുരുങ്ങി യുള്ളു എന്ന നിഗമനത്തെ നിരവധി പേര്‍ ചോദ്യം ചെയ്തിരുന്നു. വിവാദ നിഗമനം ആധാരമാക്കി എഡിബി പോലുള്ള ഏജന്‍സികളും നിഗമനത്തിലെത്തുന്നു.

ഇന്ത്യ പ്രതീക്ഷയിലും വേഗം തിരിച്ചുകയറുന്നതിനാല്‍ ദക്ഷിണേഷ്യന്‍ വളര്‍ച്ചയും വേഗത്തിലാകുമെന്ന് എഡിബി കരുതുന്നു. 2020-21 ലെ ദക്ഷിണേഷ്യന്‍ തളര്‍ച്ച 6.1 ശതമാനം മാത്രമായിരിക്കും. 2021-22-ല്‍ ദക്ഷിണേഷ്യ 7.2 ശതമാനം വളരുമെന്നും എഡിബി കണക്കാക്കി.

* * * * * * * *

സിമന്റ് കമ്പനികള്‍ നിരീക്ഷണത്തില്‍

സിമന്റ് കമ്പനികള്‍ ഒത്തുകളിച്ച് വില കൂട്ടുന്നു എന്ന പരാതിയെത്തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) സിമന്റ് കമ്പനികളില്‍ പരിശോധന നടത്തി. അള്‍ട്രാടെക്, രാംകോ, ശ്രീ, അംബുജ തുടങ്ങിയ വലിയ കമ്പനികളിലായിരുന്നു പരിശോധന. ഇതേ തുടര്‍ന്ന് സിമന്റ് കമ്പനി ഓഹരികളുടെ വില രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം ഇടിഞ്ഞു.

കമ്പനികളിലെ മാര്‍ക്കറ്റിംഗ് - വിലനിര്‍ണയ വിഭാഗങ്ങളില്‍ നിന്നു വിവരങ്ങളും വിശദീകരണങ്ങളും തേടുക മാത്രമാണു സിസിഐ ഉദ്യോഗസ്ഥര്‍ ചെയ്തത്. കമ്പനികള്‍ക്കെതിരേ നടപടിക്കു സാധ്യതയില്ല. കമ്പനികള്‍ ഒരു കാര്‍ട്ടല്‍ ആയി പ്രവര്‍ത്തിച്ചാണു വില കൂട്ടിയതെന്നു തെളിയിക്കാന്‍ തക്ക ഒന്നും കമ്പനികളില്‍ നിന്നു ലഭിച്ചതായി സൂചനയില്ല. പരിശോധന ഒരു പ്രഹസനം മാത്രമാണെന്നാണ് പൊതു വിശ്വാസം. കമ്പനികള്‍ ഉല്‍പാദനച്ചെലവും ചരക്കുകടത്തു ചെലവുകളും കൂടിയെന്ന കാണിക്കുന്ന കണക്കുകള്‍ നല്‍കി.

* * * * * * * *

ബാങ്കുകളിലെ കാര്യം അത്ര ഭദ്രമല്ല

ഇപ്പറയുന്നതില്‍ വലിയ കാര്യമില്ലെന്ന് റേറ്റിംഗ് സ്ഥാപനമായ മൂഡീസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ദീപാംശു റുസ്താഗി പറയുന്നു. തിരിച്ചടവ് വര്‍ധിച്ചെന്നു പറയുന്നത് മുന്‍ മാസങ്ങളുമായി താരതമ്യപ്പെടുത്തിയാണ്. എന്നാല്‍ കോവിഡിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ചു തിരിച്ചടവ് താഴെയാണ്.

വാഹന വായ്പകളും സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വായ്പകളും പ്രശ്‌നത്തിലാകുമെന്ന് മൂഡീസ് കരുതുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പ്രശ്‌ന വായ്പകള്‍ അധികരിക്കും.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ 12 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടവും അധികച്ചെലവും നേരിടുമെന്നു മക്കിന്‍സി ആന്‍ഡ് കോ. ചെലവുകള്‍ ചുരുക്കുകയും കാര്യക്ഷമത കൂട്ടുകയും ചെയ്തില്ലെങ്കില്‍ 2022 മാര്‍ച്ചോടെ ബാങ്കുകള്‍ക്കു മൂലധനത്തിന്മേലുള്ള വരുമാനം ഒന്‍പതു ശതമാനം കുറയുമെന്നും മക്കിന്‍സി പറയുന്നു.

* * * * * * * *

യുപിഎല്‍ വിവാദക്കുരുക്കില്‍

പണ്ട് യുനൈറ്റഡ് ഫോസ്ഫറസ് ആയിരുന്ന കമ്പനി ഇപ്പോള്‍ യുപിഎല്‍ ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയാണ്. അഗ്രോ കെമിക്കല്‍ ബിസിനസില്‍ മുന്‍നിരക്കാരിലൊന്ന്. രജനികാന്ത് ഷ്റോഫ് ചെയര്‍മാനും ജയദേവ് ഷ്‌റോഫ് സിഇഒയുമാണ്.

കുറക്കാലമായി കമ്പനിയെ വിവാദങ്ങള്‍ വലയ്ക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഓഡിറ്റര്‍ മാറിയതും ഒന്നും കമ്പനിക്ക് നല്ല പ്രതിച്ഛായ അല്ല നല്‍കിയത്.

ഒടുവില്‍ കമ്പനിയുടെ പണം പ്രൊമോട്ടര്‍മാര്‍ അവിഹിതമായി ചോര്‍ത്തുന്നു എന്ന ആരോപണവും ഉയര്‍ന്നു. ഒരു ഡയറക്ടര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം കമ്പനിയുടെ ഓഡിറ്റ് കമ്മിറ്റി പരിശോധിച്ചു തള്ളിക്കളഞ്ഞതാണെന്നു സിഇഒ വിശദീകരിക്കുന്നു. കമ്പനി വാടകയ്ക്കെടുത്ത പല കെട്ടിടങ്ങളും പ്രൊമോട്ടര്‍മാരുടേതാണെന്നും കോടിക്കണക്കിനു രൂപ

പ്രതിമാസം വാടകയായി കമ്പനിയില്‍ നിന്ന് വലിക്കുകയാണെന്നും ആണു പ്രധാന ആരോപണം.

ഷ്‌റോഫ് കുടുംബം ആരോപണം നിഷേധിക്കുന്നുവെങ്കിലും നിക്ഷേപകര്‍ കമ്പനി ഓഹരികള്‍ വിറ്റൊഴിയാന്‍ ശ്രമിച്ചു. ഒരവസരത്തില്‍ ഓഹരി വില 15 ശതമാനം വരെ താണു. പിന്നീടു 11 ശതമാനം നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

* * * * * * * *

തൊഴില്‍ കുറയുന്നു; നിരാശ പടരുന്നു

സാമ്പത്തികരംഗം ഉണര്‍വിലാണെന്നും എല്ലാം സാധാരണ നിലയിലേക്ക് അടുക്കുകയാണെന്നുമാണു പ്രചാരണം. അതത്ര ശരിയല്ലെന്ന് തെളിയിക്കുന്നു തൊഴില്‍ സര്‍വേകള്‍.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്ഹാേള്‍ഡ് സ് സര്‍വേയിലെ നിഗമനം കണ്ണുു തുറപ്പിക്കുന്നതാണ്. നവംബറില്‍ രാജ്യത്തെ തൊഴില്‍ സംഖ്യ 0.9 ശതമാനം കുറഞ്ഞു. അതായത് 35 ലക്ഷം പേര്‍ കൂടി തൊഴില്‍ മേഖലയില്‍ നിന്നു പുറത്തായി. ഒക്ടോബറില്‍ തൊഴില്‍ 0.1 ശതമാനം കുറഞ്ഞിരുന്നു.

സിഎംഐഇ സര്‍വേ പ്രകാരം നവംബറില്‍ രാജ്യത്തു 39.36 കോടി പേര്‍ക്കു തൊഴില്‍ ഉണ്ട്. 2019 നവംബറിലേക്കാള്‍ 2.4 ശതമാനം കുറവാണിത്. മാര്‍ച്ച് മുതല്‍ ഓരോ മാസവും തെഴില്‍ സംഖ്യ തലേ വര്‍ഷത്തേക്കാള്‍ കുറവായിരുന്നെന്ന് സിഎംഐഇ പറഞ്ഞു.

നവംബറിലെ തൊഴില്‍ രഹിതരുടെ സംഖ്യ 2.25 കോടിയാണ്. ഇതു കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയോളം വരും. തൊഴില്‍ കിട്ടില്ലെന്ന നിരാശകൊണ്ടു തൊഴിലന്വേഷണത്തില്‍ നിന്ന് ധാരാളം പേര്‍ പിന്മാറുന്നതായും സ്ഥാപനം ചൂണ്ടിക്കാട്ടി. ഇതു മൂലം തൊഴിലില്ലായ്മത്തോത് കുറയുന്നുണ്ട്.

ഇന്നത്തെ വാക്ക്

കാര്‍ട്ടല്‍

കമ്പനികള്‍ ലാഭം കൂട്ടാനും വിപണി നിയന്ത്രിക്കാനുമായി ഒത്തുകളിക്കാറുണ്ട്. പരസ്പരം മത്സരിക്കുന്നവര്‍ രഹസ്യധാരണ ഉണ്ടാക്കി വില കൂട്ടിയോ കുറച്ചോ ഉപഭോക്താക്കളെ പറ്റിച്ചു ലാഭം അമിതമായി കൂട്ടും. അല്ലെങ്കില്‍ വിപണിയില്‍ മത്സരിക്കുന്ന മറ്റു കമ്പനികളെ തുരത്തും. മത്സരിക്കേണ്ടവര്‍ ഒത്തുകളിക്കുന്നതിനു തുനിയുമ്പോഴാണു കാര്‍ട്ടല്‍ ( cartel - ഒത്തുകളി സംഘം) ഉണ്ടാകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com