അംബാനിക്ക് ഇന്നു നിർണായകം, പിഎംസി ബാങ്ക് പിടിക്കാൻ വ്യവസായികൾ; കുറഞ്ഞ പലിശക്കാലത്തു ഫണ്ടുകൾ ചെയ്യുന്നത്

റിലയൻസ് ഇൻഡസ്ട്രീസും അമേരിക്കൻ ഭീമൻ ആമസോണും തമ്മിൽ ഫ്യൂച്ചർ റീട്ടെയിൽ സംബന്ധിച്ചുള്ള തർക്കത്തിൽ ഇന്നു ഡൽഹി ഹൈക്കോടതിയുടെ വിധി ഉണ്ടാകും. കിഷോർ ബിയാനി റിലയൻസിനു ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ശൃംഖലയും ബ്രാൻഡുകളും വിറ്റതിനെ ആമസോൺ എതിർക്കുന്നു. ഫ്യൂച്ചറിൽ നിക്ഷേപം നടത്തിയ തങ്ങളുടെ അംഗീകാരമില്ലാതെ വിറ്റതു വാഗ്ദാന ലംഘനമാണെന്നാണു വാദം. സിംഗപ്പൂരിലെ സ്വകാര്യ ആർബിട്രേഷൻ ട്രൈബ്യൂണൽ ആമസോണിൻ്റെ വാദം അംഗീകരിച്ചു. ഇതിനെതിരേ ഫ്യൂച്ചർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ട്രൈബ്യൂണൽ വിധി ഇന്ത്യയിൽ പ്രസക്തമല്ലെന്നാണു ഫ്യൂച്ചർ വാദിക്കുന്നത്.


കേസ് വിധി ഇന്ത്യൻ റീട്ടെയിൽ വ്യാപാരം കൈയടക്കാൻ ശ്രമിക്കുന്ന രണ്ടു ഭീമന്മാരുടെയും പദ്ധതികൾക്കു നിർണായകമാകും.

* * * * * * * *

പിഎംസി ബാങ്ക് പിടിക്കാൻ വ്യവസായികൾ


വ്യവസായ ഗ്രൂപ്പുകൾക്കു ബാങ്ക് ലൈസൻസ് നൽകാനുള്ള നീക്കത്തിന് പിൻവാതിൽ നീക്കം. രണ്ടു വർഷത്തോളമായി പ്രവർത്തനം നിലച്ചു കിടക്കുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് ഏതെങ്കിലും വ്യവസായ ഗ്രൂപ്പിനെ ഏൽപ്പിക്കും. അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ആയ പിഎംസിയെ പിന്നീട് സാധാരണ വാണിജ്യ ബാങ്കായി ഉയർത്തും. 20,000 കോടി രൂപയിലേറെ ബിസിനസ് ഉള്ള അർബൻ കോ ഓപ്പറേറ്റീവിന് വാണിജ്യ ബാങ്കായി മാറാം എന്ന വ്യവസ്ഥയാണ് ഇതിനുപയോഗിക്കുക. പിഎംസിക്ക് 20,000 കോടിയുടെ ബിസിനസ് ഉണ്ട്.

പിഎംസി ബാങ്ക് സ്വന്തമാക്കാൻ പല വ്യവസായ ഗ്രൂപ്പുകൾ രംഗത്തുണ്ട്. യുകെയിലെ ലിബർട്ടി ഗ്രൂപ്പ് നടത്തുന്ന സഞ്ജീവ് ഗുപ്ത, സെൻട്രം ഗ്രൂപ്പിൻ്റെ ജസ്പാൽ സിംഗ് ബിന്ദ്ര, മുംബൈയിലും ഹൈദരാബാദിലും നിന്നുള്ള ഓരോ വ്യവസായികൾ എന്നിവരാണു പിഎംസി യിൽ നോട്ടമിടുന്നത്.

ഗുപ്ത സ്റ്റീൽ - ധനകാര്യ മേഖലകളിൽ പ്രവർത്തിക്കുന്നു. കോമൺവെൽത്ത് ട്രേഡ് ബാങ്ക് അടക്കം ഏതാനും ചെറുകിട ബാങ്കുകളും ഇയാൾക്കുണ്ട്.

ബിന്ദ്ര ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയായ ഭാരത് പേയെ കൂട്ടുപിടിച്ചാണു ബാങ്ക് പിടിക്കാൻ ശ്രമിക്കുന്നത്.
മറ്റു വ്യവസായികളുടെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വ്യവസായികൾക്കു ബാങ്ക് ലൈസൻസ് നൽകണം എന്ന് റിസർവ് ബാങ്കിൻ്റെ ഒരു കമ്മിറ്റി ഈയിടെ ശിപാർശ ചെയ്തിരുന്നു


* * * * * * * *

ബുൾ തരംഗം തുടരുമോ?


വിദേശ പണപ്രവാഹം, വ്യവസായ ഉൽപാദന വളർച്ച, വിദേശ സൂചികകളുടെ ഉയർച്ച: കഴിഞ്ഞയാഴ്ച ഇന്ത്യൻ ഓഹരി സൂചികകൾ ഉയർന്നതിനു ന്യായങ്ങൾ പലത്. ഈയാഴ്ചയും ബുൾ തരംഗം തുടരുമെന്ന ശുഭപ്രതീക്ഷയാണു വിപണി പ്രവർത്തകർക്കുള്ളത്.

കഴിഞ്ഞയാഴ്ച സെൻസെക്സ് 862 പോയിൻ്റും (1.87 ശതമാനം) നിഫ്റ്റി 247 പോയിൻ്റും (1.83 ശതമാനം) കയറി. 47,000-നു മുകളിലെത്തിയിട്ട് 46,960-ലാണു സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13,760 ൽ അവസാനിച്ചു.

നിഫ്റ്റി 14,000 ലക്ഷ്യമിട്ടാണ് ഈയാഴ്ച നീങ്ങുക. ആ മേഖലയിലെ തടസം മറികടന്നാൽ 14,500-ലേക്കു യാത്ര സുഗമമാകുമെന്നു സാങ്കേതിക വിശകലനക്കാർ കരുതുന്നു. താഴെ 13,600-ലും 13,480-13,500-ലും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

ക്രിസ്മസ് ദിനത്തിലെ അവധി മൂലം നാലു ദിവസമേ ഈയാഴ്ച വിപണി പ്രവർത്തിക്കൂ. ലാഭമെടുക്കലിന് ആഴ്ചയുടെ തുടക്കത്തിൽ ശ്രമമുണ്ടാകും. അതു ചെറിയ തിരുത്തലിലേക്കു നയിക്കുമോ എന്നു ശ്രദ്ധിക്കേണ്ടതുണ്ട്.


വെള്ളിയാഴ്ച അമേരിക്കൻ, യൂറോപ്യൻ ഓഹരികൾ താഴോട്ടു പോയി. ഇന്ത്യയിലാകട്ടെ വ്യാപാര സമയത്തിൽ ഒട്ടു മുക്കാലും താഴോട്ടു പോയിട്ട് അവസാന മണിക്കൂറിൽ തിരിച്ചുകയറുകയായിരുന്നു. വിപണിയിൽ അനിശ്ചിതത്വം പ്രബലമായതിൻ്റെ ഫലമാണത്. ക്രിസ്മസ് -പുതുവത്സര സീസണിലെ അവധികൾ വിപണിയെ താഴ്ത്തുമോ എന്ന ശങ്ക പലർക്കുമുണ്ട്.


* * * * * * * *

ഈ കുതിപ്പിൽ വേണ്ടതു കരുതൽ


അലൻ ഗ്രീൻസ്പാൻ പണ്ടു പറഞ്ഞ യുക്തിര ഹിതമായ അത്യുത്സാഹം (Irrational Exuberance) വിപണികളെ ബാധിച്ചോ? ഇങ്ങനെയൊരു ചോദ്യം ഓഹരി വിപണികളുടെ നിർത്തില്ലാത്ത ഉയർച്ച കാണുന്നവർ ഉന്നയിച്ചു തുടങ്ങി.

ആഗോള ഓഹരികളുടെ മൊത്തം വിപണിമൂല്യം നൂറു ലക്ഷം കോടി ഡോളർ കടന്നു. അമേരിക്കയിൽ ഈ വർഷം പുതിയ ഓഹരി വിൽപന (ഐപിഒ) വഴി സമാഹരിച്ചത് 17,500 കോടി ഡോളർ എന്ന റിക്കാർഡ് തുക. മൂന്നു ലക്ഷം കോടി ഡോളറിൻ്റെ കമ്പനികടപ്പത്രങ്ങളുടെ വ്യാപാരം നടക്കുന്നത് കാലാവധിയെത്തുമ്പോൾ കിട്ടാവുന്ന തുകയേക്കാൾ വിലയിലാണ് (negative yield).

ഏറ്റവും കുറഞ്ഞ പലിശയിൽ ഏറ്റവുമധികം പണം കിട്ടുന്ന കാലം. ഈ പണം വിപണികളെ മുമ്പ് എത്തിയിട്ടില്ലാത്ത ഉയരങ്ങളിലേക്കു നയിക്കുന്നു.

വിപണികളിലെങ്ങും അത്യാവേശമാണ്. ഇപ്പോൾ ചാടിക്കേറിയില്ലെങ്കിൽ ഈ സാന്താക്ലോസ് റാലിയിൽ ചേരാൻ പറ്റിയില്ലെങ്കിലോ എന്നു ഭയന്ന് ജനം പണമെറിയുകയാണ്. കഥയില്ലാത്ത ബിസിനസുമായി വരുന്ന കമ്പനികൾ പോലും ശതകോടിക്കണക്കിനു ഡോളർ നേടുന്നു. ഐപിഒ അലോട്ട്മെൻ്റ് കിട്ടാത്തവർ ലിസ്റ്റിംഗ് വേളയിൽ വാങ്ങാൻ തിരക്കുകൂട്ടി. ശരാശരി 40 ശതമാനം ഉയരത്തിലാണ് ഇക്കൊല്ലം അമേരിക്കൻ ഐപിഒകൾ ലിസ്റ്റ് ചെയ്തത്.

അമേരിക്കൻ വിപണിയിലെ കാര്യം ഇത്രയും പറഞ്ഞത് ഇന്ത്യയിലും ഇതേ രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നതുകൊണ്ടാണ്. മൂലധനത്തിൻ്റെ ആഗോള യാത്രയോടൊപ്പം യുക്തിയില്ലാത്ത അത്യുത്സാഹവും ആഗോള യാത്ര നടത്തുന്നുണ്ട്. 1999-2000 ലെ വൈ ടു കെ (y2k) തരംഗവും തുടർന്ന് ഐടി ഓഹരികൾ തകർന്നതും 2008-ലെ വലിയ മാന്ദ്യത്തിനു മുൻപ് കുറഞ്ഞ പലിശയുടെ ബലത്തിൽ ഓഹരിവിപണികൾ റിക്കാർഡ്കുറിച്ചതും പിന്നെ തകർന്നടിഞ്ഞതും ആഗോള പ്രവണതകളുടെ ഭാഗമായിരുന്നു.

വളരെയേറെ കരുതലും ജാഗ്രതയും വേണ്ട നാളുകളാണ് വിപണിക്കു മുമ്പിലുള്ളത്. അതു വിസ്മരിക്കരുത്.



* * * * * * * *

ക്രൂഡ് താഴുന്നു, സ്വർണം കയറുന്നു



കോവിഡ് ആശങ്ക സാമ്പത്തിക വളർച്ചയെപ്പറ്റിയും സംശയം ജനിപ്പിക്കും. അതു കൊണ്ടു തന്നെ ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ താഴോട്ടു നീങ്ങി. 52.3 ഡോളറിലായിരുന്ന ബ്രെൻ്റ് ഇനം രണ്ടു ശതമാനം താണു.

സമാന്തരമായി സ്വർണ വില ഉയർന്നു. വെള്ളിയാഴ്ച ഔൺസിന് 1881 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 1884 ഡോളറിലേക്കു കയറി.


* * * * * * * *


കോവിഡിൽ പുതിയ ആശങ്കകൾ



ബ്രിട്ടനിൽ ഘടനാമാറ്റം വന്ന കോവിഡ് വൈറസ് വ്യാപകമായതു പരക്കെ ആശങ്ക വളർത്തുന്നു. ബ്രിട്ടനെ ഒറ്റപ്പെടുത്താൻ മറ്റു യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചു. ബ്രിട്ടനിൽ ആഭ്യന്തര നിയന്ത്രണങ്ങൾ വർധിപ്പിച്ചു. ഓസ്ട്രേലിയയിലും തായ്ലൻഡിലും കോവിഡ് വ്യാപനത്തെ ചൊല്ലി പുതിയ ആശങ്കകൾ ഉടലെടുത്തിട്ടുണ്ട്.

കോവിഡ് വാക്സിനുകൾ അംഗീകരിക്കപ്പെട്ടതിനെ തുടർന്നു വിപണികളിൽ ഉണ്ടായ ഉണർവിനു മങ്ങലേൽപിക്കുന്നതാണ് വൈറസിൻ്റെ ഘടനാമാറ്റം. ഇന്നു

രാവിലെ ഏഷ്യൻ വിപണികൾ താഴോട്ടു നീങ്ങിയത് ഈ ആശങ്കയുടെ ഫലമാണ്.


* * * * * * * *

ബിറ്റ്കോയിൻ ഭ്രമം കൂടുന്നു


ഗൂഢ കറൻസി ബിറ്റ്കോയിൻ 24,000 ഡോളറിനു മുകളിലായി. ഒരിടത്തും നിയമപരമായി അംഗീകാരമില്ലാത്ത ഈ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ബിറ്റ്കോയിൻ സ്ഥാപകൻ എന്നു കരുതപ്പെടുന്ന സടോഷി നകാമുറയുടെ ആശയങ്ങൾ വിശദീകരിക്കുന്ന പുസ്തകങ്ങൾ വരെ വിപണിയിലുണ്ട്. നകാമുറ എന്നത് ഒരു വ്യാജപേര് ആണെന്നാണു കരുതപ്പെടുന്നത്.
എന്തായാലും വിപണിയിൽ ബിറ്റ്കോയിനും മറ്റു ഗൂഢകറൻസികളും വലിയ തരംഗമാണ്.


* * * * * * * *

വ്യവസായവായ്പ കൂടുന്നില്ല


ബാങ്കുകളിലെ നിക്ഷേപ വർധന 11.34 ശതമാനം. വായ്പാ വർധന 5.73 ശതമാനം. സാമ്പത്തികരംഗം ചലനാത്മകമായിട്ടില്ലെന്ന വ്യക്തമായ സൂചന.

ഡിസംബർ നാലിന് അവസാനിച്ച രണ്ടാഴ്ചയിലെ കണക്കാണിത്. അന്നത്തെ നിലയനുസരിച്ച് രാജ്യത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 145.92 ലക്ഷം കോടി രൂപ. തലേവർഷം ഇതേ ആഴ്ചയിൽ 131.06 ലക്ഷം കോടി രൂപ.

ഡിസംബർ നാലിനു രാജ്യത്തെ ആകെ ബാങ്ക് വായ്പ 105.04 ലക്ഷം കോടി രൂപ. തലേക്കൊല്ലം 99.35 ലക്ഷം കോടി.

രണ്ടാഴ്ച കൊണ്ട് നിക്ഷേപം 2.22 ലക്ഷം കോടി വർധിച്ചപ്പോൾ വായ്പ വർധിച്ചത് 70,000 കോടി മാത്രം.

ഒക്ടോബറിൽ വ്യവസായ വായ്പ 3.4 ശതമാനം വർധിച്ച സ്ഥാനത്തു നവംബറിൽ 1.7 ശതമാനം കുറയുകയാണുണ്ടായത്.

വ്യവസായ മേഖല തിരിച്ചുകയറുകയാണെന്ന അവകാശവാദങ്ങൾ ശരിയല്ലെന്നു കാണിക്കുന്നവയാണ് ഈ കണക്കുകൾ..



* * * * * * * *

കടപ്പത്രം വിൽക്കുന്നു, ഓഹരി വാങ്ങുന്നു. വിദേശികളുടെ മനം മാറ്റത്തിനു പിന്നിൽ


കുറേക്കാലമായി വിദേശ നിക്ഷേപകരാണല്ലോ വികസ്വര രാജ്യങ്ങളിലെ ഓഹരി - കടപ്പത്ര വിപണികളെ നിയന്ത്രിക്കുന്നത്. അവർ എവിടെ നിക്ഷേപിക്കുന്നോ അവിടം ഉയരും. അവർ പണം പിൻവലിക്കുന്ന വിപണികൾ താഴും.

ഈ വർഷം ഇന്ത്യയടക്കമുള്ള വികസ്വര വിപണികളിൽ വിദേശ നിക്ഷേപകരുടെ നോട്ടം ഓഹരികളിലാണ്. ഇന്ത്യയിൽ ഇക്കൊല്ലം (2020) ഇതുവരെ 1,58,176 കോടി രൂപ അവർ ഓഹരികളിൽ നിക്ഷേപിച്ചു. അതേ സമയം കടപ്പത്രങ്ങളിൽ നിന്നു പിൻവാങ്ങി. 1,01,532 കോടി രൂപയുടെ കടപ്പത്രങ്ങളാണ് അവർ ഒഴിവാക്കിയത്.

2019-ലും മറ്റും കണ്ടിരുന്ന പ്രവണതയിൽ നിന്നു വ്യത്യസ്തമാണിത്. അന്നു റിസക് എടുക്കാൻ വിദേശ ഫണ്ടുകൾക്കു മടിയായിരുന്നു. ആദായം ഉറപ്പുള്ള നിക്ഷേപമായി കടപ്പത്രങ്ങളെ കണ്ടു. അതിൽ നിന്നു മാറി ആദായം കൂടുതൽ കിട്ടാവുന്ന ഓഹരികളിലേക്ക് നിക്ഷേപം തിരിച്ചുവിട്ടു.

വികസിത രാജ്യങ്ങളിലെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലേക്കുള്ള കഴിഞ്ഞയാഴ്ചകളിലെ പണമൊഴുക്കിൽ ഈ മാറ്റം ദൃശ്യമാണ്. ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്കു വരുന്ന പണത്തിൻ്റെ അഞ്ചിലൊന്നേ കടപ്പത്ര ഫണ്ടുകളിലേക്കു വരുന്നുള്ളു.

കടപ്പത്രങ്ങളിൽ നിന്നുള്ള ശരാശരി ആദായം ഇപ്പോൾ 3.5 ശതമാനമാണ്. അതേ സമയം ഓഹരികളിൽ നിന്ന് ഇപ്പോൾ 6.5 ശതമാനം കിട്ടുന്നുണ്ട്. കമ്പനികളുടെ പ്രതി ഓഹരി വരുമാനം (ഇപിഎസ്) കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണു വർധിക്കുന്നത്. ഇത് അടുത്ത വർഷവും തുടരും എന്നാണു നിരീക്ഷണം. എന്നാൽ പലിശ നിരക്ക് ഇപ്പോഴത്തെ താണ നിലയിൽ നിന്നു കയറാൻ കാലമെടുക്കുമെന്ന് ഓരോ ദിവസവും വ്യക്തമായി വരികയാണ്. വിദേശ നിക്ഷേപം കടപ്പത്രങ്ങളെ വിട്ട് ഓഹരികളിലേക്കു മാറുന്നത് ഈ സാഹചര്യത്തിലാണ്.

കഴിഞ്ഞ ഒരു ദശകം കടപ്പത്രങ്ങളുടേതായിരുന്നു. ഓഹരികളിൽ നിന്ന് ഒരു രൂപ നേട്ടമുണ്ടാകുമ്പോൾ തദ്ദേശീയ കറൻസിയിലെ കടപ്പത്രത്തിൽ നിന്ന് മൂന്നു രൂപയും ഡോളർ കടപ്പത്രത്തിൽ നിന്ന് ഏഴു രൂപയും കിട്ടുമായിരുന്നു. ആ സാധ്യത മാറി. നിക്ഷേപവും മാറി.


ഇന്നത്തെ വാക്ക് : ഇടിഎഫ്


മ്യൂച്വൽ ഫണ്ട് പോലെ നിരവധി നിക്ഷേപകരുടെ പണം ഒന്നിച്ചു ചേർത്ത് നിക്ഷേപം നടത്തുന്നവയാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്). ഇടിഎഫ് എപ്പോൾ വേണമെങ്കിലും എക്സ് ചേഞ്ചുകളിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. മ്യൂച്വൽ ഫണ്ടിൻ്റെ ക്രയവിക്രയം ദിനാന്ത്യത്തിലെ എൻ എ വി (നെറ്റ് അസറ്റ് വാല്യു) വച്ച് മാത്രമാണ്‌.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it