വിദേശ നിക്ഷേപം സൂചികകളെ ഉയർത്തും; രാജ്യത്ത് നിക്ഷേപം നടക്കുന്നുണ്ടോ ? പണനയത്തിൽ മറഞ്ഞിരിക്കുന്നതെന്ത് ?

ബജറ്റ് വാരത്തിലെ വെടിക്കെട്ട് ആഴ്ച മുഴുവൻ നീണ്ടു നിന്നു. നിഫ്റ്റി 1289 പോയിൻ്റും സെൻസെക്സ് 4445 പോയിൻ്റും കുതിച്ചു. വെള്ളിയാഴ്ച ഒരു തിരുത്തലിൻ്റെ തുടക്കമാകുമെന്നു കരുതിയെങ്കിലും ഒടുവിൽ ചെറിയ നേട്ടത്തോടെയാണു സൂചികകൾ ക്ലോസ് ചെയ്തത്.

അനിവാര്യമായ തിരുത്തൽ എപ്പോഴും സംഭവിക്കാമെന്നാണു കരുതപ്പെടുന്നത്. പക്ഷേ വിദേശ വിപണികൾ ഇപ്പോഴും കുതിപ്പിലാണ്. അമേരിക്കയിൽ ഉത്തേജക പദ്ധതി പാസാകുമെന്ന സൂചന വികസ്വര രാജ്യങ്ങളിലേക്കു കൂടുതൽ പണമൊഴുകുമെന്ന പ്രതീക്ഷവളർത്തുന്നു. കുറേ മാസങ്ങളായി വിദേശപണ പ്രവാഹമാണല്ലോ ഇന്ത്യൻ ഓഹരികളെ കയറ്റുന്നത്.

ചാഞ്ചാട്ടം കൂടും

സാങ്കേതിക വിശകലനക്കാർ തിരുത്തൽ പ്രതീക്ഷിക്കണമെന്നാണു പറയുന്നത്. ഓപ്ഷൻസ് വ്യാപാരത്തിൽ കൂടിയ വിലയും കുറഞ്ഞ വിലയും തമ്മിലുള്ള അകലം കൂടി. 16,000 വരെ നിഫ്റ്റി കോൾ ഓപ്ഷൻ ഉയർന്നു; പുട്ട് ഒ പ്ഷഷൻ 13,500 വരെ താഴെയെത്തി. 14,500-15,200 മേഖലയിൽ വ്യാപാരം നടക്കുമെന്നാണ് ഇതു നൽകുന്ന സൂചന. ഏതായാലും ഈ ദിവസങ്ങളിൽ അവിചാരിത സംഭവങ്ങളില്ലെങ്കിൽ നല്ല ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
വെള്ളിയാഴ്ച ചെറിയ ഉയർച്ചയോടെ ഇന്ത്യൻ സൂചികകൾ റിക്കാർഡ് നിലയിലെത്തി. യൂറോപ്പിൽ വലിയ ഉണർവുണ്ടായില്ല. അമേരിക്കൻ സൂചികകൾ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. പിന്നീടു യുഎസ് ഫ്യൂച്ചേഴ്സ് നല്ല നേട്ടം കാണിച്ചു.
ഇന്നു രാവിലെ ജാപ്പനീസ് വിപണി ഒന്നര ശതമാനത്തിലേറെ ഉയർച്ചയോടെയാണു തുടങ്ങിയത്. എസ് ജി എക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,000-നു മുകളിലായത് ഉയർന്ന തുടക്കം സൂചിപ്പിക്കുന്നു.

സ്വർണം, ക്രൂഡ് മുന്നോട്ട്

വെള്ളിയാഴ്ച 1800 ഡോളറിനു മുകളിലെത്തിയ സ്വർണം ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 1815 ഡോളറിലാണ്. വെള്ളി വില 27 ഡോളറിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ്.
ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 60 ഡോളറിലേക്കു നീങ്ങുകയാണ്. ഇന്നു രാവിലെ ഏഷ്യയിൽ ബ്രെൻ്റ് ഇനം ക്രൂഡ് 59.86 ഡോളറിലെത്തി.

വളർച്ചയും പണപ്പെരുപ്പവും

വെള്ളിയാഴ്ചത്തെ പണനയപ്രഖ്യാപനം വിപണി അന്നു തന്നെ വിലയിരുത്തി. വിപണിക്കു ദോഷകരമായി ഒന്നും കണ്ടില്ല. ജിഡിപി വളർച്ച 2021-22-ൽ 10.5 ശതമാനമാകുമെന്ന നിഗമനം ആശ്വാസകരമാണ്. എന്നാൽ 2022 ജനുവരി-മാർച്ചിൽ വളർച്ച ആറു ശതമാനത്തിലും താഴെയാകുമെന്ന സൂചന അത്ര ശുഭകരമല്ല.
ഉയർന്ന കമ്മിയും ഭീമമായ കടമെടുപ്പും (2020-21-ൽ 12.8 ലക്ഷം കോടി, 2021-22 ൽ 12 ലക്ഷം കോടി) പണപ്പെരുപ്പവും ഉയർന്ന വിലക്കയറ്റവും ഉണ്ടാക്കുമെന്ന ആശങ്ക ചിലർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കമ്മിപ്പണം ബജറ്റിൽ മുമ്പുപെടുത്താതിരുന്ന ചില മുൻകാല കടങ്ങൾ വീട്ടാനാണെന്നും അതു പണപ്പെരുപ്പം ഉണ്ടാക്കില്ലെന്നും ചീഫ് സ്റ്ററ്റിസ്റ്റീഷ്യൻ ഓഫ് ഇന്ത്യയായി വിരമിച്ച പ്രണാബ് സെൻ വിശദീകരിക്കുന്നു.

നിക്ഷേപം എവിടെ?

ഈ വർഷവും അടുത്ത വർഷവും മൂലധനച്ചെലവിലും അടിസ്ഥാന സൗകര്യ വികസനത്തിലും വളരെ വലിയ നിക്ഷേപം നടത്തുമെന്നു ബജറ്റിൽ പറഞ്ഞെങ്കിലും നിർമാണ മേഖലയിലെ കമ്പനികൾക്കു വരുമാനം കൂടിയിട്ടില്ലെന്ന് ഒരു പഠനം കാണിക്കുന്നു. ഡിസംബർ പാദത്തിൽ നിർമാണ -എൻജിനിയറിംഗ് കമ്പനികളുടെ വരുമാനം 2.3 ശതമാനം കുറയുകയാണു ചെയ്തത്. ഈ മേഖലയിലെ വമ്പനായ ലാർസൻ ആൻഡ് ടൂബ്രാേയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ നിന്നുള്ള വരുമാനം എട്ടു ശതമാനം കുറയുകയാണു ചെയ്തത്. സർക്കാരും പൊതുമേഖലയും നിക്ഷേപം കൂട്ടിയില്ലെന്ന സൂചനയാണ് ഇതിലുള്ളത്. സ്വകാര്യ മേഖല നിക്ഷേപം പുനരാരംഭിക്കാൻ ആറുമാസം കൂടി കഴിയേണ്ടിവരുമെന്നാണു കമ്പനിയുടെ എം ഡി പറയുന്നത്.

ഉത്തരാഖണ്ഡ് ദുരന്തം

ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നും ഡാം പൊട്ടിയുമുള്ള ദുരന്തത്തിൽ എൽ ആൻഡ് ടി യുടെ ഒരു ജലവൈദ്യുത പദ്ധതി പാടേ തകർന്നു. നിർമാണം നടന്നു വരുന്ന പദ്ധതിയായിരുന്നു അത്. കമ്പനിയുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. വലിയ നഷ്ടമുണ്ടായാലും ഇൻഷ്വറൻസും സർക്കാർ സഹായവും കമ്പനിക്കു താങ്ങാകും.

പണനയത്തിൻ്റെ നാനാർഥങ്ങൾ

സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലെത്തുകയാണ് എന്ന വിശ്വാസത്തിലാണ് റിസർവ് ബാങ്ക്. ഗവർണർ ശക്തികാന്ത ദാസും പണനയ കമ്മിറ്റി (എംപിസി) അംഗങ്ങളും ഇക്കാര്യത്തിൽ ഒരേ മനസാണ്. അതു കൊണ്ടാണല്ലോ കഴിഞ്ഞ എംപിസി യോഗ തീരുമാനങ്ങളെല്ലാം ഏകകണ്ഠമായത്.
റീപോ, റിവേഴ്സ് റീപോ, ബാങ്ക് റേറ്റ് തുടങ്ങി പലിശയെ നേരിട്ടു ബാധിക്കുന്ന നിരക്കുകളൊന്നും മാറ്റിയില്ല. ഇതു പലിശ നിരക്ക് താഴ്ത്താനുള്ള നിലപാടായി വ്യാഖ്യാനിക്കാൻ മിക്കവരും ശ്രമിച്ചു. എന്നാൽ കരുതൽ പണ അനുപാതം (സിആർആർ) തിരികെ നാലു ശതമാനമാക്കുന്നതു പലിശ വർധിപ്പിക്കാനുള്ള പ്രേരണ നൽകും. രണ്ടു ഘട്ടമായാണ് അനുപാതം മൂന്നിൽ നിന്നു നാലു ശതമാനമാക്കുന്നത്.
വായ്പയ്ക്ക് ഇപ്പോൾ വലിയ ഡിമാൻഡ് ഇല്ല. നിക്ഷേപം 12 ശതമാനം തോതിലും വായ്പ ആറു ശതമാനം തോതിലുമാണു വർധിക്കുന്നത്. ബാങ്കുകൾ വായ്പ നൽകാൻ പറ്റാത്ത 6.71 ലക്ഷം കോടി രൂപ കൈവശം വച്ചാണ് കഴിയുന്നത്. അതിനാൽ സിആർആർ കൂടുന്നത് വായ്പാലഭ്യതയെ ബാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വർധിച്ച കടമെടുപ്പ് എന്ന വെല്ലുവിളി

റിസർവ് ബാങ്ക് നേരിട്ട ഒരു വെല്ലുവിളി സർക്കാരിൻ്റെ വർധിച്ചു വരുന്ന കടമെടുപ്പാണ്. ധനകമ്മി കഴിഞ്ഞ വർഷം ജിഡിപി യുടെ 4.6 ശതമാനം, ഇക്കൊല്ലം 9.5 ശതമാനം, അടുത്ത വർഷം 6.8 ശതമാനം. ഇതിനനുസരിച്ച് സർക്കാർ കടപ്പത്രം വിൽക്കണം.ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളുമാണ് ഇവ വാങ്ങിക്കൂട്ടേണ്ടത്.
കൂടുതൽ കടപ്പത്രം വരുമ്പോൾ വില കുറയും, പലിശ കൂടും. അപ്പോൾ ബാങ്കുകൾക്കു നിക്ഷേപനഷ്ടം വരും. ഓരോ പാദത്തിലും കടപ്പത്ര നിക്ഷേപങ്ങളുടെ വില വച്ചു നിക്ഷേപ ലാഭവും നഷ്ടവും നിർണയിക്കേണ്ടതുണ്ടല്ലോ.
ഈ പ്രശ്നത്തിനു റിസർവ് ബാങ്ക് പരിഹാരം കണ്ടു. കടപ്പത്രം തിരിച്ചു വാങ്ങും. ഈ വർഷം നാലു ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങിയിരുന്നു. അത്രയും അടുത്ത ധനകാര്യ വർഷവും വാങ്ങും എന്നു പ്രഖ്യാപിച്ചു. ബാങ്കുകൾക്ക് ചെറിയ ?ആശ്വാസമായി. താണ കടപ്പത്രവില അൽപം ഉയർന്നു. പക്ഷേ, തൃപ്തികരമായ നിലയിലായില്ല.

കമ്മിപ്പണം വളഞ്ഞവഴിയിൽ

റിസർവ് ബാങ്ക് ചെയ്യുന്നത് സാങ്കേതിക മായി ബാലൻസ് ഷീറ്റ് വലുതാക്കൽ ആണെന്നു പറയാം. കുറേക്കൂടി ലളിതമായി പറഞ്ഞാൽ കമ്മിപ്പണം അടിച്ചിറക്കലാണ്. ഗവണ്മെൻ്റിനു വേണ്ടി റിസർവ് ബാങ്ക് ഇറക്കിയ കടപ്പത്രങ്ങൾ കാലാവധിക്കു മുമ്പേ വാങ്ങിക്കുമ്പോൾ കമ്മി നികത്താൻ പണം നൽകുകയാണ്. 1996 വരെ റിസർവ് ബാങ്ക് നേരിട്ടു ചെയ്തു പോന്ന കാര്യം ഇപ്പോൾ വളഞ്ഞ വഴിയിൽ ചെയ്യുന്നു.
അമേരിക്കയിൽ 2008-ലെ വലിയ മാന്ദ്യ കാലത്ത് ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ബാങ്കുകളുടെ പക്കൽ നിന്നു കടപ്പത്രം തിരിച്ചു വാങ്ങിയിരുന്നു.. ഗവർണർ ബെൻ ബെർണാങ്കി ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് (ക്യു ഇ) എന്നു പേരിട്ട ഈ നടപടിയിലൂടെ ബാങ്കുകളുടെ പണഞെരുക്കം നീക്കി വിപണിയിൽ പണലഭ്യത ഉറപ്പാക്കി.
ശക്തികാന്ത ദാസിൻ്റെ നടപടി സർക്കാരിൻ്റെ കടമെടുപ്പ് സുഗമമാക്കാൻ വേണ്ടിയാണ്. നാലര ലക്ഷം കോടി രൂപയുടെ ട്രഷറി ബില്ലുകൾ വഴി കമ്മി നികത്താൻ സഹായിച്ചതിനു പുറമെയാണിത്. ട്രഷറി ബില്ലുകളിൽ മുക്കാൽ ഭാഗവും 182 ദിവസമോ 364 ദിവസമോ കാലാവധി ഉളളവയാണ്. അതും കടമെടുപ്പിൻ്റെ വളഞ്ഞ വഴി.
ആനുകാലിക വിലനോക്കി ലാഭനഷ്ടങ്ങൾ രേഖപ്പെടുത്തേണ്ടതില്ലാത്ത എച്ച്ടിഎം (ഹെൽഡ് ടു മച്ചുറിറ്റി) വിഭാഗത്തിലേക്ക് 22 ശതമാനം കടപ്പത്രങ്ങൾ മാറ്റാമെന്ന ആനുകൂല്യം അടുത്ത വർഷം മാർച്ച് 31 വരെ നീട്ടി. അതും ബാങ്കുകൾക്കു സഹായകമായി. ഇതു പഴയതുപോലെ 19.5 ശതമാനമാക്കുന്നത് 2023 ജൂണിനു ശേഷമാണ്. ഘട്ടം ഘട്ടമായിട്ടാകും തിരിച്ചു പോക്ക്.

സർക്കാർ കടപ്പത്രങ്ങളിലെ ഓൺലൈൻ വ്യാപാരം വ്യക്തികൾക്കും

സർക്കാർ കടപ്പത്രങ്ങളുടെ ഓൺലൈൻ ഇടപാടിൽ വ്യക്തികളെയും അനുവദിക്കുന്നതായി ഗവർണർ ദാസ് അറിയിച്ചു. കടപ്പത്രത്തിൻ്റെ പ്രഥമ വിൽപനയിലും ദ്വിതീയ വിപണിയിലെ കൈമാറ്റങ്ങളിലും ഇനി വ്യക്തികൾക്ക് ഏർപ്പെടാം.
വ്യക്തിഗത നിക്ഷേപകരെ സർക്കാർ കടപ്പത്ര വിപണിയിലേക്ക് ആകർഷിക്കാൻ റിസർവ് ബാങ്കും ഗവണ്മെൻ്റും വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. പക്ഷേ വിജയിക്കുന്നില്ല.
വരുമാനം (Yield) കുറവായതു തന്നെ കാര്യം. ശരാശരി ആറു ശതമാനമാണു വരുമാനം. അതേ സമയം സർക്കാർ ഗാരൻ്റിയുള്ള റിസർവ് ബാങ്ക് ബോണ്ടിന് 7.15 ശതമാനം പലിശയുണ്ട്. 69 ലക്ഷം കോടി രൂപ വിലയ്ക്കുള്ള 93 കടപ്പത്രങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള്ളതിൽ പത്തിൽ താഴെ എണ്ണമേ ദിവസേന വ്യാപാരം ചെയ്യപ്പെടുന്നുള്ളു.
സർക്കാർ കടപ്പത്രവിപണിയിൽ കാര്യമായി 'പ്രവർത്തി'ച്ചിട്ടുള്ള ഒരാൾ ഹർഷദ് മേത്തയാണ്. ബാങ്കുകളുടെ കൈവശമുള്ള കടപ്പത്രങ്ങൾ വ്യാപാരം ചെയ്തിരുന്ന റെഡി ഫോർവേഡ്, ഡബിൾ റെഡി ഫോർവേഡ് ഇടപാടുകളിൽ പണം കൈമാറാനുള്ള സാവകാശം മുതലെടുത്തായിരുന്നു മേത്തയുടെ 'പ്രവർത്തനം'. ബാങ്കിൻ്റെ പണമെടുത്ത് ഓഹരി വാങ്ങി ലാഭത്തിൽ വിറ്റ് പണം തിരിച്ചു കൊടുക്കും. ബാങ്കിലെ ഉന്നതരുടെ സഹായത്തോടെ നടത്തിയ തട്ടിപ്പ്. ഇതു വെളിച്ചത്തായപ്പോൾ വിപണി തകർന്നു. മേത്ത ജയിലിലുമായി.

വിദേശികൾ നിക്ഷേപിക്കുന്നു, സ്വദേശികൾ ലാഭമെടുക്കുന്നു

ഫെബ്രുവരിയിലെ ആദ്യ അഞ്ചു ദിവസം കൊണ്ടു വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ 12,266 കോടി രൂപ നിക്ഷേപിച്ചു. ഓഹരികളിൽ 10,793 കോടിയും കടപ്പത്രങ്ങളിൽ 1473 കോടി രൂപയും.
ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ ജനുവരിയിൽ വിറ്റു ലാഭമെടുക്കുകയായിരുന്നു. 12,980 കോടി രൂപയുടെ ഓഹരികളാണ് അവർ കഴിഞ്ഞ മാസം വിറ്റത്.വിദേശ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ ജനുവരിയിൽ 19,472 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.
2020-ൽ മ്യൂച്വൽ ഫണ്ടുകൾ 56,400 കോടി രൂപയാണ് ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ കഴിഞ്ഞ വർഷം 1.7 ലക്ഷം കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it