വിൽപനസമ്മർദത്തിൽ വിപണി; സ്വർണ വിലയിൽ ഇടിവ്; ചൈനയെ തഴഞ്ഞ് വിദേശ നിക്ഷേപകർ

ചൊവ്വാഴ്ച വിൽപന സമ്മർദത്തിൽ സൂചികകൾ വല്ലാതെ ചാഞ്ചാടി. സെൻസെക്സ് 650 പോയിൻ്റ് കയറിയിറങ്ങിയിട്ട് താഴ്ന്നു ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകർ 1441 കോടി രൂപ പുതുതായി നിക്ഷേപിച്ചിട്ടും ഫലമുണ്ടായില്ല.

യൂറോപ്പും ഇന്നലെ താഴോട്ടു പോയി. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്തെങ്കിലും മറ്റു സൂചികകളെല്ലാം താഴോട്ടായിരുന്നു. അവധി വ്യാപാരവും താഴോട്ടാണ്. ജാപ്പനീസ് ഓഹരികൾ ഇന്നു വ്യാപാരം തുടങ്ങിയതും താഴ്ചയിലാണ്.

പലിശയെപ്പറ്റി മുന്നറിയിപ്പ്

എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,233 വരെ താണതും ഇന്നു താഴ്ന്ന തുടക്കത്തിലേക്കു വിരൽ ചൂണ്ടുന്നു. ഓഹരി വിപണികളിൽ വലിയ കുമിളകൾ രൂപം കൊള്ളുന്നതായി ജിം റോജേഴ്സിസിനെപ്പോലുള്ള നിക്ഷേപ വിദഗ്ധർ പറയുന്നതും വിപണിയെ ആശങ്കപ്പെടുത്തുന്നു.
അമേരിക്കയിൽ സർക്കാർ കടപ്പത്രങ്ങളുടെ ആദായം (Yield) വർധിക്കുന്ന വിധം വില താണു.ഇതു പലിശ നിരക്ക് ഉയരുമെന്ന സൂചനയാണു നൽകുന്നത്. ഇന്ത്യയിൽ റിസർവ് ബാങ്ക് പരിശ്രമിച്ചിട്ടും 10 വർഷ കടപ്പത്ര വില താഴുകയാണ്. സർക്കാർ കടമെടുപ്പ് ഭീമമായി വർധിക്കുന്നതിനാൽ പലിശ കൂടാതെ മാർഗമില്ലെന്നാണു വിപണി മുന്നറിയിപ്പ് നൽകുന്നത്. കുറഞ്ഞ പലിശയും വർധിച്ച കടമെടുപ്പും ഒന്നിച്ചു പോവുകയില്ലെന്ന പ്രാഥമിക തത്വം വിപണി ഊന്നിപ്പറയുന്നു.

അനിശ്ചിതത്വ സൂചന

അനിശ്ചിതത്വ സൂചനയാണു ചൊവ്വാഴ്ച വിപണി നൽകിയതെന്ന് സാങ്കേതിക വിശകലനക്കാർ പറയുന്നു. 15,250 എന്ന സപ്പോർട്ടിനു മുകളിലാണു നിഫ്റ്റി ക്ലോസ് ചെയ്തത്. അതിനു താഴെ 15,100-ഉം സപ്പോർട്ട് നൽകും. ഇവയ്ക്കു മുകളിൽ ഇന്നു നിന്നാൽ 15,400-15,500 ലേക്കു തുടർന്നുള്ള ദിവസങ്ങളിൽ കയറാനാകും.

സ്വർണം താഴുന്നു

ആഗോള വിപണിയിൽ സ്വർണം കുത്തനെ താണു. ഔൺസിന് 1788-1790 ഡോളറിലാണു രാവിലെ വ്യാപാരം. സ്വർണ ഇടിഎഫുകളിൽ നിന്നു വലിയ പിന്മാറ്റം ഉണ്ടായതാണു കാരണം. ചില വലിയ ഫണ്ടുകൾ സ്വർണം വൻതോതിൽ വിറ്റു. 1800 ഡോളറിനു താഴെ വില എത്തിയത് മറ്റു സ്വർണ നിക്ഷേപകരെ ആശങ്കാകുലരാക്കി.
കേരളത്തിൽ കുറേ ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണ വില ഇന്നു താഴും. പവന് 35,400 രൂപയാണ് ഒരാഴ്ചയായി കേരളത്തിൽ.
ക്രൂഡ് ഓയിൽ വില അൽപം താണു. കനത്ത മഞ്ഞുവീഴ്ചയും തണുപ്പും കാരണം വടക്കേ അമേരിക്കയിൽ ധാരാളം വ്യവസായങ്ങൾ അടച്ചിട്ടതാണു കാരണം. ബ്രെൻ്റ് ഇനം 62.96 ഡോളറിലേക്കു താണു.

വിദേശികൾ ചൈനയെ തഴഞ്ഞ് ഇന്ത്യയെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

എല്ലാവരും ഇന്ത്യയെ പ്രേമിക്കുന്നു. കോവി ഡാനന്തര ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായി വിദേശബ്രോക്കറേജുകൾ ഇന്ത്യയെ കാണുന്നു. ക്രെഡിറ്റ് സ്വിസ് ആണ് ഈ ഇന്ത്യാ പ്രണയികളിൽ ഏറ്റവും പുതിയ സ്ഥാപനം.
ചൈനയെയും തായ് ലൻഡിനെയും തഴഞ്ഞാണ് ക്രെഡിറ്റ് സ്വിസ് ഇന്ത്യയെയും ഓസ്ട്രേലിയയെയും ഇഷ്ട നിക്ഷേപ സ്ഥാനങ്ങളായി പ്രഖ്യാപിച്ചത്. ചൈനയുടെയും തായലൻഡിൻ്റെയും സാമ്പത്തിക തിരിച്ചുവരവിൻ്റെ ആവേശകരമായ സമയം കഴിഞ്ഞു പോയെന്ന് അവർ കരുതുന്നു.
ഇന്ത്യൻ കമ്പനികളുടെ ലാഭക്ഷമത നാടകീയമായി കൂടുമെന്നാണ് ക്രെഡിറ്റ് സ്വിസ് പറയുന്നത്. ഇന്ത്യയിൽ പലിശ നിരക്ക് ഇനിയും കുറയുമെന്ന പ്രതീക്ഷയും അവർക്കുണ്ട്.
വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും ഇന്ത്യയിൽ വലിയ സാധ്യതകളാണു കാണുന്നത്. ഈ ധനകാര്യ വർഷം ഇതുവരെ 2,56,646 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. ഫെബ്രുവരിയിൽ ഇതുവരെ നിക്ഷേപിച്ച തുക (21,845 കോടി രൂപ) ജനുവരിയിലെ മൊത്തം നിക്ഷേപത്തേക്കാൾ കൂടുതലാണ്.

മൂന്നാം പാദ ജിഡിപിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ

ഒക്ടോബർ-ഡിസംബർ പാദത്തിലെ ഇന്ത്യൻ ജിഡിപി എത്രയായിരുന്നെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (എൻഎസ്ഒ) കണക്ക് 26-ാം തീയതി പുറത്തു വരും. ജിഡിപി വളർച്ചയെപ്പറ്റി റേറ്റിംഗ് ഏജൻസികളും ബാങ്കുകളും ബ്രോക്കറേജുകളും വളരെ വ്യത്യസ്തമായ നിഗമനങ്ങളിലാണ് എത്തിയിട്ടുള്ളത്. ഒന്നര ശതമാനം ഇടിവു മുതൽ 0.7 ശതമാനം വളർച്ച വരെയാണ് അവർ കണക്കാക്കുന്നത്.
ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 23.9 ശതമാനം ഇടിവായിരുന്നു. രണ്ടാം പാദത്തിൽ ഇടിവ് 7.5 ശതമാനമായി താണു. മൊത്തം അർധവർഷ ഇടിവ് 15.7 ശതമാനം.
വാർഷിക ഇടിവ് 7.7 ശതമാനമാകുമെന്നാണ് എൻഎസ് ഒ കഴിഞ്ഞ മാസമാദ്യം പറഞ്ഞത്. മൂന്നാം പാദത്തിൽ അര ശതമാനം ഇടിവും നാലാംപാദത്തിൽ നേരിയ വളർച്ചയും അവർ കണക്കാക്കി.
ഈയിടെ ചിലരൊക്കെ മൂന്നാം പാദത്തിൽ ജിഡിപി വളർന്നെന്ന് അവകാശപ്പെട്ടു.
വിവിധ ഏജൻസികളുടെ നിഗമനം:
ഇന്ത്യ റേറ്റിംഗ്സ് (-)0.8
കെയർ (-)0.5 - (-)1.5
ക്രിസിൽ (-)1.0
ബാങ്ക് ഓഫ് അമേരിക്ക (-)1.0
എൻസിഎഇആർ +0.1
എസ്ബിഐ + 0.3
ക്വാണ്ട് ഇക്കോ +0.3
ബാർക്ളേയ്സ് +0.4
ഇക്ര +0.7

ബിഗ് ബാസ്കറ്റ് ടാറ്റായുടെ കുട്ടയിൽ

ഓൺലൈൻ പലചരക്ക് വ്യാപാര സ്ഥാപനമായ സൂപ്പർമാർക്കറ്റ് ഗ്രോസറി സപ്ലൈസിനെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ബിഗ് ബാസ്‌കറ്റ് എന്ന ബ്രാൻഡിലാണ് ഈ ഓൺലൈൻ കമ്പനിയുടെ പ്രവർത്തനം. ഹരി മേനോൻ്റെ നേതൃത്വത്തിലുള്ള ഈ സ്റ്റാർട്ടപ്പിൽ ആലിബാബയും ഐഎഫ് സിയും മറ്റും പണം മുടക്കിയിരുന്നു.
ബിഗ് ബാസ്കറ്റിന് 13,500 കോടി രൂപ വില കണക്കാക്കിയാണു ടാറ്റാ ഗ്രൂപ്പ് 68 ശതമാനം ഓഹരി വാങ്ങുന്നത്. സഹസ്ഥാപകനും സിഇഒയുമായ ഹരിമേനോൻ കമ്പനിയിൽ തുടരും. കഴിഞ്ഞ വർഷം 3822 കോടി രൂപയുടെ വിറ്റുവരവിൽ 611 കോടി രൂപയായിരുന്നു ബിഗ് ബാസ്കറ്റിനു നഷ്ടം. ടാറ്റാ ഗ്രൂപ്പ് ഓൺലൈൻ - ഓഫ് ലൈൻ റീട്ടെയിലിൽ വലിയ നിക്ഷേപമാണു നടത്തി വരുന്നത്. ബിഗ്ബാസ്കറ്റിനു വേണ്ടി 9500 കോടി രൂപ മുടക്കും. ഓൺലൈൻ ഫാർമസി കമ്പനി വൺഎംജി (1mg) സ്വന്തമാക്കാൻ 2000 കോടി മുടക്കും.
റീട്ടെയിലിൽ ഗ്രൂപ്പിൻ്റെ വിവിധ കമ്പനികളുടെ ഇടപാടുകാരുടെ ഡാറ്റാ ഉപയോഗപ്പെടുത്തുന്ന ഒരു സൂപ്പർ ആപ്പ് ടാറ്റാ ഗ്രൂപ്പ് വികസിപ്പിച്ചു വരികയാണ്. റിലയൻസും ആമസോണും വാൾമാർട്ടും പോരടിക്കുന്ന വിപണിയിൽ കടുത്ത മത്സരമാണ് ഗ്രൂപ്പിനു നേരിടാനുള്ളത്.

50,000 കടന്ന് ബിറ്റ് കോയിൻ

ബിറ്റ് കോയിൻ 50,000 ഡോളർ കടന്നു. കൂടുതൽ മുഖ്യധാരാ നിക്ഷേപകർ ഈ ഡിജിറ്റൽ ഗൂഢ കറൻസിയെ സ്വീകരിക്കാൻ തയാറാകുന്നതാണ് വില കുതിച്ചുയരുന്നതിനു കാരണം.
ഈ വർഷം ഇതിനകം ബിറ്റ് കോയിൻ വില 73 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം അവസാന മൂന്നു മാസം കൊണ്ട് 170 ശതമാനമാണു വില കയറിയത്.
ടെസ്ലയുടെ മേധാവി ഇലോൺ മസ്ക് ഈ ഡിജിറ്റൽ കറൻസിയിൽ 150 കോടി ഡോളർ നിക്ഷേപിച്ചതാണു എട്ടു ദിവസം മുമ്പ് ബിറ്റ് കോയിൻ്റെ പുതിയ കുതിപ്പിനു തുടക്കമിട്ടത്. പിന്നീട് മാസ്റ്റർ കാർഡും ബാങ്ക് ഓഫ് ന്യുയോർക്ക് മെലൺ കോർപറേഷനും ഇടപാടുകാർക്ക് ബിറ്റ് കോയിൻ ഉപയോഗത്തിനു സൗകര്യം ഉണ്ടാക്കുമെന്ന് അറിയിച്ചു. മോർഗൻ സ്റ്റാൻലിയുടെ നിക്ഷേപ പട്ടികയിലും ബിറ്റ് കോയിൻ പെട്ടു.
2020 -ൽ ബിറ്റ് കോയിൻ്റെ വില നാലിരട്ടിയായിരുന്നു.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it