തിരുത്തൽ വാദം ശക്തം; പലിശയിൽ ആശങ്ക; സ്വർണ്ണത്തിന് 'പണി' കൊടുത്ത് ബഫറ്റ്

ആഗോള പ്രവണത മോശമാണ്. എല്ലായിടത്തും തിരുത്തൽ വാദം ശക്തിപ്പെടുന്നു. കൂടുതൽ വേഗം കൂടുതൽ ഉയരത്തിൽ എത്തി എന്നു പലരും കരുതുന്നു. അതിനാൽ ലാഭമെടുക്കലും തിരുത്തലും നടത്തി അടിത്തറ സമാഹരിക്കുകയാണു വിപണി. പലിശ നിരക്ക് ഉയരുകയാണെന്ന സൂചനകളും വിപണിക്ക് ആശങ്ക പകരും. ഇന്ത്യയിലടക്കം സർക്കാർ കടപ്പത്രങ്ങൾക്കു വില താഴുന്നത് പലിശ വർധനയിലേക്കു നയിക്കും.

ഇന്ത്യയിൽ മൂന്നുദിവസം കൊണ്ട് 832 പോയിൻ്റ് നഷ്ടപ്പെടുത്തിയ സെൻസെക്സ് 51324.69 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. നിഫ്റ്റി 15,118.95-ലും. 15,000-നു താഴെ 14,850-14,950 മേഖലയിലാണു നിഫ്റ്റിക്ക് ഇനി സപ്പോർട്ടുള്ളതെന്ന് സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. 15,245 ശക്തമായ തടസം നൽകും. 15,350-നു മുകളിൽ എത്തിയാലേ നിഫ്റ്റിക്ക് പുതിയ റിക്കാർഡുകളിലേക്കു കുതിക്കാൻ കരുത്തുണ്ടാകൂ എന്നാണു വിശകലനം. അതിന് ആദ്യം 15,150-ലെ പ്രതിരോധം മറികടക്കണം. വിപണിയുടെ ബെയറിഷ് മനോഭാവം തിരുത്താനാവുന്ന നല്ല വാർത്തകൾ ഉണ്ടാകാതെ അതിനു സാധ്യത കാണുന്നില്ല.
ഇന്നലെ ഇന്ത്യയടക്കം ഏഷ്യൻ സൂചികകൾ താഴോട്ടു പോയി. പിന്നാലെ യൂറോപ്പിലും അമേരിക്കയിലും സൂചികകൾ ഇടിഞ്ഞു. ഇന്നു രാവിലെ ജപ്പാനിലെ നിക്കൈ സൂചിക നല്ല താഴ്ചയിലാണ്. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,085 വരെ താണു. ഇന്ന് ഇന്ത്യൻ വിപണി താഴ്ചയിൽ തുടങ്ങുമെന്ന സൂചനയാണുള്ളത്.

വിദേശികൾ രംഗത്തുണ്ട്

വിദേശ നിക്ഷേപകർ ഇപ്പോഴും സജീവമായി രംഗത്തുണ്ട്. വ്യാഴാഴ്ച അവർ 903 കോടി രൂപയുടെ പുതിയ നിക്ഷേപം നടത്തി. ഇന്ത്യൻ ഫണ്ടുകളാകട്ടെ 1217 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ കയറ്റം നിലച്ചു. അമേരിക്കയിലെ അതിശൈത്യം മൂലമുള്ള ക്രൂഡ് ഉൽപാദന തടസമാണു വില കയറ്റിയത്. മഞ്ഞുവീഴ്ചയ്ക്കു ശമനം വരുന്നതായാണു റിപ്പോർട്ടുകൾ. ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില 63.53 ഡോളറിലേക്കു താണു.

വാറൻ ബഫറ്റ് സ്വർണത്തിനിട്ടു ചെയ്തത്

സ്വർണ വില ദുർബലമായി തുടരുന്നു. ഔൺസിന് 1765 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 1770-ലേക്കു സ്വർണം കയറി.അമേരിക്കൻ നിക്ഷേപ ഇതിഹാസമായ വാറൻ ബഫറ്റ് ബാരിക് ഗോൾഡ് കമ്പനിയിലെ നിക്ഷേപം മുഴുവൻ വിറ്റഴിച്ചെന്ന റിപ്പോർട്ട് വിപണിയെ ഉലച്ചു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിലാണ് ബഫറ്റ് സ്വർണകമ്പനിയിൽ പണമിറക്കിയത്. അതു സ്വർണ വില ഔൺസിന് 2065 ഡോളർ വരെ കയറാനിടയാക്കി. കഴിഞ്ഞ ആഴ്ചകളിൽ ബഫറ്റിൻ്റെ കമ്പനി സ്വർണഖനന കമ്പനിയായ ബാരിക് ഗോൾഡിൽ നിന്നു പിൻ വാങ്ങി. സ്വർണം മൂല്യമില്ലാത്ത നിക്ഷേപമാണെന്നു മുമ്പു പരസ്യമായി പറഞ്ഞിട്ടുള്ളയാളാണു ബഫറ്റ്.
ഡിജിറ്റൽ ഗൂഢ കറൻസിയായ ബിറ്റ് കോയിൻ 52,650 ഡോളർ വരെ കയറി. ഇന്നു നേരിയ താഴ്ചയാേടെ വിപണനം തുടരുന്നു. ബിറ്റ് കോയിനു വില കൂടിയതോടെ കുറേ നിക്ഷേപകർ ഈഥർ, ഡോജ് കോയിൻ തുടങ്ങിയ വില കുറഞ്ഞ ഡിജിറ്റൽ കറൻസികളിലേക്കു തിരിഞ്ഞു.

ഫോഡിനു വീണ്ടുവിചാരം

ഇന്ത്യയിലെ സ്വതന്ത്ര പ്രവർത്തനങ്ങൾ നിർത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് എസ് യു വി കൾ വികസിപ്പിക്കാനുള്ള നീക്കത്തിൽ നിന്നു ഫോഡ് മോട്ടോർ കമ്പനി പിന്മാറുന്നു. ഇന്ത്യയിൽ വീണ്ടും സ്വതന്ത്രമായി പ്രവർത്തിക്കാൻ ജിം ഫാർലേയുടെ നേതൃത്വത്തിലുള്ള മാനേജ്മെൻറ് ആലോചിക്കുന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മഹീന്ദ്രയ്ക്ക് ഇതു നല്ല വാർത്തയല്ല.
പൊതുമേഖലാ ബാങ്കുകളിലെ ആവേശം ഇന്നലെയും തുടർന്നു.ഒപ്പം സ്വകാര്യ മേഖലാ ബാങ്കുകളിൽ വിൽപന സമ്മർദം കൂടി.
സ്റ്റീൽ വില താഴുമെന്ന റിപ്പോർട്ടുകൾ സ്റ്റീൽ കമ്പനികളെ അനാകർഷകമാക്കും.
രാജ്യത്തു പണനയം തീരുമാനിക്കുന്നതിനു മാനദണ്ഡമാക്കിയ വിലക്കയറ്റത്തിൻ്റെ നിരക്ക് പുനഃപരിശോധിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോൾ നാലു ശതമാനം (രണ്ടു മുതൽ ആറു വരെ കയറ്റിറക്കമാകാം) ആണു നിരക്ക്. ഇത് അഞ്ചു ശതമാനം (മൂന്നു മുതൽ ഏഴു വരെ കയറ്റിറക്കം) ആക്കാനാണ് ആലോചന. കമ്മി ഭീമമായ സാഹചര്യത്തിൽ വിലക്കയറ്റം കൂടുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം. അടിച്ച വഴിയേ പോയില്ലെങ്കിൽ പോണ വഴിയേ അടിക്കുക എന്ന തന്ത്രമാണിതെന്നു പറയാം. റേറ്റിംഗ് ഏജൻസികൾക്ക് അത്ര ഇഷ്ടപ്പെടുന്നതല്ല ഈ നീക്കം.

നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it