കോവിഡ് അല്ല, കമ്മിയാണു പ്രതി; വിപണികളിൽ ആശങ്ക; റിലയൻസിലെ അഴിച്ചു പണിക്കു പിന്നിൽ എന്ത്?

വിപണി അസ്വസ്ഥമാണ്. ഇതു വരെ വിപണിയെ താങ്ങി നിർത്തുകയും കുതിച്ചു പായാൻ സഹായിക്കുകയും ചെയ്ത വിദേശ നിക്ഷേപ സ്ഥാപനങ്ങൾ മറിച്ചു ചിന്തിച്ചു തുടങ്ങി. കുറേ ദിവസമായി അവരുടെ നിക്ഷേപം കുറഞ്ഞു വരികയായിരുന്നു. തിങ്കളാഴ്ച അവർ ശരിക്കും വിൽപനക്കാരായി. 893.25 കോടി രൂപയാണ് അവർ വിപണിയിൽ നിന്നു പിൻവലിച്ചത്. സ്വദേശി നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും 919.88 കോടി രൂപയും പിൻവലിച്ചു. സൂചികകൾ 2.3 ശതമാനം താണു.

സെൻസെക്സ് 1145.44 പോയിൻ്റ് താണ് 49744.32 ലും നിഫ്റ്റി 306.05 പോയിൻ്റ് താണ് 14,675.7 ലും എത്തി. സാങ്കേതിക വിശകലനക്കാർ നിഫ്റ്റിക്ക് ഇനി 14,500-ലും 14,345-ലുമാണു സപ്പോർട്ട് കാണുന്നത്. 20 ദിവസ ശരാശരിയുടെ താഴേക്കു പോയ നിഫ്റ്റി ഇനി 50 ദിവസ ശരാശരിയായ 14,345 പരീക്ഷിക്കുമെന്ന നിഗമനമാണു ഭൂരിപക്ഷത്തിനുമുള്ളത്.
ഇന്നലെയും യൂറോപ്യൻ ഓഹരികൾ ഇടിഞ്ഞു. അമേരിക്കയിൽ ഡൗ ജോൺസ് നേരിയ നേട്ടം കുറിച്ചെങ്കിലും മറ്റു സൂചികകളെല്ലാം ഇടിഞ്ഞു. ടെക്നോളജി സ്റ്റോക്കുകൾ കുത്തനെ താഴോട്ടു പോയി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയിലാണു തുടങ്ങിയത്. ജാപ്പനീസ് വിപണി അവധിയിലാണ്.

കമ്മിയും പലിശയും തന്നെ പ്രശ്നം

മഹാരാഷ്ട്രയിൽ കോവിഡ് കൂടുന്നതും ചിലേടത്തു ലോക്ക് ഡൗൺ വരുന്നതുമൊക്കെയാണ് വിപണിയെ വലിയ തിരുത്തലിനു പ്രേരിപ്പിക്കുന്നതെന്ന മട്ടിൽ പലരും വ്യാഖ്യാനം നടത്തുന്നുണ്ട്. അതല്ല പ്രശ്നം. ഭീമമായ കമ്മി ഉയർത്തുന്ന മൗലിക പ്രശ്നങ്ങളാണു യഥാർഥ വിഷയം. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും. വലിയ കമ്മി ഭീമമായ കടമെടുപ്പിലേക്കു നയിക്കും. അതു പലിശ നിരക്ക് കൂട്ടും. കടമെടുപ്പ് സുഗമമാക്കാൻ റിസർവ് ബാങ്ക് ശ്രമിക്കുമ്പോൾ രാജ്യത്തു പണപ്പെരുപ്പം കൂടും; അതു വിലക്കയറ്റം വർധിപ്പിക്കും. ഇതൊക്കെയാണു മൗലിക ആശങ്കകൾ.
പത്തു വർഷ സർക്കാർ കടപ്പത്രങ്ങളുടെ വില ഇന്നലെയും ഇടിഞ്ഞു. വില കുറയുമ്പോൾ കടപ്പത്രത്തിൽ നിന്നു പ്രതീക്ഷിക്കുന്ന നിക്ഷേപ നേട്ടം (Yield) കൂടും. ഇന്നലത്തെ വില വച്ച് 6.2 ശതമാനമാണു നിക്ഷേപ നേട്ടം. ഇത് ആറു ശതമാനത്തിൽ നിർത്തണമെന്നാണു റിസർവ് ബാങ്ക് ആഗ്രഹിക്കുന്നത്.

ഫലം വിപരീതം

ആറു ശതമാനത്തിൽ കൂടിയാൽ സർക്കാർ കടപ്പത്രങ്ങളുടെ പലിശ കൂട്ടേണ്ടി വരും. അതു ബജറ്റ് കണക്കുകൾ തെറ്റിക്കും. കടപ്പത്ര പലിശ അര ശതമാനം കൂടിയാൽ ചെലവ് 6400 കോടി രൂപ വർധിക്കും. മാത്രമല്ല പൊതു പലിശ നിലവാരം കൂടും. അതു വ്യവസായങ്ങളെ ബാധിക്കും.
ഇതൊഴിവാക്കാൻ റിസർവ് ബാങ്ക് പല നടപടികളും എടുത്തു. കടപ്പത്രങ്ങൾ തിരിച്ചു വാങ്ങി. അതു വഴി ബാങ്കുകളിൽ കൂടുതൽ പണം എത്തി. അതിൻ്റെ പ്രശ്നം തീർക്കാൻ റിവേഴ്സ് റീപോ വഴി ആ പണം തിരിച്ചു വാങ്ങി.
ഇതിൻ്റെ അന്തിമഫലം റിസർവ് ബാങ്കും സർക്കാരും ഉദ്ദേശിച്ചതിനു വിപരീതമായി. വിലക്കയറ്റം കൂടി. ചില്ലറ വിലയിലും മൊത്ത വിലയിലും അതു കാണാം. ചരക്കുനീക്കത്തിലെ പ്രശ്നങ്ങൾ മൂലമാണു വിലക്കയറ്റമെന്ന മുടന്തൻ ന്യായം ആരും വിശ്വസിക്കുന്നില്ല.

അമേരിക്കയിലും കമ്മിപ്രശ്നം

ഈ സാഹചര്യത്തിലാണ് കടപ്പത്രങ്ങളിൽ വില്പന കൂടിയത്. വിൽപന കൂടി, വില കുറഞ്ഞു, നിക്ഷേപത്തിൽ നിന്നു പ്രതീക്ഷിക്കുന്ന നേട്ടം (yield) കൂടി. രണ്ടാഴ്ച കൊണ്ടു നിക്ഷേപ നേട്ടം 0.4 ശതമാനം വർധിച്ചു.
ജോ ബൈഡൻ ഭരണകൂടം കമ്മി വർധിപ്പിക്കാൻ തീരുമാനിച്ചതോടെ അമേരിക്കയിലും കടപ്പത്ര നിക്ഷേപ നേട്ടം കൂടി. 1.36 ശതമാനത്തിലേക്കു കയറി. ഇതാണ് ഈ ദിവസങ്ങളിൽ യു എസ് ഓഹരികളെ താഴ്ത്തുന്നത്.

സ്വർണം കയറി

ആഗോള വിപണിയിൽ സ്വർണ വില കൂടി. വിലത്തകർച്ചയിൽ ഷോർട്ട് വ്യാപാരം നടത്തിയവർ പകരം വാങ്ങലുകാരായതും താഴ്ന്ന വിലയിൽ നിക്ഷേപകർ എത്തിയതുമാണു വില കൂട്ടിയത്. ഔൺസിന് 1811 ഡോളറിലാണു രാവിലെ സ്വർണം. മൂന്നു ദിവസമായി മാറ്റമില്ലാതെ നിന്ന കേരളത്തിലെ സ്വർണ വില ഇന്നു കയറും.
വെളളി വിലയും കയറ്റത്തിലാണ്.ലോക വിപണിയിൽ 28.11 ഡോളർ വരെ വില എത്തി.

ചെമ്പ് തിളങ്ങുന്നു

ചെമ്പ് വില ലോക വിപണിയിൽ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഇന്നലെ 9000 ഡോളറിനു മുകളിലെത്തി വില. ഈ മാസം ഒന്നിന് 7700 ഡോളറായിരുന്നു. 2011-ലെ റിക്കാർഡായ 10,170 ഡോളറിനെ ഇത്തവണ മറികടക്കും എന്നാണു ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം. അഞ്ചു ലക്ഷം ടൺ ചെമ്പിൻ്റെ കുറവാണ് ഇക്കൊല്ലം ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നത്.
ഹിന്ദുസ്ഥാൻ കോപ്പർ, ഹിൻഡാൽകോ, വേദാന്ത തുടങ്ങിയ ചെമ്പ് നിർമാതാക്കളുടെ ഓഹരികൾ ഇന്നലെ വലിയ നേട്ടമുണ്ടാക്കി.

ക്രൂഡിനു കയറ്റം

ക്രൂഡ് ഓയിൽ വില കുതിച്ചു. ചൈനീസ് ഡിമാൻഡ് വർധിച്ചതും യുഎസ് ഉൽപാദനത്തിലെ തടസങ്ങൾ തുടരുന്നതുമാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 65.24 ഡോളറായി.

റിലയൻസ് അഴിച്ചുപണി

റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ പെട്രോളിയം - കെമിക്കൽസ് (ഓയിൽ ടു കെമിക്കൽസ് O2C) ബിസിനസ് പ്രത്യേക ഉപകമ്പനി (Subidiary) ആക്കുമെന്നു പ്രഖ്യാപിച്ചു.തിങ്കളാഴ്ച രാത്രി ഇതിൻ്റെ അറിയിപ്പ് എക്സ്ചേഞ്ചുകൾക്കു നൽകി. ഉപകമ്പനിയിൽ സൗദി അരാംകോ വലിയ ഓഹരി നിക്ഷേപം നടത്തും. അരാംകോയുമായി രണ്ടു വർഷം മുമ്പ് തുടങ്ങിയ ചർച്ച ഈയിടെ പുനരാരംഭിച്ചു.
കമ്പനിയുടെ റിഫൈനറി, പെട്രോ കെമിക്കൽ ബിസിനസ്, ഇന്ധനവിൽ പന, വിദേശത്തുള്ള മാർക്കറ്റിംഗ് ഉപകമ്പനികൾ എന്നിവ പുതിയ ഉപകമ്പനിയുടേതാകും. ബ്രിട്ടീഷ് പെടോളിയത്തിന് ഇന്ധന റീട്ടെയിലിംഗിൽ 51 ശതമാനം ഓഹരിയുണ്ട്. എണ്ണ - കെമിക്കൽ ബിസിനസാണു റിലയൻസിൻ്റെ വിറ്റുവരവിൽ 62 ശതമാനവും ലാഭത്തിൽ 58 ശതമാനവും നൽകുന്നത്.
ഈ വിഭജനം കഴിയുമ്പോൾ മാതൃകമ്പനിക്ക് എണ്ണ പര്യവേക്ഷണം, ഖനനം, ഉൽപാദനം, ധനകാര്യ സർവീസ്, ട്രഷറി, തുടക്കത്തിലുണ്ടായിരുന്ന വസ്ത്ര ബിസിനസ് എന്നിവ മാത്രമാണുണ്ടാവുക. റീട്ടെയിലും ജിയോ അടക്കമുള്ള ഡിജിറ്റൽ ബിസിനസും ഇപ്പോൾ തന്നെ ഉപകമ്പനികളാണ്.
രണ്ടു പുത്രന്മാരും ഒരു പുത്രിയുള്ള മുകേഷ് അംബാനി കമ്പനിയുടെ ഭാവിഘടനയ്‌ക്കുള്ള പ്ലാനിംഗിൻ്റെ ഭാഗമായാണ് ഈ അഴിച്ചുപണി നടത്തുന്നത്. വ്യവസായ സാമ്രാജ്യം ഒരു മാതൃകമ്പനിയുടെ കീഴിൽ മൂന്നു വ്യത്യസ്ത കമ്പനികളായി തുടരണം എന്നു മുകേഷ് ആഗ്രഹിക്കുന്നെന്നാണു സൂചന.

ഫ്യൂച്ചർ- റിലയൻസ് ഇടപാട് തീരുമാനം നീളുന്നു

ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ ബിസിനസ് റിലയൻസിനു വിൽക്കാനുള്ള കരാറിന് തൽക്കാലം അംഗീകാരം നൽകരുതെന്ന് സുപ്രീം കോടതി കമ്പനി നിയമ ട്രൈബ്യൂണലിനു (എൻസിഎൽടി) നിർദേശം നൽകി. എന്നാൽ ട്രൈബ്യൂണലിനു വിചാരണ തുടരാം.
ഫ്യൂച്ചർ- റിലയൻസ് ഇടപാടിൽ സ്റ്റാറ്റസ് ക്വോ തുടരാനുള്ള സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ ആമസോൺ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ഈ നിർദേശം. കേസ് മൂന്നാഴ്ചയ്ക്കു ശേഷമേ ജസ്റ്റീസ് രോഹിൻടൺ നരിമാൻ പരിഗണിക്കൂ. ഡൽഹി ഹൈക്കോടതിയിലെ നടപടികളും സ്റ്റേ ചെയ്തു.
ഫ്യൂച്ചർ ഗ്രൂപ്പിൽ ഓഹരി നിക്ഷേപമുണ്ട് ആമസോണിന്. തങ്ങൾക്കു നൽകാതെ റീട്ടെയിൽ ബിസിനസ് റിലയൻസിനു നൽകിയതിനെ തുടർന്നാണ് ആമസോൺ നിയമയുദ്ധം തുടങ്ങിയത്. 24,713 കോടി രൂപയ്ക്കാണ് റിലയൻസ് ഇതു വാങ്ങാൻ കരാറാക്കിയത്.
ഇതിനിടെ ഫ്യൂച്ചർ ഗ്രൂപ്പിലെ ആമസോണിൻ്റെ നിക്ഷേപത്തെപ്പറ്റി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. വിദേശ നിക്ഷേപ നിയമങ്ങളുടെ ലംഘനം ഉണ്ടോ എന്നാണ് അന്വേഷണം.
സുപ്രീം കോടതി നടപടി റിലയൻസ് ഓഹരിയുടെ വിലയിടിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ഓഹരി ഇന്നലെ 3.52 ശതമാനം താണു 2007 രൂപയിലെത്തി. റിലയൻസിൽ 50.54 ശതമാനം ഓഹരിയുള്ള മുകേഷ് അംബാനിയുടെ സമ്പാദ്യം 24,713 കോടി രൂപ കുറഞ്ഞു.

നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it