വിപണിയിൽ ചാഞ്ചാട്ടം; ലോഹങ്ങൾ കുതിച്ചു പായുന്നു; പലിശഭീതി അകലുന്നില്ല

സൂചികകൾ വല്ലാതെ ചാഞ്ചാടി. എങ്കിലും അഞ്ചു ദിവസത്തെ ഇടിവുകൾക്കു വിരാമമായി. സെൻസെക്സും നിഫ്റ്റിയും ചെറിയ ഉയർച്ചയാേടെ ചൊവ്വാഴ്ച ക്ലോസ് ചെയ്തു.

നിഫ്റ്റി 32.1 പോയിൻ്റ് കയറി 14,707.8 ലും സെൻസെക്സ് 7.09 പോയിൻ്റ് ഉയർന്ന് 49,751.41 ലുമാണു ക്ലോസ് ചെയ്തത്. മുഖ്യസൂചികകളിൽ കാണുന്നതിലധികം പോസിറ്റീവ് ആയിരുന്നു വിപണി. എൻഎസ്ഇയിൽ 753 ഓഹരികൾ താണപ്പാേൾ 1153 എണ്ണം കയറി. നിഫ്റ്റി മിഡ് ക്യാപ്പും സ്മോൾ ക്യാപ്പും ഓരോ ശതമാനം ഉയർന്നു.

വിദേശികൾ വിറ്റു

സാങ്കേതിക വിശകലനക്കാർ കുറേക്കൂടി താഴാനുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. 14,850 നു കീഴിൽ നിൽക്കുവോളം നിഫ്റ്റിക്കു ബെയറിഷ് പ്രവണതയാണെന്നും 14,600- 14,500 ലെ സപ്പോർട്ടിലേക്കു താഴുമെന്നും അവർ പറയുന്നു. 14,850 മറികടന്നാൽ 15,000 - വും 15,150-ഉം മുന്നിൽ തടസം സൃഷ്ടിക്കും.
വിദേശ നിക്ഷേപകർ വൻതോതിൽ വിറ്റഴിച്ചതാണു ചൊവ്വാഴ്ചത്തെ പ്രത്യേകത. 1569.04 കോടി രൂപ അവർ ഓഹരികളിൽ നിന്നു പിൻവലിച്ചു. അതേ സമയം ഏറെക്കാലത്തിനു ശേഷം സ്വദേശി ഫണ്ടുകൾ വിപണിയിൽ നിക്ഷേപകരായി. 216.67 കോടിയുടെ പുതിയ നിക്ഷേപം അവർ ഓഹരികളിൽ നടത്തി.
യൂറോപ്യൻ ഓഹരികൾ ഇന്നലെ താഴ്ചയിലായിരുന്നു. അമേരിക്കയിൽ ഡൗ ജോൺസ് നാമമാത്ര ഉയർച്ച കാണിച്ചപ്പോൾ നാസ്ഡാക് ഇടിഞ്ഞു. യു എസ് സൂചികകളുടെ അവധി വ്യാപാരത്തിൽ ചാഞ്ചാട്ടമാണ്. ഏഷ്യൻ ഓഹരികൾ തുടക്കത്തിൽ താഴോട്ടു പോയി. ജപ്പാനിൽ നിക്കൈ ഒരു ശതമാനത്തോളം താഴെയാണ്.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ ഉയർച്ച കാണിച്ചിരുന്നു. ഇന്നു രാവിലെ ആ പ്രവണത തുടരണമെന്നില്ല.

ലോഹങ്ങൾ കുതിച്ചു പായുന്നു

ലോക വിപണിയിൽ ലോഹങ്ങൾക്കു വില കുതിച്ചു കയറുകയാണ്. ചെമ്പ് 9100 ഡോളറിനും അലൂമിനിയം 2200 ഡോളറിനും മുകളിലായി. ഇനിയും ഉയരുമെന്ന സൂചനയാണു വിപണികളിലുള്ളത്.ചൈനയിലടക്കം വ്യവസായ വളർച്ച ത്വരിതപ്പെടുമെന്ന പ്രതീക്ഷയാണ് വിപണികളിലുള്ളത്. ആവശ്യത്തിനനുസരിച്ച് ഉൽപന്നം ലഭ്യമല്ല.
സ്റ്റീൽ വിലയും കുതിച്ചു പായുന്നു. അമേരിക്കയടക്കം പല രാജ്യങ്ങളിലും ഹോട്ട് റോൾഡ് സ്റ്റീലിനു ക്ഷാമമാണ്. സ്റ്റീൽ അടക്കം ലോഹ നിർമാണ-ഖനന കമ്പനികൾക്ക് വിപണിയിൽ പ്രിയം കൂടി.
ഹിൻഡാൽകോ, നാൽകോ, വേദാന്ത, ടാറ്റാ സ്റ്റീൽ, ഹിന്ദുസ്ഥാൻ കോപ്പർ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ജിൻഡൽ സ്റ്റീൽ തുടങ്ങിയവയ്ക്കു വില വർധിച്ചു. ലോഹങ്ങളുടെ വിലക്കയറ്റം മാരുതി സുസുകിയുടെ വില ഇടിച്ചു.

സ്വർണം, ക്രൂഡ്

സ്വർണവിലയിലെ കുതിപ്പ് ഒട്ടൊന്നു ശമിച്ചു. ഔൺസിന് 1815 ഡോളർ വരെ എത്തിയ ശേഷം ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 1809 ഡോളറിലായി.
ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ച താണു. ബ്രെൻ്റ് ഇനം 67 ഡാേളറിനടുത്തു ചെന്ന ശേഷം 65.37 ഡോളറിലേക്കു താണു.

പലിശഭീതി മാറുന്നില്ല

റിസർവ് ബാങ്ക് കടപ്പത്രവില ഉയർത്താൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നില്ല. പത്തു വർഷ കടപ്പത്രത്തിൽ നിക്ഷേപ നേട്ടം (Yield) ആറു ശതമാനത്തിൽ നിർത്തുകയാണു ലക്ഷ്യം. 6.2 - ലേക്ക് ഉയർന്ന നിക്ഷേപ നേട്ടം 6.17 ലേക്കു താണു. പക്ഷേ പിന്നീടും ഉയരുന്ന പ്രവണതയാണു കണ്ടത്.
നിക്ഷേപ നേട്ടം കൂടുമ്പോൾ കടപ്പത്ര വില കുറയും. അതു കടപ്പത്രങ്ങൾ കൈയിലുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നഷ്ടം വരുത്തും. പുതിയ കടപ്പത്രം ഇറക്കുമ്പോൾ കൂടിയ പലിശ നൽകേണ്ടി വരും. ഇതു സർക്കാരിനും വ്യവസായങ്ങൾക്കും വലിയ ബാധ്യതയാകും.
റിസർവ് ബാങ്ക് കൂടുതൽ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങിയാലേ പലിശഭീതി തൽക്കാലം പരിഹരിക്കാനാകൂ.

റിലയൻസിൻ്റെ ഉപ കമ്പനിക്കു സെബി അംഗീകാരം

റിലയൻസിൻ്റെ പെട്രോളിയം - പെട്രോ കെമിക്കൽ ബിസിനസ് ഉപകമ്പനിയാക്കി മാറ്റുന്നതിനു സെബിയും സ്റ്റാേക്ക് എക്സ്ചേഞ്ചുകളും അനുമതി നൽകിയതായി കമ്പനി. ഇനി ഓഹരി ഉടമകൾ, ബാങ്കുകൾ, ആദായനികുതി വകുപ്പ് ,കമ്പനി നിയമ ട്രൈബ്യൂണൽ തുടങ്ങിയവയുടെ അംഗീകാരം ലഭിക്കണം.
ബാറ്ററികൾ, ഹൈഡ്രജൻ, പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ, കാർബൺ ശേഖരണം തുടങ്ങി റിലയൻസ് കടക്കാനുദ്ദേശിക്കുന്ന പുതിയ ബിസിനസുകൾ ത്വരിതപ്പെടുത്താൻ ഉപ കമ്പനി രൂപീകരണം സഹായിക്കുമെന്നു മാേർഗൻ സ്റ്റാൻലി വിലയിരുത്തി. താപവൈദ്യുത നിലയങ്ങളിലെ കാർബൺ ഡൈ ഓക്സൈഡ് ശേഖരിച്ച് വേർതിരിക്കുകയും അന്തരീക്ഷത്തിലേക്കു വരാത്ത രീതിയിൽ ഭൂഗർഭത്തിലേക്ക് നീക്കുകയും ചെയ്യുന്ന കാർബൺ ശേഖരണ- സംഭരണ (carbon capture and storage) ബിസിനസ് റിലയൻസ് ഉദ്ദേശിക്കുന്നുണ്ട്.

ബിറ്റ്കാേയിനു ജാനറ്റ് എലൻ്റെ പ്രഹരം; മസ്കിനും അടി

ബിറ്റ് കോയിനും മറ്റു ഡിജിറ്റൽ ഗൂഢ കറൻസികൾക്കും അമേരിക്കൻ ട്രഷറി സെക്രട്ടറി (ധനമന്ത്രി) ജാനറ്റ് എലൻ്റെ വക പ്രഹരം. ഡിജിറ്റൽ ഗൂഢ കറൻസികൾ അത്ര കാര്യക്ഷമമായ സംവിധാനം അല്ലെന്നാണ് പ്രഗല്ഭ ധനശാസ്ത്രജ്ഞയായ എലൻ പറഞ്ഞത്. അമേരിക്കയിൽ ഗൂഢ കറൻസിക്ക് അനുവാദം കിട്ടുമെന്നു പലരും പ്രചരിപ്പിച്ചിരുന്നത് അബദ്ധമാണെന്ന് എലൻ്റെ പ്രസ്താവന വ്യക്തമാക്കി. ബിറ്റ് കോയിൻ അടക്കമുള്ളവയുടെ വില ചൊവ്വാഴ്ച 17 ശതമാനമാണ് ഇടിഞ്ഞത്. ഞായറാഴ്ച 58,354 ഡോളറിലെത്തിയ ബിറ്റ് കോയിൻ 45,000 ലേക്കു താണു. പിന്നീട് അൽപം കയറി. ഈഥർ തുടങ്ങിയ മറ്റു ഗൂഢ കറൻസികൾക്കും സമാന ഇടിവുണ്ടായി.
ബിറ്റ് കോയിനിൽ 150 കോടി ഡോളർ ഈയിടെ നിക്ഷേപിച്ച ടെസ്ല ഉടമ ഇലോൺ മസ്കിനും ഇതു തിരിച്ചടിയാണ്. ടെസ്ലയുടെ ഓഹരി വില ബിറ്റ് കോയിൻ്റെ നിലവാരം വച്ച് കയറുകയും ഇറങ്ങുകയും ചെയ്യുന്നു.ടെസ്ലയുടെ പണമാണ് മസ്ക് ബിറ്റ് കോയിനിൽ നിക്ഷേപിച്ചത്. ബിറ്റ് കോയിൻ വില അമിതമാണെന്ന് മസ്ക് തിങ്കളാഴ്ച ട്വീറ്റ് ചെയ്തപ്പോൾ ടെസ്ലയുടെ വിപണി മൂല്യം 1500 കോടി ഡോളർ താഴാേട്ടു പോയിരുന്നു -

ആശങ്കകൾ അകറ്റി ഫെഡ് ചെയർമാൻ

അമേരിക്കൻ കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ചെയർമാൻ ജെറോം പവൽ ഇന്നലെ വിപണിയുടെ കുറേ ആശങ്കകൾ അകറ്റി. പലിശ നിരക്ക് ഉടനെ വർധിപ്പിക്കില്ലെന്നും കടപ്പത്രം തിരിച്ചു വാങ്ങൽ ഉടനെങ്ങും കുറയ്ക്കില്ലെന്നും സെനറ്റ് കമ്മിറ്റിയിൽ നടത്തിയ പ്രസ്താവനയിൽ പവൽ പറഞ്ഞു.
അമേരിക്ക നിർണായക പലിശനിരക്ക് പൂജ്യം ശതമാനത്തിനടുത്താണു നിർത്തിയിരിക്കുന്നത്. അടുത്ത വർഷം പകുതിയോടെ പലിശ കൂട്ടും എന്ന അഭ്യൂഹം വിപണിയിൽ ഉണ്ടായിരുന്നു. അതു മാറ്റാൻ പവലിനു കഴിഞ്ഞു. മാസം താേറും 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ ഫെഡ് വാങ്ങുന്നുണ്ട്. 8000 കോടി ഡോളർ സർക്കാരിൻ്റേതും 4000 കോടി ഡോളർ ബാങ്കുകളുടെ മോർട്ഗേജ് ബായ്ക്ക്ഡ് സെക്യൂരിറ്റീസും (എംബിഎസ്). ഇങ്ങനെ ഫെഡ് വിപണിയിലിറക്കുന്ന ഡോളറുകളാണ് ലോകമെങ്ങും ഓഹരി വിപണികളെ ഉയർത്തി നിർത്തുന്നത്.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it