ജപ്പാനിൽ ഇന്ത്യക്കാർക്ക് ഈ പതിനാല് മേഖലകളിൽ അവസരം , ഇറക്കുമതി ചുങ്കം വർധിച്ചേക്കും; മാരുതി വില കൂട്ടി

തുടർച്ചയായ രണ്ടാം ദിവസവും ഓഹരികൾ ഇടിഞ്ഞു. കാരണങ്ങൾ പലതു പറയാനുണ്ട്. പക്ഷേ, അവയെല്ലാം നേരത്തേ ഉണ്ടായിരുന്നവ തന്നെ.

ഉയർന്ന വിലയിലെ ലാഭമെടുപ്പു തന്നെ മുഖ്യ കാരണം. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപകർ വിറ്റൊഴിയാൻ താൽപര്യമെടുത്തപ്പോൾ ഫണ്ടുകാർ ഓഹരികൾ വിൽക്കുന്നു. അതു വിപണിയിൽ വിലയിടിക്കുന്നു.
ഇന്നലെ യൂറോപ്യൻ ഓഹരികൾ തുടക്കത്തിൽ ദുർബലമായി.പിന്നീട് ഉയർന്നു. ഫ്രഞ്ച് റീട്ടെയിൽ ശൃംഖല കാറെഫൂ ഏറ്റെടുക്കാൻ കനേഡിയൻ കമ്പനി നടത്തിയ ശ്രമം ഗവണ്മെൻ്റ് തടഞ്ഞത് ഫ്രഞ്ച് വിപണിയെ ആദ്യം തളർത്തി. അമേരിക്കൻ വിപണി ഇന്നലെ അവധിയായിരുന്നു.
ഇന്ന് രാവിലെ ജാപ്പനീസ് വിപണി നല്ല ഉണർവിലാണ്. ക്രൂഡ് ഓയിലും തിങ്കളാഴ്ചത്തെ താഴ്ചയിൽ നിന്നു കയറി.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14,312 വരെ ഉയർന്നു. ഇന്ത്യൻ വിപണിക്കു തുടക്കം ഉയർന്നതാകാമെന്നാണു സൂചന. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിപണിയിൽ സജീവമാണ്. മ്യൂച്വൽ ഫണ്ടുകളുടെ വില്പന സമ്മർദം നീങ്ങിയാൽ വിപണിക്കു കയറ്റത്തിന് വിദേശ താങ്ങു ലഭിക്കും.
നിഫ്റ്റി 14,125-നു താഴേക്കു നീങ്ങിയാൽ ബജറ്റ് വരെ നീളാവുന്ന താഴ്ചയ്ക്കു വഴിതെളിക്കും എന്നാണു സാങ്കേതിക വിശകലനക്കാർ കരുതുന്നത്. 13,700 ആണു താഴെ ശക്തമായ സപ്പോർട്ട്. ഉയരാൻ ശ്രമിച്ചാൽ 14,400-14,450 മേഖലയിൽ ശക്തമായ തടസം നേരിടാം.
ആഗാേള വിപണിയിൽ സ്വർണ വില ഔൺസിന് 1842 ഡോളറിലേക്കു കയറി. എന്നാൽ ഇനിയും വിൽപന സമ്മർദം ഉണ്ടായേക്കാം.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 54.8 ഡോളറിലേക്കു കയറി.

ചൈനയുടെ കുതിപ്പ്
ചൈന 2020-ൽ 2.3 ശതമാനം ജിഡിപി വളർച്ച കുറിച്ചു. വലിയ സമ്പദ്ഘടനകളിൽ കോവിഡ് വർഷം വളർച്ച കുറിച്ച ഏക രാജ്യം ചൈനയാകും. യൂറോപ്പിലെ ജർമനി, ഫ്രാൻസ് എന്നിവയുടെ ജിഡിപി ചുരുങ്ങി. അമേരിക്കയിലും യുകെയിലും ജിഡിപി ചുരുങ്ങുമെന്നാണു സൂചന.
കോവിഡ് ആദ്യം പടർന്ന ചൈന കോ വിഡ് ആഘാതത്തിൽ നിന്ന് കരകയറുന്ന ആദ്യ രാജ്യവുമായി. കഴിഞ്ഞ വർഷം കയറ്റുമതിയിൽ 3.6 ശതമാനം വളർച്ച നേടാനും ചൈനയ്ക്കായി.
ചൈനീസ് ജിഡിപി കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 6.8 ശതമാനം ഇടിവ് കാണിച്ചതാണ്. പക്ഷേ, തുടർന്നുള്ള പാദങ്ങളിൽ വളർന്നു. രണ്ടാം പാദത്തിൽ 3.2 ശതമാനം, മൂന്നിൽ 4.9 ശതമാനം, നാലിൽ 6.5 ശതമാനം എന്നിങ്ങനെ.
ഇതോടെ ചൈനീസ് ജിഡിപി 15.4 ലക്ഷം കോടി ഡോളർ വലുപ്പത്തിലായി. ഇന്ത്യയുടെ ഏഴിരട്ടിയിലേറെ. ചൈനീസ് കറൻസിയിൽ നൂറു ലക്ഷം കോടി യുവാൻ വലുപ്പമായി ജിഡിപിക്ക്.

ഇറക്കുമതിച്ചുങ്കം വീണ്ടും കൂട്ടിയേക്കും

പൊതു ബജറ്റിൽ സ്മാർട്ട് ഫോണുകൾ അടക്കം ഇലക്ട്രോണിക് സാമഗ്രികൾക്കും ഘടകങ്ങൾക്കും ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമെന്നു റിപ്പോർട്ട്. 20,000 കോടി രൂപയുടെ അധികവരുമാനം കിട്ടത്തക്കവിധമാകും വർധനയെന്നു റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. അഞ്ചു ശതമാനമാകും ചുങ്കത്തിലെ വർധന.
വരുമാനം വർധിപ്പിക്കലിനൊപ്പം സ്വദേശി ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ചുങ്കം വർധിപ്പിക്കുന്നതിൽ ഉണ്ട്.
ഫർണിച്ചർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കും ഡ്യൂട്ടി കൂട്ടാൻ ആലോചനയുണ്ട്. ഫർണിച്ചർ നിർമാതാക്കളായ ഐകിയയ്ക്കും ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ് ലയ്ക്കും ഇതു ക്ഷീണമാകും.
കഴിഞ്ഞ വർഷത്തെ ബജറ്റും ഇറക്കുമതിച്ചുങ്കം കൂട്ടിയിരുന്നു. പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക് - ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയ്ക്കായിരുന്നു ചുങ്കം വർധന.

മാരുതി കാറുകൾക്കു വില കൂട്ടി
മാരുതി സുസുകി വാഹനങ്ങളുടെ വില കൂട്ടി. തിങ്കളാഴ്ച വില വർധന പ്രാബല്യത്തിൽ വന്നു. 34,000 രൂപ വരെയാണ് വർധന. ഫോക്സ് വാഗൺ, സ്കോഡ എന്നിവ കഴിഞ്ഞ മാസം വില കൂട്ടിയിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇക്കഴിഞ്ഞ ദിവസം 1.9 ശതമാനം കണ്ട് വിലവർധിപ്പിച്ചിരുന്നു. 4500 രൂപ മുതൽ 40,000 രൂപ വരെയായിരുന്നു വർധന.
ലോഹങ്ങളുടെയും ഘടകപദാർഥങ്ങളുടെയും വില വർധനയെ തുടർന്നാണു വാഹന വില കൂട്ടിയത്. മറ്റു കമ്പനികളും ഉടനെ വിലവർധിപിക്കും.

ജപ്പാൻ മാടിവിളിക്കുന്നു, പ്രഫഷണലുകളെ

ജപ്പാനിൽ ഇന്ത്യൻ പ്രഫഷണലുകൾക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്ന കരാറിൽ ഇന്ത്യയും ജപ്പാനും ഇന്നലെ ഒപ്പുവച്ചു. ജപ്പാനിൽ ജോലി നേടി താമസിക്കാൻ ഇന്ത്യക്കാർക്ക് ഇതുവഴി അവസരം കിട്ടും. കൃഷിയും മത്സ്യ ബന്ധനവും മുതൽ നഴ്സിംഗും ഭക്ഷ്യസേവനവും വ്യോമഗതാഗതവും വരെയുള്ള മേഖലകളിൽ കുടിയേറ്റം അനുവദിക്കും. സ്പെസിഫൈഡ് സ്കിൽഡ് വർക്കർ എന്നൊരു വിഭാഗത്തിൽ പെടുത്തിയാണ് ഇങ്ങനെ പ്രവേശനമനുവദിക്കുക.
പതിന്നാല് മേഖലകളിലാണ് അവസരം. നഴ്സിംഗ് കെയർ, കെട്ടിടങ്ങളുടെ ക്ലീനിംഗ് മാനേജ്മെൻ്റ്, മെഷീൻ പാർട്സ് ആൻഡ് ടൂളിംഗ് ഇൻഡസ്ട്രി, ഇൻഡസ്ട്രിയൽ മെഷീനറി ഇൻഡസ്ട്രി, ഇലക്ട്രിക് - ഇലക്ട്രാേണിക് - ഇൻഫർമേഷൻ ടെക്നോളജി ഇൻഡസ്ട്രീസ്, കൺസ്ട്രക്ഷൻ ഇൻഡസ്ട്രി, ഷിപ്പ് ബിൽഡിംഗ് ആൻഡ് ഷിപ്പ് മെഷീനറി ഇൻഡസ്ട്രി, ഓട്ടോമൊബൈൽ റിപ്പയർ ആൻഡ് മെയിൻ്റനൻസ് , ഏവിയേഷൻ ഇൻഡസ്ട്രി, അക്കൊമൊഡേഷൻ ഇൻഡസ്ട്രി, കൃഷി, ഫിഷറി - അക്വാകൾച്ചർ, മനുഫാക്ചർ ഓഫ് ഫുഡ് ആൻഡ്‌ ബിവറേജ്സ്, ഫുഡ് സർവീസ് ഇൻഡസ്ട്രി എന്നിവയിലാണു പ്രവേശനമനുവദിക്കുക.
ജനസംഖ്യ ചുരുങ്ങുന്നതും വൃദ്ധസംഖ്യ കൂടുന്നതുമാണ് ജപ്പാനെ കുടിയേറ്റ വിരുദ്ധ നിലപാടിൽ നിന്നു മാറ്റുന്നത്. ഇപ്പോഴത്തെ കരാർ ജാപ്പനീസ് ഭാഷ പഠിക്കുന്ന പ്രഫഷണലുകൾക്ക് ധാരാളം അവസരം നൽകും.

മൈൻഡ്ട്രീയുടെ മൂന്നാം പാദം തിളക്കമേറിയത്

ഐടി കമ്പനിയായ മൈൻഡ് ട്രീയുടെ മൂന്നാം പാദ ലാഭം 65.7 ശതമാനം കൂടി.197 കോടിയിൽ നിന്നു 326.5 കോടിയിലേക്കാണു ലാഭ വർധന. എൽ ആൻഡ് ടിഗ്രൂപ്പിൽ പെട്ട മൈൻഡ് ട്രീയുടെ മൂന്നാം പാദ വരുമാനം മൂന്നു ശതമാനമേ വർധിച്ചുള്ളു. ഡോളറിൽ വരുമാനം 0.4 ശതമാനം കുറഞ്ഞെങ്കിലും അറ്റാദായം 59.3 ശതമാനം വർധിച്ചു.
276 കമ്പനികൾ മൈൻഡ് ട്രീ യുടെ സേവനം ഉപയോഗപ്പെടുത്തുന്നു. 2,21,195 ജീവനക്കാർ പ്രവർത്തിക്കുന്ന കമ്പനിയിലെ കൊഴിഞ്ഞു പോക്ക് 12.5 ശതമാനമാണ്. ലാഭ മാർജിൻ 3.5 ശതമാനം വർധിച്ചു.

അദാനി ഗ്രീൻ എനർജിയിൽ ടോട്ടലിൻ്റെ നിക്ഷേപം

അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ ഫ്രഞ്ച് ഊർജ കമ്പനി ടോട്ടൽ 20 ശതമാനം ഓഹരി എടുക്കും. സൗരോർജമടക്കം പുനരുപയോഗിക്കാവുന്ന സ്രോതസുകൾ ഉപയോഗപ്പെടുത്തുന്ന കമ്പനിയാണ് അദാനി ഗ്രീൻ എനർജി. 250 കോടി ഡോളറാണു ടോട്ടൽ നിക്ഷേപിക്കുക.
അദാനി ഗ്യാസ് ലിമിറ്റഡിൽ ടോട്ടൽ നേരത്തേ 37.4 ശതമാനം ഓഹരി എടുത്തിട്ടുള്ളതാണ്. ധമ്രയിലെ എൽഎൻജി ടെർമിനൽ സ്ഥാപിക്കുന്ന തടക്കമുള്ള പദ്ധതിക്കായിരുന്നു അത്.
ഇപ്പോഴത്തെ ഇടപാടനുസരിച്ച് അദാനി ഗ്രീനിൻ്റെ 2.35 ജിഗാ വാട്ട് സൗരോർജ ആസ്തികളുടെ നടത്തിപ്പിൽ 50 ശതമാനം പങ്ക് ടോട്ടലിന് കിട്ടും.
ഇപ്പോൾ മൊത്തം മൂന്നു ജിഗാവാട്ടാണ് അദാനി ഗ്രീനിൻ്റെ റിന്യൂവബിൾ ഊർജ ആസ്തികൾ. മൂന്നു ജിഗാ വാട്ട് നിർമാണഘട്ടത്തിലുണ്ട്. 8.6 ജിഗാ വാട്ട് പദ്ധതികൾ ചർച്ചയിൽ. 2025-ഓടെ 25 ജിഗാവാട്ട് ആസ്തിയാണു കമ്പനി ലക്ഷ്യമിടുന്നത്.

ഇന്നത്തെ വാക്ക്: ബജറ്റ് പദാവലി: വോട്ട് ഓൺ അക്കൗണ്ട്
ബജറ്റിൻ്റെ വകുപ്പു തിരിച്ചുള്ള ചർച്ച തീർക്കുന്നതിനു സമയം കിട്ടാതെ വന്നാൽ ഏതാനും മാസത്തേക്കുള്ള ചെലവിനു തുക അനുവദിക്കാനുള്ള സംവിധാനമാണു വോട്ട് ഓൺ അക്കൗണ്ട്. ബജറ്റ് ഫെബ്രുവരി ഒടുവിൽ അവതരിപ്പിച്ചിരുന്ന കാലത്ത് ഇതു പതിവായിരുന്നു. ഇപ്പോൾ ബജറ്റ് നേരത്തേ ആക്കിയതിനാൽ അത് ആവശ്യം വരാറില്ല.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it