റിലയന്‍സിനു വേണ്ടി നിയമം മാറ്റും; വാഹന കമ്പനികള്‍ക്കു ലാഭം കൂടും; ബജറ്റുവരെ ബുള്ളുകള്‍ കളം വാഴും?

രണ്ടു ദിവസത്തെ നഷ്ടം മായ്ക്കുന്ന നേട്ടമാണ് ചൊവ്വാഴ്ച വിപണി നേടിയത്. നിഫ്റ്റി 14,500നു മുകളിലും സെന്‍സെക്‌സ് 49,400ന് തൊട്ടടുത്തും ക്ലോസ് ചെയ്തു.

യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ താഴോട്ടു പോയി. യു എസ് സൂചികകള്‍ മിതമായ ഉയര്‍ച്ച കാണിച്ചു. ഇന്നു രാവിലെ ഏഷ്യന്‍ സൂചികകള്‍ താഴ്ചയോടെയാണു തുടങ്ങിയത്.


വീണ്ടും ബുള്‍ നിയന്ത്രണത്തില്‍എസ്ജിഎക്‌സ് നിഫ്റ്റി ആദ്യ സെഷനില്‍ 14,475ലേക്കു താണെങ്കിലും ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ച്ചയോടെ തുടങ്ങുമെന്നാണ് ഒരു വിഭാഗം ബ്രോക്കര്‍മാരുടെ പ്രതീക്ഷ. വീണ്ടും ബുള്ളുകളുടെ നിയന്ത്രണത്തിലാണു വിപണി എന്ന വിശ്വാസമാണു മിക്കവര്‍ക്കും. നിഫ്റ്റി 14,653 എന്ന സര്‍വകാല റിക്കാര്‍ഡ് മറികടന്നു 14,800ലേക്കു കുതിക്കുന്നതിന് വിദേശ നിക്ഷേപ പ്രവാഹം സഹായിക്കുമെന്ന് അവര്‍ കരുതുന്നു. 14,450 ശക്തമായ സപ്പോര്‍ട്ട് നല്കുമെന്നാണു സാങ്കേതിക വിശകലനക്കാര്‍ കരുതുന്നത്. 14,595 ലും 14,668ലും പ്രതിരോധം ഉണ്ടാകും.

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങല്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു കുറവായിരുന്നു. യു എസ് ഉത്തേജകം സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ വിദേശികളെ കൂടുതല്‍ നിക്ഷേപത്തിനു പ്രേരിപ്പിച്ചേക്കാം. മറിച്ചായാല്‍ വിപണികള്‍ താഴോട്ടു വീഴും.

ഓപ്ഷന്‍ വിപണിയില്‍ കോള്‍ ഓപ്ഷനുകള്‍ പുട്ട് ഓപ്ഷനുകളേക്കാള്‍ 36,240 കോടി രൂപയ്ക്ക് അധികമായിരിക്കുന്നത് ശക്തമായ ബുള്‍ മനോഭാവം വിപണിയിലുള്ളതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബജറ്റ് വരെ തുടരാവുന്ന ബുള്‍ തരംഗമാണു പലരും പ്രതീക്ഷിക്കുന്നത്.


റിസല്‍ട്ടുകള്‍ വരുന്നു


ചൊവ്വാഴ്ചത്തെ ഉയര്‍ച്ച എല്ലാ മേഖലകളിലും വിഭാഗങ്ങളിലും ഉണ്ടായിരുന്നു. നിഫ്റ്റി മിഡ് ക്യാപ് 2.32 ശതമാനവും സ്‌മോള്‍ ക്യാപ് 1.72 ശതമാനവും ഉയര്‍ന്നു.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഫെഡറല്‍ ബാങ്ക്, ഹാവല്‍സ് ഇന്ത്യ തുടങ്ങിയവ ഇന്നു മൂന്നാം പാദ റിസല്‍ട്ട് പുറത്തുവിടും.

ഇന്നലെ മികച്ച റിസല്‍ട്ട് പുറത്തുവിട്ട സിഎസ്ബി ബാങ്കിന്റെ ഓഹരി വില ആദ്യം വലിയ നേട്ടമുണ്ടാക്കിയെങ്കിലും ലാഭമെടുക്കല്‍ മൂലം ഉയര്‍ച്ച താണു. ബാങ്ക് 80 കോടി രൂപ മുടക്കു വരാവുന്ന വിആര്‍എസ് പ്രഖ്യാപിച്ചു. 50 വയസ് കഴിഞ്ഞ അവാര്‍ഡ് സ്റ്റാഫിനെയാണു വിആര്‍എസ് വഴി ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നത്.


ജാനറ്റ് എലന്റെ നിലപാട് ഉണര്‍വേകുംഅമേരിക്കയുടെ നിയുക്ത ട്രഷറി സെക്രട്ടറി (ധനമന്ത്രി) ജാനറ്റ് എലന്‍ സെനറ്റിലെ സ്ഥിരീകരണ വിചാരണയ്ക്കിടയില്‍ പറഞ്ഞ കാര്യങ്ങള്‍ വിപണിക്ക് ഉത്സാഹം പകരുന്നതാണ്. 1.9 ലക്ഷം കോടി ഡോളറിന്റെ ഉത്തേജകം തുടക്കം മാത്രമാണെന്നും ആവശ്യാനുസരണം വേണ്ടത്ര പണം ചെലവാക്കുമെന്നും എലന്‍ പറഞ്ഞു. നേരത്തേ ഫെഡ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന എലന്‍ ചൈനയുടെ വാണിജ്യ നയങ്ങളെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ചൈനയോടു ട്രംപ് ഭരണകൂടം പുലര്‍ത്തിയ കടുത്ത നയം ബൈഡന്‍ ഭരണകൂടവും തുടര്‍ന്നേക്കുമെന്നാണ് എലന്‍ നല്‍കുന്ന സൂചന.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചെറിയ ഉയര്‍ച്ച കാണിച്ചു.. ഔണ്‍സിന് 1847 ഡോളറിലാണ് ഇന്നു രാവിലെ വില.

ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 56 ഡോളര്‍ കടന്ന ശേഷം താണ് 55.9 ഡോളറിലാണ്.


റിലയന്‍സിനു വേണ്ടി വിദേശ ഭീമന്മാര്‍ക്കു മൂക്കുകയര്‍ ഉണ്ടാക്കുന്നുവിദേശ ഇ കൊമേഴ്‌സ് റീട്ടെയില്‍ ഭീമന്മാര്‍ക്കു മൂക്കുകയറിടാന്‍ കേന്ദ്രം ഒരുങ്ങുന്നു. റിലയന്‍സ് കമ്പനിയുടെ റീട്ടെയില്‍ വളര്‍ച്ചയ്ക്കു തടസം സൃഷ്ടിക്കുന്ന ആമസോണിനെ ലക്ഷ്യമിട്ടാണു സര്‍ക്കാര്‍ നീക്കമെന്നു പലരും സംശയിക്കുന്നുണ്ട്.

ഇതിനു മുന്‍പ് വിദേശ ഇ കൊമേഴ്‌സ് ഭീമന്മാര്‍ക്കു പ്രശ്‌നമുണ്ടാകുന്ന നിയമ ഭേദഗതി വരുത്തിയത് 2018ലാണ്. ഇ കൊമേഴ്‌സ് കമ്പനിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കാന്‍ പാടില്ലെന്ന് അന്നു നിബന്ധന കൊണ്ടുവന്നു.

ഇ കൊമേഴ്‌സ് കമ്പനിക്കു പരോക്ഷ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങളും വില്‍ക്കരുതെന്ന വ്യവസ്ഥയാണ് ഇനി കൊണ്ടു വരാന്‍ പോകുന്നത്.

ഇത് ആമസോണിനു പ്രശ്‌നം സൃഷ്ടിക്കും. അവരുടെ പ്ലാറ്റ്‌ഫോമിലെ രണ്ടു വലിയ വില്‍പ്പനക്കാര്‍ ആമസോണിന്റെ പരോക്ഷ നിക്ഷേപം ഉള്ളവരാണ്.

അമേരിക്കന്‍ റീട്ടെയില്‍ ഇ കൊമേഴ്‌സ് ഭീമന്മാരായ ആമസോണും വാള്‍മാര്‍ട്ടും ഇന്ത്യയില്‍ ഉണ്ട്. ആമസോണ്‍ സ്വന്തം പേരില്‍ പ്രവര്‍ത്തിക്കുന്നു. വാള്‍മാര്‍ട്ട് ഇന്ത്യന്‍ കമ്പനി ഫ്‌ലിപ്കാര്‍ട്ടിനെ വാങ്ങി ഇവിടെ വേരുറപ്പിച്ചു.ഇരു കൂട്ടരുടെയും പ്രവേശനവും വളര്‍ച്ചയും തടയാന്‍ ഇന്ത്യന്‍ റീട്ടെയില്‍ ശൃംഖലകളും പരമ്പരാഗത റീട്ടെയിലര്‍മാരും നിരന്തരം ശ്രമിച്ചു പോന്നു.

2018ലെ നിയമമാറ്റം ആമസോണിനും വാള്‍മാര്‍ട്ടിനും ബിസിനസ് സംവിധാനം അഴിച്ചുപണിയേണ്ട അവസ്ഥയുണ്ടാക്കി. സ്വന്തം ഉല്‍പന്നം വില്‍ക്കാന്‍ വിദേശ റീട്ടെയിലര്‍മാര്‍ക്ക് പറ്റില്ല എന്നു വന്നത് ഇന്ത്യ യുഎസ് ബന്ധത്തില്‍ പോലും ഉലച്ചില്‍ ഉണ്ടാക്കി.

ഇ കൊമേഴ്‌സ് കമ്പനിയുടെ മൊത്തവില്‍പന കേന്ദ്രത്തില്‍ നിന്നോ കമ്പനിയുമായി ബന്ധമുള്ള കമ്പനിയില്‍ നിന്നോ വാങ്ങിയ സാധനം പ്രസ്തുത ഇ കൊമേഴ്‌സ് കമ്പനിയില്‍ കൂടി വില്‍ക്കുന്നതു വിലക്കാനും വ്യവസ്ഥ കൊണ്ടു വരുമെന്നാണു സൂചന.

ഇന്ത്യന്‍ റീട്ടെയിലര്‍മാര്‍ക്കു സ്വന്തം ഉല്‍പന്നം സറ്റോറുകളിലും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും വില്‍ക്കാം.

2019 ല്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ 3000 കോടി ഡോളറിന്റേതായിരുന്നു. 2026 ല്‍ അത് 20,000 കോടി ഡോളറിന്റേതായി വളരുമെന്നാണു കണക്കാക്കപ്പെടുന്നത്.


വാഹനകമ്പനികള്‍ക്കു നല്ല റിസല്‍ട്ട്വാഹന കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ടുകള്‍ ആവേശകരമാകുമെന്നു ബ്രോക്കറേജുകള്‍ വിലയിരുത്തുന്നു. ഉത്സവ സീസണും വര്‍ഷാന്ത്യവും ഒക്കെ കൂടി വില്‍പന ഗണ്യമായി വര്‍ധിപ്പിച്ചു. കാര്‍, എസ് യു വി, ട്രാക്ടര്‍ വില്‍പനകള്‍ ഇരട്ടയക്ക വളര്‍ച്ച കാണിച്ചു. ടൂ വീലര്‍ വില്‍പന അത്ര മെച്ചപ്പെട്ടില്ല. വാണിജ്യ വാഹന വില്‍പന വര്‍ധിച്ചു വരുന്നു.

വാഹനകമ്പനികളുടെ മൂന്നാം പാദ വരുമാനം 16 മുതല്‍ 19 വരെ ശതമാനം വര്‍ധിക്കുമെന്നു ബ്രോക്കറേജുകള്‍ കണക്കുകൂട്ടുന്നു. കാര്‍ കമ്പനികള്‍ക്കു പ്രവര്‍ത്തന ലാഭം 48 ശതമാനം വരെ വര്‍ധിക്കാമെന്നാണു കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ വിലയിരുത്തല്‍.

മാരുതി സുസുകിയുടെ വരുമാനം 14 ശതമാനവും പ്രവര്‍ത്തന ലാഭം 27 ശതമാനവും കൂടുമെന്ന് കൊട്ടക് കണക്കാക്കുന്നു. ബിഒബി കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് മാരുതിയുടെ വരുമാനം 17 ശതമാനം കൂടുമെന്നു പറയുന്നു. എന്നാല്‍ മാര്‍ജിന്‍ അത്ര മെച്ചപ്പെട്ടല്ലെന്നാണ് കണക്കാക്കുന്നത്. ലോഹങ്ങളടക്കം നിര്‍മാണ സാമഗ്രികളുടെ വില കൂടിയതാണു കാരണം.

ടൂ വീലര്‍ കമ്പനികളില്‍ 20 ശതമാനത്തിലേറെ വില്‍പന വര്‍ധന നേടിയ ഹീറോ മോട്ടോകോര്‍പിന്റെ പ്രവര്‍ത്തന ലാഭം 24 ശതമാനം കുടുമെന്ന് കൊട്ടക് കണക്കാക്കുന്നു.

കയറ്റുമതിയില്‍ 26 ശതമാനം വളര്‍ച്ച ഉണ്ടായ ബജാജ് ഓട്ടോയ്ക്ക് പ്രവര്‍ത്തന ലാഭം 18 ശതമാനം കൂടുമെന്നാണ് കൊട്ടകിന്റെ വിലയിരുത്തല്‍.

ബിഒബി കാപ്പിറ്റല്‍ ഹീറാേയ്ക്കും ടി വി എസ് മോട്ടോറിനും 20 ശതമാനം വീതവും ബജാജ് ഓട്ടോയ്ക്കും ഐഷര്‍ മോട്ടോഴ്‌സിനും 9 ശതമാനം വീതവും വരുമാനവര്‍ധന കണക്കാക്കുന്നു. ടൂ വീലര്‍ കമ്പനികളുടെ ലാഭ മാര്‍ജിന്‍ കുറയുമെന്നാണ് അവരുടെ വിലയിരുത്തല്‍.കാരണം ഉല്‍പന്ന വില കൂടിയത്.

വാണിജ്യ വാഹന നിര്‍മാതാക്കളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രവര്‍ത്തന ലാഭം 38 ശതമാനം കൂടുമെന്നാണു കൊട്ടക് കണക്കാക്കുന്നത്. ട്രാക്ടര്‍ വില്‍പന 27 ശതമാനം കൂടിയത് എസ്‌കോര്‍ട്‌സിനു വരുമാനവും ലാഭവും കൂട്ടും.

അശോക് ലെയ്‌ലന്‍ഡിനു വരുമാനം 27 ശതമാനം കൂടുമെന്ന് ബിഒബി കാപ്പിറ്റല്‍ കരുതുന്നു.


ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി നികുതിയതര വരുമാനംബജറ്റിലെ റവന്യു വിഭാഗത്തില്‍ പെടുന്നതാണു നികുതിയിതര വരുമാനം (Non Tax Revenue). പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റും ഗവണ്മെന്റ് നല്‍കിയ വായ്പകളുടെ പലിശ, സര്‍ക്കാരിന്റെ നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന ലാഭവീതം, വിദേശത്തു നിന്നു കിട്ടുന്ന ഗ്രാന്റുകള്‍, സ്‌പെക്ട്രം ഫീസ് പോലുള്ള ഫീസുകളും ചാര്‍ജുകളും തുടങ്ങിയവ ചേര്‍ന്നതാണ് ഇത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ വരുമാനവും ഇതില്‍ പെടുത്തും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it