ജിഎസ്ടി കൂടിയത് ഇങ്ങനെ; സ്വര്‍ണവും ബിറ്റ്‌കോയിനും കുതിക്കുന്നു; ബുള്ളുകള്‍ മുന്നോട്ടു തന്നെ

ബുള്‍ തരംഗത്തിന്റെ കൊടുമുടിയില്‍ എത്തുമ്പോള്‍ തിരുത്തല്‍, ലാഭമെടുക്കല്‍ തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുന്നതു പോലും പലര്‍ക്കും ഇഷ്ടമല്ല. ആവേശക്കൊടുമുടിയില്‍ എന്തിനാണൊരു തിരുത്തല്‍ എന്നാകും ചോദിക്കുക.

വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും വന്ന് ഡോളര്‍ ഇറക്കുന്നതു തുടരുകയാണ്. അതിനു തടസമൊന്നും കാണുന്നില്ല. അതിനാല്‍ ഓഹരികള്‍ക്കു മുകളിലേക്കല്ലാതെ വഴിയില്ലെന്നു വിപണിയിലെ ഭൂരിപക്ഷം വിശ്വസിക്കുന്നു.

പുതുവത്സരദിനത്തില്‍ 14,018.50ല്‍ ക്ലോസ് ചെയ്ത നിഫ്റ്റി തുടര്‍ന്നും ആ നിലവാരം നിലനിര്‍ത്തിയാല്‍ ആദ്യം 14,200 ഉം പിന്നീടു 14,500ഉം ലക്ഷ്യമിട്ടു കുതിക്കാം എന്നാണ് സാങ്കേതിക വിശകലനക്കാര്‍ പറയുന്നത്. വിദേശ നിക്ഷേപകര്‍ പിന്‍വലിയാത്ത പക്ഷം ഈയാഴ്ചയും നല്ല മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്. താഴെ 13,800ല്‍ നിഫ്റ്റി ശക്തമായ സപ്പോര്‍ട്ട് ഉറപ്പാക്കുന്നു. 13,800നു താഴെയായാല്‍ വില്‍പ്പന സമ്മര്‍ദമുണ്ടാകും.


ജിഎസ്ടി പിരിവില്‍ വളര്‍ച്ച


ഡിസംബറിലെ ജിഎസ്ടി പിരിവ് 1.15 ലക്ഷം കോടി രൂപ എന്ന സര്‍വകാല റിക്കാര്‍ഡില്‍ എത്തിയതാണു വാരാന്ത്യത്തിലെ വലിയ വാര്‍ത്ത. ഉത്സവ സീസണിലെ വില്‍പനയും നികുതി വെട്ടിപ്പ് തടയാനുള്ള തീവ്രശ്രമങ്ങളും പിരിവ് കൂടാന്‍ കാരണമാണ്. അതിലുപരി ഇറക്കുമതി വര്‍ധിച്ചതാണ് നികുതി വരുമാനം വര്‍ധിപ്പിച്ചത്. കസ്റ്റംസ് പിരിവ് 27 ശതമാനമാണു ഡിസംബറില്‍ കൂടിയത്. ആഭ്യന്തര വില്‍പനയ്ക്ക് ചെറിയ പങ്കേ ഉള്ളു.


സ്വര്‍ണം കുതിച്ചു


കഴിഞ്ഞ ആഴ്ച അവസാനം 1900 ഡോളര്‍ കടക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട സ്വര്‍ണം തിങ്കളാഴ്ച രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ കുതിച്ചു ചാടി. 1918 ഡോളറാണു തിങ്കള്‍ രാവിലെ ഒരൗണ്‍സ് സ്വര്‍ണത്തിനു വില.ഈ വര്‍ഷം വില 2300 ഡോളര്‍ കടക്കുമെന്നാണു വിപണിയിലെ ബുള്ളുകളുടെ പൊതു നിഗമനം.

ക്രൂഡ് ഓയില്‍ വില വലിയ മാറ്റമില്ല. ബ്രെന്റ് ഇനം വീപ്പയ്ക്ക് 52 ഡോളര്‍ കടക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയാണ്. ഉല്‍പാദന നിയന്ത്രണ കരാറുകള്‍ പാലിക്കപ്പെടാത്തതാണു കാരണം.


ഉത്തം ഗല്‍വ പിടിക്കാന്‍ വമ്പന്മാര്‍


കടത്തില്‍ മുങ്ങിയ ഉത്തം ഗല്‍വ സ്റ്റീല്‍ ഏറ്റെടുക്കാന്‍ പ്രമുഖ സ്റ്റീല്‍ കമ്പനികള്‍ രംഗത്ത്. ലക്ഷ്മി മിത്തലിന്റെ ആര്‍സെലോര്‍ മിത്തല്‍, ജിന്‍ഡലിന്റെ ജെഎസ്ഡബ്‌ള്യു സ്റ്റീല്‍, ജിന്‍ഡല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, വേദാന്ത ഗ്രൂപ്പിന്റെ ഇഎസ്എല്‍ സ്റ്റീല്‍ തുടങ്ങി ആറു കമ്പനികള്‍ ഉത്തം ഗല്‍വ വാങ്ങാന്‍ താല്‍പര്യപത്രം നല്‍കി.

12 ലക്ഷം ടണ്‍ കോള്‍ഡ് റോളിംഗ് ശേഷിയുള്ള കമ്പനി 9071 കോടി രൂപയുടെ കടബാധ്യതയിലാണ്. സ്റ്റീലിനു ഡിമാന്‍ഡ് വര്‍ധിച്ചതു കമ്പനി വാങ്ങാനുള്ള താല്‍പര്യം കൂട്ടും.

ഉത്തം ഗല്‍വയില്‍ വലിയ നിക്ഷേപമുള്ള ആര്‍സെലോര്‍ മിത്തലിനാണു കമ്പനി കിട്ടാന്‍ സാധ്യത.


ഭാരത് എര്‍ത്ത് മൂവേഴ്‌സും ആര്‍സിഎഫും സ്വകാര്യവല്‍ക്കരിക്കുന്നു


പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിയുന്നതിന് അടുത്ത ധനകാര്യ വര്‍ഷം വേഗം കൂടും. എയര്‍ ഇന്ത്യ, ബിപിസിഎല്‍ എന്നിവയുടെ വില്‍പന മിക്കവാറും അടുത്ത ധനകാര്യ വര്‍ഷമേ പൂര്‍ത്തിയാകൂ.

അവയ്ക്കു പുറമേ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍), രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് (ആര്‍സിഎഫ്) എന്നിവയും സ്വകാര്യവല്‍ക്കരിക്കാന്‍ നടപടി തുടങ്ങി.

ബിഇഎംഎലിന്റെ 26 ശതമാനം ഓഹരിയും മാനേജ്‌മെന്റ് നിയന്ത്രണവും കൂടിയാണ് ആദ്യഘട്ടത്തില്‍ വില്‍ക്കുക. കേന്ദ്രത്തിന്റെ കൈയില്‍ 54.03 ശതമാനം ഓഹരിയാണു ഇത്. കമ്പനിക്കുള്ള അധിക ഭൂമിയും മറ്റും വില്‍പനയില്‍ പെടില്ല. ലിസ്റ്റ് ചെയ്ത കമ്പനിയാണിത്. സര്‍ക്കാരില്‍ നിന്ന് 26 ശതമാനം ഓഹരി വാങ്ങുന്നവര്‍ 26 ശതമാനം കുടി ഓഹരി ഓപ്പണ്‍ ഓഫര്‍ വഴി വാങ്ങേണ്ടി വരും.

ഗുജറാത്തിലുള്ള ആര്‍സിഎഫ് വില്‍പനയും അടുത്ത ധനകാര്യ വര്‍ഷമേ നടക്കൂ. 10 ശതമാനം ഓഹരിയാണ് ആദ്യം വില്‍ക്കുക.


ഉയര്‍ന്നുയര്‍ന്ന് ബിറ്റ്‌കോയിന്‍


ഞായറാഴ്ചത്തെ ഏഷ്യന്‍ വ്യാപാരത്തില്‍ ബിറ്റ് കോയിന്‍ 34,000 ഡോളറിനു മുകളിലെത്തി. ശനിയാഴ്ചയാണു 31,000 കടന്നത്.

അമേരിക്കയിലും ചൈനയിലുമൊക്കെ ഈ ഡിജിറ്റല്‍ ഗൂഢകറന്‍സിയില്‍ നിക്ഷേപിക്കാന്‍ ഫണ്ടുകള്‍ ഉണ്ടായതാണ് ഇപ്പോള്‍ വില കടിഞ്ഞാണ്‍ പൊട്ടിച്ചു പായാന്‍ കാരണം. ഒരിടത്തും അംഗീകാരമില്ലാത്തതാണു ബിറ്റ് കോയിന്‍ അടക്കമുള്ള ഗൂഢ കറന്‍സികള്‍. ഭാവിയില്‍ ഇത് അംഗീകരിക്കപ്പെടുമെന്ന ധാരണയാണ് ഭൂരിഭാഗം നിക്ഷേപകര്‍ക്കും ഉള്ളത്. നെതര്‍ലന്‍ഡ്‌സില്‍ 17ാം നൂറ്റാണ്ടില്‍ ഉണ്ടായ ടുലിപ് ഭ്രമം പോലെയൊന്നാണ് ഇപ്പോള്‍ ലോകമെങ്ങും കാണുന്നത്.

ഇന്ത്യയിലും ബിറ്റ് കോയിന്‍ നിക്ഷേപകര്‍ ധാരാളമുണ്ട്. രണ്ടു മാസം മുമ്പ് ധനമന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് വിഭാഗം വിലയിരുത്തിയത്, ഇടപാടിനു 18 ശതമാനം നികുതി ചുമത്തിയാല്‍ വര്‍ഷം 7200 കോടി രൂപ ലഭിക്കുമെന്നാണ്. അതിനു ശേഷം വില ഇരട്ടിയിലേറെയായി. നികുതി സാധ്യതയും ഇരട്ടിക്കും.

ബിറ്റ് കോയിന്‍ വില നാലു ലക്ഷം ഡോളര്‍ കടക്കുമെന്നാണു ഗുഗ്ഗന്‍ ഹൈം ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ സ്‌കോട്ട് മിനേര്‍ഡ് മൂന്നാഴ്ച മുമ്പ് പറഞ്ഞത്. ബിറ്റ് കോയി നില്‍ നിക്ഷേപം നടത്താനായി രൂപം കൊടുത്ത ഫണ്ടാണു ഗുഗ്ഗന്‍ ഹൈം. ഈ മാര്‍ച്ചിനകം ബിറ്റ് കോയിന്‍ 50,000 ഡോളര്‍ കടക്കുമെന്ന് നെക്‌സോ എന്ന നിക്ഷേപ സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്‌നര്‍ ആന്റണി ടെഞ്ചെവ് പറയുന്നു.

ബിറ്റ്‌കോയിന്‍ 20,000 ഡോളര്‍ കടന്ന ശേഷം 2017ല്‍ 83 ശതമാനം ഇടിഞ്ഞതാണ്. പിന്നീട് ഇക്കഴിഞ്ഞ ഡിസംബറിലാണു വീണ്ടും 20,000 കടന്നത്. കഴിഞ്ഞവര്‍ഷം വില നാലു മടങ്ങായി വര്‍ധിച്ചിരുന്നു.


വാഹനവില്‍പന ഉണര്‍വിലെന്നു കമ്പനികള്‍


ഡിസംബറിലെ വാഹന വില്‍പനയില്‍ വലിയ പുരോഗതി എന്നു കമ്പനികള്‍. എന്നാല്‍ ലോറികളും ബന്നുകളും ഉള്‍പ്പെട്ട വാണിജ്യ വാഹനങ്ങളുടെ വില്‍പന നാമമാത്രമായേ വര്‍ധിച്ചിട്ടുള്ളു.

വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന കണക്ക് പ്രകാരമുള്ളതാണ് ഈ വിവരം. കമ്പനിയില്‍ നിന്നു ഡീലര്‍മാരുടെ പക്കലേക്കു നീക്കിയ വാഹനങ്ങളുടെ കണക്കാണ് ഇതില്‍. യഥാര്‍ഥ റീട്ടെയില്‍ വില്‍പനയുടെ കണക്കല്ല ഇത്.

കാറുകള്‍ അടക്കമുള്ള യാത്രാ വാഹനങ്ങളുടെ വില്‍പന 20 പ ശതമാനം കൂടി. 2.07 ലക്ഷത്തില്‍ നിന്ന് 2.48 ലക്ഷത്തിലേക്ക്. വാണിജ്യ വാഹന വില്‍പന 53,852ല്‍ നിന്ന് 55,225 ആയി. വര്‍ധന 2.5 ശതമാനം. ട്രാക്റ്റര്‍ വില്‍പന 41 ശതമാനം കൂടി 39,943 ആയി.

മാരുതി സുസുകിയുടെ ആഭ്യന്തര വില്‍പന 14.6 ശതമാനം കൂടി. കയറ്റുമതി ഉള്‍പ്പെടുത്തിയാല്‍ വര്‍ധന 20 ശതമാനം വരും. വാഗണ്‍ ആറും സ്വിഫ്റ്റും ബലേനാേയും ഡിസയറും ഉള്‍പ്പെട്ട കോംപാക്റ്റ് വാഹന വില്‍പന 18.2 ശതമാനം കൂടി.

ഹ്യുണ്ടായിയുടെ വില്‍പന 24.89 ശതമാനം വര്‍ധിച്ച് 47,400 ആയി. മഹീന്ദ്രയുടെ വില്‍പന മൂന്നു ശതമാനം കൂടിയപ്പോള്‍ ടൊയോട്ടയുടെ വര്‍ധന 14 ശതമാനം. എം ജി മോട്ടോര്‍ ഇന്ത്യ വില്‍പന 33 ശതമാനം വര്‍ധിച്ച് 4010 ആയി. ടാറ്റാ മോട്ടോഴ്‌സ് 84 ശതമാനം വര്‍ധനയോടെ 23,545 വാഹനങ്ങളായി.

ടൂ വീലര്‍ വിപണിയില്‍ ഹീറോ മോട്ടോ കോര്‍പ് മൂന്നു ശതമാനം വര്‍ധനയോടെ 4.25 ലക്ഷത്തിലെത്തി. റോയല്‍ എന്‍ഫീല്‍ഡ് വര്‍ധന 35 ശതമാനം. വില്‍പന 65,492 എണ്ണം.

വാണിജ്യ വാഹന വില്‍പനയില്‍ അശോക് ലെയ്‌ലന്‍ഡിന് വര്‍ധന 14 ശതമാനം. വില്‍പന 11,857. ടാറ്റാ മോട്ടോഴ്‌സ് 29,885 എണ്ണം വിറ്റു; അഞ്ചു ശതമാനം കുറവ്. മാരുതിയുടെ സൂപ്പര്‍ കാരി 5726 എണ്ണം വിറ്റു.

ട്രാക്റ്ററില്‍ 21,173 എണ്ണം വിറ്റ മഹീന്ദ്ര ഒന്നാമത്. വര്‍ധന 23 ശതമാനം. സോനാലിക 58 ശതമാനം വര്‍ധനയോടെ 11,540 എണ്ണം വിറ്റു.



കയറ്റുമതിയില്‍ ശുഭസൂചനകള്‍; സ്വര്‍ണഭ്രമം ദോഷം


ഡിസംബറില്‍ കയറ്റുമതി 0.8 ശതമാനമേ കുറഞ്ഞുള്ളൂ. അതു സന്തോഷകരം. നവംബറില്‍ 8.74 ശതമാനം കുറവുണ്ടായിരുന്നു. പെട്രോളിയം ഇതര കയറ്റുമതിയില്‍ 5.33 ശതമാനം ഉയര്‍ച്ച കണ്ടത് പരമ്പരാഗത ഇനങ്ങളില്‍ ഇന്ത്യക്കു വിപണികള്‍ തിരിച്ചു കിട്ടുന്നതിന്റെ സൂചന നല്‍കുന്നു.

ഇറക്കുമതി 7.6 ശതമാനം വര്‍ധിച്ചു. സാധാരണ ഗതിയില്‍ ഇതു നല്ല സൂചന ആകേണ്ടതാണ്. രാജ്യത്തു സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമ്പോഴാണ് ഇറക്കുമതി കൂടുക. ഒന്‍പതു മാസത്തിനു ശേഷമാണ് ഇറക്കുമതിക്ക് വര്‍ധന കണ്ടത്.

പക്ഷേ ഡിസംബറിലെ വര്‍ധനയില്‍ പങ്കു വഹിച്ചത് സ്വര്‍ണമാണ്. 82 ശതമാനം വര്‍ധനയാണു സ്വര്‍ണ ഇറക്കുമതിച്ചെലവില്‍ ഉണ്ടായത്. നല്ല സാമ്പത്തിക പ്രവര്‍ത്തനമല്ലല്ലോ സ്വര്‍ണ ഇറക്കുമതി. വ്യക്തികള്‍ക്കു നല്ലതാണെങ്കിലും വ്യക്തികള്‍ വലിയ സ്വര്‍ണനിക്ഷേപം നടത്തുന്നത് രാജ്യത്തിനു നല്ലതല്ല.

ഇറക്കുമതി വര്‍ധിച്ച മറ്റ് ഇനങ്ങള്‍ പയറുവര്‍ഗങ്ങളും ഭക്ഷ്യ എണ്ണയുമാണ്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാനാണ് ഇവ ഇറക്കുമതി ചെയ്യുന്നത്.

കയറ്റുമതി വര്‍ധിച്ച ഇനങ്ങളില്‍ പിണ്ണാക്ക്, ഇരുമ്പയിര് , കാര്‍പെറ്റുകള്‍, ഔഷധങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ പെടുന്നു.

കാര്‍ കയറ്റുമതി ഡിസംബറിലും കുറവായി.



ഇന്നത്തെ വാക്ക്


ബജറ്റ് പദാവലി

റവന്യു

നികുതികള്‍, സെസുകള്‍, ഫീസുകള്‍, ഗവണ്മെന്റ് നല്‍കിയ വായ്പകളുടെ പലിശ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവീതം തുടങ്ങി സര്‍ക്കാരിനു ലഭിക്കുന്ന വരുമാനമാണ് റവന്യു വരുമാനമായി കണക്കാക്കുന്നത്. സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിക്കാത്ത വരുമാനങ്ങളാണ് ഇവ.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it