സാമ്പത്തിക സൂചകങ്ങൾ താഴോട്ട്; വ്യാപാര രംഗത്തു തിരിച്ചടി; വിപണിയിൽ കരുതലോടെ നീങ്ങണം; വളർച്ച W പോലെയായാൽ എന്തു സംഭവിക്കും?

മേയ് മാസത്തിലെ ഫാക്ടറി ഉൽപാദനം, വാഹന വിൽപന തുടങ്ങിയവയിലെ ക്ഷീണം പ്രതീക്ഷിച്ചതിലും വലുതായി. 2020-21 നാലാംപാദ ജിഡിപി വളർച്ചയുടെ ഉണർവ് 2021-22 ഒന്നാം പാദത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പായി. ഒന്നാം പാദത്തിലെ വളർച്ച ആദ്യം കരുതിയ 29 ശതമാനത്തിൽ നിന്നു കുത്തനെ താഴോട്ടു പോകുമെന്നാണു സൂചകങ്ങൾ പറയുന്നത്. ഈ വർഷം ജി ഡി പി വളർച്ച 7.9 ശതമാനമേ ഉണ്ടാകൂ എന്ന് എസ്ബിഐ വിലയിരുത്തി. ഇരട്ടയക്ക വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. രാജ്യം റേറ്റിംഗ് താഴ്ത്തൽ ഭീഷണിയിലാണെന്നു മൂഡീസ് ആവർത്തിക്കുകയും ചെയ്തു. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 70 ഡോളറിനു മുകളിലായത് വാണിജ്യ കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും വർധിപ്പിക്കുന്നതിൻ്റെ ആശങ്കയും വിപണിയിലുണ്ട്.

ചൊവ്വാഴ്ച ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങിയ മുഖ്യസൂചികകൾക്ക് ആ കയറ്റം നിലനിർത്താനായില്ല. ഒടുവിൽ നാമമാത്ര ഇടിവോടെ സൂചികകൾ ക്ലോസ് ചെയ്യുമ്പോൾ വിപണി മനോഭാവം ബുള്ളിഷിൽ നിന്നു ബെയറിഷിലേക്കു മാറ്റിയിരുന്നു. തകർച്ചയേക്കാൾ പാർശ്വ ചലനങ്ങളും സാവധാനമുള്ള സമാഹരണവുമാണു വിപണിയിൽ പ്രതീക്ഷിക്കാവുന്നത്. നിക്ഷേപകർ കരുതലോടെ നീങ്ങേണ്ട സമയമാണിത്. വില താഴുമ്പോൾ കരുത്തുള്ള ഓഹരികളിൽ നിക്ഷേപിക്കുക.
നിഫ്റ്റി ഇന്നലെ 15,650-നു മുകളിൽ കയറിയെങ്കിലും അവിടെ നിലനിൽക്കാനായില്ല. 15,574.85 ൽ ക്ലോസ് ചെയ്ത നിഫ്റ്റിക്കു 15,500-ൽ സപ്പോർട്ട് ഉണ്ട്. താഴോട്ടു നീങ്ങിയാൽ 15,374 ആണു ശക്തമായ സപ്പോർട്ട് എന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇന്നു നിഫ്റ്റിക്ക് 15,500-നു മുകളിൽ നിൽക്കാനായാൽ ക്രമേണ 15,750 ലേക്കു നീങ്ങാം. 15,650-ലും 15,720-ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

വിദേശികൾ വിൽക്കുന്നു

കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങലുകാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ ഓഹരികൾ വിറ്റൊഴിയുകയാണു ചെയ്തത്. 449.86 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശികൾ 230.49 കോടിയുടെ ഓഹരികൾ വാങ്ങി. മേയ് മാസത്തിൽ വിദേശികൾ 6015 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു.
ഇന്നലെ ഡോളർ 28 പൈസ നേട്ടത്തിൽ 72.90 രൂപയായതു ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഇന്നലെ യൂറോപ്യൻ ഓഹരികൾ ഉയർന്നു. എന്നാൽ അമേരിക്കയിൽ ഡൗ സൂചിക നാമമാത്രമായി ഉയർന്നു. നാസ്ഡാകും എസ് ആൻഡ് പിയും നാമമാത്രമായി താണു. ഇന്ന് ഏഷ്യൻ വിപണികൾ ചെറിയ കയറ്റിറക്കങ്ങളോടെയാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 15,645 ലാണു ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ ഡെറിവേറ്റീവ് വിപണി താഴുന്ന പ്രവണത കാണിച്ചു.

ക്രൂഡ് 70 ഡോളറിനു മുകളിൽ

ക്രൂഡ് ഓയിൽ വില 71.31 ഡോളർ വരെ കയറിയിട്ട് അൽപം താണ് 70.85 ഡോളറിലായി. വില ഉയരുന്ന പ്രവണതയാണുള്ളത്. ഒപെക് പ്ലസ് യോഗം നിലവിലെ ഉൽപാദനം തുടരാനാണു തീരുമാനിച്ചത്. ഇറാൻ്റെ മേലുളള ഉപരോധം നീങ്ങാൻ വൈകുമെന്ന സൂചനയും വില കൂടാൻ പ്രേരകമായി.
സ്വർണം ഔൺസിന് 1916 വരെ കയറിയിട്ട് 1892 ഡോളർ വരെ താണു. പിന്നീടു കയറിയ മഞ്ഞലോഹം ഇന്നു രാവിലെ 1903 ഡോളറിലാണ്.

ഫാക്ടറി ഉൽപാദനം നിരാശാജനകം

സാമ്പത്തിക സൂചകങ്ങൾ വിപണിക്കു പ്രത്യാശ പകരുന്നില്ല. മനുഫാക്ചറിംഗ് പിഎംഐ ( പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് ) മേയിൽ 50.8 ലേക്കു താണു. 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നില. ഈ സൂചികയിൽ 50-നു മുകളിൽ വളർച്ചയും 50-നു താഴെ തളർച്ചയുമാണു കാണിക്കുക. ഏപ്രിലിൽ 55.5 ആയിരുന്നു സൂചിക. കഴിഞ്ഞ വർഷം മേയിൽ 30.8 ആയിരുന്നു. പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളിലെല്ലാം ഇടിവാണു കാണുന്നതെന്ന് സർവേ ഏജൻസി നിരീക്ഷിച്ചു.

വാഹന വിൽപന ഇടിഞ്ഞു

മേയിലെ വാഹന വിൽപന ആശങ്കപ്പെട്ടതിനേക്കാൾ മോശമായി. യാത്രാ വാഹന വിൽപന 64 ശതമാനം ഇടിഞ്ഞു. മാരുതി സുസുകിയുടെ വിൽപന ഏപ്രിലിനെ അപേക്ഷിച്ച് 71 ശതമാനം കുറഞ്ഞു. ഹ്യുണ്ടായി (48%), ടാറ്റാ മോട്ടോഴ്സ് (38%), മഹീന്ദ്ര ( 52%), കിയ(31%), ഹോണ്ട (73%), ടൊയോട്ട (93%), ബജാജ് ഓട്ടോ (22%), ഹീറോ മോട്ടോ കോർപ് (49%), ഹോണ്ട മോട്ടോർ സൈക്കിൾസ് (83%) എന്നിങ്ങനെയാണു കമ്പനികളുടെ വിൽപന ഇടിഞ്ഞത്.
മേയ് മാസത്തിൽ മൊബൈൽ ഫോൺ വിൽപന 50 ശതമാനം ഇടിഞ്ഞു. ടെലിവിഷൻ, എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ വിൽപന ഏപ്രിലിനെ അപേക്ഷിച്ച് 65 ശതമാനം കുറവായി.

വളർച്ചനിഗമനം താഴ്ത്തുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ പുതിയ പഠന റിപ്പോർട്ട് ഇക്കൊല്ലത്തെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രതീക്ഷകൾ തകർക്കുന്നതാണ്. നേരത്തേ 10.4 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിച്ചിരുന്ന എസ്ബിഐ അത് 7.9 ശതമാനമായി താഴ്ത്തി. ഇതേ സമയം മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് വളർച്ച പ്രതീക്ഷ 13.7 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി വെട്ടിക്കുറച്ചു.
ഇംഗ്ലീഷിലെ V ആകൃതിയിലുള്ള തിരിച്ചുവരവ് സാമ്പത്തിക രംഗത്ത് ഉണ്ടാകുമെന്ന സർക്കാർ പ്രചാരണം നടക്കില്ലെന്നാണ് ഈ പുതിയ നിഗമനങ്ങൾ കാണിക്കുന്നത്. W പോലെയാകും വളർച്ച എന്ന് എസ്ബിഐയുടെ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് റിപ്പാർട്ടിൽ പറഞ്ഞു. ജൂലൈ പകുതിയോടെ പ്രതിദിന വാക്സിനേഷൻ ഒരു കോടിയും ക്ക് ഉയർന്നാൽ ജിഡിപി വളർച്ച നിഗമനം ഉയർത്താനാകുമെന്നു ഘോഷ് കരുതുന്നു. ലോഹങ്ങൾക്കും ക്രൂഡ് ഓയിലിനും പെട്രോ കെമിക്കലുകൾക്കും മറ്റുമുള്ള രാജ്യാന്തര വിലക്കയറ്റവും ഇന്ത്യയുടെ വളർച്ചയെ പിന്നാേട്ടു വലിക്കുമെന്നാണു ഘോഷിൻ്റെ റിപ്പോർട്ട്.
കോവിഡ് രണ്ടാം തരംഗം ജൂണോടെ അവസാനിക്കും എന്ന നിഗമനത്തിലാണു മൂഡീസ് വളർച്ച പ്രതീക്ഷ കണക്കാക്കിയിട്ടുള്ളത്. അതിനു ശേഷം വളർച്ച മെച്ചപ്പെടും. മറിച്ച് ജൂണിനു ശേഷവും രോഗ വ്യാപനത്തിൻ്റെ തീവ്രത തുടർന്നാൽ വളർച്ചയ്ക്കു വലിയ ആഘാതമുണ്ടാകും. സ്വകാര്യ മൂലധന നിക്ഷേപം ഉടനെ വർധിക്കില്ലെന്നു രാജ്യാന്തര റേറ്റിംഗ് ഏജൻസി കണക്കുകൂട്ടുന്നു. ബാങ്കിംഗ് മേഖല ശക്തിപ്പെടുകയും സമ്പദ്ഘടന കരുത്താർജിക്കുകയും ചെയ്താലേ നിക്ഷേപം വരൂ.
സർക്കാരിൻ്റെ ധനകമ്മി 11.8 ശതമാനത്തിലേക്ക് ഉയരുമെന്നും മൂഡീസ് കണക്കാക്കുന്നു. നേരത്തേ പ്രതീക്ഷിച്ചതിലും കൂടുതലാണിത്.
റേറ്റിംഗ് ഏജൻസി ഇക്ര വളർച്ച പ്രതീക്ഷ 10.0-10.5 ശതമാനത്തിൽ നിന്ന് 8.0-9.5 ശതമാനത്തിലേക്കു താഴ്ത്തി.

ജിഎസ്ടി കുറയും

മേയ് മാസത്തിൽ ജിഎസ്ടി ആവശ്യത്തിനുള്ള ഇ-വേ ബിൽ തലേമാസത്തേതിൽ നിന്ന് 35 ശതമാനം കുറവായി. ഏപ്രിലിലെ ബിൽ സംഖ്യ മാർച്ചിലേതിൽ നിന്നും ഗണ്യമായി കുറവായിരുന്നു. മേയിലും ജൂണിലും ജിഎസ്ടി പിരിവ് കുറവായിരിക്കുമെന്നാണ് ഇതു നൽകുന്ന സൂചന.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it