വിപണി ഉണർവ് കാക്കുന്നു; ക്രൂഡ് വില കയറ്റത്തിൽ; രൂപയ്ക്കു ക്ഷീണം; കാലവർഷം വൈകുന്നു; കയറ്റുമതിയിൽ കുതിപ്പ്

ചിലപ്പോഴെങ്കിലും മുഖ്യസൂചികകൾ വിപണിയുടെ യഥാർഥ ചിത്രം നൽകാത്ത സാഹചര്യമുണ്ട്. ബുധനാഴ്ചത്തെ വിപണി അത്തരമൊന്നായിരുന്നു. നിഫ്റ്റി യുടെ 1.35 പോയിൻ്റ് ഉയർച്ചയും സെൻസെക്സിൻ്റെ 85.4 പോയിൻ്റ് താഴ്ചയും കാണിക്കുന്നതല്ല ശരിയായ വിപണി ചിത്രം.

വിപണിയിൽ വലിയ ചാഞ്ചാട്ടം നടന്നു. നിഫ്റ്റി 138 പോയിൻ്റാണ് ഇറങ്ങിക്കയറിയത്. ലാഭമെടുക്കലിനായുള്ള വിൽപനയെ അതിജയിക്കാൻ നിഫ്റ്റിക്കു മാത്രമല്ല മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കും കഴിഞ്ഞു. മിഡ്ക്യാപ് സൂചിക 1.43 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.31 ശതമാനവും ഉയർന്നു. ഐടിസിയുടെ റിസൽട്ട് പ്രതീക്ഷ പോലെ വരാത്തത് എഫ്എംസിജി ഓഹരികളെ താഴ്ത്തി.ഐ ടി യിലും ധനകാര്യ മേഖലയിലും വിൽപന സമ്മർദം കൂടി.
വിപണി ഇന്നലെ താഴ്ന്നു തുടങ്ങിയിട്ട് വീണ്ടും താഴോട്ടു പോയ ശേഷമാണു കാര്യമായ ഇടിവില്ലാതെ ക്ലോസ് ചെയ്തത്. സാങ്കേതിക വിശകലന വിദഗ്ധർ നിഫ്റ്റി ഉയർച്ചയ്ക്കുള്ള സൂചനകളാണു നൽകുന്നതെന്നു പറയുന്നു. 15,400-15,650 മേഖലയിൽ കയറ്റിറക്കങ്ങളോടെ തുടരുകയും 15,660 ൻ്റെ തടസം മറികടന്നാൽ കുതിക്കുകയും ചെയ്യുമെന്ന് അവർ വിലയിരുത്തി. 15,775-15,800 ആകും പിന്നീടു ലക്ഷ്യം.
വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും ഇന്നലെ അവസാന മണിക്കൂറിൽ വലിയ തോതിൽ വാങ്ങിക്കൂട്ടി. 921.1 കോടി രൂപയുടെ നിക്ഷേപമാണ് അവർ ഇന്നലെ ഓഹരികളിൽ നടത്തിയത്. സ്വദേശി ഫണ്ടുകൾ 241.76 കോടിയുടെ ഓഹരികൾ വാങ്ങി
ഇന്നലെ യൂറോപ്യൻ ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലേക്കു കയറി. അമേരിക്കയിൽ സൂചികകൾ നാമമാത്ര ഉയർച്ചയേ നേടിയുള്ളു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉണർവോടെയാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,700-നു മുകളിലാണു ക്ലോസ് ചെയ്തത്. മികച്ച കുതിപ്പ് ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഡെറിവേറ്റീവ് വിപണി പ്രകടിപ്പിക്കുന്നത്. ഇന്നു രാവിലെ എസ്ജി എക്സ് നിഫ്റ്റി 15,695-ൽ വ്യാപാരം തുടങ്ങി.
യൂറോയുമായുള്ള വിനിമയത്തിൽ ഡോളർ നേട്ടമുണ്ടാക്കി. കറൻസി വിപണിയിൽ ഇന്നലെയും രൂപയ്ക്കു നഷ്ടമാണുണ്ടായത്. 19 പൈസ നേട്ടത്തോടെ ഡോളർ 73.09 രൂപയിലെത്തി. മൂന്നു ദിവസം കൊണ്ടു ഡോളറിനുണ്ടായത് 64 പൈസയുടെ കയറ്റമാണ്. ക്രൂഡ് വിലക്കയറ്റം രൂപയ്ക്ക് ഇനിയും ക്ഷീണമാകും.
ക്രൂഡ് ഓയിൽ വില ഉയർന്നു പോകുന്നു. ബ്രെൻ്റ് ഇനം 71.61 ഡോളർ വരെയായി. കുറേക്കൂടി ഉയരുമെന്ന് വിപണി കരുതുന്നു.
സ്വർണ വില ഔൺസിന് 1909.5 ഡോളറിലെത്തിയ ശേഷം അൽപം താണു.
കഴിഞ്ഞ ഒരു മാസം കൊണ്ടു 12.46 ശതമാനം ഉയർന്ന റിലയൻസ് ഓഹരി ഇനിയും കയറാൻ ശ്രമിക്കും. ഇന്നലെ കമ്പനിയുടെ വാർഷിക യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി നടത്തിയ പ്രസംഗം കമ്പനിക്കു വലിയ വളർച്ച സാധ്യത ഉണ്ടെന്നു സ്ഥാപിക്കുന്നതായിരുന്നു. പല വിദേശ ബ്രോക്കറേജുകളും റിലയൻസ് ഓഹരിക്ക് 50 ശതമാനം ഉയർച്ച പ്രവചിച്ചിട്ടുണ്ട്.

കയറ്റുമതി വർധിച്ചു, വാണിജ്യ കമ്മി കുറഞ്ഞു

ഇന്ത്യയുടെ മേയ് മാസത്തെ കയറ്റുമതി ഗണ്യമായി വർധിച്ചു. കഴിഞ്ഞ മേയ് മാസത്തെ (ലോക്ക് ഡൗൺ കാലം) അപേക്ഷിച്ച് 67 ശതമാനം വർധനയുണ്ട്. ശ്രദ്ധേയമായ കാര്യം 2019 മേയ് മാസത്തെ അപേക്ഷിച്ച് എട്ടു ശതമാനം വർധന ഉള്ളതാണ്. ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 68.6 ശതമാനം കുറഞ്ഞു. 2009 മേയിലേതിൽ നിന്നു 17.5 ശതമാനം കുറവാണ് ഇറക്കുമതി.
വാണിജ്യ കമ്മി 630 കോടി ഡോളർ ആയി താണു. ഏപ്രിലിൽ വാണിജ്യ കമ്മി 1510 കോടി ഡോളർ ആയിരുന്നു. സ്വർണത്തിൻ്റെയും ക്രൂഡ് ഓയിലിൻ്റെയും ഇറക്കുമതി കുറഞ്ഞതാണു കാരണം.

ഇന്ധന വിൽപന ഇടിഞ്ഞു

മേയിൽ ലോക്ക് ഡൗൺ മൂലം ഇന്ധന ഉപയോഗം കുറഞ്ഞിരുന്നു. പെട്രോൾ വിൽപന 19 ശതമാനവും ഡീസൽ വിൽപന 19.9 ശതമാനവും താണു. വിമാന ഇന്ധന വിൽപന 38 ശതമാനം കുറഞ്ഞു.

മൺസൂൺ ആശങ്ക

തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം യഥാസമയം തുടങ്ങില്ല എന്നാണു സൂചന. ഈയാഴ്ച കഴിഞ്ഞിട്ടേ ശരിയായ തോതിൽ തുടങ്ങൂ എന്നാണു കരുതുന്നത്. ഇക്കൊല്ലം ശരാശരിക്കൊപ്പം മഴ കിട്ടുമെന്നും വടക്കുകിഴക്കൻ മേഖലയിലേക്കു കുറവുണ്ടാകൂ എന്നുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. മഴയെ മുഖ്യമായും ആശ്രയിക്കുന്ന മധ്യേന്ത്യൻ സംസ്ഥാനങ്ങളിൽ നല്ല മഴ പ്രവചിക്കപ്പെട്ടിരുന്നു. മഴയുടെ തുടക്കം വൈകുന്നതു വലിയ പ്രശ്നമല്ലെന്നും തുടർന്നുള്ള വ്യാപനമാണു ശ്രദ്ധക്കേണ്ടതെന്നും നിരീക്ഷകർ പറയുന്നു. എങ്കിലും തുടക്കം വൈകുന്നതിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it